”എല്ലാ പീഡനങ്ങളും തങ്ങളുടെ വിധിയാണെന്ന് വിശ്വസിക്കുന്നവരെ ഉണര്‍ത്താന്‍ പ്രയാസമാണ്.” സുശീലന്‍ തന്റെ കഴിവുകേട് അംഗീകരിക്കുന്ന മട്ടില്‍ പറഞ്ഞു.
”വിധി. ഈ വാക്ക് ഉണ്ടാക്കുന്ന ദുരന്തം എത്ര വലുതാണെന്ന് സുശീലന് അറിയില്ലേ? വിധിയില്‍ വിശ്വസിച്ച് എല്ലാം സഹിക്കുന്ന ജനവിഭാഗത്തിന് നഷ്ടമാകുന്നത് എന്തെന്നറിയുമോ? വിധിയില്‍ വിശ്വസിച്ചിരിക്കുന്നവരില്‍നിന്ന് പ്രയത്‌നശീലം ചോര്‍ന്നുപോകും. പുതിയ ചിന്ത അവരുടെ മനസ്സിലേയ്ക്ക് കയറുകയില്ല. പ്രതികരണശേഷി നഷ്ടപ്പെട്ട് അടിമകളായി അവര്‍ അധഃപതിക്കും. അതുകൊണ്ട് ആ വാക്ക് മുളയിലേ നുള്ളിക്കളയണം.” വിശ്വാമിത്രന്‍ കോപത്തോടെയാണ് പറഞ്ഞത്.
”അങ്ങു പറഞ്ഞത് ശരിയാണ്. അതിനെതിരെ ആവുംവിധം അവരെ ഉണര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഗോത്രവാസികള്‍ ആത്മാഭിമാനമുള്ളവരും അവകാശത്തെക്കുറിച്ച് ബോധമുള്ളവരുമായി വളരാന്‍ രാക്ഷസര്‍ അനുവദിക്കില്ല. ആചാര്യന്മാരുടെ ആശ്രമങ്ങളെ അവര്‍ ഭയക്കുന്നത് അതുകൊണ്ടാണ്. അവര്‍ ആശ്രമങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ആവശ്യങ്ങളെക്കുറിച്ച് ബോധമില്ലാത്ത മൃഗങ്ങളെപ്പോലെ ചിന്താശേഷി ഇല്ലാത്തവരായി വനവാസികളെ എല്ലാകാലത്തും അടിമകളാക്കി വയ്ക്കാനാണ് ശ്രമിക്കുന്നത്. അവരുടെ രക്ഷയ്ക്കായി കാനനഗോത്രങ്ങളിലെ ശക്തരായ പുരുഷന്മാരെ അവര്‍ സ്വാധീനിച്ച് വശപ്പെടുത്തുകയാണ്. എന്നാല്‍ അവര്‍ ചിന്താശേഷി ഉള്ളവരായിരിക്കരുതെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധമുണ്ട്. രാക്ഷസരെ ചോദ്യംചെയ്യുന്ന ചിന്താശേഷി ഉള്ളവരെ അവര്‍ അപ്പോള്‍ത്തന്നെ ഇല്ലാതാക്കുന്നു.” സുശീലന്‍ വിശ്വാമിത്രനു മുന്നില്‍, താന്‍ ഉള്ളില്‍ ഒതുക്കിവച്ച കാര്യങ്ങള്‍ വെളിപ്പെടുത്തി.
”സ്വാര്‍ത്ഥ ബുദ്ധിതന്നെയല്ലേ രാക്ഷസീയത? ആചാര്യന്മാര്‍ എന്തുകൊണ്ടാണ് രാക്ഷസരുടെ മുഖ്യ ശത്രുവാകുന്നത്? അവര്‍ എന്തുകൊണ്ടാണ് കരുത്തരെന്ന് സ്വയം വിശ്വസിക്കുന്നത്? അതിന് ഒരു ഉത്തരമേയുള്ളു. അവര്‍ ചിന്താശക്തിയാണ് വളര്‍ത്തുന്നത്. അത് പേശീബലം നേടുന്നതിനുമുമ്പ് കൗമാരത്തില്‍ത്തന്നെ നല്‍കേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ നിങ്ങളുടെ ആശ്രമങ്ങളില്‍ ജ്ഞാനാര്‍ജ്ജനത്തിനെത്തുന്ന കാനനവാസികളുടെ സംഖ്യ വര്‍ദ്ധിക്കുന്നില്ല.” വിശ്വാമിത്രന്‍ പറഞ്ഞു.
”അങ്ങ് പറഞ്ഞത് പൂര്‍ണ്ണമായും ശരിയാണ്. ഞാനത് ഉള്‍ക്കൊള്ളുന്നു. പക്ഷേ,…?”
”എന്തു പക്ഷേ? ഗോത്രാചാരങ്ങളുടെയും തൊഴിലിന്റെയും പേരില്‍ തമ്മില്‍ കലഹിക്കുന്നതിന് നിങ്ങള്‍ ആവശ്യത്തിന് സമയം കണ്ടെത്തുന്നുണ്ടല്ലോ? അതിനെയെല്ലാം പ്രോത്സാഹിപ്പിക്കുന്നത് ആരാണെന്നും എന്തിനെന്നും തിരിച്ചറിയാനുള്ള വിവേകം നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് നഷ്ടപ്പെടുന്നത്? ജാതിയുടെയും മതത്തിന്റെയും തൊഴിലിന്റെയും പേരില്‍ പരസ്പരം പോരടിക്കാതെ എല്ലാവര്‍ക്കും തുല്യമായ അവകാശം എല്ലാകാര്യത്തിലും ഉണ്ടാകുന്ന ഒരു അധികാരശക്തി രൂപപ്പെടുത്താന്‍ നിങ്ങള്‍ സന്നദ്ധരാകുന്നുവെങ്കില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും.” വിശ്വാമിത്രന്‍ തറപ്പിച്ചു പറഞ്ഞു.
സുശീലന്‍ അല്പനേരം മൗനമായിരുന്നു. തങ്ങളുടെ സ്ഥിതി വിശ്വാമിത്രന്‍ നന്നായി മനസ്സിലാക്കുന്നു എന്നറിഞ്ഞതില്‍ ഉള്ളാലെ സന്തോഷം തോന്നി. ഗോത്രത്തില്‍ പെട്ടവരും ആര്യരും അനാര്യരും എല്ലാവരും അംഗീകരിക്കുന്ന കരുത്തുറ്റ ഉത്തമനായ ഒരു പുരുഷനു മാത്രമേ തങ്ങളെ മോചിപ്പിക്കാന്‍ കഴിയൂ എന്നാണ് സുശീലന്‍ ചിന്തിച്ചത്.
സുശീലനുമായി ആശ്രമത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശ്വാമിത്രന്‍ ദീര്‍ഘനേരം സംസാരിച്ചു. സിദ്ധാശ്രമത്തിനുനേരെ രാക്ഷസര്‍ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് വിശ്വാമിത്രന്‍ ഒന്നും പറയാതിരുന്നത് സുശീലന്റെ ആത്മവീര്യത്തെ കെടുത്തണ്ട എന്നു കരുതിയാണ്. സര്‍വ്വഗോത്ര വിഭാഗങ്ങളേയും കൂട്ടിയോജിപ്പിച്ച് വ്യവസ്ഥാപിതമായ ഒരു ഭരണക്രമം ഉണ്ടാക്കാന്‍ ശക്തനായ ഒരാളെ കാത്തിരിക്കുന്നു എന്ന സൂചനയാണ് സുശീലന്‍ നല്‍കിയത്. അത്തരത്തിലുള്ള ഒരു ഉത്തമപുരുഷനെ എങ്ങനെ കണ്ടെത്തും എന്ന ചിന്ത വിശ്വാമിത്രനെയും കുറെ നാളായി അലട്ടുന്നുണ്ട്.
”താമസംവിനാ എല്ലാത്തിനും പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള ശ്രമം നാം ആരംഭിച്ചു കഴിഞ്ഞു. സന്തുഷ്ടനായി സുശീലന് മടങ്ങാം.” വിശ്വാമിത്രന്‍ താന്‍ മനസ്സില്‍ ചിന്തിച്ചുറപ്പിച്ച കാര്യങ്ങള്‍ വെളിപ്പെടുത്താതെ വാനരാചാര്യനെ ആശ്വസിപ്പിച്ചു.
തന്റെ വാക്കുകളെ സന്തോഷത്തോടെ സ്വീകരിച്ച് ഗോത്രാചാര്യന്‍ ആശ്രമത്തില്‍നിന്ന് മടങ്ങിയപ്പോള്‍ വരാനിരിക്കുന്ന ദുരന്തത്തെ എങ്ങനെയൊക്കെ നേരിടണമെന്ന് വിശ്വാമിത്രന്‍ ചിന്തിച്ചു. തന്റെ ചിന്തയ്ക്ക് ജീവന്‍ നല്‍കാന്‍ അഗ്നിഹോത്രശാലയുടെ മുന്നിലെ മഹാവടവൃക്ഷത്തിന്റെ ചുവട്ടില്‍ പോയി വിശ്വാമിത്രന്‍ വീണ്ടും ധ്യാനനിരതനായി. വസിഷ്ഠനുമായി ഉണ്ടാകാന്‍ സാധ്യതയുള്ള സംവാദത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ എത്രയും പെട്ടെന്ന് വസിഷ്ഠനെ കാണാന്‍ പോകേണ്ടതുണ്ടെന്ന് മനസ്സ് മന്ത്രിച്ചു.
വസിഷ്ഠമുനിയെ കാണാന്‍ പോകണ്ട കാര്യം ഓര്‍ത്തപ്പോള്‍ വിശ്വാമിത്രന്റെ ചിന്ത പഴകാലത്തേയ്ക്ക് വീണ്ടും ഊര്‍ന്നിറങ്ങി. വസിഷ്ഠനോടുള്ള പക ഉള്ളില്‍ കിടന്നതുകൊണ്ട് ത്രിശങ്കുപുത്രനായ ഹരിശ്ചന്ദ്രനോടുപോലും താന്‍ ക്രൂരമായി പെരുമാറി. സത്യസന്ധനും നീതിമാനുമായ സൂര്യവംശ രാജാവായ ഹരിശ്ചന്ദ്രന്റെ ജീവിതത്തില്‍ താന്‍ ഉണ്ടാക്കിയ ദുരന്തം വളരെ വലുതായിരുന്നു. അന്നു ചെയ്ത കാര്യങ്ങള്‍ ശരിയായിരുന്നില്ലെന്നു തോന്നി. എങ്കിലും ശൂനശ്ശേഫനെ മകനായി ലഭിച്ചതിലും ത്രിശങ്കുവിന്റെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ കഴിഞ്ഞതിലും വിശ്വാമിത്രന് അഭിമാനംതോന്നി.
വസിഷ്ഠനെ വെല്ലുവിളിച്ചുകൊണ്ട് ത്രിശങ്കുവിനെ ഉടലോടെ സ്വര്‍ഗ്ഗത്തേയ്ക്കയച്ചത് വസിഷ്ഠന്റെ അഭിമാനത്തെ മുറിപ്പെടുത്തി. രാജഗുരുവിന് സാധ്യമാകാത്തത് തനിക്ക് സാധ്യമാക്കാന്‍ കഴിഞ്ഞതിലുള്ള അസൂയ വസിഷ്ഠന് തന്നോടുണ്ടായിട്ടുണ്ട്. തന്നെ അപഹസിക്കാന്‍ കിട്ടുന്ന സന്ദര്‍ഭമെല്ലാം വേണ്ടവിധത്തില്‍ ഉപയോഗിക്കുന്ന വസിഷ്ഠനോട് അന്ന് വല്ലാത്ത പകയാണ് ഉണ്ടായത്. അത് പരസ്പരമുള്ള ബന്ധം വഷളാക്കാനും ഇടയായി.
സൂര്യവംശ രാജാക്കന്മാരുടെ കുലഗുരുവിനോടുള്ള വെറുപ്പ്, സൂര്യവംശ രാജാക്കന്മാരോടും വിശ്വാമിത്രന് ഉണ്ടായി. എന്നാല്‍ സൂര്യവംശ രാജാക്കന്മാര്‍ വിശ്വാമിത്രനെ ആദരവോടെ സ്വീകരിക്കുന്നതുകൊണ്ട് ആ വെറുപ്പ് പരസ്യമായി വിശ്വാമിത്രന്‍ പ്രകടിപ്പിച്ചില്ല. വസിഷ്ഠനോടു തന്റെ മനസ്സില്‍ രൂപപ്പെട്ട വിദ്വേഷം ഹരിശ്ചന്ദ്രനിലേയ്ക്കു വളര്‍ന്ന സാഹചര്യത്തെക്കുറിച്ചാണ് വിശ്വാമിത്രന്‍ ആലോചിച്ചത്. പഴയകാല സംഭവങ്ങള്‍ ഒന്നൊന്നായി വിശ്വാമിത്രന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.
ശൂനശ്ശേഫന്‍
ശിബിയുടെ പുത്രിയായ ചന്ദ്രമതിയെയാണ് പട്ടമഹിഷിയായി ഹരിശ്ചന്ദ്രന്‍ സ്വീകരിച്ചത്. പുത്രന്‍ ഉണ്ടാകാതെ ദീര്‍ഘകാലം കഴിഞ്ഞപ്പോള്‍ ഗുരുവായ വസിഷ്ഠന്റെ ഉപദേശമനുസരിച്ച് ഹരിശ്ചന്ദ്രന്‍ ഗംഗാതീരത്തുപോയി വരുണനെ തപസ്സുചെയ്ത് പുത്രനുണ്ടാകാനുള്ള അനുഗ്രഹം നേടി.
ഹരിശ്ചന്ദ്രന് വരം കൊടുക്കുമ്പോള്‍, ഒരു കാര്യം വരുണന്‍ ആവശ്യപ്പെട്ടു. ‘ജനിക്കുന്ന പുത്രനെ യാഗം നടത്തുമ്പോള്‍ യജ്ഞപശുവായി തനിക്ക് നല്‍കണം.’ പുത്രനുണ്ടാകുന്ന സന്തോഷത്താല്‍ മറ്റൊന്നും ആലോചിക്കാതെ വരുണന്റെ ആവശ്യം ഹരിശ്ചന്ദ്രന്‍ അംഗീകരിച്ചു.
വരുണന്റെ അനുഗ്രഹത്താല്‍ ചന്ദ്രമതി ഒരു പുത്രനെ പ്രസവിച്ചു. അവന് രോഹിതാശ്വന്‍ എന്നു നാമകരണംചെയ്തു. പൂര്‍വ്വികരെപ്പോലെ പ്രജകളുടെ താല്പര്യം മുന്‍നിര്‍ത്തി രാജ്യംഭരിച്ച് കീര്‍ത്തി വര്‍ദ്ധിപ്പിച്ച ഹരിശ്ചന്ദ്രന്‍ ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന യാഗം നടത്താന്‍ തീരുമാനിച്ച് അതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
ഹരിശ്ചന്ദ്രന്‍ യാഗം നടത്തുന്നു എന്നറിഞ്ഞ് വരുണന്‍, മുന്‍ നിശ്ചയപ്രകാരം പുത്രനെ തനിക്ക് യജ്ഞപശുവായി നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ പുത്രനെ കൊടുക്കാന്‍ ഹരിശ്ചന്ദ്രന്‍ കൂട്ടാക്കിയില്ല. നല്‍കിയ വാക്കു പാലിക്കണമെന്ന് വരുണന്‍ പല സന്ദര്‍ഭത്തിലും ഓര്‍മ്മപ്പെടുത്തി. ഓരോ സന്ദര്‍ശനത്തിലും ഓരോ കാര്യങ്ങള്‍ പറഞ്ഞ് വരുണനെ മടക്കി അയച്ചു. ഒടുവില്‍ വരുണന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങി മനസ്സില്ലാമനസ്സോടെ, പത്തു വയസ്സു തികഞ്ഞ് പുത്രന്റെ ഉപനയനം നടത്തിയതിനുശേഷം നല്‍കാമെന്ന് ഹരിശ്ചന്ദ്രന്‍ ഉറപ്പു നല്‍കി.
ഉപനയനം കഴിഞ്ഞാല്‍ യജ്ഞപശുവായി തന്നെ, വരുണനുകൊടുക്കും എന്നറിഞ്ഞ രോഹിതാശ്വന്‍ കൊട്ടാരത്തില്‍നിന്ന് ഒളിച്ചോടി. ആ സന്ദര്‍ഭത്തിലും വരുണന്‍ ഹരശ്ചന്ദ്രനെ സമീപിച്ചു. പുത്രനെ കാണാനില്ലെന്നും കണ്ടെത്തിയാല്‍ യജ്ഞപശുവായി നല്‍കാമെന്നും ഹരിശ്ചന്ദന്‍ ഉറപ്പുനല്‍കി.
മകനെ കാണാനില്ലെന്ന് പറഞ്ഞത് കളവാണെന്ന് കരുതിയ വരുണന്‍ കോപത്താല്‍ ഹരിശ്ചന്ദ്രനെ ശപിച്ചു. വരുണന്റെ ശാപത്താല്‍ ജലോദരം എന്ന മഹാരോഗം ഹരിശ്ചന്ദ്രനെ പിടികൂടി.
മഹാരോഗം ബാധിച്ച് അച്ഛന്‍, കഷ്ടപ്പെടുകയാണെന്നു രോഹിതാശ്വന്‍ അറിഞ്ഞു. താന്‍ ഒളിച്ചോടിയ കാരണത്താലാണ് വരുണന്‍ ശപിച്ചതെന്നറിഞ്ഞ് കൊട്ടാരത്തിലേയ്ക്കു മടങ്ങാന്‍ തീരുമാനിച്ചു. ആ സന്ദര്‍ഭത്തില്‍ ഇന്ദ്രന്‍ ഒരു ബ്രാഹ്മണകുമാരന്റെ വേഷത്തില്‍ സുഹൃത്തായി രോഹിതാശ്വനെ സമീപിച്ച് കൊട്ടാരത്തിലേയ്ക്കു പോകുന്നത് ഈ സന്ദര്‍ഭത്തില്‍ ഉചിതമല്ലെന്ന് പറഞ്ഞ് യാത്ര മുടക്കി. പിതാവിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ബ്രാഹ്മണകുമാരന്റെ വാക്കുകള്‍ അവഗണിച്ചുകൊണ്ട് പോകാന്‍ പുറപ്പെട്ടു. അപ്പോഴൊക്കെ ഇന്ദ്രന്‍ പല പല വേഷത്തില്‍വന്ന് പല പല കാരണങ്ങള്‍ പറഞ്ഞ് യാത്ര തടസ്സപ്പെടുത്തി.
തന്നെ ബാധിച്ച രോഗത്തില്‍നിന്ന് മുക്തി നേടാനുള്ള വഴികള്‍ ഹരിശ്ചന്ദ്രന്‍ തേടിക്കൊണ്ടിരുന്നു. ഒടുവില്‍ രോഗമുക്തിക്കായി വസിഷ്ഠനെത്തന്നെ സമീപിച്ചു.
”അല്ലോയോ മഹാമുനേ അങ്ങ് ഈ പ്രതിസന്ധിയില്‍നിന്ന് എന്നെ എങ്ങനെയെങ്കിലും കരകയറ്റണം” ഹരിശ്ചന്ദ്രന്‍, വസിഷ്ഠനോട് അപേക്ഷിച്ചു.
”അല്ലയോ രാജന്‍, വരുണനു നല്‍കിയ വാക്കു പാലിക്കാതെ ഈ രോഗത്തില്‍നിന്ന് മുക്തിനേടാന്‍ കഴിയില്ല.” വസിഷ്ഠന്‍ പറഞ്ഞു.
”എന്റെ മകനെ യജ്ഞപശുവായി വരുണന് കൊടുക്കണമെന്നാണോ അങ്ങ് പറയുന്നത്?”ഹരിശ്ചന്ദ്രന്‍ സങ്കടത്തോടെ ചോദിച്ചു.
”രോഹിതാശ്വനെ കൊടുക്കണമെന്ന് ഞാന്‍ അങ്ങയെ നിര്‍ബ്ബന്ധിക്കുന്നില്ല. അതിനായി ഒരു പ്രതിവിധി നിര്‍ദ്ദേശിക്കാം.”
ഗുരുവിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഹരിശ്ചന്ദ്രന്റെ മുഖം തെളിഞ്ഞു. മകനെ കൊടുക്കാതെ എന്തു പ്രതിവിധിചെയ്യാനും ഹരിശ്ചന്ദ്രന്‍ ഒരുക്കമായിരുന്നു.
”അങ്ങ് പറയുന്ന ഏതു നിര്‍ദ്ദേശവും അനുസരിക്കാന്‍ ഞാന്‍ തയ്യാറാണ്.”
”പുത്രനെ നല്‍കി വാക്കു പാലിക്കുക എന്നതാണല്ലോ പ്രധാനം. എന്നാല്‍ കേട്ടോളൂ, പുത്രന്മാര്‍ പന്ത്രണ്ടു വിധമുണ്ട്. അക്കൂട്ടത്തില്‍ ഒരാളെ വരുണന് നല്‍കിയാലും വാക്കുപാലിക്കാന്‍ കഴിയും.” വസിഷ്ഠന്‍ പ്രശ്‌നത്തിന് പരിഹാരം കണ്ട മട്ടില്‍ പറഞ്ഞു.
”പന്ത്രണ്ടു വിധമുള്ള പുത്രന്മാരെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒരു പുത്രനെ സ്വീകരിച്ച് വരുണന്‍ തൃപ്തനാകുമെങ്കില്‍….?” ഹരിശ്ചന്ദ്രന്‍ സംശയത്തോടെ വസിഷ്ഠനെ നോക്കി.
”അക്കാര്യത്തില്‍ അങ്ങ് സംശയിക്കേണ്ടതില്ല. ക്ഷാത്രധര്‍മ്മം വരുണനും ബാധകമാണ്.”
അതുകേട്ടപ്പോള്‍ പ്രശ്‌നം പരിഹരിച്ചമട്ടില്‍ ഹരിശ്ചന്ദ്രന്‍ വസിഷ്ഠനെ നോക്കി.
”പന്ത്രണ്ടുവിധത്തിലുള്ള പുത്രന്മാരെക്കുറിച്ച് അങ്ങ് വിശദമായി പറഞ്ഞാലും. അതില്‍ ഏതു വിധത്തിലുള്ള പുത്രനെയാണ് സ്വീകരിക്കാന്‍ കഴിയുക എന്ന് ഇപ്പോള്‍ത്തന്നെ അങ്ങ് പറഞ്ഞാല്‍ അത്തരത്തില്‍ ഒരു പുത്രനെ സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്” ഹരിശ്ചന്ദ്രന്‍ സന്തോഷത്തോടെ പറഞ്ഞു.
”എങ്കില്‍ കേട്ടോളൂ, ഔരസന്‍, പുത്രികാസുതന്‍, ക്ഷേത്രജന്‍, ഗൂഢജന്‍, കാനീനന്‍, പൗനര്‍ഭവന്‍, ദത്തകന്‍, കൃതകന്‍, കൃത്രിമന്‍, സ്വയംദത്തന്‍, സഹോഢജന്‍, അപവിദ്ധന്‍ എന്നിങ്ങനെ, പന്ത്രണ്ടുവിധം പുത്രന്മാരെ ക്ഷാത്രധര്‍മ്മപ്രകാരം ഏതൊരാള്‍ക്കും സ്വീകരിക്കാവുന്നതാണ്. ഇതില്‍ ഏതു വിധത്തിലുള്ള പുത്രനെയാണ് സ്വീകരിക്കേണ്ടതെന്ന് രാജാവിനുതന്നെ തീരുമാനിക്കാം.”
ഹരിശ്ചന്ദ്രന്‍ സംശയഭാവത്തില്‍ വസിഷ്ഠനെ നോക്കി.
”വിശദമായി ഞാന്‍ പറയാം. ധര്‍മ്മപത്‌നിയായി സ്വീകരിച്ച ഭാര്യയില്‍ ഉണ്ടാകുന്ന പുത്രനാണ് ഔരസപുത്രന്‍. പുത്രന്റെ അഭാവത്തിലോ, പുത്രന്‍ ജനിക്കാത്തതിനാലോ പുത്രഭാവേന അംഗീകരിക്കപ്പെട്ട പുത്രിയുടെ പുത്രനാണ് ‘പുത്രികാസുതന്‍.”
”മൂന്നാമതായി അങ്ങു പറഞ്ഞ ക്ഷേത്രജന്‍ എങ്ങനെയുള്ള പുത്രനാണ് ഗുരോ.?” ”രോഗഗ്രസ്തനായ കാരണത്താല്‍ ഒരാള്‍ക്ക് മക്കള്‍ ഉണ്ടാകാതിരിക്കുകയും അങ്ങനെ അയാള്‍ മരണമടയുകയും ചെയ്യുമ്പോള്‍, ഭര്‍ത്താവിന്റെ ശേഷക്രീയ ചെയ്യാന്‍ അര്‍ഹരായ സപിണ്ഡന്മാരുടെ അഗീകാരത്തോടെ വിധവയായ അയാളുടെ ഭാര്യ, പൂര്‍ണ്ണ മനസ്സോടെ സ്വന്തം ഗോത്രത്തിലോ അന്യഗോത്രത്തിലോ ഉള്ള ഒരാളിനെ പുത്രലാഭത്തിനായി മാത്രം ഭര്‍ത്താവായി സ്വീകരിച്ച് അങ്ങനെ ഉണ്ടാകുന്ന പുത്രനാണ് ‘ക്ഷേത്രജന്‍.”
ഇതൊന്നും തനിക്ക് ബാധകമല്ലെന്ന മട്ടില്‍ ഹരിശ്ചന്ദ്രന്‍ വസിഷ്ഠനെ നോക്കി.
”ഭര്‍ത്താവ് ഒപ്പം ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ ഭാര്യയ്ക്ക് ജാരസംസര്‍ഗ്ഗത്തിലൂടെ രഹസ്യമായി ജനിച്ച പുത്രനാണ് ‘ഗൂഢജന്‍.’ വിവാഹത്തിനുമുമ്പ് കന്യകയായിരുന്ന നാളില്‍ തന്റെ ഭാര്യയ്ക്കുണ്ടായ പുത്രനാണ് കാനീനന്‍. ഇനി ആറാമതായി പരിഗണിക്കപ്പെടുന്ന ‘പൗനര്‍ഭവന്‍’ എങ്ങനെ ഉണ്ടായ പുത്രനാണെന്നു പറയാം. വിവാഹം കഴിഞ്ഞ ഭാര്യയില്‍ പുത്രന്‍ ജനിക്കാതിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ അംഗീകാരത്തോടെ ഭാര്യയെ മറ്റൊരാള്‍ക്ക് വിവാഹം കഴിച്ചുകൊടുത്ത് അവരില്‍ ഉണ്ടാകുന്ന പുത്രനാണ് ‘പൗനര്‍ഭവന്‍.”
”അതായത് തന്റെ ഭാര്യയില്‍ രണ്ടാമത്തെ ഭര്‍ത്താവിനു ഉണ്ടാകുന്ന പുത്രന്‍. അല്ലേ?” ”അതെ. ഇനി മാതാവോ പിതാവോ ദാനംചെയ്തതുവഴി സ്വീകരിച്ച പുത്രനെ ശാസ്ത്രവിധിപ്രകാരം പുത്രനായി ഒരാള്‍ക്ക് സ്വീകരിക്കാവുന്നതാണ്. അങ്ങനെ ഉള്ള പുത്രനെയാണ് ദത്തകന്‍ അല്ലെങ്കില്‍ ദത്തന്‍ എന്നു പറയുന്നത്.” വസിഷ്ഠന്‍ അത്രയും പറഞ്ഞശേഷം ഹരിശ്ചന്ദ്രനെ നോക്കി.
(തുടരും)