”ത്രിശങ്കു, ഇക്ഷ്വാകുവിന്റെ കുലത്തില്‍ പിറന്നവനും ധര്‍മ്മിഷ്ഠനുമാണ്. അദ്ദേഹം ശരീരത്തോടെ സ്വര്‍ഗ്ഗം പ്രാപിക്കാന്‍ എന്നെ സമീപിച്ചിരിക്കുന്നു. അദ്ദേഹത്തിന് സ്വര്‍ഗ്ഗം പ്രാപിക്കാന്‍ ഉതകുന്ന ഒരു യജ്ഞം നടത്താന്‍ ഞാന്‍ ഉറച്ചുകഴിഞ്ഞു. അതിന് നിങ്ങള്‍ എന്നെ സഹായിക്കണം.” ക്ഷണം സ്വീകരിച്ച് യാഗവേദിയില്‍ എത്തിയ മഹര്‍ഷിമാരോട് വിശ്വാമിത്രന്‍ പറഞ്ഞു.
മുനിമാര്‍ പരസ്പരം നോക്കി. ‘അസാധ്യമായ ഒരു കാര്യത്തിനാണ് വിശ്വാമിത്രന്‍ സഹായം ആവശ്യപ്പെടുന്നത്. അദ്ദേഹം ക്ഷിപ്രകോപി ആയതിനാല്‍ അദ്ദേഹത്തെ അനുസരിക്കുന്നതാണ് ഉത്തമം. അഗ്നിതുല്യനായ അദ്ദേഹത്തിന്റെ കോപം ഏറ്റുവാങ്ങുന്നത് ഉചിതമല്ല.’ സ്വകാര്യമായി കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞു.
”അങ്ങയുടെ തേജസ്സിനാല്‍ ത്രിശങ്കുവിന് സശരീരനായി സ്വര്‍ഗ്ഗം പ്രാപിക്കാന്‍ ഉതകുന്ന യജ്ഞത്തില്‍ സഹായിക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്.” വിശ്വാമിത്രനെ അനുസരിക്കാന്‍ തീരുമാനിച്ചുകൊണ്ട് അവര്‍ പറഞ്ഞു.
തപശ്ശക്തികൊണ്ട് എല്ലാ പ്രതിബന്ധങ്ങളെയും തരണംചെയ്തശേഷം, യാഗത്തിന്റെ യാജകനായി നിലകൊണ്ട വിശ്വാമിത്രന്‍ ക്രിയകള്‍ ഒന്നൊന്നായി ആരംഭിച്ചു. തുടര്‍ന്ന് മന്ത്രജ്ഞരായ ഋത്വിക്കുകള്‍ യഥാവിധി സര്‍വ്വ ക്രിയകളും ചെയ്യാന്‍ തുടങ്ങി. മഹാ തപസ്വിയായ വിശ്വാമിത്രന്‍ സര്‍വ്വദേവതകളെയും ആവാഹനംചെയ്തു. എന്നാല്‍ ഹവിര്‍ഭാഗം സ്വീകരിക്കാനായി ദേവകളാരും എത്തിച്ചേര്‍ന്നില്ല. ദേവന്മാരോട് വിശ്വാമിത്രന് വല്ലാത്ത ദേഷ്യംതോന്നി. ത്രിശങ്കു നിരാശനായതു കണ്ടപ്പോള്‍ വിശ്വാമിത്രന്‍ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.
”രാജന്‍, ഞാന്‍ നേടിയ തപസ്സിന്റെ ബലം അങ്ങ് കണ്ടുകൊള്‍ക. ഇത്രകാലം ഞാന്‍ എന്തെങ്കിലും തപശ്ശക്തി നേടിയിട്ടുണ്ടെങ്കില്‍ അതിന്റെ ശക്തിയാല്‍ ആരുടെ സഹായവുമില്ലാതെ ഞാന്‍ അങ്ങയെ സ്വര്‍ഗ്ഗത്തിലേയ്ക്ക് അയക്കുന്നതാണ്. ദുഷ്പ്രാപ്യമായ സ്വര്‍ഗ്ഗം അങ്ങ് നേടിക്കൊള്‍ക.” കൗശികന്‍ സ്രുവം ഉയര്‍ത്തിക്കൊണ്ട് ത്രിശങ്കുവിനോടു പറഞ്ഞു.
യാഗം ശക്തിപ്രാപിച്ചതോടെ മാമുനിമാര്‍ നോക്കിനില്‍ക്കെ ത്രിശങ്കു ഉടലോടെ പതുക്കെ സ്വര്‍ഗ്ഗത്തേയ്ക്കു ഉയര്‍ന്നുയര്‍ന്ന് സ്വര്‍ഗ്ഗവാതില്‍വരെ എത്തി.
ഒരു ചണ്ഡാലന്‍ സ്വര്‍ഗ്ഗവാതുക്കല്‍ വന്നുനില്‍ക്കുന്നതുകണ്ട് ദേവന്മാര്‍ ഇതെങ്ങനെ സംഭവിച്ചു എന്നറിയാതെ പരിഭ്രാന്തരായി വിവരം ഇന്ദ്രനെ അറിയിച്ചു. ഇന്ദ്രന്‍ വര്‍ദ്ധിച്ച കോപത്തോടെ ഓടിയെത്തി. സ്വര്‍ഗ്ഗത്തേയ്ക്കു കടക്കാനായി സ്വര്‍ഗ്ഗവാതിലില്‍വരെ എത്തിയ ത്രിശങ്കുവിനെയാണ് ദേവേന്ദ്രന്‍ അപ്പോള്‍ കണ്ടത്.
”ത്രിശങ്കോ, നീ ഭുമിയിലേയ്ക്ക് തിരിച്ചു പോകുക. സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാന്‍ നീ അര്‍ഹനല്ല. ഗുരുശാപഹതനായ നിനക്ക് സ്വര്‍ഗ്ഗത്തില്‍ സ്ഥാനമില്ല.” ദേവേന്ദ്രന്‍ ത്രിശങ്കുവിനോടു പറഞ്ഞു.
ത്രിശങ്കു മടങ്ങാന്‍ കൂട്ടാക്കാതെ സ്വര്‍ഗവാടത്തില്‍ത്തന്നെ നിന്നു. തന്റെ വാക്കുകള്‍ കേട്ടിട്ടും മടങ്ങാതെനില്‍ക്കുന്ന ത്രിശങ്കുവിനെ ഇന്ദ്രന്‍ ഭൂമിയിലേയ്ക്ക് ഉന്തി. ഇന്ദ്രന്റെ തള്ളലിന്റെ ശക്തിയാല്‍ ത്രിശങ്കു അതിവേഗത്തില്‍ ഭൂമിയിലേയ്ക്ക് തലകീഴായി നീങ്ങി.
”മഹാമുനേ, എന്നെ രക്ഷിക്കൂ.” ത്രിശങ്കു വിശ്വാമിത്രനെ ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ചു. നിലവിളികേട്ട് വിശ്വാമിത്രന്‍ മുകളിലേയ്ക്കു നോക്കുമ്പോള്‍ തലകീഴായി ഭൂമിയിലേയ്ക്കുവരുന്ന ത്രിശങ്കുവിനെയാണ് കണ്ടത്.
”ത്രിശങ്കു നീ സ്വര്‍ഗ്ഗത്തേയ്ക്കു തന്നെ മടങ്ങൂ..” ഉഗ്രകോപത്തോടെ വിശ്വാമിത്രന്‍ പറഞ്ഞു.
വിശ്വാമിത്രന്റെ തപശ്ശക്തിയാല്‍ ത്രിശങ്കു ഭൂമിയിലേക്കു വീഴാതെ അകാശത്തേയ്ക്കുയര്‍ന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തേയ്ക്കു പോകാന്‍ ഇന്ദ്രന്‍ അനുവദിച്ചില്ല. ഭൂമിയിലേയ്ക്കു പോകാന്‍ വിശ്വാമിത്രനും അനുവദിച്ചില്ല.
”ത്രിശങ്കു അവിടെത്തന്നെ നില്‍ക്കട്ടെ.” വിശ്വാമിത്രന്‍ കോപത്തോടെ അട്ടഹസിച്ചു.
മുനിയുടെ തപശ്ശക്തികൊണ്ട് ത്രിശങ്കു ആകാശത്ത് നിലയുറപ്പിച്ചു. ഇന്ദ്രന്‍ ത്രിശങ്കുവിനെ സ്വര്‍ഗ്ഗത്തേയ്ക്കു കടത്തില്ലെന്നറിഞ്ഞപ്പോള്‍ സ്വര്‍ഗ്ഗത്തിനുതാഴെ വാനഗോളങ്ങള്‍ നിറഞ്ഞ ഒരു സ്വര്‍ഗ്ഗം ത്രിശങ്കുവിനുവേണ്ടി തന്റെ ദിവ്യമായ ശക്തിയാല്‍ വിശ്വാമിത്രന്‍ പെട്ടെന്ന് സൃഷ്ടിച്ചു. ത്രിശങ്കു സന്തോഷത്തോടെ ആ സ്വര്‍ഗ്ഗത്തില്‍ നിലകൊണ്ടു.
”ഹേ, ദേവാധിപനായ ഇന്ദ്രാ, എന്റെ തപോബലത്താല്‍ ഞാന്‍ സൃഷ്ടിച്ച സ്വര്‍ഗ്ഗത്തില്‍ മറ്റൊരു ഇന്ദ്രനെ ഇപ്പോള്‍ത്തന്നെ ഞാന്‍ സൃഷ്ടിക്കുന്നതാണ്. ഭവാനെപ്പോലെ ഒരു ദേവാധിപനെ ഇനി ആവശ്യമില്ല.” കേപത്തോടെ കൗശികന്‍ പറഞ്ഞു.
വിശ്വാമിത്രന്‍ ഇന്ദ്രാദിദേവന്മാരെയും സൃഷ്ടിക്കാന്‍ ഒരുമ്പെടുന്നു എന്നറിഞ്ഞ് ദേവകള്‍ ഭയവിഹ്വലരായി. അവര്‍ ഇന്ദ്രനെ സമീപിച്ച് ഉടന്‍ പരിഹാരം കാണണമെന്ന് അപേക്ഷിച്ചു. ഇന്ദ്രന്‍ അപ്പോള്‍ത്തന്നെ ദേവന്മാരൊടൊപ്പം വിശ്വാമിത്രന്റെ മുന്നിലെത്തി. ”മഹര്‍ഷേ, അങ്ങ് തപോബലത്താല്‍ സ്വര്‍ഗ്ഗത്തേയ്ക്കയച്ച രാജാവ് ഗുരുശാപ പരിക്ഷതനാണ്. സശരീരനായി സ്വര്‍ഗ്ഗത്തിലെത്താന്‍ അദ്ദേഹം അര്‍ഹനല്ല.” ദേവകള്‍ വിശ്വാമിത്രനോടു പറഞ്ഞു.
”ദേവന്മാരെ നിങ്ങള്‍ക്ക് മംഗളം. സശരീരനായി അദ്ദേഹത്തെ സ്വര്‍ഗത്തിലെത്തിക്കാം എന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തതാണ്. എന്റെ പ്രതിജ്ഞ ലംഘിക്കാന്‍ എനിക്ക് കഴിയില്ല.” വിശ്വാമിത്രന്‍ ദേവകളോടു പറഞ്ഞു.
”അല്ലയോ വിശ്വാമിത്രാ, അങ്ങ് സൃഷ്ടിച്ച സ്വര്‍ഗ്ഗം ശാശ്വതമായി നിലകൊള്ളും. അവിടെ ത്രിശങ്കുവിന് വാഴാവുന്നതാണ്. എന്നാല്‍ ഇന്ദ്രസൃഷ്ടി എന്ന അതിസാഹസത്തിന് അങ്ങ് തുനിയരുത്.” വിശ്വാമിത്രന്‍ ലക്ഷ്യത്തില്‍നിന്ന് പിന്‍തിരിയില്ലെന്നു മനസ്സിലാക്കി ദേവന്മാര്‍ പറഞ്ഞു. തന്റെ ആഗ്രഹം സാധിച്ചതില്‍ ത്രിശങ്കുവും സന്തുഷ്ടനായി.
”വിശ്വാമിത്രന്‍ സൃഷ്ടിച്ച സ്വര്‍ഗ്ഗത്തില്‍ ത്രിശങ്കുവിന് വാഴാവുന്നതാണ്.” ദേവന്മാരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി മനസ്സില്ലാമനസ്സോടെ ഇന്ദ്രനും അനുഗ്രഹിച്ചു.
തന്റെ ആഗ്രഹം സാധിച്ചതില്‍ ത്രിശങ്കു സന്തുഷ്ടനായി. താന്‍ സൃഷ്ടിച്ച സ്വര്‍ഗ്ഗത്തെ ദേവന്മാരെല്ലാം അംഗീകരിച്ചപ്പോള്‍ വാക്കുപാലിക്കാന്‍ കഴിഞ്ഞ ആശ്വാസത്തോടെ വിശ്വാമിത്രന്‍ യജ്ഞം അവസാനിപ്പിച്ച് തന്നെ സഹായിക്കാനെത്തിയ ഋഷിമാര്‍ക്കും വനവാസികള്‍ക്കും ആശിസ്സ് നേര്‍ന്നു. അവിടെനിന്നും അപ്പോള്‍ത്തന്നെ ശിഷ്യഗണങ്ങളോടൊപ്പം പുതിയ ജ്ഞാനാന്വേഷണങ്ങള്‍ക്കായി മറ്റൊരു ശല്യങ്ങളുമില്ലാത്ത സപ്ത ദീപുകളില്‍ ഒന്നായ പുഷ്‌കരത്തിലേയ്ക്ക് പുറപ്പെട്ടു.
*****
ആലോചനയില്‍നിന്ന് ഉണര്‍ന്നപ്പോള്‍ താന്‍ പണ്ടു നടത്തിയ സാഹസിക കൃത്യങ്ങള്‍ ഓര്‍ത്ത് വിശ്വാമിത്രന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിടര്‍ന്നു.
വാനരഗോത്രത്തിലെ ആചാര്യനായ സുശീലന്‍ രഹസ്യമായ ഒരു കൂടിക്കാഴ്ചയ്ക്ക് വിശ്വാമിത്രനെ കാണാന്‍ ആശ്രമത്തില്‍ എത്തിയത് വിശ്വാമിത്രന്‍ അറിഞ്ഞില്ല. അഗ്നിഹോത്രശാലയ്ക്ക് സമീപത്തുള്ള മരച്ചുവട്ടില്‍ കണ്ണുമടച്ച് ആലോചനയില്‍ മുഴുകിയിരിക്കുന്ന ആചാര്യനെ കണ്ടപ്പോള്‍, ഗുരുവിന്റെ ചിന്തയ്ക്ക് ഭംഗം വരുത്തേണ്ടെന്നു കരുതി, മനോഹരമായ ആശ്രമ പരിസരം വീക്ഷിച്ചുകൊണ്ട് സുശീലന്‍ വൃക്ഷച്ചുവട്ടില്‍ ഇരുന്നു.
വൃക്ഷച്ചുവട്ടിലിരിക്കുന്ന ഗോത്രാചാര്യനെ കണ്ട ശിഷ്യന്മാര്‍ അപ്പോള്‍ത്തന്നെ അതിഥിശാലയിലേയ്ക്കു ആചാര മര്യാദകളോടെ കൂട്ടിക്കൊണ്ടുപോയി ദാഹമകറ്റാന്‍ പാനീയവും പഴങ്ങളും നല്‍കിയശേഷം വിശ്രമിക്കാനുള്ള സൗകര്യവും ചെയ്തു കൊടുത്തു.
വസിഷ്ഠഗുരുവിന്റെ സന്ദേശം ലഭിച്ചതിനുശേഷം ആചാര്യന്‍ ചിന്താമഗ്നമായി ഇരിക്കുന്നത് എന്തുകൊണ്ടാവും എന്ന് ശിഷ്യന്മാര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞില്ല. ഗൗരവമായ വിഷയത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പ് അക്കാര്യം ശിഷ്യന്മാരുമായി ചിലപ്പോള്‍ ഗുരു പങ്കു വയ്ക്കാറുണ്ട്. ഏറെ സമയം കഴിഞ്ഞിട്ടും ഗുരു അതിഥിശാലയിലേയ്ക്ക് വരാതിരുന്നപ്പോള്‍ വാനരാചാര്യന്‍ വന്ന കാര്യം അറിയിക്കാന്‍തന്നെ ശിഷ്യന്‍ തീരുമാനിച്ചു.
”ഗുരോ, അങ്ങയെ കാണാന്‍ വാനരഗോത്രാചാര്യന്‍ എത്തിയിട്ടുണ്ട്.” ചിന്താഗ്രസ്തനായിരിക്കുന്ന വിശ്വാമിത്രന്റെ അടുത്തെത്തി ശിഷ്യന്‍ അറിയിച്ചു.
ത്രിശങ്കുവിനെക്കുറിച്ചുള്ള പഴയകാല ഓര്‍മ്മകളില്‍ നിന്ന് അപ്പോഴുംവിശ്വാമിത്രന്‍ മുക്തനായിരുന്നില്ല. പതുക്കെ കണ്ണുകള്‍ തുറന്ന് ആചാര്യന്‍ എവിടെ എന്ന മട്ടില്‍ ശിഷ്യനെ നോക്കി.
”ആചാര്യനെ അതിഥിഗേഹത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി സല്‍ക്കരിച്ച് ഇരുത്തിയിട്ടുണ്ട്.” ശിഷ്യന്‍ പറഞ്ഞു.
”ഉത്തമം. എത്രയും വേഗം ഞാന്‍ എത്തുന്നതാണെന്ന് അറിയിക്കുക”
വാനരഗോത്രങ്ങളില്‍ നടക്കുന്ന ഓരോ കാര്യങ്ങളും വിശ്വാമിത്രന്‍ അറിയുന്നുണ്ട്. വാനരഗോത്രത്തിലെ ശക്തനായ രാജാവ് ബാലി, രാക്ഷസന്മാരുമായി ചില കരാറുകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാകുന്നുവെന്ന് ശിഷ്യന്മാര്‍വഴി അറിഞ്ഞിരുന്നു. അനുജനായ സുഗ്രീവന്‍ അതിനോട് യോജിക്കാത്ത കാരണത്താല്‍ അനുജനെ ഒരു ശത്രുവിനെപ്പോലെയാണ് ബാലി കാണുന്നത്. വാനരാചാര്യന്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തന്നോടു ആലോചിക്കാനാവും വന്നിട്ടുള്ളതെന്ന് ഊഹിച്ചു.
ഗോത്രാചാര്യനെ കാണാന്‍ പോകുമ്പോള്‍ പ്രശ്‌ന പരിഹാരത്തിനുള്ള ഉപാധികളെക്കുറിച്ചാണ് വിശ്വാമിത്രന്‍ ചിന്തിച്ചത്.
വിശ്വാമിത്രന്‍ അതിഥിഗേഹത്തില്‍ കടന്നതും സുശീലന്‍ മുനിയുടെ പാദങ്ങളില്‍ നമസ്‌ക്കരിച്ചു.
”ആചാര്യ സുശീലന് സൗഖ്യംതന്നെയല്ലേ?” സുശീലനെ സ്‌നേഹപൂര്‍വ്വം പിടിച്ചെഴുന്നേല്‍പ്പിച്ച് ആശ്ലേഷിച്ചശേഷം പുഞ്ചിരിച്ചുകൊണ്ട് വിശ്വാമിത്രന്‍ ചോദിച്ചു.
”എന്തു സൗഖ്യം,ഗുരോ? ലക്ഷ്യത്തിലേയ്ക്കുള്ള പ്രയാണത്തിന് നിരന്തരം ഭംഗം സംഭവിക്കുമ്പോള്‍ സൗഖ്യം എങ്ങനെ സാധ്യമാകും.?” സുശീലന്‍ നിരാശയോടെ പറഞ്ഞു.
”ആചാര്യന്മാര്‍ ഒരിക്കലും നിരാശരാകാന്‍ പാടില്ല. ഒരു വഴി അടയുമ്പോള്‍ മറ്റൊരു വഴി കണ്ടെത്തണം.”
”ആചാര്യന്മാരുടെ വീര്യം കെടുത്താനാണ് ഇപ്പോള്‍ രാക്ഷസര്‍ ശ്രമിക്കുന്നത്. ചിന്താശീലരായ ആചാര്യന്മാരുടെ ശക്തി ക്ഷയിച്ചാല്‍ സര്‍വ്വ ഗോത്രങ്ങളിലെ ജനവിഭാഗത്തെയും തങ്ങളുടെ വരുതിയിലാക്കാന്‍ കഴിയുമെന്ന് അവര്‍ക്കറിയാം.” സുശീലന്‍ പറഞ്ഞു.
”വാനരഗോത്രാധിപനായ ബാലി, രാക്ഷസ ശക്തികളുമായി സൗഹൃദം പുലര്‍ത്താന്‍ ശ്രമിക്കുന്നു എന്നു നാം അറിഞ്ഞിരിക്കുന്നു.”
താന്‍ എന്താണ് വിശ്വാമിത്രനെ അറിയിക്കാന്‍ വന്നത് അതുതന്നെ അദ്ദേഹം പറഞ്ഞപ്പോള്‍ സുശീലന്‍ വിടര്‍ന്ന കണ്ണുകളോടെ മുനിയെ നോക്കി.
”അങ്ങയുടെ അനുവാദത്തോടെ അല്ലല്ലോ ബാലി പുതിയ കരുനീക്കം നടത്തുന്നത്?”വിശ്വാമിത്രന്‍ ചോദിച്ചു.
”അല്ല ഗുരോ. അക്കാര്യത്തില്‍ അനുജനായ സുഗ്രീവനും അതൃപ്തിയുണ്ട്. ഇത് അങ്ങയെ അറിയിക്കാനാണ് ഞാന്‍ എത്തിയത്.” സുശീലന്‍ വിനീത ഭാവത്തില്‍ പറഞ്ഞു.
ഗോത്രമുഖ്യന്മാരെയും രാക്ഷസര്‍ പലവിധത്തില്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. എങ്കിലും ഇതുവരെ അവര്‍ക്ക് അതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. ശക്തനായ ബാലിയെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ ആര്യാവര്‍ത്തത്തിലെ സര്‍വ്വ ഗോത്രങ്ങളെയും വരുതിയിലാക്കാന്‍ രാക്ഷസര്‍ക്ക് വേഗത്തില്‍ കഴിയും. അത് സംഭവിക്കാന്‍ പാടില്ല. ആ നീക്കത്തെ എന്തു വിലകൊടുത്തും ദുര്‍ബ്ബലപ്പെടുത്തേണ്ടതാണ്. പലവിധ ചിന്തകളാണ് അപ്പോള്‍ വിശ്വാമിത്രന്റെ മനസ്സിലൂടെ കടന്നുപോയത്.
ഗോത്രാധിപന്മാര്‍ ഒരുമിച്ചുനിന്നാല്‍ ഗോത്രങ്ങളെ ദ്രോഹിക്കുന്ന രാക്ഷസര്‍ക്കെതിരെ പോരാടാനുള്ള ശക്തി സാധ്യമാകുന്നതാണ്. എന്നാല്‍ അവര്‍ നിസ്സാരകാര്യങ്ങള്‍ക്കാണ് തമ്മില്‍ കലഹിച്ച് അകന്നു കഴിയുന്നത്. ഗോത്രാചാര്യന്മാരെ കൂട്ടിയോജിപ്പിക്കാനുള്ള ശ്രമം വിശ്വാമിത്രന്‍ പലതവണ നടത്തിയതാണ്. സുശീലന്‍ തന്നെ കാണാന്‍ വന്നത് തന്റെ ശ്രമം അല്പമെങ്കിലും വിജയിക്കുന്നതിന്റെ സൂചനയായിട്ടാണ് തോന്നിയത്. എന്നാല്‍ കേള്‍ക്കുന്ന വാര്‍ത്ത അശുഭകരമാണ്. ആര്യാവര്‍ത്തത്തെ ശക്തിപ്പെടുത്താന്‍ വാനരഗോത്രങ്ങളെ ഒരുമിച്ചുനിര്‍ത്തേണ്ടത് അനിവാര്യമാണ്.
”അമ്പിന് മൂര്‍ച്ചയില്ലെങ്കില്‍ അത് ആഴത്തിലേയ്ക്ക് പോകില്ല. സംസ്‌കാരത്തിന്റെ ആദിമദശയില്‍ത്തന്നെ ഗോത്രവാസികള്‍ ഇപ്പോഴും കഴിയുന്നത് എന്തുകൊണ്ടാണ്? അവരെ കരകയറ്റാന്‍ വിജ്ഞാനം നേടിയ ഗോത്രാചാര്യന്മാര്‍ എന്തു ശ്രമമാണ് ഇത്രകാലം നടത്തിയത്?” വിശ്വാമിത്രന്റെ വാക്കുകള്‍ കൂടുതല്‍ പരുഷമായിരുന്നു. അതിനെ നേരിടാനാവാതെ സുശീലന്‍ മുഖം താഴ്ത്തിയിരുന്നു.
”ക്ഷത്രിയ രാജാക്കന്മാര്‍ വ്യവസ്ഥാപിതമായ ഭരണക്രമം രൂപപ്പെടുത്തിയത് ആചാര്യന്മാരുടെ സഹായത്തോടെയാണ്. എന്നാല്‍ വ്യവസ്ഥാപിതമായ ഭരണം രൂപപ്പെടുത്താന്‍ ഗോത്രാധിപന്മാരെ എന്തുകൊണ്ട് വനദേശങ്ങളിലെ ആചാര്യന്മാര്‍ സജ്ജമാക്കുന്നില്ല.? കാനനത്തില്‍ ആശ്രമങ്ങള്‍ ഉണ്ടെങ്കിലും അവിടെയ്ക്ക് ഗോത്രങ്ങളിലെ ശിഷ്യന്മാരെ ആകര്‍ഷിക്കാന്‍ എന്തുകൊണ്ട് കഴിയുന്നില്ല?”
”സര്‍വ്വ വിഭാഗത്തിലുമുള്ളവരും ഇപ്പോള്‍ കാനനഭൂവിലേയ്ക്ക് കടന്നുവരുന്നുണ്ട്. അക്കൂട്ടത്തില്‍ ആര്യന്മാരുടെ ഉപജാതികളില്‍പ്പെട്ടവരുമുണ്ട്.” സുശീലന്‍ മുഖതാഴ്ത്തി വിനീതഭാവത്തില്‍ പറഞ്ഞു.
”ശബരരും നാഗന്മാരും കിരാതരും കൗളരും ഭീലരും നിഷാദരും യക്ഷരും വാനരന്മാരും കിന്നരും എന്നുവേണ്ട സര്‍വ്വരും അക്കൂട്ടത്തില്‍ ഉണ്ടെന്നറിയാം. എന്നാല്‍ ഇവരുടെയെല്ലാം ഇടയില്‍നിന്ന്, രക്തത്തിന്റെയും രൂപഭാവങ്ങളുടെയും വ്യത്യാസമില്ലാതെ രാക്ഷസ ജാതിക്ക് ശക്തിപ്രാപിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്?” വിശ്വാമിത്രന്‍ അല്പം പരുഷമായിട്ടാണ് ചോദിച്ചത്.
”അങ്ങ് പറഞ്ഞത് ശരിയാണ്. ഒരേ രക്തത്തില്‍ ഉള്ളവര്‍തന്നെ കൂട്ടത്തിലുള്ളവരെ ചൂഷണംചെയ്ത് ശക്തിപ്രാപിച്ച് രാക്ഷസവൃത്തിയില്‍ മുഴുകുന്നുണ്ട്. ലങ്കയില്‍നിന്നുള്ള രാക്ഷസരെക്കാള്‍ ഭയപ്പെടേണ്ടത് ഇവിടെനിന്നുതന്നെ ശക്തിപ്രാപിക്കുന്നവരെയാണ്.” സുശീലന്‍ ഇതുവരെ പറയാന്‍ മടിച്ച കാര്യമാണ് മുനിയുടെ മുന്നില്‍ വെളിപ്പെടുത്തിയത്. ”ലങ്കയില്‍നിന്നു വരുന്ന രാക്ഷസര്‍ വനപ്രദേശമാകെ അവരുടെ അധീനത്തിലാക്കുന്നത് നിങ്ങളുടെ ഇടയില്‍നിന്നുള്ളവരുടെ സഹായത്താലല്ലേ? മരങ്ങള്‍ മുറിക്കുന്നതിനും കൃഷിക്കായി ഭുമി പാകപ്പെടുത്തുന്നതിനും ധാതുക്കള്‍ ഖനനംചെയ്യുന്നതിനും നദികളില്‍നിന്ന് മത്സ്യം പിടിക്കുന്നതിനും നിങ്ങളുടെ ഗോത്രത്തിലുള്ളവരല്ലേ അവരെ സഹായിക്കുന്നത്? അവരുടെ വീട്ടുജോലികള്‍ ചെയ്യുന്നതിന് നിങ്ങളുടെ സ്ത്രീകളുടെ ശക്തിയും അവര്‍ ഉപയോഗിക്കുന്നുണ്ടല്ലോ. ഇത് മാത്രമാണോ? അവര്‍ക്ക് ഇഷ്ടാനുസരണം ഭോഗം നടത്താന്‍ സ്ത്രീകളെ കണ്ടെത്തുന്നതും എവിടെ നിന്നാണ്?” വിശ്വാമിത്രന്റെ വാക്കുകള്‍ കോപംകൊണ്ട് ഏറെ പരുഷമായിരുന്നു.
(തുടരും)