- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- മഹാവിഷ്ണുവിന്റെ പരീക്ഷണം (വിശ്വാമിത്രന്‍ 14)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
‘ഞാന്‍, രാജാവിന്റെ പുത്രനായെന്ന് സമ്മതിക്കാം. എന്നാല്‍ പുത്രനായി സ്വീകരിച്ചശേഷം അദ്ദേഹം എന്നെ യജ്ഞപശുവായി ഹോമിക്കാനാണ് തീരുമാനിച്ചത്. പട്ടുവസ്ത്രം ധരിപ്പിച്ച് വധ്യശിലയില്‍ കിടത്തിയ അദ്ദേഹത്തിന് എന്റെ പിതൃസ്ഥാനം അവകാശപ്പെടാന്‍ എന്ത് അവകാശമാണുള്ളത്?” ശൂനശ്ശേഫന്‍ ചോദിച്ചു.
ആര്‍ക്കും അതിനുത്തരം പറയാന്‍ ഉണ്ടായില്ല. ക്ഷാത്രാചാരദൃഷ്ട്യാകുമാരന്റെ ചോദ്യം പ്രസക്തമല്ല. എങ്കിലും വസിഷ്ഠനും അപ്പോള്‍ മൗനംപാലിച്ചു.
”എന്നെ ഹോമിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്താന്‍ വരുണമന്ത്രം എനിക്ക് ഉപദേശിച്ചുതന്നത് വിശ്വാമിത്രനാണ്. ആ മന്ത്രം ജപിച്ചുകൊണ്ട് യൂപത്തില്‍ കിടന്നതുകൊണ്ടാണ് വരുണന്‍ എന്നെ അനുഗ്രഹിച്ചത്. അപ്പോള്‍ വിശ്വാമിത്രനല്ലേ എന്റെ പിതാവ്?” ശൂനശ്ശേഫന്‍ സമ്മിശ്രവികാരത്താല്‍ കണ്ണുനിറച്ചുകൊണ്ട് ചോദിച്ചു.
”വരുണമന്ത്രം ജപിച്ചു കിടന്നതുകൊണ്ടാണ് നിന്നെ ഹോമിക്കേണ്ടെന്ന് വരുണദേവന്‍ തീരുമാനിച്ചത്?” ആരോ ഉച്ചത്തില്‍ പറഞ്ഞു.
”അപ്പോള്‍, വരുണദേവനാണോ എന്റെ പിതാവ്? എന്റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് ഇവിടെനിന്ന് ഇപ്പോള്‍ ലഭിക്കണം.” ശൂനശ്ശേഫന്‍ ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.
സദസ്സില്‍നിന്ന് വ്യത്യസ്ത മറുപടികള്‍ ഉയര്‍ന്നു.
”ജനനം നല്‍കിയത് ആരാണോ, അയാളാണ് നിന്റെ പിതാവ്.”
”നിനക്ക് ജീവന്‍ തിരിച്ചു നല്‍കിയത് വരുണനാണ്. അതുകൊണ്ട് വരുണനാണ് ഇപ്പോള്‍ നിന്റെ പിതാവ്.”
ആള്‍ക്കൂട്ടത്തില്‍നിന്ന് ഉയര്‍ന്നുവന്ന മറുപടിയില്‍ തൃപ്തനാകാതെ ശൂനശ്ശേഫന്‍ എല്ലാവരേയും മാറിമാറി നോക്കി.
ശൂനശ്ശേഫന്റെ ചോദ്യത്തിന് ശരിയായ മറുപടി വസിഷ്ഠന്‍ നല്‍കുമെന്ന പ്രതീക്ഷിച്ച്, ഹരിശ്ചന്ദ്രന്‍ ഗുരുവായ വസിഷ്ഠനെ നോക്കി. താനാണ് ശൂനശ്ശേഫനെ വാങ്ങിയത്. അതുകൊണ്ട് തന്നെ ആയിരിക്കും ശൂനശ്ശേഫന്റെ പിതാവായി വസിഷ്ഠന്‍ അംഗീകരിക്കുക എന്ന് ഹരിശ്ചന്ദ്രന്‍ ഉറച്ചു വിശ്വസിച്ചു. ആചാര്യന്‍ അംഗീകരിച്ചാല്‍ അത് എല്ലാവരും സ്വീകരിക്കുമെന്നും അതിനെ ആരും എതിര്‍ക്കില്ലെന്നും ഹരിശ്ചന്ദ്രനറിയാം.
”മഹാന്മാരെ, നിങ്ങളുടെ വാദം നിര്‍ത്തുക. ശൂനശ്ശേഫന്റെ ഈ ചോദ്യത്തിനുള്ള ഉത്തരം ഞാന്‍ പറയാം.” വസിഷ്ഠന്‍ എഴുന്നേറ്റുനിന്നുകൊണ്ട് എല്ലാവരും കേള്‍ക്കെ പറഞ്ഞു.
ആചാര്യന്‍ പറയുന്നത് എന്താണെന്നു കേള്‍ക്കാനുള്ള ആകാംക്ഷ യോടെ എല്ലാകണ്ണുകളും വസിഷ്ഠനിലേയ്ക്കു നീണ്ടു. വസിഷ്ഠന്‍ പറയാന്‍പോകുന്നകാര്യം ഹരിശ്ചന്ദ്രന് അനുകൂലമായിട്ടാവും എന്ന് ചിന്തിച്ച് വിശ്വാമിത്രന്‍ എഴുന്നേറ്റ് ശൂനശ്ശേഫന്റെ അടുത്തേയ്ക്കു നടന്നു. എല്ലാവരും നിശ്ശബ്ദരായിരുന്നതിനാല്‍ വിശ്വാമിത്രന്റെ ഉറച്ച കാലടി ശബ്ദം സദസ്സിലുള്ളവര്‍ക്ക് കേള്‍ക്കാമായിരുന്നു. ശൂനശ്ശേഫന്റെ അടുത്തുചെന്ന വിശ്വാമിത്രന്‍ അല്പനേരം ഇമവെട്ടാതെ അവനെ നോക്കി. ആ സമയം വസിഷ്ഠന്റെ വാക്കുകള്‍ അവിടെ മുഴങ്ങുന്നുണ്ടായിരുന്നു.
”വേദസിദ്ധാന്തപ്രകാരം ഇവന്റെ പിതാവ് ആരെന്ന് ഞാന്‍ വ്യക്തമാക്കാം. പുത്രനെ വിലപറഞ്ഞു മറ്റൊരാള്‍ക്ക് വിറ്റ്, പ്രതിഫലം വാങ്ങിയപ്പോള്‍ അജീഗര്‍ത്തന് പിതൃസ്ഥാനത്തിന് അര്‍ഹതയില്ലാതായി. അപ്പോള്‍ മുതല്‍ വിലയ്ക്കുവാങ്ങിയ ഹരിശ്ചന്ദ്രന്‍ ശൂനശ്ശേഫന്റെ പിതാവായി.”
വിശ്വാമിത്രന്‍ വസിഷ്ഠനെ തറപ്പിച്ചു നോക്കി. വസിഷ്ഠന്‍ ശൂനശ്ശേഫനെ നോക്കി ദീര്‍ഘമായി നിശ്വസിച്ചു. അപ്പോള്‍ സദസ്സില്‍നിന്ന് പലവിധ ശബ്ദങ്ങളും ആര്‍പ്പുവിളികളും മുഴങ്ങി.
”ഞാന്‍ പറഞ്ഞു കഴിഞ്ഞില്ല.” വസിഷ്ഠന്‍ സദസ്സിനോട് നിശ്ശബ്ദമാകാന്‍ കൈ ഉയര്‍ത്തി ആംഗ്യംകാട്ടി.
”വിലയ്ക്കുവാങ്ങിയ ദത്തകപുത്രനായ ശൂനശ്ശേഫനെ, പിതാവായ ഹരിശ്ചന്ദ്രന്‍ യാഗശാലയിലെ യൂപത്തില്‍ യജ്ഞപ്പശുവായി എപ്പോഴാണോ കെട്ടിയിട്ടത് അപ്പോള്‍ മുതല്‍ ഹരിശ്ചന്ദ്രനും പിതൃസ്ഥാനം നഷ്ടമായി.” ചുറ്റുപാടു നിന്നവരെ വീക്ഷിച്ചുകൊണ്ട് ഉറച്ച ശബ്ദത്തില്‍ വസിഷ്ഠന്‍ പറഞ്ഞു.
യാഗഭൂമി വീണ്ടും നിശ്ചലമായെങ്കിലും എവിടെനിന്നോ ചില അപശബ്ദങ്ങള്‍ മുഴങ്ങി. വസിഷ്ഠന്‍ ശബ്ദംകേട്ട ദിക്കിലേയ്ക്കു നോക്കിയ ശേഷം രണ്ടുമൂന്നടി മുന്നോട്ടു നടന്നു. വീണ്ടും അവിടം നിശ്ശബ്ദമായി. ”ഇവനെ കുരുതി കൊടുക്കണ്ടതില്ല, ഇവന്റെ ജീവനെ എനിക്ക് ആവശ്യമില്ല’ എന്നു പറഞ്ഞതു വരുണനാണ്. അപ്പോള്‍ വരുണനാണ് പിതൃസ്ഥാനത്തിന് അര്‍ഹനെന്നു പറഞ്ഞാല്‍…?”
പറഞ്ഞകാര്യം വ്യക്തമാക്കാതെ ചോദ്യരൂപത്തില്‍ നിര്‍ത്തിയ വസിഷ്ഠന്‍ വിശ്വാമിത്രനെ നോക്കി.
”അങ്ങ് ആചാര്യനാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങു പറഞ്ഞത് ശരിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കാരണം മഹാമന്ത്രംകൊണ്ടു സ്തുതിക്കുമ്പോള്‍ ഏതുദേവനും പ്രസാദിച്ച്, ഭൂമി, പ്രാണന്‍, ധനം, പശു, മോക്ഷം ഇവയെ കൊടുക്കുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് വരുണന് ശൂനശ്ശേഫന്റെ പിതാവായിരിക്കാന്‍ യോഗ്യത കാണുന്നില്ല.” വിശ്വാമിത്രന്‍ തറപ്പിച്ചു പറഞ്ഞു.
”അതേ, അങ്ങ് പറഞ്ഞത് ശരിയാണ്. ഞാന്‍ പറയാന്‍ വന്നത് അങ്ങ് പറഞ്ഞുകഴിഞ്ഞു. എങ്കിലും..” വസിഷ്ഠന്‍ സൗമ്യഭാവത്തില്‍ പറഞ്ഞു.
”സംശയലേശമെന്യേ ഈ ബാലന്റെ ചോദ്യത്തിന് ശരിയായ ഉത്തരം പറയൂ.” വിശ്വാമിത്രന്‍ കോപത്തെ നിയന്ത്രിച്ചുകൊണ്ട് പറഞ്ഞു.
വസിഷ്ഠന്റെ മറുപടി കാത്തുനില്‍ക്കുന്നതുപോലെ എല്ലാവരും നിശ്ശബ്ദരായി. തന്റെ വാക്കുകള്‍ക്ക് എന്തു മറുപടിയാണ് പറയുന്നത് എന്നു കേള്‍ക്കാന്‍ വിശ്വാമിത്രന്‍ ആകാംക്ഷയോടെ വസിഷ്ഠനെ നോക്കി.
”തന്റെ ജീവനുവേണ്ടി നിലവിളിക്കുന്ന ഒരു ബാലന് ആ അവസ്ഥയില്‍ വരുണമന്ത്രം ഉപദേശിച്ച് വരുണന്റെ പ്രീതി നേടാന്‍ പ്രാപ്തനാക്കിയത് വിശ്വാമിത്രനാണ്. അതുകൊണ്ട് ഇവന്റെ പിതാവായിരിക്കാന്‍ എന്തുകൊണ്ടും യോഗ്യന്‍ വിശ്വാമിത്രന്‍ തന്നെയാണെന്ന് ഞാന്‍ നിസ്സംശയം പറയുന്നു. മകനെ, ഇപ്പോള്‍ മുതല്‍ വിശ്വാമിത്രനാണ് നിന്റെ പിതാവ്.” കോപിഷ്ഠനായി നില്‍ക്കുന്ന വിശ്വാമിത്രനെ നോക്കാതെ, താന്‍ പ്രതീക്ഷിച്ച ഉത്തരം ലഭിച്ച സന്തോഷത്തില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ശൂനശ്ശേഫനെ നോക്കി വസിഷ്ഠന്‍ പറഞ്ഞു.
വസിഷ്ഠന്‍ തനിക്ക് അനുകൂലമായി പറയുമെന്ന് വിശ്വാമിത്രന്‍ ഒരിക്കലും കരുതിയില്ല. സദസ്യര്‍ ഒന്നടങ്കം വസിഷ്ഠന്റെ വാക്കുകളെ അംഗീകരിക്കുംവിധം കരഘോഷം മുഴക്കി. വിശ്വാമിത്രനെ പിതാവായി ലഭിക്കണമെന്നാണ് ശൂനശ്ശേഫന്‍ ആഗ്രഹിച്ചതെന്ന് അവന്റെ സന്തോഷത്തില്‍നിന്ന് എല്ലാവര്‍ക്കും മനസ്സിലായി.
”ശൂനശ്ശേഫനെ തന്റെ പുത്രന്മാരില്‍ അഗ്രഗണ്യനായി ഞാന്‍ സ്വീകരിച്ചിരിക്കുന്നു.” എല്ലാവരും കേള്‍ക്കെ പറഞ്ഞുകൊണ്ട് വിശ്വാമിത്രന്‍ ശൂനശ്ശേഫനെ ആലിംഗനംചെയ്തു. വസിഷ്ഠനോട് ഒരു ഉപചാരവാക്കുപോലും പറയാതെ ശൂനശ്ശേഫനെയുംകൂട്ടി അപ്പോള്‍ത്തന്നെ വിശ്വാമിത്രന്‍ അവിടെനിന്നും തന്റെ ആശ്രമത്തിലേയ്ക്കുപോയി.
***** ******
ശൂനശ്ശേഫനെ പുത്രനായി ലഭിച്ച, പഴയകാല സംഭവങ്ങള്‍ ആലോചിച്ചിരുന്ന വിശ്വാമിത്രന്‍ ദീര്‍ഘമായി നിശ്വസിച്ചു. വസിഷ്ഠനെ കാണാന്‍ അയോദ്ധ്യയിലേയ്ക്കു പോകാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ വിശ്വാമിത്രന്റെ ചിന്ത കാടുകയറുകയായിരുന്നു. വസിഷ്ഠന്‍ തന്നെ ശപിച്ച് കൊക്കായി മാറ്റിയ കാര്യവും, വസിഷ്ഠനെ താന്‍ ശപിച്ച് പൊന്മാനായി മാറ്റിയ കാര്യവും ഓര്‍ത്തപ്പോള്‍ വിശ്വാമിത്രന്‍ ഉള്ളാലെ ഊറിച്ചിരിച്ചു. ക്ഷോഭത്തില്‍നിന്ന് പെട്ടെന്നെടുക്കുന്ന തീരുമാനം ഒരാളുടെ വ്യക്തിത്വത്തെ ബാധിക്കുന്നു എന്ന് വിശ്വാമിത്രന്‍ തിരിച്ചറിഞ്ഞിരുന്നു.
ആശ്രമത്തില്‍ ചിന്താഗ്രസ്തനായി ഇരിക്കുന്ന വിശ്വാമിത്രനെകണ്ട് ശിഷ്യന്മാര്‍, പരസ്പരം നോക്കി. ആചാര്യന് എന്തു പറ്റിയെന്ന് അവര്‍ സംശയിച്ചു. എങ്കിലും ആരും അതേക്കുറിച്ച് ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല.
ഹരിശ്ചന്ദ്രന്‍
അയോദ്ധ്യയിലെ രാജകുമാരനായ രാമന്‍ സദ്ഗുണസമ്പന്നനാണ് എന്നറിഞ്ഞപ്പോള്‍ കുമാരന് കൂടുതല്‍ വിദ്യകള്‍ പകര്‍ന്ന് ശക്തനാക്കണം എന്ന ചിന്ത വിശ്വാമിത്രന്റെ മനസ്സില്‍ കടന്നുകൂടി. അയോദ്ധ്യയെക്കുറിച്ചുള്ള ആലോചന ഹരിശ്ചന്ദ്രനിലേയ്ക്ക് നീണ്ടപ്പോള്‍ സത്യത്തിനുവേണ്ടി നിലകൊണ്ട ഹരിശ്ചന്ദ്രനെ പരീക്ഷിക്കാനാണെങ്കിലും താന്‍ എത്രമാത്രം കഷ്ടപ്പെടുത്തി എന്നാണ് വിശ്വാമിത്രന്‍ ആലോചിച്ചത്. തന്റെ പരീക്ഷണങ്ങളില്‍ ഹരിശ്ചന്ദ്രന്‍ വിജയിച്ച കാര്യങ്ങള്‍ ഒന്നൊന്നായി വിശ്വാമിത്രന്റെ മനോമുകുരത്തില്‍ തെളിഞ്ഞുവന്നു.
***********
വരുണന്റെ അനുഗ്രഹത്താല്‍ പിതാവ് രോഗമുക്തനായി എന്നറിഞ്ഞപ്പോള്‍ രോഹിതാശ്വന്‍ കൊട്ടാരത്തില്‍ തിരിച്ചെത്തി. നാടുവിട്ടുപോയ പുത്രനെ സ്‌നേഹത്തോടെ ഹരിശ്ചന്ദ്രന്‍ സ്വീകരിച്ചു.
പ്രജാതല്‍പരനായി സന്തോഷത്തോടെ രാജ്യം ഭരിക്കുമ്പോള്‍ വസിഷ്ഠനെ ഗുരുവാക്കി അത്യാഡംബരപൂര്‍വ്വം പതിനേഴരമാസം നീണ്ടുനിന്ന രാജസൂയം എന്ന വലിയ യാഗം ഹരിശ്ചന്ദ്രന്‍ നടത്തി. അതോടെ ഹരിശ്ചന്ദ്രന്റെ കീര്‍ത്തി ത്രിലോകങ്ങളിലും പരന്നു.
ബ്രഹ്മര്‍ഷിപദം നേടിയിട്ടും വസിഷ്ഠനു നല്‍കുന്ന സ്‌നേഹാദരങ്ങള്‍ ദേവന്മാരും അസുരന്മാരും എന്തുകൊണ്ടാണ് തനിക്ക് നല്‍കാത്തതെന്ന് വിശ്വാമിത്രന് മനസ്സിലായില്ല. തന്നെക്കാള്‍ എന്തു യോഗ്യതയാണ് വസിഷ്ഠനുള്ളത്? ഒരിക്കല്‍ ദേവലോകത്തുവച്ചു മഹാവിഷ്ണുവിനോടു സംസാരിച്ചിരിക്കുമ്പോള്‍ തന്റെ സംശയം വിശ്വാമിത്രന്‍ ഉന്നയിച്ചു.
”ഭഗവന്‍, തപോബലത്തില്‍ വസിഷ്ഠനെപ്പോലെ എല്ലാ ജ്ഞാനങ്ങളും നേടിയിട്ടും എന്തുകൊണ്ടാണ് എല്ലാവരും വസിഷ്ഠനോടു കൂടുതല്‍ ഇഷ്ടം പ്രകടിപ്പിക്കുന്നത്?”
വിശ്വാമിത്രന്റെ ചോദ്യംകേട്ട് മഹാവിഷ്ണു പുഞ്ചിരിച്ചുകൊണ്ട് മഹര്‍ഷിയെനോക്കി.
”എന്താണ് അതിന് കാരണമെന്നു പറയാതെ അങ്ങ് എന്താണ് പുഞ്ചിരിക്കുന്നത്?”
”ചില ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പ്രയാസമാണ് മഹര്‍ഷേ. ക്ഷമയോടെ കാത്തിരുന്നാല്‍ അതിനുള്ള മറുപടി അങ്ങേയ്ക്കു ലഭിക്കുന്നതാണ്.” മഹാവിഷ്ണു പറഞ്ഞു.
മഹാവിഷ്ണുവിന്റെ വാക്കുകളില്‍ അതൃപ്തി തോന്നിയെങ്കിലും വിശ്വാമിത്രന്‍ അത് പ്രകടിപ്പിച്ചില്ല.
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. അവിചാരിതമായി ഒരു ദിവസം ദേവലോകത്ത് വസിഷ്ഠനും വിശ്വാമിത്രനും മഹാവിഷ്ണുവിനെ കാണാന്‍ ഒരുമിച്ചെത്തി. വിശ്വാമിത്രന്റെ ചോദ്യം മഹാവിഷ്ണുവിന്റെ മനസ്സില്‍ ഉണ്ടായിരുന്നെങ്കിലും അതൊക്കെ മറന്ന മട്ടില്‍ രണ്ടുപേരേയും ആദരിച്ചിരുത്തി.
”നിങ്ങളെ രണ്ടാളെയും ഒരുമിച്ചു കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. നിങ്ങളോട് എനിക്ക് ഒരു കാര്യം അപേക്ഷിക്കാനുണ്ട്.”
മഹാവിഷ്ണു തങ്ങളോട് അപേക്ഷിക്കുകയോ എന്ന മട്ടില്‍ അവര്‍ മഹാവിഷ്ണുവിനെ നോക്കി.
”നിങ്ങളെക്കാള്‍ ദരിദ്രരായ നൂറു പേരെ കണ്ടെത്തി അവര്‍ക്ക് വിഭവസമൃദ്ധമായ ഒരു സദ്യ നല്‍കണം.” മഹാവിഷ്ണു പറഞ്ഞു.
ഇത്തരം ഒരു കാര്യം തങ്ങളെ ഏല്‍പിച്ചത് എന്തിനെന്ന് അറിയാതെ ഇരുവരും പരസ്പരം നോക്കി. എങ്കിലും അത് എന്തിനാണെന്ന് അവര്‍ ചോദിച്ചില്ല. വിഷ്ണുവിന്റെ അപേക്ഷയല്ലേ അത് സ്വീകരിക്കുകതന്നെ. കുശലപ്രശ്‌നങ്ങള്‍ക്കുശേഷം രണ്ടാളും അപ്പോള്‍ത്തന്നെ ഭൂമിയിലേയ്ക്കു മടങ്ങി.
വസിഷ്ഠനോട് പണ്ടേ തനിക്കുള്ള പക വിഷ്ണുവിനും അറിയാവുന്നതുകൊണ്ട് വസിഷ്ഠന്‍ ചെയ്യുന്നതിനുമുമ്പുതന്നെ ആ കൃത്യം നിറവേറ്റണം എന്ന ആഗ്രഹത്തോടെ ശിഷ്യന്മാരുടെ സഹായത്തോടെ നൂറ് ദരിദ്രര്‍ക്കു പകരം ആയിരം ദരിദ്രരെ കണ്ടെത്തി അവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കി.
വിഷ്ണു സന്നിധിയില്‍ തിടുക്കത്തില്‍ എത്തി തന്നെ ഏല്പിച്ച കര്‍ത്തവ്യം നിറവേറ്റിയ കാര്യം മഹാവിഷ്ണുവിനെ അറിയിച്ചു. നൂറ്റൊന്നു പേര്‍ക്കു പകരം ആയിരം പേര്‍ക്ക് സദ്യ നല്‍കി എന്നറിയിച്ചിട്ടും മഹാവിഷ്ണു പുഞ്ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല.
”കൃഷ്ണപക്ഷം ആരംഭിക്കുന്ന ദിനത്തില്‍ അങ്ങയെ വീണ്ടും കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”കുശലപ്രശ്‌നങ്ങള്‍ക്കുശേഷം മഹാവിഷ്ണു വിശ്വാമിത്രനോടു പറഞ്ഞു. വസിഷ്ഠന്‍ തന്നെ കാണാനെത്തുന്ന ദിനം മുന്‍കൂട്ടി മനസ്സിലാക്കിയാണ് മഹാവിഷ്ണു പറഞ്ഞത്. താന്‍ വിജയിച്ചു എന്ന ഭാവത്തില്‍ സന്തോഷത്തോടെ വിശ്വാമിത്രന്‍ വിഷ്ണുസന്നിധിയില്‍നിന്നു മടങ്ങി.
വസിഷ്ഠനാകട്ടെ തന്നെക്കാള്‍ ദരിദ്രരെ തേടി ഏറെ നാള്‍ നടന്നു. എന്നിട്ടും ആരേയും കാണാന്‍ കഴിയാതെ കൃഷ്ണപക്ഷം ആരംഭിക്കുന്നദിവസം നിരാശനായിട്ടാണ് വിഷ്ണുസന്നിധിയില്‍ എത്തിയത്. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ വിശ്വാമിത്രനും എത്തിച്ചേര്‍ന്നു.
”അങ്ങ് നിരാശനായി കാണപ്പെടുന്നത് എന്തുകൊണ്ടാണ്?” മഹാവിഷ്ണു വസിഷ്ഠനോട് ചോദിച്ചു.
”ഭഗവന്‍ അങ്ങ് എന്നോടു പൊറുക്കണം. അങ്ങ് അപേക്ഷിച്ച കാര്യം നിര്‍വ്വഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഭുമിയില്‍ മുഴുവന്‍ സഞ്ചരിച്ചിട്ടും എന്നേക്കാള്‍ ദരിദ്രനായ ഒരാളേയും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. പക്ഷിമൃഗാദികള്‍പോലും ഏതെങ്കിലും ഒരു കാര്യത്തില്‍ എന്നെക്കാള്‍ ശ്രേഷ്ഠരാണെന്നാണ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.” വസിഷ്ഠന്‍ നിരാശയോടെ പറഞ്ഞു.
മഹാവിഷ്ണു പുഞ്ചിരിച്ചുകൊണ്ട് വിശ്വാമിത്രനെ നോക്കി. താന്‍ മഹാവിഷ്ണുവിന്റെ അപേക്ഷ നടപ്പാക്കിയതിലുള്ള അഭിമാനത്തോടെ വിശ്വാമിത്രന്‍ വിഷ്ണുവിനെ നോക്കി.
”ബ്രഹ്മര്‍ഷി വിശ്വാമിത്രന്‍, പണ്ട് അങ്ങ് എന്നോട് ഒരു കാര്യം ചോദിച്ചത് ഓര്‍മ്മയില്ലേ? എന്തുകൊണ്ടാണ് വിശ്വാമിത്രനേക്കാള്‍ കൂടുതല്‍ ആദരവ് വസിഷ്ഠന് ലഭിക്കുന്നത് എന്ന്? ഇപ്പോള്‍ അങ്ങേയ്ക്ക് അത് വ്യക്തമായില്ലേ? അങ്ങ് തന്നെക്കാള്‍ താഴെയാണ് ലോകത്തുള്ള പലരും എന്ന് വിശ്വസിക്കുന്നു. വസിഷ്ഠനാകട്ടെ തന്നേക്കാള്‍ ദരിദ്രരായി ഭൂമിയില്‍ ആരുമില്ലെന്ന് വിശ്വസിക്കുന്നു.” മഹാവിഷ്ണു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
തന്നെ പരീക്ഷിക്കാനാണ് മഹാവിഷ്ണു ഇത്തരം ഒരു കാര്യം ഏല്‍പ്പിച്ചതെന്നു അപ്പോള്‍ വിശ്വാമിത്രന് മനസ്സിലായി. ഒരുകാലത്ത് രാജാവായിരുന്ന തന്നിലെ അഹംങ്കാരം ഇപ്പോഴും നശിച്ചിട്ടില്ലെന്ന് മനസ്സിലാക്കി വിശ്വാമിത്രന്‍ വീണ്ടും തപസ്സിനായി പുറപ്പെട്ടു.
(തുടരും)