മുനി തന്നെ നോക്കിയതിന്റെ അര്‍ത്ഥം മനസ്സിലായി. ഹരിശ്ചന്ദ്രന്റെ മുഖം പെട്ടെന്ന് തെളിഞ്ഞു.
”എങ്കില്‍ പുത്രനായി ദത്തകനെ നമുക്ക് സ്വീകരിക്കാമല്ലോ..?” സന്തോഷത്തൊടെ ഹരിശ്ചന്ദ്രന്‍ പറഞ്ഞു.
”രാജന്‍, ഏഴുവിധത്തിലുള്ള പുത്രന്മാരെക്കുറിച്ചു മാത്രമാണ് പറഞ്ഞത്. ബാക്കികൂടി കേട്ടതിനുശേഷം യുക്തമായത് സ്വീകരിക്കാം. മാതാവോ പിതാവോ ദാനംചെയ്തതുവഴി പുത്രനായി ലഭിച്ചവനാണ് ‘കൃതന്‍’ അല്ലെങ്കില്‍ ‘കൃതകന്‍’. ദത്തെടുക്കപ്പെട്ട പുത്രനാണ് ‘കൃത്രിമന്‍.’ തന്നത്താന്‍ മറ്റൊരുവന് വിറ്റവന്‍ ആണ് ‘സ്വയംദത്തന്‍’. വിവാഹസമയത്തുതന്നെ സ്ത്രീയുടെ ഗര്‍ഭത്തില്‍ ഉണ്ടായിരുന്ന പുത്രനാണ് ‘സഹോഢജന്‍.’ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുട്ടിയെ ദത്തെടുത്ത് പുത്രനായി സ്വീകരിക്കുമ്പോള്‍ അയാള്‍ ‘അപവിദ്ധന്‍’ എന്ന പേരിലുള്ള പുത്രനാണ്. ഇങ്ങനെ പന്ത്രണ്ടുവിധത്തില്‍ പുത്രന്മാരുണ്ട്.”
”ഇതില്‍ ദത്തകന്‍ തന്നെയല്ലേ നമുക്ക് സ്വീകരിക്കാന്‍ ഉത്തമമായിട്ടുള്ളത്?…”
”അതെ. ഒരു ബ്രാഹ്മണകുമാരനെ വിലയ്ക്കുവാങ്ങാം. വിലയ്ക്കുവാങ്ങിയ പുത്രനെ വരുണനുവേണ്ടി യാഗം നടത്തി ശാപത്തില്‍നിന്ന് മുക്തി നേടാവുന്നതാണ്.” വസിഷ്ഠന്‍ പറഞ്ഞ രാജ്യത്ത് ആരെങ്കിലും ബ്രാഹ്മണകുമാരനെ വില്‍ക്കുന്നുണ്ടോ എന്നറിയാന്‍ ഉടന്‍തന്നെ രാജാവ് മന്ത്രിയെ ചുമതലപ്പെടുത്തി. ദിവസങ്ങളോളം നടന്ന് ഒടുവില്‍ അത്യാഗ്രഹിയായ ‘അജീഗര്‍ത്തന്‍’ എന്നു പേരായ ഒരു ബ്രാഹ്മണനെ മന്ത്രി കണ്ടെത്തി. അജീഗര്‍ത്തന് മൂന്നു പുത്രന്മാരുണ്ടായിരുന്നു. നൂറായിരം പശുക്കളെ നല്‍കിയാല്‍ തന്റെ ഒരു പുത്രനെ നല്‍കാമെന്ന് അജീഗര്‍ത്തന്‍ അറിയിച്ചു.
”അങ്ങ് ആഗ്രഹിച്ചതുപോലെ നൂറായിരം പശുക്കളെ എത്രയും വേഗം രാജാവ് അങ്ങേയ്ക്കു നല്‍കുന്നതാണ്. ഏതു പുത്രനെയാണ് അങ്ങ് നല്‍കുന്നത്?” തന്റെ യാത്ര വിജയിച്ചതിലുള്ള സന്തോഷത്തോടെ മന്ത്രി ചോദിച്ചു.
”മൂത്തപുത്രന്‍ തനിക്ക് പ്രിയപ്പെട്ടവനാണ്. ഇളയപുത്രനാകട്ടെ അമ്മയ്ക്ക് പ്രിയപ്പെട്ടവനും. മദ്ധ്യമനായ ശൂനശ്ശേഫനെയാണ് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നത്. അജീഗര്‍ത്തന്‍ പറഞ്ഞു.
അജീഗര്‍ത്തന്‍ പറഞ്ഞ നിബന്ധനകള്‍ അംഗീകരിച്ചുകൊണ്ട്, മന്ത്രി, ശൂനശ്ശേഫനെ വാങ്ങി. ആ വാര്‍ത്ത അറിഞ്ഞതും യാഗത്തിനുള്ള ഒരുക്കങ്ങള്‍ രാജാവ് ആരംഭിച്ചു.
പിതാവ് യജ്ഞപ്പശുവായി തന്നെ വിറ്റു എന്നു കേട്ടമാത്രയില്‍ മരണം മുന്നില്‍ കണ്ട ശൂനശ്ശേഫന്‍ പിതാവിന്റെ തീരുമാനത്തെ എതിര്‍ക്കാന്‍ കഴിയാതെ ഉറക്കെ നിലവിളിച്ചു. ശൂനശ്ശേഫനെ വില്‍ക്കുന്നതിനോട് മാതാവും സഹോദരന്മാരും എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും അജീഗര്‍ത്തന്‍ അവരുടെ എതിര്‍പ്പിനെ തെല്ലും പരിഗണിച്ചില്ല. പിതാവിന്റെ വാക്കുകളെ ധിക്കരിക്കാന്‍ പുത്രധര്‍മ്മം ശൂനശ്ശേഫനെയും അനുവദിച്ചില്ല. പിതാവ് സമ്മതിച്ച സ്ഥിതിക്ക് താന്‍ എതിര്‍ത്താലും രാജകിങ്കരന്മാര്‍ തന്നെ ബലാല്‍ക്കാരമായി കൊണ്ടുപോകുമെന്ന് ശൂനശ്ശേഫന് അറിയാം. സഹോദരന്മാരെയും അമ്മയേയും വിട്ടുപിരിയുന്നതില്‍ ശൂനശ്ശേഫന് വല്ലാത്ത ദഃഖമുണ്ടായി.
മന്ത്രിയോടൊപ്പം കൊട്ടാരത്തിലേയ്ക്കു പോകുമ്പോള്‍ തന്റെ മരണം അടുത്തല്ലോ എന്നോര്‍ത്ത് സങ്കടം സഹിക്കവയ്യാതെ ശൂനശ്ശേഫന്‍ വഴിനീളെ ഉറക്കെ നിലവിളിച്ചു. യാത്രാമദ്ധ്യേ നിലവിളിക്കുന്ന ശൂനശ്ശേഫനെയും മന്ത്രിയേയും അവിചാരിതമായി വിശ്വാമിത്രന്‍ കാണാന്‍ ഇടയായി.
കുട്ടി നിലവിളിക്കുന്നതിന്റെ കാരണം വിശ്വാമിത്രന്‍ മന്ത്രിയോടു അന്വേഷിച്ചു. വിശ്വാമിത്രനോട് കള്ളം പറയാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല. ഹരിശ്ചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ശൂനശ്ശേഫനെ വിലയ്ക്കുവാങ്ങിയതാണെന്നു മന്ത്രി പറഞ്ഞു. അതു കേട്ടതും വിശ്വാമിത്രന് കോപം അടക്കാന്‍ കഴിഞ്ഞില്ല.
”എന്തിനുവേണ്ടിയാണ് ഈ പുത്രനെ രാജാവ് വിലയ്ക്കു വാങ്ങിയത്?” കോപത്തോടെ വിശ്വാമിത്രന്‍ ചോദിച്ചു.
ബ്രഹ്മണകുമാരനെ വിലയ്ക്കുവാങ്ങാനുണ്ടായ സാഹചര്യം മന്ത്രി വിശദമായി പറഞ്ഞു. അതുകേട്ടപ്പോള്‍ വസിഷ്ഠനാണ് ഇതിന്റെ പിന്നിലെന്നും വരുണപ്രീതിക്കുവേണ്ടി യാഗം നടത്തുന്നത് വസിഷ്ഠന്‍ തന്നെ ആയിരിക്കുമെന്നും വിശ്വാമിത്രന്‍ ഊഹിച്ചു.
വസിഷ്ഠനോടുള്ള കോപത്താല്‍ വിശ്വാമിത്രന്റെ കണ്ണുകള്‍ ജ്വലിച്ചു. ഹരിശ്ചന്ദ്രന്‍ സൂര്യവംശ രാജാവാണ്. സൂര്യവംശ രാജാക്കന്മാരോട് അതുവരെ പ്രത്യക്ഷത്തില്‍ വിശ്വാമിത്രന്‍ ഏറ്റുമുട്ടിയിട്ടില്ല. മാത്രമല്ല ഹരിശ്ചന്ദ്രന്റെ പിതാവായ ത്രിശങ്കുവിനെ എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ചാണ് സ്വര്‍ഗ്ഗത്തേയ്ക്ക് സശരീരനായി പോകാന്‍ യത്‌നിച്ചതും. എന്നാല്‍ ത്രിശങ്കുവിന്റെ പുത്രനായ ഹരിശ്ചന്ദ്രന്‍ തന്റെ പുത്രനെ രക്ഷിക്കാന്‍ വേണ്ടി സ്വീകരിച്ച നിലപാടിനോട് യോജിക്കാന്‍ വിശ്വാമിത്രന് കഴിഞ്ഞില്ല.
മറ്റൊരാളുടെ പുത്രനെ വാങ്ങി ആചാരം നടത്തുന്നത് അനീതിയാണെന്നും അത് എതിര്‍ക്കപ്പെടേണ്ടതാണെന്നും വിശ്വാമിത്രന്റെ മനസ്സ് മന്ത്രിച്ചു. വസിഷ്ഠനേയും ഹരിശ്ചന്ദ്രനേയും നേരിട്ട് കണ്ട് തന്റെ എതിര്‍പ്പ് പ്രകടിപ്പിക്കാനും കുട്ടിയെ രക്ഷപ്പെടുത്താനും നിശ്ചയിച്ച് വിശ്വാമിത്രന്‍ മന്ത്രിയുടെ പിന്നാലെ കൊട്ടാരത്തിലേയ്ക്കു പുറപ്പെട്ടു.
കൊട്ടാരത്തിലേയ്ക്ക് തന്നോടൊപ്പം കോപിഷ്ഠനായ വിശ്വാമിത്രന്‍ വരുന്നതു കണ്ടപ്പോള്‍ മന്ത്രി ആകെ ഭയന്നു. തന്നെ രക്ഷിക്കാനാണ് മഹര്‍ഷി തന്നോടൊപ്പം വരുന്നതെന്നു മനസ്സിലായപ്പോള്‍ ശൂനശ്ശേഫന്റെ മനസ്സില്‍ പ്രതീക്ഷയുടെ ചെറുതിരി തെളിഞ്ഞു.
കൊട്ടാരത്തില്‍ എത്തിയതും വിശ്വാമിത്രന്റെ കോപം ആളിക്കത്തി. വിശ്വാമിത്രനെ കണ്ട ഹരിശ്ചന്ദ്രന്‍ ഓടിയെത്തി വന്ദിച്ചശേഷം മുനിയെ ആദരവോടെ സ്വീകരിച്ചു. എന്നാല്‍ ആദരങ്ങളൊന്നും ഏറ്റുവാങ്ങാന്‍ കൂട്ടാക്കാതെ വിശ്വാമിത്രന്‍ സഭാതലത്തിലേയ്ക്കു കയറി.
”രാജാവേ, വാക്ക് പാലിക്കാന്‍വേണ്ടി വിലയ്ക്കുവാങ്ങിയ നിരപരാധിയായ ഈ ബാലനെ യജ്ഞപ്പശുവായി കുരുതി കൊടുക്കുന്നത് എന്തു ധര്‍മ്മമാണ്?”
മുനിയെ അനുനയിപ്പിക്കാന്‍ ശ്രമിച്ച രാജാവിന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ വിശ്വാമിത്രന്‍ തറപ്പിച്ചു പറഞ്ഞു.
”മഹര്‍ഷേ, ഈ ബാലന്‍ എനിക്ക് ദത്തകനായ പുത്രനാണ്. യാഗത്തില്‍ ഇവനെ യജ്ഞപ്പശുവായി വരുണനു നല്‍കാനുള്ള അവകാശം എനിക്കുണ്ടെന്നാണ് ആചാര്യമതം.” വസിഷ്ഠന്റെ ഉപദേശത്താല്‍ ഹരിശ്ചന്ദ്രന്‍ പറഞ്ഞു.
”അല്ലയോ ഹരിശ്ചന്ദ്രാ, അവകാശത്തെക്കുറിച്ച് നീ എന്നോടു സംസാരിക്കരുത്. ഉടന്‍ ശൂനശ്ശേഫനെ വിട്ടയയ്ക്കണം.” വിശ്വാമിത്രന്‍, പരുഷമായി പറഞ്ഞു.
”അല്ലയോ മഹര്‍ഷേ, ജലോദരം എന്ന മഹാരോഗം പിടിപെട്ട് ഞാന്‍ കഷ്ടത അനുഭവിക്കുകയാണ്. രോഗമുക്തിക്കാണ് യാഗം നടത്തി വരുണന് ശൂനശ്ശേഫനെ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.”
”നീ ശൂനശ്ശേഫനെ വിട്ടയച്ചില്ലെങ്കില്‍, ഇവനെ വരുണന് നല്‍കുന്നതിനായി നീ നടത്തുന്ന യാഗം ഞാന്‍ മുടക്കും.” വിശ്വാമിത്രന്‍ തറപ്പിച്ചു പറഞ്ഞു.
”അങ്ങ് അത്തരം കഠിനവൃത്തിക്ക് തയ്യാറാകരുതെന്ന് വിനീതനായി അപേക്ഷിക്കുന്നു. അങ്ങേയ്ക്ക് എത്ര ധനം വേണമെങ്കിലും ഞാന്‍ നല്‍കാം.” വിശ്വാമിത്രനോട് ഹരിശ്ചന്ദ്രന്‍ അപേക്ഷിച്ചു.
”ഹേ രാജന്‍, അങ്ങ് സൂര്യവംശ രാജാവാണ്. അനീതിയെ എതിര്‍ക്കുന്ന എന്നെ ധനം നല്‍കി സ്വാധീനിക്കാന്‍ ശ്രമിക്കുന്നത് അധര്‍മ്മമാണെന്ന് അറിയില്ലേ? ധര്‍മ്മത്തെക്കുറിച്ച് അങ്ങയെ ഉപദേശിക്കുന്നത് വസിഷ്ഠനാണെന്നറിയാം. എന്നാല്‍ ഇത് ന്യായമല്ലെന്ന് അങ്ങയുടെ ആചാര്യനോടും ഞാന്‍ പറയുന്നു. സ്വന്തം മകനെ യജ്ഞപ്പശുവായി നല്‍കുന്നതിനുപകരും ദത്തകനായ ഈ പുത്രനെ നല്‍കുന്നതിന് ശാസ്ത്രദൃഷ്ട്യാ ന്യായീകരണങ്ങള്‍ നിരത്താന്‍ ആചാര്യന് കഴിയും. പരമ്പരാഗതമായി നിലനില്‍ക്കുന്ന ദുരാചാരങ്ങളെ എതിര്‍ക്കേണ്ടതിനു പകരം രാജാവുതന്നെ അത് സ്വീകരിക്കുന്നത് ഭൂഷണമല്ല. ഈ ബാലനെ എത്രയും പെട്ടെന്ന് മോചിപ്പിക്കുക.” രാജാവിന്റെ മുഖത്തേയ്ക്കു കൈചൂണ്ടിക്കൊണ്ട് കോപത്തോടെ വിശ്വാമിത്രന്‍ പറഞ്ഞു.
”വരുണനുവേണ്ടി യാഗം നടത്താന്‍ ഞാന്‍ തീരുമാനിച്ചതാണ്. അതില്‍നിന്ന് പിന്‍തിരിയാന്‍ കഴിയില്ല. അതിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരിക്കുന്നു. അങ്ങ് എന്നെ അനുഗ്രഹിക്കണം.” ഹരിശ്ചന്ദ്രന്‍ വിനീതഭാവത്തില്‍ പറഞ്ഞു.
ഹരിശ്ചന്ദ്രന്റെ വാക്കുകള്‍കേട്ട് ശൂനശ്ശേഫന്‍ ഉച്ചത്തില്‍ നിലവിളിച്ചു. ആ കുട്ടിയുടെ ദയനീയമായ നിലവിളി വിശ്വാമിത്രന്റെ ഹൃദയത്തെ വല്ലാതെ വേദനിപ്പിച്ചു. ന്യായീകരണങ്ങള്‍ കണ്ടെത്തി അനീതിയെ ന്യായീകരിക്കുന്ന ആചാര്യനോടും രാജാവിനോടും വിശ്വാമിത്രന് കഠിനമായ വെറുപ്പുതോന്നി. എങ്ങനെയും ബ്രാഹ്മണകുമാരനെ രക്ഷപ്പെടുത്താന്‍ വിശ്വാമിത്രന്‍ തീരുമാനിച്ചു. എല്ലാവരും നോക്കിനില്‍ക്കെ വിശ്വാമിത്രന്‍ ശൂനശ്ശേഫന്റെ അടുത്തേയ്ക്കു നടന്നു.
”പുത്രാ, നിനക്ക് ഞാനൊരു മന്ത്രം ഉപദേശിച്ചുതരാം. ‘പവിത്ര പാശബദ്ധനും രക്തമാല്യാനുലേപനും ആയി വധ്യശിലയില്‍ കിടക്കുമ്പോള്‍ ഈ മന്ത്രം ചൊല്ലിയാല്‍ നിനക്ക് രക്ഷപ്പെടാന്‍ കഴിയും’ വിശ്വാമിത്രന്‍ അവനെ ആശ്വസിപ്പിച്ചുകൊണ്ട് മറ്റാരും കേള്‍ക്കാതെ അവന്റെ ചെവിയില്‍ വരുണമന്ത്രം ഉപദേശിച്ചു. ബാലന്‍ മന്ത്രം ഹൃദിസ്ഥമാക്കി എന്നു മനസ്സിലായപ്പോള്‍ കൂടുതലൊന്നും പറയാതെ ചുറ്റുപാടും നിന്നവരെ പരുഷമായി നോക്കിയശേഷം വിശ്വാമിത്രന്‍ കൊട്ടാരത്തില്‍നിന്ന് ഇറങ്ങിപ്പോയി.
വസിഷ്ഠന്റെ നിര്‍ദ്ദേശം സ്വീകരിച്ച് മുന്‍ നിശ്ചയപ്രകാരം ഹരിശ്ചന്ദ്രന്‍ യാഗം ആരംഭിച്ചു. യാഗത്തിന്റെ അവസാനമാണ് യജ്ഞപ്പശുവിനെ ബലി കഴിക്കുന്നത്. പിണങ്ങിപ്പോയ വിശ്വാമിത്രന്‍ യാഗംമുടക്കാന്‍ എത്തുമെന്ന് രാജാവ് ഭയന്നു. എന്നാല്‍ യാഗം അവസാന ഘട്ടത്തില്‍ എത്തിയിട്ടും വിശ്വാമിത്രന്‍ യാഗഭൂവില്‍ എത്തിച്ചേരാതിരുന്നപ്പോള്‍ എല്ലാവരും ആശ്വസിച്ചു. യാഗത്തിന്റെ അവസാന കര്‍മ്മമായ ബലിയര്‍പ്പിക്കാനുള്ള സമയം ആഗതമായി. പവിത്ര പാശബദ്ധനും രക്തമാല്യാനുലേപനും ആയി വധ്യശിലയില്‍ ബലികൊടുക്കാനായി ശൂനശ്ശേഫനെ പട്ടുവസ്ത്രം ധരിപ്പിച്ച് കിടത്തി. അപ്രതീക്ഷിതമായി വിശ്വാമിത്രന്‍ ആ സമയം അവിടെ എത്തിച്ചേര്‍ന്നു.
”മഹാമുനേ, യാഗം അവസാനിക്കാറായി. ബലിതര്‍പ്പണം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. അങ്ങ് യാഗം മുടക്കാതെ എന്നെ അനുഗ്രഹിക്കണം.” വിശ്വാമിത്രനെ കണ്ടതും ഹരിശ്ചന്ദ്രന്‍ മുനിയുടെ അടുത്തേയ്ക്ക് ഓടിച്ചെന്ന് അപേക്ഷിച്ചു. അപേക്ഷ സ്വീകരിച്ചെന്നോ നിരസിച്ചെന്നോ പറയാതെ വിശ്വാമിത്രന്‍ യാഗസ്ഥലം വീക്ഷിച്ചുകൊണ്ട് അവിടെത്തന്നെ നിന്നു. വിശ്വാമിത്രന്‍ പോകാതെ യാഗശാലയില്‍ തങ്ങിയപ്പോള്‍ ഹരിശ്ചന്ദ്രനും വസിഷ്ഠനും ഭയന്നു. എങ്കിലും യാഗത്തിന് വിഘ്‌നമുണ്ടാക്കാത്തതില്‍ അവര്‍ ആശ്വസിച്ചു.
യജ്ഞപ്പശുവായി വധ്യശിലയില്‍ രക്താംബരം ധരിപ്പിച്ച് യൂപത്തില്‍ കെട്ടിയിട്ട നിലയില്‍ കിടത്തിയിരിക്കുന്ന ശൂനശ്ശേഫനെ വിശ്വാമിത്രന്‍ കണ്ടു. അവന്‍ അപ്പോഴും താന്‍ ഉപദേശിച്ച മന്ത്രം ജപിച്ചുകൊണ്ട് ഭയമില്ലാതെയാണ് കിടന്നത്.
യാഗാവസാനം വരുണന്‍ പ്രത്യക്ഷപ്പെട്ടു. വധ്യശിലയില്‍ കിടക്കുന്ന ശൂനശ്ശേഫന്‍ ജപിക്കുന്ന മന്ത്രം വരുണന്‍ ശ്രദ്ധിച്ചു. വരുണമന്ത്രം ജപിച്ചുകൊണ്ട് വധ്യശിലയില്‍ കിടക്കുന്ന ശൂനശ്ശേഫനെ കണ്ടപ്പോള്‍ മറ്റെല്ലാം മറന്ന് സന്തോഷത്തോടെ ബാലനെ വരുണന്‍ അനുഗ്രഹിച്ചു.
”അല്ലയോ ഹരിശ്ചന്ദ്രാ, നീ ശൂനശ്ശേഫനെ മോചിപ്പിച്ച് യാഗം നടത്തുക. നിന്റെ രോഗം ഉടന്‍ ശമിക്കുന്നതാണ്.” വരുണന്‍ ഹരിശ്ചന്ദ്രനോടു പറഞ്ഞു.
ഹരിശ്ചന്ദ്രനെ അനുഗ്രഹിച്ച ശേഷം വരുണന്‍ സന്തോഷത്തോടെ അപ്രത്യക്ഷനായി. വരുണന്റെ വാക്കുകേട്ട് സന്തോഷത്തോടെ അപ്പോള്‍ത്തന്നെ ഹരിശ്ചന്ദ്രന്‍, ശൂനശ്ശേഫനെ മോചിപ്പിച്ചു. യാഗശാലയില്‍നിന്ന് ജയാരവങ്ങള്‍ മുഴങ്ങി. ശൂനശ്ശേഫനെ ബലികൊടുക്കാതെ താന്‍ രോഗമുക്തനായതില്‍ ഹരിശ്ചന്ദ്രന്‍ സന്തോഷവാനായി.
എല്ലാവരും ആഹ്ലാദിച്ചുനില്‍ക്കുന്ന വേളയില്‍ യൂപത്തില്‍നിന്ന് സ്വതന്ത്രനായ ശൂനശ്ശേഫന്‍ ഹരിശ്ചന്ദ്രന്റെ അടുത്തേക്കു വന്നു. അസുഖം ഭേദമായ സന്തോഷത്താല്‍ ദത്തകപുത്രനായ ശുനശ്ശേഫനെ ഹരിശ്ചന്ദ്രന്‍ ആലിംഗനംചെയ്യാന്‍ ശ്രമിച്ചു. ആത്മാര്‍ത്ഥതയില്ലാത്ത ആലിംഗനത്തിന് വശംവദനാകാതെ ശൂനശ്ശേഫന്‍, കുതറി മാറി.
”മഹാരാജന്‍, അങ്ങയോടും ഇവിടെ കൂടിയിരിക്കുന്ന മഹാന്മാരായ മഹര്‍ഷി ശ്രേഷ്ഠരോടും എനിക്ക് ഒരു സംശയം ചോദിക്കാനുണ്ട്.” ശൂനശ്ശേഫന്‍ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ പറഞ്ഞു.
”മകനെ, ഞാന്‍ ഇപ്പോള്‍ നിന്റെ പിതാവാണ്. കഴിഞ്ഞതൊക്കെ നീ മറക്കണം.” ഹരിശ്ചന്ദ്രന്‍ വിനീതനായി പറഞ്ഞു.
”മറക്കാം. എന്നാല്‍ എന്റെ സംശയത്തിനുള്ള മറുപടി എനിക്ക് ഇവിടെ നിന്ന് ലഭിക്കണം.”ശൂനശ്ശേഫന്‍ രാജാവിനെ പരുഷമായി നോക്കിക്കൊണ്ട് ഉച്ചത്തില്‍ പറഞ്ഞു.
”എന്താണ് നിന്റെ സംശയം?” രാജാവ് സ്‌നേഹത്തോടെ ചോദിച്ചു.
”ഇപ്പോള്‍ എന്റെ പിതാവ് ആരാണെന്ന് എനിക്ക് അറിയണം?”
ശൂനശ്ശേഫനില്‍നിന്ന് ആ ചോദ്യം ആരും പ്രതീക്ഷിച്ചില്ല. എല്ലാവരും ഒരു നിമിഷം മൗനമായി പരസ്പരം നോക്കി.
”എന്താണ് ആരും ഒന്നും പറയാത്തത്? രാജാവിനോടും ജ്ഞാനികളായ മുനിമാരോടും ഇവിടെയുള്ള എല്ലാവരോടുമായി ഞാന്‍ ചോദിക്കുന്നു.” രാജഗുരുവിനെ പരുഷമായി നോക്കിക്കൊണ്ട് ശൂനശ്ശേഫന്‍ ചോദിച്ചു. ശൂനശ്ശേഫന്റെ ചോദ്യംകേട്ട് എല്ലാവരും നിശ്ശബ്ദരായി.
”നിനക്ക് ജന്മം നല്‍കിയ ആളാണ് നിന്റെ പിതാവ്?” യാഗവേദിയില്‍നിന്ന് ആരോ വിളിച്ചു പറഞ്ഞു
”ശരിയാണ്. പക്ഷേ, അദ്ദേഹം എന്നെ രാജാവിനു വിറ്റു. അതോടെ അദ്ദേഹത്തിന് പിതൃസ്ഥാനം നഷ്ടമായില്ലേ?” തന്റെ ഉള്ളില്‍ അതുവരെ അടക്കിനിര്‍ത്തിയ ക്ഷോഭത്തെ വെളിപ്പെടുത്തുംമട്ടില്‍ ശൂനശ്ശേഫന്‍ ചോദിച്ചു.
വീണ്ടും അവിടെ നിശ്ശബ്ദത നിറഞ്ഞു. ആരും ഒന്നും പറയാതെ പരസ്പരം നോക്കി.
”ജ്ഞാനികളായ നിങ്ങള്‍ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?”
”നിന്റെ പിതാവില്‍നിന്നും നിന്നെ വാങ്ങിയത് രാജാവാണ്. അതിനാല്‍ രാജാവാണ് ഇപ്പോള്‍ നിന്റെ പിതാവ്.” ആള്‍ക്കൂട്ടില്‍നിന്ന് ആരോ പറഞ്ഞു.
(തുടരും)