- വസിഷ്ഠസന്ദേശം (വിശ്വാമിത്രന്‍ 1)
- വസിഷ്ഠസല്‍ക്കാരം (വിശ്വാമിത്രന്‍ 2)
- കാമധേനു ( വിശ്വാമിത്രന്‍ 3)
- യജ്ഞം നടത്താനൊരുങ്ങി ത്രിശങ്കു (വിശ്വാമിത്രന്‍ 10)
- ബ്രഹ്മര്‍ഷി (വിശ്വാമിത്രന്‍ 4)
- വസിഷ്ഠചിന്ത (വിശ്വാമിത്രന്‍ 5)
- കന്യാകുബ്ജം (വിശ്വാമിത്രന്‍ 6)
നആത്മഹത്യ ജീവിതത്തില്‍നിന്നും ഒളിച്ചോടുന്ന ഭീരുക്കള്‍ക്കുള്ളതാണെന്നും അത് ഒന്നിനും പരിഹാരം നല്‍കുന്നില്ലെന്നും മനസ്സിലാക്കി ആശ്രമത്തിലേയ്ക്കു മടങ്ങിയ ത്രിശങ്കു ഒരു താപസനെപ്പോലെ ദിനചര്യകളില്‍ മുഴുകി. ചിന്താമഗ്നനായി ആശ്രമത്തില്‍ കഴിയുന്ന ത്രിശങ്കുവിനെ ഒരിക്കല്‍ നാരദമഹര്‍ഷി അവിചാരിതമായി കാണാന്‍ ഇടയായി. ജ്ഞാനദൃഷ്ടിയാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ മഹര്‍ഷിക്ക് ത്രിശങ്കുവിനോട് അലിവുതോന്നി.
”കുമാരാ, തെറ്റുചെയ്ത ഒരാള്‍ ആ തെറ്റില്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അയാള്‍ക്ക് പൂര്‍വ്വസ്ഥിതിയില്‍ ജീവിക്കാനുള്ള അവകാശമുണ്ട്. അതിനാല്‍ കൊട്ടാരത്തിലേയ്ക്കു മടങ്ങിപ്പോവുക,” നാരദന്‍ ഉപദേശിച്ചു.
മകനെക്കുറിച്ചുള്ള ചിന്തയാല്‍, യഥാവിധി രാജ്യം ഭരിക്കാന്‍ കഴിയാതെ, മന്ത്രിയെയും ആചാര്യനെയും രാജ്യം ഏല്‍പിച്ച് പിതാവ് കാനത്തില്‍ തപസ്സുചെയ്യാന്‍ പോയ കാര്യവും പ്രജകളുടെ നിര്‍ബ്ബന്ധത്താല്‍ മടങ്ങിവന്നതുമെല്ലാം മുനി പറയുമ്പോഴാണ് ത്രിശങ്കു അറിയുന്നത്. തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ പിതാവ് വരുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് മുനി കൊട്ടാരത്തിലേയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടത്.
”പിതാവിന്റെ അനുവാദമില്ലാതെ കൊട്ടാരത്തിലേയ്ക്കു പോകുന്നതു ശരിയാണോ മഹര്‍ഷേ? അത് പിതാവിനെ ധിക്കരിക്കുന്നതിന് തുല്യമല്ലേ?” ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം ത്രിശങ്കു പറഞ്ഞു.
”നീ പറഞ്ഞത് ശരിയാണ്. നിന്റെ പിതാവിനെ കണ്ട് നിന്നിലുണ്ടായ മാറ്റത്തെക്കുറിച്ചു ഉടന്‍തന്നെ ഞാന്‍ അറിയിക്കുന്നതാണ്. ഉചിതമായ പരിഹാരം താമസംവിനാ ഉണ്ടാവുന്നതാണ്.” മുനി അനുഗ്രഹിച്ചു.ത്രിശങ്കു പശ്ചാത്താപവിവശനായി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വൃത്താന്തവും, ഇപ്പോള്‍ വിവേകത്തോടെ ആശ്രമത്തില്‍ കഴിയുന്നതുമെല്ലാം നാരദമഹര്‍ഷി ത്രൈര്യാരുണ്യനെ അറിയിച്ചു.
മഹര്‍ഷി പറഞ്ഞതെല്ലാം ദുഃഖത്തോടെ രാജാവ് കേട്ടു. മകനിലുണ്ടായ മാറ്റം അദ്ദേഹത്തെ സന്തോഷിപ്പിച്ചു. മകനെ എത്രയും പെട്ടെന്ന് കൊട്ടാരത്തിലേയ്ക്കു കൂട്ടിക്കൊണ്ടുവന്ന് രാജ്യം ഏല്‍പ്പിക്കാന്‍ രാജാവ് തീരുമാനിച്ചു. അതിനായി അപ്പോള്‍ത്തന്നെ മന്ത്രിയെ ചുമതലപ്പെടുത്തി.
മന്ത്രിയോടൊപ്പം കൊട്ടാരത്തില്‍ എത്തിയ ത്രിശങ്കുവിനെ പ്രജകളും ബ്രാഹ്മണരുമെല്ലാം തെറ്റുകളെല്ലാം പൊറുത്ത് ഒരു പുതിയ ആളായി സ്‌നേഹാദരങ്ങളോടെ എതിരേറ്റു.
രാജാവായതോടെ പ്രജകളുടെ ക്ഷേമംമാത്രം ലക്ഷ്യമാക്കി ഉത്തരവാദിത്തത്തോടെയും സത്യസന്ധതയോടെയും ദേവന്മാര്‍ക്കുപോലും അസൂയ തോന്നുംവിധം ദീര്‍ഘകാലം ത്രിശങ്കു രാജ്യം ഭരിച്ചു. ഹരിശ്ചന്ദ്രനെപ്പോലെ ഉത്തമനായ ഒരു പുത്രനെ ലഭിച്ചതിലും ത്രിശങ്കു സന്തുഷ്ടനായിരുന്നു.
യാഗം നടത്തണം എന്ന തന്റെ പഴയ ആഗ്രഹം ത്രിശങ്കുവിന്റെ മനസ്സില്‍ വീണ്ടും തല ഉയര്‍ത്തി. അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. പണ്ട് യാഗം നടത്താന്‍ ആഗ്രഹിച്ച് ആരെയൊക്കെയാണോ സമീപിച്ചത് അവരൊക്കെ ത്രിശങ്കു യാഗം നടത്തുന്നു എന്നറിഞ്ഞ് ക്ഷണിക്കാതെതന്നെ യാഗവേദിയിലെത്തി. അതുവരെ ഒരു രാജാക്കന്മാര്‍ക്കും നടത്താന്‍ കഴിഞ്ഞിട്ടില്ലാത്തവിധം അതിഗംഭീരമായ യാഗം ത്രിശങ്കു നടത്തി.
തന്റെ കീര്‍ത്തി ത്രിലോകങ്ങളിലും വ്യാപിച്ചിരിക്കുന്നുവെന്ന് നാരദനില്‍നിന്നും ത്രിശങ്കു മനസ്സിലാക്കി. രാജ്യം പുത്രനെ ഏല്‍പിച്ചശേഷം ഉടലോടെ സ്വര്‍ഗ്ഗത്തേയ്ക്കു പോകണം എന്ന അമിതമോഹം ത്രിശങ്കുവിന്റെ മനസ്സില്‍ മുളപൊട്ടി. തന്റെ ആഗ്രഹം സഫലമാക്കാന്‍ വേണ്ടതെല്ലാം ചെയ്യാന്‍ ഒരുക്കമാണെന്ന് രാജഗുരുവിനെ അറിയിച്ചു. എന്നാല്‍ ഉടലോടെ സ്വര്‍ഗ്ഗത്തുപോകാനുള്ള ഒരു യാഗവും ശാസ്ത്രദൃഷ്ട്യാ കാണുന്നില്ലെന്ന് വസിഷ്ഠന്‍ പറഞ്ഞു.
ആഗ്രഹത്തില്‍നിന്ന് പിന്‍തിരിയാന്‍ ത്രിശങ്കു തയ്യാറായില്ല. നിരാശനാകാതെ ദീര്‍ഘ തപസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന വസിഷ്ഠപുത്രന്മാരുടെ അടുത്തെത്തി അവരെ വണങ്ങി, തന്റെ ഇംഗിതം അറിയിച്ചു.
”ശരണീകരണീയരായ ഭഗവന്മാരെ, ഞാന്‍ നിങ്ങളെ ശരണം പ്രാപിക്കുന്നു. മഹത്തായ ഒരു യജ്ഞം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രാജഗുരു തിരസ്‌കരിച്ച കാര്യം ഗുരുപുത്രന്മാരോടല്ലാതെ മറ്റാരോടാണ് അപേക്ഷിക്കേണ്ടത്. ഇക്ഷ്വാകുക്കള്‍ക്ക് പരമാശ്രയം പുരോഹിതനാണ്. അദ്ദേഹം കഴിഞ്ഞാല്‍ പിന്നെ നാഥന്മാരായിട്ടുള്ളത് അദ്ദേഹത്തിന്റെ പുത്രന്മാരായ നിങ്ങള്‍ മാത്രമാണ്. ഭവാന്മാര്‍ എന്റെ ഉദ്ദേശ്യശുദ്ധിക്കായി സശ്രദ്ധം, എന്നെ യജിപ്പിച്ച് സശരീരനായി ദേവലോകത്തില്‍ എത്താനുള്ള ആഗ്രഹം സഫലമാക്കണമെന്ന് താഴ്മയോടെ അപേക്ഷിക്കുന്നു.”
”ഞങ്ങളുടെ പിതാവ് നിരസിച്ച കാര്യം ഞങ്ങളുടെ അടുത്തുവന്നു പറയാന്‍ നിനക്ക് എങ്ങനെ ധൈര്യമുണ്ടായി? അല്ലയോ ദുര്‍ബുദ്ധേ, സത്യവാദിയായ ഗുരുവിനാല്‍ നീ തിരസ്‌കൃതനാണ്. ഗുരുവിന്റെ വാക്ക് എങ്ങനെ ലംഘിക്കാന്‍ കഴിയും? എന്നിട്ടും അതേ കാര്യത്തിനായി മറ്റൊരാളെ സമീപിക്കുന്നത് ഉചിതമാണോ? അല്ലയോ രാജന്‍, നീ ബാലിശനാണ്. കൊട്ടാരത്തിലേയ്ക്ക് തിരിച്ചു പോവുക. ത്രിലോകവും ആദരിക്കുന്ന മഹാമുനിയുടെ പുത്രന്മാര്‍ക്ക് അദ്ദേഹത്തെ അപമാനിക്കാന്‍ കഴിയില്ല.” കോപത്തോടെ ത്രിശങ്കുവിനെ പരിഹസിച്ചുകൊണ്ട് വസിഷ്ഠപുത്രന്മാര്‍ പറഞ്ഞു.
ആചാര്യന്‍ തിരസ്‌കരിച്ചകാര്യം മറ്റൊരാളോടു അപേക്ഷിക്കുന്നത് ശരിയല്ലെന്നു വസിഷ്ഠപുത്രന്മാര്‍ പറഞ്ഞപ്പോള്‍ ത്രിശങ്കു വീണ്ടും വസിഷ്ഠനെത്തന്നെ ശരണം പ്രാപിച്ചു. അപ്പോഴും വസിഷ്ഠന്‍ താന്‍ പറഞ്ഞതില്‍നിന്ന് വ്യതിചലിച്ചില്ല.
”ഗുരുവും ഗുരുപുത്രന്മാരും തിരസ്‌കരിച്ചാലും, ഉടലോട് സ്വര്‍ഗ്ഗത്തേയ്ക്കയക്കാന്‍ ശേഷിയുള്ള ആരെങ്കിലും ഈ ഭൂമുഖത്തുണ്ടെങ്കില്‍ അവരെ കണ്ടെത്തി, യാഗം നടത്തി ഞാന്‍ സ്വര്‍ഗ്ഗത്തുപോകും.” വസിഷ്ഠനോട് പണ്ടുമുതല്‍ ഉള്ളില്‍ ഉറഞ്ഞുകൂടിയ ദേഷ്യം പ്രകടിപ്പിച്ചുകൊണ്ട് ത്രിശങ്കു പറഞ്ഞു.
”ഗുരുവിനെ ധിക്കരിക്കുന്നത് നിന്റെ നാശത്തിനാണ്. നീ പഴയമട്ടില്‍ വീണ്ടും ധിക്കാരിയായിത്തീര്‍ന്നിരിക്കുന്നു. അതിനാല്‍ നീ വീണ്ടും ഒരു ചണ്ഡാലനായിത്തീരട്ടെ എന്ന് നിന്നെ ഞാനിതാ ശപിക്കുന്നു.” വസിഷ്ഠന്‍ കോപത്തോടെ പറഞ്ഞു.
ത്രിശങ്കു പ്രതീക്ഷിക്കാത്തതാണ് സംഭവിച്ചത്. ത്രിലോകങ്ങളും അംഗീകരിക്കുന്ന ഒരു രാജാവിനെ ശപിച്ച് ചണ്ഡാലനാക്കുമെന്ന് ഒരിക്കലും കരുതിയില്ല. വീണ്ടും തന്നെ ശപിച്ചതില്‍ ത്രിശങ്കു നിരാശനായി. പ്രജകളെല്ലാം ആദരിക്കുന്ന പുത്രനായ ഹരിശ്ചന്ദ്രനെ രാജാവായി അഭിഷേകം നടത്താനുള്ള സാവാകാശം പോലും ത്രിശങ്കുവിന് ലഭിച്ചില്ല.
ശാപത്താല്‍ വീണ്ടും ചണ്ഡാലനായതോടെ രാജ്യം ഉപേക്ഷിച്ച് അത്യധികമായ വ്യസനത്തോടെ ആരോടും പറയാതെ വനത്തിലേയ്ക്കു പോകേണ്ടിവന്നു. മുടി അറുത്ത്, നീലത്തുണി ഉടുത്ത്, നീല നിറമാണ്ട്, പട്ടടയിലെ ചാരവും മാലയും അണിഞ്ഞ്, ഇരുമ്പുകൊണ്ടുള്ള ആഭരണങ്ങള്‍ കഴുത്തിലും കൈകളിലും കാതിലും അണിഞ്ഞ് ചണ്ഡാലരൂപിയായി ത്രിശങ്കു അലഞ്ഞുതിരിഞ്ഞു. ആ രൂപത്തില്‍ ത്രിശങ്കുവിനെ ആരാണെന്ന് തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ത്രിശങ്കുവിനെ കണ്ട് ഭയത്താല്‍ ഓരോരുത്തരും ഓടി അകന്നു.
ആരും ആഗ്രഹിക്കാത്തത് ആഗ്രഹിച്ചതിന്റ ശിക്ഷയാണ് ലഭിച്ചതെന്ന് സ്വയം പഴിച്ച് കാട്ടില്‍ അലഞ്ഞ് ത്രിശങ്കു ജീവിതം തള്ളിനീക്കി. ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചെങ്കിലും ഭീരുക്കളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ദേവി മുമ്പ് പറഞ്ഞ വാക്കുകള്‍ മനസ്സില്‍ മുഴങ്ങി.
അസാധ്യമായത് ആഗ്രഹിച്ച് ദുര്‍ഗതി ഏറ്റുവാങ്ങേണ്ടിവന്നതില്‍ ത്രിശങ്കുവിനു തന്നോടുതന്നെ വെറുപ്പുതോന്നി. അത്യാഗ്രഹികളെ ഈശ്വരന്‍ പലവിധത്തിലും പരീക്ഷിക്കുമെന്ന് സ്വയം സമാധാനിച്ചു.
കുറെ കാലം കാട്ടില്‍ കഴിഞ്ഞപ്പോള്‍ കൊട്ടാരത്തില്‍ പോയാലോ എന്ന് ആലോചിച്ചു. എന്നാല്‍ മക്കളും ഭാര്യയും തിരിച്ചറിയുകയോ, സ്വീകരിക്കുകയോ ഇല്ലെന്ന് ചിന്തിച്ചപ്പോള്‍ കൊട്ടാരത്തിലേയ്ക്കു പോകാതെ ഏകാന്ത ധ്യാനത്തിലും പ്രാര്‍ത്ഥനയിലും മുഴുകി കാട്ടില്‍തന്നെ കഴിഞ്ഞുകൂടി.
വസിഷ്ഠശാപത്താല്‍ ചണ്ഡാലരൂപം ധരിച്ച് വനത്തിലേയ്ക്കുപോയ പിതാവിനെ കണ്ടെത്താന്‍ പുത്രനായ ഹരിശ്ചന്ദ്രന്‍ പലവിധ ശ്രമവും നടത്തി. താന്‍ സ്വയംതീര്‍ത്ത ആശ്രമത്തില്‍ ഒരു സന്ന്യാസിയായി കാട്ടില്‍ കഴിച്ചുകൂട്ടുന്ന ത്രിശങ്കുവിനെ ഒടുവില്‍ മന്ത്രി കണ്ടെത്തി. കൊട്ടാരത്തിലേയ്ക്ക് മടങ്ങാന്‍ ആവുംവിധം അപേക്ഷിച്ചെങ്കിലും ത്രിശങ്കു വഴങ്ങിയില്ല. തന്നെ കൊട്ടാരത്തിലേയ്ക്കു കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന മന്ത്രിയോട്, ഹരിശ്ചന്ദ്രനെ എത്രയും വേഗം രാജാവായി അഭിഷേകം നടത്താന്‍ ത്രിശങ്കു ഉപദേശിച്ചു.
പിതാവിനൊടൊപ്പമല്ലാതെ അയോദ്ധ്യയിലേയ്ക്കു ചെന്നാല്‍ ഹരിശ്ചന്ദ്രന്‍ തന്നെ അംഗീകരിക്കില്ലെന്ന് മന്ത്രിക്കറിയാം. അതിനാല്‍ മടങ്ങിപോകാന്‍ മന്ത്രി കൂട്ടാക്കിയില്ല. ഒടുവില്‍ നല്ല വാക്കുകള്‍ പറഞ്ഞ് മന്ത്രിയെ ത്രിശങ്കു തിരിച്ചയച്ചു. കൊട്ടാരത്തില്‍ തിരികെയെത്തിയ മന്ത്രി, ഹരിശ്ചന്ദ്രനോട് രാജാവായി രാജ്യത്തെ പരിപാലിക്കാന്‍ പിതാവ് ആവശ്യപ്പെട്ട കാര്യം വെളിപ്പെടുത്തി.
പിതാവിന്റെ അപേക്ഷ സ്വീകരിച്ചുകൊണ്ട് ഹരിശ്ചന്ദ്രന്‍ അയോദ്ധ്യയിലെ രാജാവായി. തന്റെ ആഗ്രഹപ്രകാരം ഹരിശ്ചന്ദ്രന്‍ രാജാവായതില്‍ ത്രിശങ്കു സന്തോഷിച്ചു. എന്നാല്‍ ശാപപീഡയാല്‍ ദേവീഭക്തനായി ത്രിശങ്കു അംബാവനത്തില്‍ത്തന്നെ കഴിഞ്ഞുകൂടി. ആ സന്ദര്‍ഭത്തിലാണ് തപസ്സിനുപോയ വിശ്വാമിത്രന്‍ ദേവന്മാരില്‍നിന്ന് എല്ലാ അനുഗ്രഹങ്ങളും തപശ്ശക്തിയും നേടി ഉല്‍ക്കടപ്രഭാവനായ രാജര്‍ഷിയായി മടങ്ങിയെത്തിയത്.
വിശ്വാമിത്രന്‍ തപസ്സിനായി പോയ സന്ദര്‍ഭത്തില്‍ ത്രിശങ്കു ചെയ്ത ഉപകാരത്തെക്കുറിച്ച് പത്‌നിയില്‍നിന്ന് അറിഞ്ഞതുമുതല്‍ ത്രിശങ്കുവിനോട് വിശ്വാമിത്രന് സ്‌നേഹവും ആദരവും ഉണ്ടായി. എന്നാല്‍ ത്രിശങ്കു ശാപത്തില്‍നിന്ന് കരകയറി രാജാവായതും മഹായാഗം നടത്തി ത്രിലോകങ്ങളിലും യശസ്സുയര്‍ത്തി രാജ്യം വാഴുന്ന കാര്യം വിശ്വാമിത്രനറിഞ്ഞു. തന്റെ കുടുംബത്തെ രക്ഷിക്കാന്‍ തയ്യാറായ സത്യവ്രതനു ചണ്ഡാലനാകേണ്ടി വന്നത് വസിഷ്ഠന്റെ ശാപത്താലാണെന്ന് കേട്ടപ്പോള്‍ വസിഷ്ഠനോടുള്ള പഴയ കോപം വിശ്വാമിത്രനില്‍ വീണ്ടും ഉണര്‍ന്നു. തന്റെ സഹായം ത്രിശങ്കുവിന് ആവശ്യമില്ലെന്ന് അറിയാമെങ്കിലും തന്റെ കുടുംബത്തെ സഹായിച്ച ത്രിശങ്കുവിനെ എന്നെങ്കിലും സഹായിക്കണമെന്നും വിശ്വാമിത്രന്‍ ആഗ്രഹിച്ചു.
ഉടലോടെ സ്വര്‍ഗ്ഗത്തു പോകണം എന്ന ആഗ്രഹം അറിയിച്ചതിന് ത്രിശങ്കുവിനെ വീണ്ടും വസിഷ്ഠന്‍ ശപിച്ചു ചണ്ഡാലനാക്കി എന്നറിഞ്ഞപ്പോള്‍ വസിഷ്ഠനോടുള്ള വിശ്വാമിത്രന്റെ കോപം ഇരട്ടിയായി. സങ്കടത്തോടെ കാട്ടില്‍ കഴിയുന്ന ത്രിശങ്കുവിനെ എങ്ങനെയെങ്കിലും കണ്ടെത്തി ചണ്ഡാളത്വം ഇല്ലാതാക്കണമെന്ന് വിശ്വാമിത്രന്‍ മനസ്സിലുറപ്പിച്ചു.
അംബാവനത്തില്‍ ചണ്ഡാലനായി നിരാശയോടെ ജീവിതം തള്ളിനീക്കുന്ന ത്രിശങ്കുവിനെ വിശ്വാമിത്രന്‍ കണ്ടെത്തി. വിശ്വാമിത്രനെ കണ്ടപ്പോള്‍ ത്രിശങ്കുവിന് അത്യധികം സന്തോഷമുണ്ടായി.
”മഹാനായ സത്യവ്രതാ, തപസ്സുകൊണ്ട് ഞാന്‍ നേടിയത് സത്യമാണെങ്കില്‍ അങ്ങയുടെ ആഗ്രഹത്തെ ഞാന്‍ സഫലമാക്കുന്നതാണ്.” വിശ്വാമിത്രന്‍ പറഞ്ഞു.
”വസിഷ്ഠശാപത്താല്‍ നീചനായിത്തീര്‍ന്ന എന്നെ മോചിപ്പിച്ച് എന്റെ ആഗ്രഹത്തെ സഫലമാക്കാന്‍ അങ്ങേയ്ക്കു കഴിയുമെങ്കില്‍ ഞാന്‍ ധന്യനായി.” ത്രിശങ്കു വിശ്വാമിത്രനെ നമിച്ചുകൊണ്ട് പറഞ്ഞു.
”ഒരാള്‍ നീച ജാതിയില്‍ വന്നുപെടുന്നത് അയാളുടെ നീചപ്രവൃത്തി മൂലമാണ്. നീ ദുഷ്പ്രവൃത്തിയില്‍നിന്ന് മുക്തിനേടി സത്‌വൃത്തി ചെയ്തവനാണ്. അതിനാല്‍ വസിഷ്ഠശാപത്തില്‍നിന്ന് നിന്നെ ഞാനിതാ മുക്തനാക്കുന്നു. നിന്നെ ആര്‍ക്കും ചണ്ഡാലനാക്കാന്‍ ഇനി കഴിയില്ല. നീ ഭയപ്പെടേണ്ടതില്ല. നിന്റെ ആഗ്രഹം ഞാന്‍ സഫലമാക്കുന്നതാണ്. പറയൂ എന്താണ് നിന്റെ ആഗ്രഹം?” വിശ്വാമിത്രന്‍ ഉറച്ച ശബ്ദത്തില്‍ സത്യവ്രതനോട് ചോദിച്ചു.
”പലവിധ യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതിന്റെ ഫലമൊന്നും എനിക്ക് ലഭിച്ചിട്ടില്ല. അനൃതം ആപത്ഘട്ടത്തിലും ഞാന്‍ പറഞ്ഞിട്ടില്ല. മേലില്‍ പറയുകയുമില്ല. ധര്‍മ്മാനുസൃതം യജ്ഞം ചെയ്യാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഉടലോടെ സ്വര്‍ഗ്ഗം പ്രാപിക്കണമെന്നാണ് എന്റെ ആഗ്രഹം. എന്നാല്‍ ഗുരുവും ഗുരുപുത്രന്മാരും എന്റെ ആഗ്രഹം അതിരു കടന്നതാണെന്ന് പറഞ്ഞ് തിരസ്‌കരിക്കുക മാത്രമല്ല എന്നെ ശപിക്കുകയുംചെയ്തു. അങ്ങേയ്ക്ക് എന്നെ സഹായിക്കാന്‍ കഴിയുമെങ്കില്‍ മറ്റാരേയും ഞാന്‍ ഇനി ശരണം പ്രാപിക്കുന്നതല്ല.” ത്രിശങ്കു തൊഴുകയ്യോടെ പറഞ്ഞു.
”വത്സാ ഇക്ഷ്വാകൂ, നീ ധാര്‍മ്മികനാണ്. ആഗ്രഹപൂര്‍ത്തിക്കായി യജ്ഞം നടത്താന്‍ നിന്നെ ഞാന്‍ സഹായിക്കുന്നതാണ്. യജ്ഞത്തിന്റെ വിജയത്തിനായി പുണ്യകര്‍മ്മാക്കളായ മഹര്‍ഷിമാരെ ഞാന്‍തന്നെ ക്ഷണിക്കുന്നതാണ്. നീ നിശ്ചിന്തനായി യാഗം നടത്തുക. നീ സശരീരനായി സ്വര്‍ഗ്ഗത്തിലെത്തും. എത്രയും വേഗം യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാം.” കൗശികന്‍ സന്തോഷത്തോടും ദൃഢവിശ്വാസത്തോടും കൂടി ത്രിശങ്കുവിനോടു പറഞ്ഞു.
വിശ്വാമിത്രന്റെ അനുഗ്രത്താല്‍ ത്രിശങ്കു ചണ്ഡാലവേഷം വെടിഞ്ഞ് സന്തോഷത്തോടെ കൊട്ടാരത്തിലെത്തി യജ്ഞം നടത്താനുള്ള ശ്രമം ആരംഭിച്ചു. ത്രിശങ്കുവിനുവേണ്ടി യജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ ചെയ്യനായി വിശ്വാമിത്രന്‍ തന്റെ പുത്രന്മാരെ നിയോഗിച്ചു. വസിഷ്ഠ പുത്രന്മാരേയും യാഗത്തിലേയ്ക്ക് ക്ഷണിക്കണമെന്ന് കൗശികന്‍ പുത്രന്മാരോടു പറഞ്ഞു.
പിതാവിന്റെ വാക്കുകള്‍ സ്വീകരിച്ച് യജ്ഞസന്നദ്ധരായ വിശ്വാമിത്രന്റെ പുത്രന്മാര്‍ നാടിന്റെ നാനാഭാഗത്തും സഞ്ചരിച്ച് വേഗത്തില്‍ യജ്ഞത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ഒടുവില്‍ അവര്‍ യജ്ഞത്തിനുള്ള സഹായം അഭ്യര്‍ത്ഥിച്ച് വസിഷ്ഠപുത്രന്മാരുടെ അടുത്തെത്തി ത്രിശങ്കു നടത്തുന്ന യജ്ഞത്തിലേയ്ക്ക് അവരെയും ക്ഷണിച്ചു.
”അല്ലയോ മുനിപുത്രന്മാരെ, ത്രിശങ്കുവിനുവേണ്ടി യജ്ഞം നടത്താന്‍ നിങ്ങള്‍, ആചാര്യപുത്രന്മാരെ ക്ഷണിക്കുന്നത് ഉചിതമല്ല. ത്രിശങ്കു ഇപ്പോള്‍ ക്ഷത്രിയനല്ലെന്നും ചണ്ഡാലനാണെന്നും നിങ്ങള്‍ക്ക് അറിവുള്ളതല്ലേ? ചണ്ഡാലന്‍ നടത്തുന്ന യാഗസ്ഥലത്തുവന്ന് സുരര്‍ഷികള്‍ക്ക് എങ്ങനെയാണ് ഹവിസ്സ് സ്വീകരിക്കാന്‍ കഴിയുക? ചണ്ഡാലഭോജനം കഴിക്കാന്‍ മഹാബ്രാഹ്മണര്‍ യജ്ഞവേദിയില്‍ എത്തില്ലെന്ന് അറിയില്ലേ? പിന്നെ എങ്ങനെ വിശ്വാമിത്രന്റെ രക്ഷയില്‍ ത്രിശങ്കുവിന് സ്വര്‍ഗ്ഗം പ്രാപിക്കാന്‍ കഴിയും.” വസിഷ്ഠപുത്രന്മാര്‍ ക്ഷണം സ്വീകരിക്കാന്‍ തയ്യാറാകാതെ പരുഷമായി പറഞ്ഞു.
വസിഷ്ഠപുത്രന്മാരുടെ നിഷ്ഠൂരമായ വാക്കുകള്‍ പിതാവിനെ അറിയിച്ചാല്‍ പിതാവ് എന്തെങ്കിലും അനര്‍ത്ഥം പ്രവര്‍ത്തിക്കുമെന്ന് അവര്‍ ഭയന്നു. എങ്കിലും വ്യസനത്തോടെ വസിഷ്ഠപുത്രന്മാര്‍ പറഞ്ഞ കാര്യങ്ങള്‍ പിതാവിനെ അവര്‍ ധരിപ്പിച്ചു. അത് കേട്ടതും വിശ്വാമിത്രന്‍ കോപംകൊണ്ടു ജ്വലിച്ചു. അപ്പോള്‍ത്തന്നെ വസിഷ്ഠപുത്രന്മാരുടെ അടുത്തേയ്ക്കു പുറപ്പെട്ടു.
”ഉഗ്രതപസ്സാചരിക്കുന്ന നിരപരാധിയായ എന്നെ ദുഷിക്കുന്ന ദുരാത്മാക്കളായ നിങ്ങള്‍ എന്റെ കോപാഗ്നിയില്‍ ദഹിച്ച് ഭസ്മമാകട്ടെ. നിങ്ങള്‍ എഴുന്നൂറു ജന്മം ശവഭോജികളായിത്തീരട്ടെ. പതിവായി പട്ടിയിറച്ചി തിന്ന് നിര്‍ദ്ദയരും വികൃതരും വിരൂപരുമായി മുഷ്ടികന്മാര്‍ എന്ന പേരില്‍ ലോകത്ത് അലഞ്ഞു തിരിയട്ടെ.” വിശ്വാമിത്രന്‍ വസിഷ്ഠപുത്രന്മാരെ ശപിച്ചു.
വിശ്വാമിത്രന്‍ ത്രിശങ്കുവിനുവേണ്ടി യാഗം നടത്താനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. യാഗം നടത്താന്‍ അനവധി സന്ന്യാസിശ്രേഷ്ഠന്മാരുടെ സഹായം ആവശ്യമായിരുന്നു. എന്നാല്‍ വസിഷ്ഠന്റെ പ്രേരണമൂലം പല മുനിമാരും വിശ്വാമിത്രനെ സഹായിക്കാന്‍ യാഗവേദിയില്‍ എത്താന്‍ മടിച്ചു. എങ്കിലും വിശ്വാമിത്രനോട് ആദരവുള്ള സന്ന്യാസിശ്രേഷ്ഠന്മാര്‍ യാഗത്തിനെത്തി.
(തുടരും)