പറഞ്ഞതനുസരിച്ച് എല്ലാ ദിവസവും സത്യവ്രതന്‍ മാന്‍, മുയല്‍, പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളെ അവര്‍ക്കായി എത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഒരു ദിവസം നായാട്ടിനുപോയപ്പോള്‍ ഒരു മൃഗത്തേയും കിട്ടിയില്ല. അങ്ങനെ അലഞ്ഞു നടക്കുമ്പോഴാണ് കാട്ടില്‍ മേയുന്ന ഒരു പശുവിനെ കണ്ടത്. മറ്റൊന്നും ആലോചിക്കാതെ അതിനെ അപ്പോള്‍ത്തന്നെ അമ്പെയ്തു കൊന്നു. തനിക്കുവേണ്ടി അല്പം മാംസം എടുത്തശേഷം ബാക്കി മാംസം മുനി പത്‌നിക്കും മക്കള്‍ക്കുമായി മരത്തില്‍ കെട്ടിത്തൂക്കിയിട്ടു. പശുമാംസമാണ് എന്നറിയാതെ പതിവുപോലെ മുനിപത്‌നി അത് പാകചെയ്ത് കുട്ടികള്‍ക്കു കൊടുത്തശേഷം അവരും ഭക്ഷിച്ചു.
താന്‍ വളര്‍ത്തുന്ന പശു ആശ്രമത്തില്‍ മടങ്ങിവരാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകാതെ രാത്രിയിലും വസിഷ്ഠന്‍ കാട്ടില്‍ മുഴുവന്‍ പശുവിനെത്തേടി നടന്നു. ഒടുവില്‍ സത്യവ്രതനാണ് നന്ദിനിയെ കൊന്നതെന്ന് വസിഷ്ഠന്‍ അറിഞ്ഞു. നീച പ്രവൃത്തി ചെയ്ത കാരണത്താല്‍ കുപിതനായ വസിഷ്ഠന്‍, സത്യവ്രതനെ ശപിച്ച് ചണ്ഡാലനാക്കി. ”സത്യവ്രതാ, ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയാണ് അയാളെ ബ്രാഹ്മണനോ ചണ്ഡാലനോ ആക്കുന്നത്. പരസ്ത്രീഹരണം, പിതൃകോപം എന്നീ രണ്ടുപാപങ്ങള്‍ നീ നേരത്തെ ഏറ്റുവാങ്ങിയവനാണ്. പശുമാംസം ഭക്ഷിച്ചതോടെ മൂന്നാമത്തെ പാപവുംകൂടി ചെയ്തിരിക്കുന്നു. മൂന്നു പാപങ്ങള്‍ ഏറ്റുവാങ്ങിയ നീ ഇനി മുതല്‍ ത്രിശങ്കു എന്ന പേരില്‍ അറിയപ്പെടട്ടെ.” വസിഷ്ഠന്‍ കോപിഷ്ഠനായി സത്യവ്രതനെ ശപിച്ചു.
വസിഷ്ഠശാപവും പിതാവിന്റെ ശാപവും പ്രവൃത്തിശാപവും എറ്റുവാങ്ങി ത്രിശങ്കുവായിത്തീര്‍ന്ന സത്യവ്രതന്‍ കാട്ടില്‍ അലഞ്ഞുനടന്നു. അപ്പോഴും തന്റെമേല്‍ പതിച്ച ശാപം ഇല്ലാതാക്കാനുള്ള ഉപായത്തെക്കുറിച്ച് അയാള്‍ ആലോചിച്ചിരുന്നു.
താന്‍ ചെയ്ത തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി ഒരു സന്ന്യാസിയെപ്പോലെ ജീവിക്കാന്‍ ത്രിശങ്കു തീരുമാനിച്ചു. ഗുരുവായി പരശുരാമനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് കാട്ടില്‍ ആശ്രമം ഉണ്ടാക്കി. ഒരു യാഗം നടത്തിയാല്‍ താന്‍ ചെയ്ത എല്ലാ പാപത്തിനുമുള്ള പ്രതിവിധിയും ഉണ്ടാകുമെന്ന് ചിന്തിച്ച് അതിനുള്ള ശ്രമം ആരംഭിച്ചു.
തനിക്ക് യാഗം നടത്താന്‍ ആഗ്രഹമുണ്ടെന്ന് അറിയിച്ചുകൊണ്ട് പല ഋഷിമാരെയും ബ്രാഹ്മണന്മാരെയും ത്രിശങ്കു സമീപിച്ചു. എന്നാല്‍ ഗുരുശാപവും പിതാവിന്റെ ശാപവും ഏറ്റുവാങ്ങിയ ദരിദ്രനായ ഒരാള്‍ എങ്ങനെയാണ് യാഗം നടത്തുക എന്ന് ചോദിച്ചുകൊണ്ട് അവരാരും ത്രിശങ്കുവിനുവേണ്ടി യാഗം നടത്താന്‍ തയ്യാറായില്ല. എല്ലാവരും ത്രിശങ്കുവിനെ പരിഹസിച്ചു. ഒടുവില്‍ മനംനൊന്ത് ആത്മഹത്യചെയ്യാന്‍ തീരുമാനിച്ച് അതിനായി ചിത ഒരുക്കി. അഗ്നികുണ്ഡത്തില്‍ ചാടി മരിക്കുന്നതിനുമുമ്പ് ദേവിയെ സ്മരിച്ചുകൊണ്ട് എല്ലാകുറ്റങ്ങളും ഏറ്റുപറഞ്ഞ് ധ്യാനനിരതനായശേഷം ത്രിശങ്കു ചിതയ്ക്ക് തീ കൊളുത്തി.
തലയില്‍ വിറകുമേറ്റി അതുവഴി വന്ന ഒരു സ്ത്രീ ത്രിശങ്കുവിനെ കണ്ടു. അവര്‍ വിറക് നിലത്തിട്ടശേഷം ത്രിശങ്കു ചെയ്യുന്നതെല്ലാം അകലെനിന്ന് വീക്ഷിച്ചു. അക്കാര്യം ത്രിശങ്കു അറിഞ്ഞില്ല. ചിത ആളിക്കത്താന്‍ തുടങ്ങിയപ്പോള്‍ അതിലേയ്ക്ക് ചാടാന്‍ പ്രാര്‍ത്ഥനയോടെ ത്രിശങ്കു പതുക്കെ മുന്നോട്ട് ചുവടുവച്ചു. കോമളനായ ആ യുവാവ് അഗ്നികുണ്ഡത്തില്‍ ചാടി മരിക്കുമെന്ന് മനസ്സിലാക്കിയ ആ സ്ത്രീ ഓടി ത്രിശങ്കുവിന്റെ അടുത്തേയ്ക്കുവന്ന് കയ്യില്‍ ശക്തമായി പിടിച്ച് പിന്നിലേയ്ക്ക് മാറ്റി. അപ്പോഴേയ്ക്കും രണ്ടാളും നിലത്തു വീണിരുന്നു.
”നീ എന്തിനാണ് എന്നെ കടന്നു പിടിച്ചത്?” ത്രിശങ്കു പരുഷമായി ചോദിച്ചു.
”നിങ്ങള്‍ എന്തിനാണ് ദേഹത്യാഗംചെയ്യാന്‍ ശ്രമിക്കുന്നത്?” തെല്ലും ക്ഷോഭമില്ലാതെ സ്ത്രീ ചോദിച്ചു. ”എന്റെ ഹിതം നടപ്പാക്കാന്‍ എനിക്ക് അവകാശമില്ലേ?” കോപത്തോടെ ത്രിശങ്കു ചോദിച്ചു.
”തീര്‍ച്ചയായും ഉണ്ട്. ഞാന്‍ അനുവാദമില്ലാതെ അങ്ങയെ സ്പര്‍ശിച്ചത് തെറ്റാണെന്നും അറിയാം. എന്റെ സ്പര്‍ശത്താല്‍ അങ്ങ് അശുദ്ധനായെങ്കില്‍ പുഴയില്‍പോയി കുളിച്ചുവന്ന് അഗ്നിയുടെ ജ്വാല ശമിക്കുന്നതിനുമുമ്പ് ഭവാന്‍ എടുത്ത തീരുമാനം നടപ്പാക്കിക്കൊള്ളു.” സ്ത്രീ ചിരിച്ചുകൊണ്ട് പറഞ്ഞു.
”നീ എന്നെ പരിഹസിക്കുകയാണോ..?”
”ഞാന്‍ അങ്ങയെ പരിഹസിച്ചു എന്നു തോന്നിയെങ്കില്‍ ക്ഷമിക്കണം. യുവാവായ അങ്ങ് ഈശ്വരന്‍ തന്ന ഈ സുന്ദരമായ ദേഹത്തെ നശിപ്പിക്കുന്നത് എന്തിനാണ്? അങ്ങ് ആരാണ്?” സമചിത്തതയോടെ അവര്‍ ചോദിച്ചു.
അവളുടെ ചോദ്യം കേട്ടപ്പോള്‍ ത്രിശങ്കു അപരിചിതയായ ആ സ്ത്രീയെ സൂക്ഷിച്ചു നോക്കി. ഏതോ വനവാസിയായിരിക്കുമെന്ന് മനസ്സിലുറച്ചു. എങ്കിലും മുഖത്തെ തേജസ്സ് ഒരു വനവാസിക്ക് ചേര്‍ന്നതല്ലെന്നു തോന്നി. കാനനത്തില്‍ ആശ്രമങ്ങള്‍ നടത്തി ജ്ഞാനാന്വേഷണം നടത്തുന്ന മഹായോഗികളും അവര്‍ക്ക് അനേകം ശിഷ്യന്മാരും ഉണ്ട്. അതില്‍ ഏതെങ്കിലും മഹായോഗിക്ക് കാനനവാസിയില്‍ ഉണ്ടായവളാകാം ഇവളെന്ന് ത്രിശങ്കു സംശയിച്ചു. അവളുടെ അംഗലാവണ്യത്തില്‍ ഒരു നിമിഷം അയാള്‍ അതിശയിച്ചു.
”എന്താണ് ഭവാന്‍ ഒന്നും പറയാതെ എന്നെത്തന്നെ നോക്കിനില്‍ക്കുന്നത്? ഞാന്‍ ചോദിച്ചതിന് മറുപടി പറഞ്ഞില്ല.”
ത്രിശങ്കു അവളേയും അഗ്നികുണ്ഡത്തേയും മാറിമാറി നോക്കി. അഗ്നികുണ്ഡത്തിന്റെ ജ്വാലയുടെ ശക്തി കുറഞ്ഞതുപോലെ ത്രിശങ്കുവിന്റെ സങ്കടവും കോപവും അപ്പോഴേയ്ക്കും കെട്ടടങ്ങിയിരുന്നു.
”ഭവതി ആരാണെന്ന് എനിക്ക് അറിയില്ല. പിന്നെ, എന്തിന് ഞാന്‍ ആരാണെന്ന് പറയണം?” തന്റെ തീരുമാനം നടപ്പാക്കാന്‍ കഴിയാത്ത ദുഃഖത്തോടെ നിലത്തിരുന്ന് തലയില്‍ കൈവച്ച് തന്നെത്തന്നെ ശപിച്ചുകൊണ്ട് ത്രിശങ്കു പറഞ്ഞു.
”അങ്ങയെ കണ്ടിട്ട് ഒരു രാജകുമാരന്റെ എല്ലാ ലക്ഷണങ്ങളുമുണ്ട്.” അവര്‍ സംശയഭാവത്തില്‍ പറഞ്ഞു.
”പിതാവിന്റെയും ഗുരുവിന്റെയും ബ്രാഹ്മണന്റെയും ശാപം എറ്റുവാങ്ങിയ ഒരു നിര്‍ഭാഗ്യാവാനാണ് ഞാന്‍. പേര് സത്യവ്രതന്‍ എന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍….”
”ഇപ്പോള്‍ അങ്ങയുടെ പേര് സത്യവ്രതന്‍ എന്നല്ലേ?”
”അല്ല. ഇപ്പോള്‍ ഞാന്‍ ത്രിശങ്കുവാണ്.” ത്രിശങ്കു പരുഷമായി പറഞ്ഞു.
”സല്‍ഗുണസമ്പന്നനായ ഈ രാജ്യത്തെ രാജാവായ ത്രൈര്യാരുണ്യന്റെ പുത്രന്റെ പേരും സത്യവ്രതന്‍ എന്നാണെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ അയാള്‍ക്ക് പിതാവിന്റെ ഒരു ഗുണവും കിട്ടിയിട്ടില്ലെന്നും ഗുരുവായി വസിഷ്ഠന്‍ ഉണ്ടായിട്ടും കുട്ടിക്കാലം മുതല്‍ താന്തോന്നിയായിട്ടാണ് അയാള്‍ വളര്‍ന്നതെന്നും കേട്ടിട്ടുണ്ട്.” സ്ത്രീ ത്രിശങ്കുവിന്റെ മുഖത്തു നോക്കാതെ പതുക്കെ പറഞ്ഞു.
”കുട്ടിക്കാലംമുതല്‍ ഒരാള്‍ താന്തോന്നിയായിട്ട് വളര്‍ന്നുവെങ്കില്‍ അതില്‍ പിതാവിനും മാതാവിനും ഗുരുക്കന്മാര്‍ക്കും പങ്കില്ലേ? അപ്പോള്‍ അവരും ശിക്ഷക്ക് അര്‍ഹരല്ലേ?”
”നിങ്ങളുടെ ചോദ്യം ശരിയാണ്. കുട്ടി വഴിതെറ്റിപ്പോകുന്നതില്‍ പിതാവിനും മാതാവിനും ഗുരുക്കന്മാര്‍ക്കും പങ്കുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് എന്തെങ്കിലും ആയിക്കോട്ടെ, എന്തിനാണ് അഗ്നിയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചതെന്നു പറയൂ.”
”ദുര്‍മ്മാര്‍ഗ്ഗികളുമായുള്ള ചങ്ങാത്തത്തിലൂടെ ഒരു കുട്ടി അനുസരണയില്ലാത്തവനും താന്തോന്നിയും ആകുന്നുവെങ്കില്‍ അതിന് ഉത്തരവാദി ആ കുട്ടി മാത്രമാണോ?”ത്രിശങ്കു വീണ്ടും ചോദിച്ചു.
”ദുര്‍മ്മാര്‍ഗ്ഗികള്‍ എന്നൊരു കൂട്ടര്‍ ഇല്ല. മാതാവിന്റെയും പിതാവിന്റെയും ഗുരുക്കന്മാരുടെയും അശ്രദ്ധകൊണ്ട് ചിലര്‍ വഴി തെറ്റാറുണ്ട്. എന്നാല്‍ മരണത്തെ സ്വയം വരിക്കുന്നത് അതിനു പരിഹാരമല്ല, പാപമാണ്.”
എന്താണ് പറയേണ്ടത് എന്നറിയാതെ, തനിക്കുവേണ്ടി താന്‍ തെളിയിച്ച ചിത കെട്ടടങ്ങുന്നതും നോക്കി കണ്ണുനിറച്ചുകൊണ്ട് ത്രിശങ്കു നിലത്തിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് അപ്പോള്‍ തോന്നി. ത്രിശങ്കു ആ സ്ത്രീയെ സൂക്ഷിച്ചു നോക്കി. ഒരു വനവാസിയായ സ്ത്രീക്ക് ഇത്രയും സൗന്ദര്യമോ? അതിശയത്തോടെ ത്രിശങ്കു അവളെ നോക്കി. അവരുടെ ദിവ്യമായ സൗന്ദര്യം അയാളെ വല്ലാതെ ആകര്‍ഷിച്ചു.
”തന്റെ കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കാതെ ജീവന്‍ സ്വമേധയാ വെടിയുന്നത് പാപമാണെന്ന് ഗുരുക്കന്മാര്‍ അങ്ങയെ പഠിപ്പിച്ചിട്ടില്ലേ? എന്നിട്ടും ഈ ദുഷ്‌ക്കര്‍മ്മം ചെയ്യാന്‍ ഒരുമ്പെട്ടത് ശരിയായില്ല.”അവള്‍ പറഞ്ഞു.
അതു കേട്ടപ്പോള്‍ തന്നെക്കുറിച്ച് അവളോടു പറഞ്ഞാലോ എന്നു ത്രിശങ്കുവിന് തോന്നി. ഒരു കേള്‍വിക്കാരിയെ കിട്ടിയപ്പോള്‍ ആരോടും പറയാതെ മനസ്സില്‍ വീര്‍പ്പുമുട്ടിയ ചിന്തകളും അനുഭവിച്ച കഷ്ടപ്പാടുകളും അയാള്‍ തുറന്നു പറഞ്ഞു.
ഹൃദയത്തില്‍ നിറഞ്ഞിരിക്കുന്ന വേദനാജനകമായ വാക്കുകള്‍, സമചിത്തതയോടെ കേള്‍ക്കാന്‍ ഒരാള്‍ സന്നദ്ധനായാല്‍ പറയുന്ന ആളിന് അത് ആശ്വാസമാണ്. എല്ലാ കാര്യങ്ങളും ആ സ്ത്രീയോടു പറഞ്ഞപ്പോള്‍ ത്രിശങ്കുവിന് വല്ലാത്ത ഒരു ആശ്വാസം അനുഭവപ്പെട്ടു.
തിരിച്ചറിവില്ലാത്ത പ്രായത്തില്‍ ദുഷ്‌കര്‍മ്മം ചെയ്തിട്ടുണ്ടെങ്കിലും ത്രിശങ്കുവില്‍ നന്മയുണ്ടെന്ന് തിരിച്ചറിഞ്ഞ്, ഭക്തനെ ആത്മഹത്യയില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ കാനനവാസിയുടെ രൂപത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടതാണെന്ന് ത്രിശങ്കുവിന് മനസ്സിലായില്ല.
”അല്ലയോ കുമാരാ, അങ്ങയുടെ പിതാവ് രാജ്യം പുത്രനെ ഏല്‍പിച്ച് തപസ്സിന് കാട്ടിലേയ്ക്കു പോകാന്‍ ആഗ്രഹിക്കുന്നുവെന്ന് കുമാരന്‍ അറിഞ്ഞാലും. ചെയ്തത് തെറ്റാണെന്ന് ബോധ്യപ്പെട്ട് അത് ഇനിമേല്‍ ആവര്‍ത്തിക്കില്ലെന്ന് തീരുമാനിച്ചപ്പോള്‍ത്തന്നെ കുമാരന്‍ ശാപങ്ങളില്‍നിന്ന് മുക്തനായിരിക്കുന്നു. കുമാരനെ കൂട്ടിക്കൊണ്ടുപോകാന്‍ ഉടന്‍തന്നെ രാജകൊട്ടാരത്തില്‍നിന്ന് മന്ത്രിയും പരിവാരങ്ങളും എത്തിച്ചേരും. അവര്‍ വരുന്നതുവരെ ആശ്രമത്തില്‍ കഴിയുക.”
ഇത്രയും പറഞ്ഞുകഴിഞ്ഞതും ആ സ്ത്രീ ത്രിശങ്കുവിന്റെ മുന്നില്‍നിന്ന് അപ്രത്യക്ഷയായി. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് താന്‍ മനസ്സില്‍ ഉപാസിക്കുന്ന ദേവിയാണെന്ന് ത്രിശങ്കുവിന് മനസ്സിലായി. ദേവി അന്തര്‍ദ്ധാനംചെയ്ത ദിക്കുനോക്കി ത്രിശങ്കു കൂപ്പുകൈകളുമായി നിന്നു.
(തുടരും)