മൂന്നാലു ദിവസങ്ങള്‍ മാര്‍ക്കോയ്ക്ക് കുരങ്ങാട്ടിയോടൊപ്പമുള്ള ജീവിതത്തേക്കാള്‍ എത്രയോ കടുത്തതായിരുന്നു. രാവിലെ മുതല്‍ രാത്രി വൈകുവോളം ക്യാമറകളുടെ മുമ്പില്‍ നില്‍ക്കണം. അവര്‍ പറയുന്നതൊന്നും മാര്‍ക്കോയ്ക്ക് മനസ്സിലായില്ല. ആദ്യമെല്ലാം കുരങ്ങാട്ടി മാത്രമേ അവനെ ഉപദ്രവിക്കാറുണ്ടായിരുന്നുള്ളു. ഇപ്പോള്‍ ആ പണി മറ്റു രണ്ടുപേരും ഏറ്റെടുത്തു. അവരുടെ അടി കുരങ്ങാട്ടിയുടെ അടിയേക്കാള്‍ കടുത്തതുമായിരുന്നു.
അവര്‍ പറയുന്നതനുസരിച്ച് തല കുത്തി നില്‍ക്കണം. തലകുത്തി മറിയണം. അതൊക്കെ അവനറിയാം.
പല തരത്തില്‍ കരയണം. അതും താരതമ്യേന എളുപ്പമായിരുന്നു. അല്ലെങ്കില്‍ അവരുടെ ചൂരലുകൊണ്ടുള്ള അടിയേല്‍ക്കുമ്പോള്‍ കരഞ്ഞു പോകും. അതില്‍ അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി പല തരത്തിലുള്ള കരച്ചിലാക്കി.
പക്ഷേ ചിരിക്കാന്‍ പറയുമ്പോഴാണ് ആകെ കുഴപ്പമാകുന്നത്. അവനു ചിരിക്കാനറിയാതെ നില്‍ക്കുമ്പോള്‍ ചൂരല്‍കൊണ്ടുള്ള അടി വീഴും.
”മാര്‍ക്കോയുടെ നാലഞ്ചു ചിരി കൂടി കിട്ടിയാല്‍ പണി തീര്‍ന്നു…”
കഷണ്ടിക്കാരന്‍ പറഞ്ഞു. ”കുരങ്ങാട്ടീ.. ചിലപ്പോള്‍ മാര്‍ക്കോയ്ക്ക് സിനിമയിലേക്ക് അവസരം കിട്ടിയേക്കും. ഒരു ചിരി. അതു കൂടി കിട്ടിയാല്‍ എല്ലാം റെഡിയായി. നിങ്ങള്‍ക്ക് പത്തു വര്‍ഷം തെണ്ടിക്കിട്ടണത് ഒരു സിനിമ കൊണ്ട് ഉണ്ടാക്കാം”.
കഷണ്ടിക്കാരനും താടിക്കാരനും ചേര്‍ന്ന് മാര്‍ക്കോയെക്കൊണ്ട് ചിരിപ്പിക്കാന്‍ പാടുപെട്ടു. ചിരിക്കേണ്ട. അവന്‍ മുഖത്ത് അല്പമൊരു സന്തോഷം വരുത്തുകയെങ്കിലും ചെയ്താല്‍ മതി. ഏറെ പണിപ്പെട്ടിട്ടും മാര്‍ക്കോയുടെ മുഖത്ത് നേരിയൊരു തെളിച്ചം പോലും ഉണ്ടായില്ല. കഷണ്ടിക്കാരന്‍ ദേഷ്യപ്പെട്ടു. വയറു നിറച്ചു കൊടുത്തിട്ടും അവന്‍ ചിരിക്കുന്നില്ലല്ലോ?
താടിക്കാരന്‍ പറഞ്ഞു. ”അവനു പുറം നിറച്ചാണു കൊടുക്കേണ്ടത്.”
ദേഷ്യം കയറിയ കഷണ്ടിക്കാരന്‍ മാര്‍ക്കോയെ ആഞ്ഞടിച്ചു.
”ചിരിക്കെടാ… കുരങ്ങാ…”
അടിയേറ്റ് മാര്‍ക്കോ വല്ലാതൊന്നു പുളഞ്ഞു. അതു തീരുന്നതിനു മുമ്പേ അടുത്ത അടിയും വീണു.
കുരങ്ങാട്ടിയും അടിയിലും മാര്‍ക്കോയുടെ പുളയലിലും ഞെട്ടിപ്പോയി. താന്‍ പോലും മാര്‍ക്കോയെ അങ്ങനെ അടിക്കാറുള്ളതല്ല. അയാള്‍ക്കും വേദനിച്ചു.
കഷണ്ടിക്കാരന്‍ താടിക്കാരനോട് പറഞ്ഞു. ”നോക്ക്… അടികൊണ്ടു പിടയുമ്പോള്‍ ചിലപ്പോള്‍ അവന്റെ മുഖത്ത് പടരുന്ന ഭാവം ഒരു ചിരിയാക്കി മാറ്റിയെടുക്കാമെന്നു തോന്നുന്നു. അത് കുറച്ചു കൂടി നീണ്ടു കിട്ടിയാല്‍ ഒന്നാംതരം ചിരിയാക്കി മാറ്റാം.”
”ഓ” താടിക്കാരന്‍ പറഞ്ഞു. ”ആ ചിരി കൂടി ശരിയാക്കിയാല്‍ എല്ലാം ഓക്കെ ആകും.” അയാള്‍ കുരങ്ങാട്ടിയുടെ നേരെ തിരിഞ്ഞു. ”എന്നാലിവന്‍ സ്റ്റാറാകും… സിനിമേല്.. സൂപ്പര്‍ സ്റ്റാറ്.”
അയാള്‍ വീണ്ടും ആഞ്ഞൊന്നടിച്ചു. ഇത്തവണ മാര്‍ക്കോ ഒന്നനങ്ങിയതു പോലുമില്ല. പക്ഷേ അവന്റെ കണ്ണില്‍ നിന്നും കണ്ണുനീരൊഴുകി.
”മാര്‍ക്കോ… നീ ചിരിക്ക്… അല്ലെങ്കില്‍ പുളയ്..”
”സാര്‍..” കുരങ്ങാട്ടി കഷണ്ടിക്കാരനെ വിളിച്ചു. അയാള്‍ കുരങ്ങാട്ടിയുടെ നേരെ തിരിഞ്ഞു. ഒരു നിമിഷം. മാര്‍ക്കോയ്ക്ക് അതു മതിയായിരുന്നു. അവന്‍ പെട്ടെന്ന് കഷണ്ടിക്കാരന്റെ കൈയില്‍ നിന്നും ചൂരല്‍ പിടിച്ചു വാങ്ങി. അയാളെ ആഞ്ഞു തല്ലി. അവരുടെ കൈയില്‍ മറ്റൊരായുധവും ഇല്ലാതിരുന്നതിനാല്‍ അവര്‍ക്ക് അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല.
അവര്‍ ഭിത്തിയോട് പറ്റിച്ചേര്‍ന്നു നിന്ന് അലറി വിളിച്ചു.
”മാര്‍ക്കോ…. അടിക്കരുത് മാര്‍ക്കോ…”
പക്ഷേ മാര്‍ക്കോ നാലുപാടും ചൂരല്‍ കൊണ്ട് ആഞ്ഞു വീശി. അലമാരയുടെ മുകളിലേക്ക് പാഞ്ഞു കയറി അതില്‍ നിന്നും മൂന്നുപേരുടേയും മേലേക്ക് ചാടി വീണ് അവരെ മാന്തിപ്പൊളിച്ചു.
”കുരങ്ങാട്ടീ…” കഷണ്ടിക്കാരന്‍ വിളിച്ചു. ”നീ അവനെ ഒന്നടക്ക്… അല്ലെങ്കില്‍ അവന്‍ ഞങ്ങളെ കൊന്നതു തന്നെ.”
അവര്‍ മൂന്നുപേരും അവനു നേരേ കൈകൂപ്പി. എന്നിട്ടും മാര്‍ക്കോ അടങ്ങിയില്ല.
ക്യാമറകള്‍ എടുത്ത് എറിഞ്ഞ് തകര്‍ത്തു. തകര്‍ത്തിട്ടും അവനു മതി വന്നില്ല. അതെടുത്ത് അവര്‍ക്കു നേരേ വാരിവലിച്ചെറിഞ്ഞു.
കഷണ്ടിക്കാരന്‍ വാതില്‍ തുറന്ന് പുറത്തേക്കോടി. മാര്‍ക്കോ പുറത്തേക്കു ചാടി മുറ്റത്തെ മരത്തിലേക്കു പാഞ്ഞു കയറി. അവിടെ നിന്നും മറ്റൊരു മരത്തിലേക്ക്…
കൈയില്‍ വലയുമായി കുരങ്ങാട്ടി ഓടി. പക്ഷേ അയാള്‍ക്ക് അവന്റെ ഒപ്പമെത്താന്‍ കഴിഞ്ഞില്ല. വഴിയരികിലെ മരങ്ങള്‍ അവസാനിച്ചപ്പോള്‍ കുറച്ചു നേരം അവന്‍ അതിന്റെ മുകളില്‍ ഇരുന്ന് കിതപ്പടക്കി.
അവന്‍ ദൂരേക്കു നോക്കി. കുരങ്ങാട്ടി ദൂരെ നിന്നും ഓടി വരുന്നത് മാര്‍ക്കോ കണ്ടു.
ഓടിപ്പാഞ്ഞെത്തിയ കുരങ്ങാട്ടി മരത്തിന്റെ ചുവട്ടില്‍ നിന്ന് മാര്‍ക്കോയെ കരഞ്ഞു വിളിച്ചു. ”ഇറങ്ങി വാടാ മോനേ..”
മാര്‍ക്കോ അനങ്ങിയില്ല. കുരങ്ങാട്ടി മെല്ലെ മരം കയറാന്‍ തുടങ്ങി.
മാര്‍ക്കോ താഴേക്കു പറന്നിറങ്ങുന്നത് കയറ്റത്തിനിടയില്‍ കുരങ്ങാട്ടി കണ്ടു. മാര്‍ക്കോയുടെ ആ പറക്കല്‍ അവസാനിച്ചത് കാട്ടിലെത്തിയ ശേഷമാണ്.
എപ്പോഴോ മരത്തില്‍ ഉറപ്പിച്ചു വെച്ചിരുന്ന ഒരു ക്യാമറ അവന്‍ കണ്ടു. അത് തകര്‍ത്ത് തരിപ്പണമാക്കി. പിന്നെ മരങ്ങളെല്ലാം തിരഞ്ഞു നടക്കാന്‍ തുടങ്ങി. കണ്ടതെല്ലാം അവന്‍ തകര്‍ത്തു.
അവനെ വല്ലാതെ വേദനിപ്പിച്ച ക്യാമറകളോട് മാര്‍ക്കോയ്ക്ക് വല്ലാത്ത പകയായിരുന്നു. അവന്‍ മരങ്ങളില്‍ ക്യാമറയും തിരഞ്ഞു നടന്നു.
(തുടരും)