തൃശ്ശൂര്‍ പൂരം അലങ്കോലപ്പെട്ട വിഷയം സംസ്ഥാനത്ത് സജീവ ചര്‍ച്ചയാക്കി അതിന്റെ ഉത്തരവാദിത്തം ഹിന്ദുസംഘടനകളുടെ തലയില്‍ കെട്ടിവച്ച് ഹൈന്ദവമുന്നേറ്റങ്ങളെ തടയുക എന്ന രാഷ്ട്രീയ കുതന്ത്രത്തിന് നേതൃത്വം കൊടുക്കുകയാണ് സംസ്ഥാനത്തെ ഇടത്-വലത് മുന്നണികള്‍. അതിനായി മാധ്യമങ്ങളെയും പോലീസിനെയും കപടമതേതരവാദികളെയും കേരളനിയമസഭയെയും അവര്‍ കരുവാക്കുന്നു. കേരളത്തിന്റെ മണ്ണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് പാകപ്പെടുന്നു എന്ന തിരിച്ചറിവില്‍ വിറളിപിടിച്ച ഇടതു-വലത് മുന്നണികള്‍ ഹിന്ദു ആചാരങ്ങള്‍, ആഘോഷങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയിലെല്ലാം കടന്നുകയറി അലങ്കോലമാക്കുകയാണ്. സര്‍ക്കാരും പ്രതിപക്ഷവും സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപരിപാടികള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ഹിന്ദു സംഘടനകളെയും നേതാക്കളെയും പ്രതികളാക്കി ഇതിഹാസങ്ങള്‍ രചിക്കുകയാണ് രാഷ്ട്രീയ ബുദ്ധിജീവികളും ജനപ്രതിനിധികളും ഭരണഘടനാചുമതലയുള്ള മന്ത്രിമാരും.
ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഭരണകൂട സ്‌പോണ്‍സേര്‍ഡ് ആചാരലംഘനങ്ങളും ഹിന്ദു വിരുദ്ധ നടപടികളും തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തിന്റെ ഉത്തരവാദികളെക്കുറിച്ചും ചര്‍ച്ചചെയ്യപ്പെടേണ്ടത് അനിവാര്യമാണ്. എഡിജിപി അജിത് കുമാറും, പി.വി.അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള തര്‍ക്കം സ്വര്‍ണ്ണക്കള്ളക്കടത്തിലേക്കും, മുഖ്യമന്ത്രിയും, ഉന്നതപോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ നടന്നുവരുന്ന അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചുമുള്ള സജീവ ചര്‍ച്ചകളിലൂടെയാണ് സപ്തംബര്‍ അവസാന വാരം മുതല്‍ കേരളം കടന്നുപോയത്.
ഇടതുമുന്നണി വിട്ട് പി.വി. അന്‍വര്‍ എം.എല്‍.എ നിയമസഭയില്‍ സ്വതന്ത്ര ഇരിപ്പിടം അവകാശപ്പെടുകയും, പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്യുന്നിടത്ത ്‌നിന്നുമാണ് പുതിയവിഷയങ്ങള്‍ ഉയര്‍ത്തി ചര്‍ച്ച വഴിതിരിച്ചുവിടുന്നത്.
സ്വര്‍ണ്ണം പൊട്ടിക്കല്‍ എന്ന മലബാറില്‍ പേരുകേട്ട കള്ളക്കടത്ത് സ്വര്‍ണ്ണത്തില്‍ നിന്ന് സ്വര്‍ണ്ണ തട്ടിപ്പ് എന്ന പുതിയ തട്ടിപ്പും കേരളം കേട്ടു. ഇത് ഒരു പുതിയ സംഭവമല്ല, നാടാകെ കസ്റ്റംസും, പോലീസ് എന്‍ഫോഴ്‌സ്‌മെന്റും, ലോക്കല്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്മാരും വരെ അനുവര്‍ത്തിച്ചുവരുന്ന ഒരു സ്ഥിരം തട്ടിപ്പാണ്.
മോഷണ സ്വര്‍ണ്ണം വിറ്റ കടയില്‍ നിന്നും തൊണ്ടിമുതല്‍ വീണ്ടെടുക്കല്‍ എന്ന പേരില്‍ കേരളത്തിലെ പലസ്വര്‍ണ്ണക്കടകളില്‍ നിന്ന് തൊണ്ടി സ്വര്‍ണ്ണം വസൂലാക്കി ഒരു കടയിലെ സ്വര്‍ണ്ണം മാത്രം കോടതിയില്‍ ഹാജരാക്കുന്ന രീതി മുതല്‍, 10 കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റ് എയര്‍പോര്‍ട്ടില്‍ പിടിച്ചാല്‍ ചെറിയ എണ്ണത്തില്‍ മാത്രം കണക്കുകാട്ടി ബാക്കി സ്വര്‍ണ്ണം കള്ളക്കടത്തുകാരന് വിട്ടുനല്‍കുന്നത് അടക്കം പല സംഭവങ്ങളും സംസ്ഥാനത്ത് നിര്‍ബാധം തുടരുകയാണ്.
പി.വി.അന്‍വര്‍ പുതിയതായി ഉയര്‍ത്തിയ, അല്ലെങ്കില്‍ കണ്ടെത്തിയ ഒരു കാര്യമല്ല ഇത്. കള്ളക്കടത്ത് സ്വര്‍ണ്ണം പൊട്ടിക്കല്‍ കേസില്‍ പെടുത്താതെ സ്വര്‍ണം തിരികെ നല്‍കുന്നതിന് സ്വര്‍ണ്ണമായി തന്നെയാണ് പാരിതോഷികം നല്‍കുന്നത് എന്നതും പരസ്യമായ രഹസ്യമാണ്. മാധ്യമങ്ങള്‍ ചിലരെ രക്ഷിക്കാനും ചിലരെ ക്രൂശിക്കാനും അമിത പ്രാധാന്യം നല്‍കിയതിലൂടെ പുതിയ സംഭവമായി പെരുപ്പിച്ചു കാണിക്കപ്പെട്ടവയാണ് ഈ സംഭവങ്ങള്‍ എല്ലാം.
ഈ ചര്‍ച്ചകള്‍ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തല്‍ വിഷയത്തിലേക്ക് വഴിതിരിച്ചുവിട്ട് ഹിന്ദുസംഘടനകളെയും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളെയും, ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയെയും കുറ്റക്കാരാക്കി അവതരിപ്പിച്ചു. പൂരം കലക്കിയത് ഹിന്ദു സംഘടനകള്‍ ആണ് എന്നാണ് മാധ്യമ ചര്‍ച്ചകളിലൂടെ അരങ്ങു കൊഴുപ്പിക്കുന്നവര്‍ ആരോപണമായി ഉന്നയിക്കുന്നത്.
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയില്‍ മന്ത്രിമാരും, പ്രതിപക്ഷനേതാവും, എംഎല്‍എമാരും അംഗമല്ലാത്ത ഹിന്ദുസംഘടനാ നേതാവിനെ പൂരം കലക്കല്‍ സംഭവത്തില്‍ പ്രതിയായി ചിത്രീകരിച്ച് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഘടനയെയും ആക്ഷേപിക്കുകയാണ്.
ഹിന്ദു സംഘടന നേതാവിനെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ്, സര്‍ക്കാര്‍ നിയോഗിച്ച ഏതെങ്കിലും ഒരു അന്വേഷണ ഏജന്‍സിയുടെയോ, അന്വേഷണ ഉദ്യോഗസ്ഥന്റെയോ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണോ ഈ ആരോപണം ഉന്നയിക്കുന്നത് എന്ന് വിശദീകരിക്കാന്‍ സര്‍ക്കാരിനും പ്രതിപക്ഷത്തിനും സാധിക്കുന്നില്ല, അല്ലെങ്കില്‍ അവര്‍ മുതിരുന്നില്ല. യാതൊരു തെളിവുമില്ലാതെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, അതിനുള്ള വേദിയായി നിയമസഭയെ ഉപയോഗിക്കുകയാണ്.
ഞങ്ങളാണ് ഹിന്ദുസ്‌നേഹികള്‍, ക്ഷേത്ര വിശ്വാസികള്‍, പൂരം നന്നായി നടക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. പൂരം അലങ്കോലപ്പെടുത്തിയവര്‍ ആരെല്ലാം എന്നും, സംസ്ഥാനത്ത് നടന്നുവരുന്ന ഹിന്ദുവിരുദ്ധ ക്ഷേത്രവിരുദ്ധ ആചാരവിരുദ്ധ നിലപാടുകളുടെ പെരുമഴക്കാലം തീര്‍ത്തവര്‍ ആരെല്ലാം എന്നും ചര്‍ച്ച ചെയ്യേണ്ടത് അനിവാര്യമായി തീര്‍ന്നിരിക്കുന്നു. സംസ്ഥാനത്ത് അരങ്ങേറിയ ക്ഷേത്രവിരുദ്ധമായ, ഹിന്ദുവിരുദ്ധമായ ആചാരവിരുദ്ധമായ ചിലസംഭവങ്ങള്‍ മാത്രം ഓര്‍മ്മയില്‍ വെക്കാന്‍ കേരളീയ സമൂഹം തയ്യാറാവണം. രണ്ടുനൂറ്റാണ്ടിലധികമായി തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടന്നുവരുന്ന തൃശ്ശൂര്‍ പൂരം ചരിത്രത്തിലാദ്യമായി നിര്‍ത്തിവയ്‌ക്കേണ്ടി വന്നതും ആചാരപരമായി നടത്തേണ്ട നെതലക്കാവിലമ്മയുടെ മഠത്തില്‍ വരവ് നടത്താന്‍ കഴിയാതെ പോയതും ലക്ഷക്കണക്കിന് പൂരപ്രേമികളെയും ഭക്തജനങ്ങളെയും അതീവദുഃഖിതരാക്കി.
പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങളുടെ നേതൃത്വത്തില്‍ സമാധാനപരമായി നടന്നുവന്നിരുന്ന തൃശ്ശൂര്‍ പൂരം ഏതാനും വര്‍ഷങ്ങളായി ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിന്റെയും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ചില ഉദ്യോഗസ്ഥരുടെ അനാവശ്യ ഇടപെടലില്‍ അലങ്കോലമാവുകയാണ്. ഹിന്ദുക്കളുടെ ആചാരങ്ങളിലും, അനുഷ്ഠാനങ്ങളിലും, ക്ഷേത്ര ഭരണകാര്യങ്ങളിലും വരെ നിരന്തരമായി സര്‍ക്കാരും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വംബോര്‍ഡും ആഭ്യന്തരവകുപ്പും ഇടപെടലുകള്‍ തുടരുകയാണ് എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് തൃശ്ശൂര്‍ പൂരത്തെ അലങ്കോലപ്പെടുത്തിയതും ആചാരലംഘനം നടത്തിയതുമായ സംഭവം.
അനാവശ്യനിയന്ത്രണം അടിച്ചേല്‍പ്പിച്ച് പൂരം നടത്തിപ്പിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയും, അതേസമയം ഭരണകൂടത്തിന്റെ വക്താക്കളായ ജനപ്രതിനിധികളും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കളും പൂരം നടത്തിപ്പുകാരായി മാറി യഥാര്‍ത്ഥ നടത്തിപ്പുകാരായ തിരുവമ്പാടി പാറമേക്കാവ് ദേവസ്വം അധികാരികളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നത് പൂരം അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് എന്നതില്‍ സംശയമില്ല. സര്‍ക്കാര്‍ നിയോഗിച്ച ക്രമസമാധാന ചുമതല നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ അനാവശ്യ ഇടപെടലുകളാണ് നടത്തിയത്. ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിലും, കുടമാറ്റത്തിന്റെ കാര്യത്തിലും, ഭക്തജനങ്ങളെ നിയന്ത്രിക്കുന്ന കാര്യത്തിലും, പൂര നടത്തിപ്പിലും എല്ലാം അനാവശ്യമായി ഇടപെട്ടു. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങളെ പോലും വിശ്വാസത്തിലെടുക്കാതെ ആയിരുന്നു പോലീസിന്റെ ഇടപെടല്‍. ഇതെല്ലാം തന്നെ പൂരം അലങ്കോലപ്പെടുവാന്‍ കാരണമായി. ആരുടെയോ നിര്‍ദ്ദേശാനുസരണം മുന്‍കൂട്ടി തീരുമാനിച്ചത് അനുസരിച്ച് നടപ്പിലാക്കുന്നത് ആയിട്ടാണ് പോലീസിന്റെ ഓരോ ചെയ്തികളെയും നോക്കിക്കണ്ട ഏതൊരാള്‍ക്കും അനുഭവപ്പെട്ടത്. ഫലം കേരള സംസ്ഥാനത്തിന്റെ, വിശിഷ്യാ തൃശ്ശൂര്‍ സാംസ്‌കാരിക നഗരിയുടെ ഏറ്റവും വലിയ ആഘോഷം അലങ്കോലപ്പെടുകയും, പൂരപ്രേമികളെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഭരണത്തില്‍ വന്ന അന്നുമുതല്‍ ആരംഭിച്ച ഹിന്ദുവിരുദ്ധ, ക്ഷേത്ര വിരുദ്ധ നിലപാടുകള്‍ ഇന്നും സജീവമായി തുടരുന്നു എന്നതാണ് ശബരിമല ആചാരലംഘനം മുതല്‍ തൃശ്ശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവവും, സ്‌പോട്ട് ബുക്കിങ് ഒഴിവാക്കി ഭക്തര്‍ക്ക് ദര്‍ശനം നിഷേധിക്കുന്ന സംഭവവും വരെ ഓരോ വിഷയങ്ങളും നിരീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാവുന്നത്.
ശബരിമല യുവതീ പ്രവേശനത്തിലൂടെ ആചാരലംഘനം നടത്താനുള്ള സര്‍ക്കാരിന്റെ ഹീനമായ ശ്രമം കേരളം ആശങ്കയോടെയും അതീവ ഉത്കണ്ഠയോടെയുമാണ് വീക്ഷിച്ചത്. ശബരിമല ക്ഷേത്രവും തീര്‍ത്ഥാടനവും ഉയര്‍ത്തുന്ന മതാതീത ഐക്യത്തെ തകര്‍ക്കുക എന്നത് സംസ്ഥാനത്ത് കാലങ്ങളായി ഇടത് വലത് മുന്നണികള്‍ തുടര്‍ന്നുവരുന്ന പ്രക്രിയയാണ്. ഇതിന് നേതൃത്വം നല്‍കുന്നവരും അവരെ പിന്തുണയ്ക്കുന്നവരും ക്ഷേത്രവിരുദ്ധരും ശിഥിലീകരണ ശക്തികളുമായി ഒത്തുചേര്‍ന്ന് കാലങ്ങളായി പ്രവര്‍ത്തിച്ചുവരികയാണ്. ശബരിമല തീവയ്പ്, നിലയ്ക്കല്‍ ഭൂമിയില്‍ കുരിശുനാട്ടല്‍, പുല്ലുമേട് ദുരന്തം, യുവതീ പ്രവേശനത്തിലൂടെ നടത്തിയ ആചാരലംഘനം തുടങ്ങി നിരവധിയായ സംഭവങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിക്കഴിഞ്ഞു. നിരീശ്വരവാദ, പുരോഗമന പ്രസ്ഥാനങ്ങളും, സംഘടിത മതശക്തികളും അതിവിപ്ലവ പ്രസ്ഥാനങ്ങളും അവരവരുടെ പങ്ക് ഓരോ കാലഘട്ടത്തിലും കൃത്യമായി നിര്‍വ്വഹിച്ചു പോരുകയാണ്. പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കുന്നവര്‍ കണ്ണും കാതും വായും പൂട്ടി ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ പാടി ഇരിക്കുകയാണ്.
ആചാരലംഘനം തുടരാന്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ഹീനമായ ശ്രമങ്ങളെയും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ വനിതാ മതില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഹിന്ദു സമാജത്തെ ജാതീയമായി ഭിന്നിപ്പിക്കാനും ഹിന്ദു സമാജത്തില്‍ സവര്‍ണ്ണ അവര്‍ണ്ണ ചേരിതിരിവ് സൃഷ്ടിച്ച് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢശ്രമങ്ങള്‍ ആയിരുന്നു എന്ന് തെളിഞ്ഞുകഴിഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ വിളിച്ചുകൂട്ടിയ യോഗത്തിന്റെ അന്തഃസത്ത തന്നെ ഇല്ലായ്മ ചെയ്ത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് വനിതാ മതില്‍ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ‘അനിയത്തിയെക്കാട്ടി ചേച്ചിയെ കെട്ടിച്ചു’ എന്ന തിരുവിതാംകൂര്‍ പ്രദേശത്തെ നാടന്‍ വാക്കിനെ അന്വര്‍ത്ഥമാക്കി.
നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വനിതാമതിലും നവോത്ഥാന മൂല്യസംരക്ഷണ സമിതിയെന്നും മുദ്രാവാക്യം വിളിച്ചവര്‍ അയ്യപ്പധര്‍മ്മ വിശ്വാസികളുടെ ആചാരങ്ങളെ ലംഘിക്കാനുള്ള കരുക്കള്‍ നീക്കുകയായിരുന്നു സര്‍ക്കാര്‍ എന്ന് ജനുവരി രണ്ടിന് പുലര്‍ച്ചെയാണ് ദൃശ്യമാധ്യമങ്ങളിലൂടെ അറിഞ്ഞത്. ഇത്തരത്തിലുള്ള ഗൂഢപദ്ധതി നടപ്പിലാക്കണമെന്ന ഉദ്ദേശ്യത്തിന്റെ ബാക്കിപത്രമാണ് ശബരിമലയിലും ഇപ്പോള്‍ തൃശ്ശൂരിലും അരങ്ങേറിയത്. നൂറുകണക്കിന് നിരീശ്വരവാദ ചിന്താഗതിക്കാരായ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ അണിനിരത്തിയാണ് ശബരിമലയില്‍ ആചാരലംഘനം നടത്തിയത് എങ്കില്‍, തൃശ്ശൂര്‍ പൂരത്തിന് തങ്ങളുടെ പിണിയാളുകളായ ഉദ്യോഗസ്ഥന്മാരെ തന്നെ ആജ്ഞാനുവര്‍ത്തികളാക്കിയാണ് തൃശ്ശൂരിന്റെ പൊതു വികാരത്തെയും തൃശ്ശൂര്‍ പൂരത്തിന്റെ ആചരണങ്ങളെയും അട്ടിമറിച്ചത്.
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അവരുടെ ഭരണ നാളുകളില്‍ തുടര്‍ന്നുവരുന്ന ഹിന്ദുവിരുദ്ധ നിലപാടുകള്‍ ഓരോന്നായി പരിശോധിക്കുമ്പോള്‍ ഹിന്ദു സമൂഹത്തെ ശത്രുക്കളായി കണ്ട് ഇതരമതസമൂഹത്തെ പ്രീണിപ്പിച്ചു നിര്‍ത്തി രാഷ്ട്രീയനേട്ടം കൊയ്യാമെന്ന വ്യാമോഹമാണ് സര്‍ക്കാരിനെ ഇത്തരം ശ്രമങ്ങള്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ നിയമസഭയില്‍ അടുത്തകാലത്തായി ഉയര്‍ന്നു വന്ന ഒരു ചര്‍ച്ച ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന ഗ്രാന്റ് സര്‍ക്കാര്‍ ഔദാര്യം ആണെന്നാണ്. പ്രതിപക്ഷ പാര്‍ട്ടിയും പ്രതിപക്ഷ നേതാവും യാതൊരു എതിര്‍പ്പും രേഖപ്പെടുത്താതെ ആ അഭിപ്രായത്തെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും കേരള ജനത കണ്ടു. സര്‍ക്കാരും ദേവസ്വം മന്ത്രിയും അവകാശപ്പെട്ടത് ക്ഷേത്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്റും തിരുവിതാംകൂര്‍, കൊച്ചി, ദേവസ്വം ബോര്‍ഡുകള്‍ക്കായി നീക്കിവെച്ച 136 കോടി രൂപയും സര്‍ക്കാര്‍ ഔദാര്യമാണെന്നാണ്. ശബരിമല തീര്‍ത്ഥാടനത്തിന് നല്‍കുന്ന 30 കോടി പ്രത്യേക ഗ്രാന്റും നിലയ്ക്കല്‍ പമ്പ ഇടത്താവളങ്ങള്‍ക്ക് കിഫ്ബി നല്‍കുന്ന ഫണ്ടും ഔദാര്യങ്ങളുടെ പട്ടികയില്‍ തന്നെയാണ് സര്‍ക്കാര്‍ ഉള്‍പ്പെടുത്തുന്നത്. ക്ഷേത്രങ്ങള്‍ക്ക് നല്‍കിവരുന്ന ഈ ധനം സര്‍ക്കാരിന്റെ ഔദാര്യമല്ല ഹിന്ദുക്കളുടെ അവകാശമാണ്. ഹിന്ദുക്കളുടെ ക്ഷേത്രഭൂമിയും സ്വത്തും വരുമാനവും എല്ലാം സര്‍ക്കാര്‍ റവന്യൂവില്‍ ലയിപ്പിച്ചതിന്റെ വകയായി ലഭ്യമാകേണ്ട വാര്‍ഷികാശനത്തില്‍ പത്തില്‍ ഒരു ശതമാനം പോലും ഇതു വരില്ല. ഇത് പറയാനോ, ഭരണകൂട സംവിധാനങ്ങളെ ബോധ്യപ്പെടുത്താനോ, ജനാധിപത്യ കേരള നിയമസഭയില്‍ ഹിന്ദു സമൂഹത്തിന് അനുകൂലമായി സംസാരിക്കാനോ ഹിന്ദു നാമധാരികള്‍ ആയവര്‍ പോലും ഇല്ല എന്നതാണ് വസ്തുത. 140 അംഗ നിയമസഭയില്‍ ഒരാള്‍ പോലും ഹിന്ദുക്കള്‍ എന്ന വാക്ക് ഉച്ചരിക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് സത്യം. ഹിന്ദുവിരുദ്ധ, ക്ഷേത്രവിരുദ്ധനടപടികളുടെ കേരളത്തിലെ പൊതു ചിത്രമാണ് മേല്‍ സൂചിപ്പിച്ചത്.
കോടിക്കണക്കിന് ഭക്തരുടെ ആരാധനാമൂര്‍ത്തിയായ ശ്രീ മഹാഗണപതി മിത്താണെന്നും, ക്ഷേത്ര സങ്കല്പങ്ങള്‍ അന്ധവിശ്വാസമാണെന്നും പ്രസ്താവിച്ച കേരള നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരെ നടപടി സ്വീകരിക്കാത്ത ദേവസ്വം ബോര്‍ഡുകള്‍ പിരിച്ചുവിടേണ്ടതായിരുന്നു. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കറുടെ പ്രസ്താവന കോടിക്കണക്കിന് ഭക്തരുടെ ആരാധനാ സ്വാതന്ത്ര്യത്തെ മുറിവേല്‍പ്പിച്ചു. ഹിന്ദു ദേവീ ദേവന്മാരെ നിന്ദിക്കുമ്പോഴും ആചാരാനുഷ്ഠാനങ്ങള്‍ ബാഹ്യ ശക്തികളാല്‍ ലംഘിക്കപ്പെടുമ്പോഴും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും മെമ്പര്‍മാരും ദേവസ്വം മന്ത്രിയും മൗനം പാലിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ ശരിയാണെന്ന് വിശ്വസിക്കുന്നവരാണ് ദേവസ്വം ബോര്‍ഡുകളിലും ക്ഷേത്ര ഭരണസമിതിയിലും കടന്നുകൂടിയിരിക്കുന്നത്. ഭൗതികവാദികളും ഈശ്വരനിഷേധികളും ഇരിക്കേണ്ട സ്ഥലമല്ല ഇത്തരം കേന്ദ്രങ്ങള്‍.
ക്ഷേത്രങ്ങളും വിഗ്രഹാരാധനയും അന്ധവിശ്വാസമാണെങ്കില്‍ ഭണ്ഡാരത്തിലെ പണം ദേവസ്വം ഭരണസമിതി വേണ്ടന്നു വയ്ക്കണം. ക്ഷേത്രഭൂമികളും സ്വത്തുക്കളും സംരക്ഷിക്കുവാന്‍ ബാധ്യതയുള്ള ദേവസ്വം ബോര്‍ഡുകള്‍ ഭരണകൂടത്തിന്റെ കയ്യേറ്റങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. ക്ഷേത്ര ഭണ്ഡാരങ്ങളിലെ കാണിക്കകൊണ്ട് ആഡംബര ജീവിതം നയിക്കാനും ക്ഷേത്ര ആചാരത്തെ എതിര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് നിയമനം നടത്താനുമല്ല ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചിട്ടുള്ളത്.
രാഷ്ട്രീയക്കാര്‍ ദേവസ്വം ബോര്‍ഡുകളിലും ക്ഷേത്ര ഭരണസമിതികളിലും ഉള്‍പ്പെടരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ട്. ഈശ്വരനിന്ദക്കെതിരെ പ്രതികരിക്കാനും നടപടിയെടുക്കാനും തയ്യാറാകാത്ത ദേവസ്വം മന്ത്രിയും ബോര്‍ഡും മെമ്പര്‍മാരും ഭരണകൂട രാഷ്ട്രീയത്തിന്റെ ഭാഗമായതിനാല്‍ നിശ്ശബ്ദരാണ്. സംസ്ഥാനത്തെ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇല്ലാതാക്കി ക്ഷേത്രങ്ങളെ വില്‍പ്പനചരക്കാക്കാനും, ക്ഷേത്രങ്ങളുടെ ഭരണ നിയന്ത്രണം സര്‍ക്കാരില്‍ തന്നെ നിക്ഷിപ്തമാക്കിവെക്കുക എന്നതുമാണ് സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയം.
അതിനായി സേവന സന്നദ്ധരായ വ്യക്തികളെയും, അയ്യപ്പഭക്ത സംഘടനകളെയും, സേവാസംഘടനകളെയും ബോധപൂര്‍വ്വം ഒഴിവാക്കി. വ്യാപാരസ്ഥാപനങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കും സര്‍ക്കാര്‍ അനുകൂല പിണിയാളുകള്‍ക്കും കരാര്‍ നല്‍കുകയും വഴി സര്‍ക്കാരിനെ നയിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ ശബരിമലയെ തങ്ങളുടെ നിയന്ത്രണത്തില്‍ ആക്കുകയാണ്. ഇതില്‍ കൂടുതല്‍ തിരക്ക് അനുഭവിച്ചിരുന്ന 2018 ന് മുന്‍പുള്ള കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒന്നുമില്ലാതെ ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ക്ക് തടസ്സം കൂടാതെ ദര്‍ശന സൗഭാഗ്യം ലഭിച്ചിരുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കഴിഞ്ഞവര്‍ഷം നിരവധി അയ്യപ്പന്മാര്‍ക്ക് നിലയ്ക്കലിലും പമ്പയിലും പന്തളത്തും മാലയൂരി തീര്‍ത്ഥാടനം അവസാനിപ്പിക്കേണ്ടി വന്നു.
ശബരിമല തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകരുടെ ആചാരഅനുഷ്ഠാനങ്ങളിലും മൗലികമായ തീര്‍ത്ഥാടന അവകാശങ്ങളിലും കൈകടത്തുന്ന ഇന്നത്തെ ദേവസ്വംബോര്‍ഡിന്റെയും, സര്‍ക്കാരിന്റെയും നീക്കങ്ങള്‍ അവസാനിപ്പിക്കണം. ക്ഷേത്ര ആചാരങ്ങള്‍, സാംസ്‌കാരിക ആഘോഷങ്ങള്‍, എന്നിവയെല്ലാം സംരക്ഷിക്കപ്പെടണം. അതിനായി ഹൈന്ദവ സമൂഹം ജാഗരൂകരായി നിലകൊള്ളണം.
41 ദിവസം വ്രതധാരികളായി സന്നിധാനത്ത് എത്താന്‍ തയ്യാറെടുക്കുന്ന ഭക്തര്‍ക്ക് തിരിച്ചടിയാണ് വെര്‍ച്വല്‍ ക്യൂവിലൂടെ 80000 പേര്‍ക്ക് മാത്രമെ ദര്‍ശനം നല്‍കൂ എന്ന പ്രഖ്യാപനം. 70000 പേര്‍ വെര്‍ച്വല്‍ ക്യൂവിലൂടെയും, 10000 പേരെ സ്‌പോട്ട് ബുക്കിങ്ങിലൂടെയും പ്രവേശിപ്പിക്കും എന്ന് തിരുത്തിയ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മാലയിട്ടെത്തുന്ന മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും ദര്‍ശനം അനുവദിക്കുമെന്ന് പറയുന്നത് ഏതു സംവിധാനത്തിലൂടെ എന്ന് വ്യക്തമാക്കുന്നില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ കടുത്ത വീഴ്ചകള്‍ വരുത്തിയ ദേവസ്വം ബോര്‍ഡ് ഭക്തരെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് അവരുടെ അവകാശങ്ങളില്‍ മേലുള്ള കൈകടത്തലാണ്. നിലയ്ക്കലിലും പമ്പയിലും സ്‌പോട്ട് ബുക്കിങ് നാമമാത്രമായി ചുരുക്കുന്നത്, ഭക്തരോടുള്ള വെല്ലുവിളിയാണ്. ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ ശുഷ്‌കാന്തി കാണിക്കേണ്ട ദേവസ്വം ബോര്‍ഡ് ഭക്തരുടെ എണ്ണം നിജപ്പെടുത്തിയ തീരുമാനം തീര്‍ത്ഥാടനത്തെ അട്ടിമറിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്. ആഭ്യന്തര വകുപ്പിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ക്രമസമാധാന ചുമതലയുള്ള പോലീസ് ഈ ആവശ്യം ഉന്നയിച്ചതും, ശബരിമല തീര്‍ത്ഥാടന അവലോകനസമിതി അനുവാദം നല്‍കിയതും എന്നത് വിരോധാഭാസമാണ്.
തീര്‍ത്ഥാടനം ആരംഭിക്കാന്‍ 30 ദിവസം മാത്രം ശേഷിക്കെ തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാനസൗകര്യം ഒരുക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരും ഡിപ്പാര്‍ട്ട്‌മെന്റുകളും കുറ്റകരമായ വീഴ്ചയും, കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്? പരമാവധി ഭക്തരുടെ എണ്ണംകുറച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ ഭക്തരെ ദ്രോഹിച്ച് ഭക്തരുടെ വിശ്വാസം നഷ്ടപ്പെടുത്തി ശബരിമല ക്ഷേത്രത്തിന്റെ പ്രാധാന്യം ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാരിന്റെ എക്കാലത്തെയും ഗൂഢ ഉദ്ദേശ്യം, സര്‍ക്കാരിന്റെ തീരുമാനം പുനരാലോചനയ്ക്ക് വിധേയമാക്കാന്‍ ഹിന്ദുക്കള്‍ക്ക് തെരുവില്‍ ഇറങ്ങേണ്ടിവരുന്നു എന്നത് അംഗീകരിക്കാന്‍ സാധ്യമല്ല.
(ഹിന്ദുഐക്യവേദി സംസ്ഥാന വക്താവാണ് ലേഖകന്‍ )