- കാത്തിരിപ്പ്
- കൂട് (കാത്തിരിപ്പ് 2)
- അരക്കൊമ്പന്‍ (കാത്തിരിപ്പ് 3)
- മാര്‍ക്കോയ്ക്കു നേരെ കുരങ്ങിന്‍കൂട്ടം (കാത്തിരിപ്പ് 8)
- കഴുത്തിലെ കെട്ട് (കാത്തിരിപ്പ് 4)
- കുരങ്ങുകളി (കാത്തിരിപ്പ് 5)
- കഷണ്ടിക്കാരനും താടിക്കാരനും (കാത്തിരിപ്പ് 6)
മാര്‍ക്കോ മരമാകെ തിരഞ്ഞ് ഒരു ക്യാമറ വലിച്ചു പറിച്ചെടുത്തു. അത് തിരിച്ചു മറിച്ചും നോക്കി മരക്കൊമ്പില്‍ അടിച്ചടിച്ച് തല്ലിപ്പൊട്ടിച്ചു.
അത് പൊട്ടിയിട്ടും മതിയാകാതെ കടിച്ചും പറിച്ചും അത് കഷണം കഷണമാക്കി.
എല്ലാം ദൂരേക്കെറിഞ്ഞ് സമാധാനത്തോടെ മരത്തില്‍ ചാഞ്ഞിരുന്ന് അവന്‍ പറഞ്ഞു.
”കാക്കത്തൊള്ളായിരം.”
കുരങ്ങാട്ടിയില്‍ നിന്നും അവന്‍ പഠിച്ച അങ്ങനെയൊരു സംഖ്യ മാത്രമേ അവനറിയൂ.
മാര്‍ക്കോ ആ ഇരുപ്പില്‍ ഒന്നു
മയങ്ങാന്‍ തുടങ്ങിയതാണ്. അപ്പോഴേക്കും ചുറ്റു നിന്നും ബഹളം കേട്ടു. ചുറ്റുവട്ടത്തെ മരക്കൊമ്പുകള്‍ കുലുങ്ങി. ഒരു കുരങ്ങിന്‍ കൂട്ടം തനിക്കു നേരേ പാഞ്ഞു വരുന്നത് മാര്‍ക്കോ കണ്ടു. അവന്‍ മരക്കൊമ്പില്‍ എഴുന്നേറ്റ് നിന്ന് ഉറക്കെ പറഞ്ഞു.
”ഞാന്‍ നിങ്ങളുടെ ശത്രുവല്ല.
പണ്ടെങ്ങോ നിങ്ങളില്‍ നിന്ന് വേര്‍പെട്ടു പോയവന്‍. ഞാന്‍ നിങ്ങള്‍ക്കു ഒരു ഉപദ്രവവും ഉണ്ടാക്കില്ല. ദയവു ചെയ്ത് നിങ്ങള്‍ എന്നെ ഉപദ്രവിക്കരുത്.”
മരക്കൊമ്പില്‍ തൂങ്ങി അവനരികോളം വന്ന് ഒരു കുരങ്ങന്‍ പറഞ്ഞു.
”ഞങ്ങള്‍ക്ക് നീ ശത്രു തന്നെ. ബന്ധു അല്ല. പുറത്തു നിന്നു വരുന്നവരെല്ലാം ഞങ്ങളുടെ ശത്രുക്കളാണ്.”
അവന്‍ പുറകോട്ട് ആടുന്നതിനിടയില്‍ മറ്റുള്ളവരോടു പറഞ്ഞു.
”ഇവന്റെ ഗന്ധം കേട്ടാല്‍ അറിയാം… ഇവന്‍ കാട്ടില്‍ വളര്‍ന്നവനല്ല.
കാടിന്റെ മണം ഇവനൊട്ടുമില്ല.
മനുഷ്യന്റെ മണമാണിവന്.”
അതിനു മറുപടി പറയാന്‍ ഒരുങ്ങുകയായിരുന്നു മാര്‍ക്കോ.
പെട്ടെന്ന് അഞ്ചെട്ടു കുരങ്ങന്മാര്‍ അവനു നേരേ കുതിച്ചു ചാടി.
മാര്‍ക്കോ അതൊട്ടും പ്രതീക്ഷിച്ചതല്ല. കുരങ്ങന്മാരുടെ ഇടയില്‍ കൂടി മാര്‍ക്കോ മരത്തില്‍ നിന്നും താഴേക്കു ചാടി. ഒപ്പം കുരങ്ങന്മാരും. പൊടുന്നനെ അവരുടെ എണ്ണം
കൂടി. അവരെല്ലാം കൂടി മാര്‍ക്കോയെ വളഞ്ഞു. മാര്‍ക്കോ പെട്ടെന്നൊന്നു വട്ടം ചുറ്റി അരികില്‍ കിടന്ന ഒരു കമ്പെടുത്ത് തിടുക്കത്തില്‍ ചുവടുമാറ്റി മുന്നോട്ടും പിന്നോട്ടും തിരിഞ്ഞ് അടുത്തു വരുന്ന കുരങ്ങന്മാരുടെ നേരേ വീശി. അടുത്ത ചുവടില്‍ രണ്ടു തവണ വട്ടം കറങ്ങി. പിന്നെ ഝടുതിയിലൊരു ഇടംവലം തിരിയലും. വലമിടം തിരിയലും. മാര്‍ക്കോ വായുവിലേക്കു തെല്ലൊന്നുയര്‍ന്ന് കമ്പ് നാലുപാടും ആഞ്ഞു വീശി. കമ്പിന്റെ മുഴക്കത്തില്‍ അവനു ചുറ്റും കൂടിയ കുരങ്ങന്മാര്‍ ഭയന്ന് ഒഴിഞ്ഞു മാറി. നീണ്ടു നിവര്‍ന്നു നിന്ന് കമ്പ് അവര്‍ക്കു നേരേ വിറപ്പിച്ച് മാര്‍ക്കോ ചീറി.
”ഒറ്റയടിക്ക് എല്ലാത്തിന്റേയും പല്ലു കൊഴിച്ചു കളയും ഞാന്.. എല്ലാത്തിന്റേം കാലു തല്ലിയൊടിച്ച് ചതച്ചരച്ച് മരക്കൊമ്പില്‍ കെട്ടിത്തൂക്കും ഞാന്.. എല്ലാത്തിന്റേം കണ്ണു തുരന്നെടുത്ത് കാക്കയ്‌ക്കെറിഞ്ഞു കൊടുക്കും.. വാലുമുറിച്ച് മുറിവാല്‍ക്കുരങ്ങനാക്കും ഞാന്.. കരളുതുരന്നെടുത്ത് അരച്ചു കലക്കി..” അതിനിടയില്‍ രണ്ടു കൈയും കൊണ്ട് മീശ പിരിക്കും പോലെ ഒരാംഗ്യവും കാട്ടി.
ഒരൊറ്റ ശ്വാസത്തിലാണ് മാര്‍ക്കോ അത്രയും പറഞ്ഞു തീര്‍ത്തത്.
കുരങ്ങന്മാര്‍ അവനെ വിട്ടകലാന്‍ തുടങ്ങി. അന്ന് ആദ്യമായി മാര്‍ക്കോയ്ക്ക് അവന്റെ കുരങ്ങാട്ടിയോട് തെല്ല് സ്‌നേഹം തോന്നി. മാര്‍ക്കോ പറഞ്ഞ വാക്കുകളത്രയും കുരങ്ങാട്ടിയില്‍ നിന്നും ദിവസേന കേട്ടു കേട്ട് മനസ്സിലുറച്ചു പോയതാണ്. കമ്പുകൊണ്ടുള്ള ആ വട്ടം തിരിയലും ചാടി മറിയലും എല്ലാം അവനു പഠിപ്പിച്ചു കൊടുത്തത് മീശക്കാരന്‍ കുരങ്ങാട്ടിയായിരുന്നു. പതിവായി തെരുവില്‍ നടത്താറുള്ള ആ പ്രദര്‍ശനം കൊണ്ടാണ് ഇന്ന് മാര്‍ക്കോ കാട്ടിലെ കുരങ്ങുകളില്‍ നിന്നും രക്ഷപ്പെട്ടു നിന്നത്. വീണ്ടും കുരങ്ങുകള്‍ അവനോടടുത്തു വന്നപ്പോള്‍ അവന്‍ കൂടുതല്‍ കരുതലോടെ നിന്നു. വടി ഒന്നു കൂടി ഉയര്‍ത്തിപ്പിടിച്ചു.
മാര്‍ക്കോ വീണ്ടും ചീറി ”ഒരൊറ്റ അടി തലയുടെ മര്‍മ്മം നോക്കി.
തലച്ചോറു ചെതറും… അതെടുത്തു കാക്കയ്‌ക്കോ പൂച്ചയ്‌ക്കോ എറിഞ്ഞ് കൊടുക്കും..ഞാന്‍.”
കുരങ്ങിന്‍കൂട്ടം നിശ്ചലരായി.
അത് അടുത്ത ഒരാക്രമണത്തിനുള്ള തുടക്കമാണെന്ന് അറിഞ്ഞ് മാര്‍ക്കോ നാലു പുറവും ശ്രദ്ധിച്ചു നിന്നു.
അപ്പോള്‍ മാര്‍ക്കോയെ അമ്പരിപ്പിച്ചു കൊണ്ട് കുരങ്ങിന്‍ കൂട്ടത്തില്‍ നിന്നും ഏറ്റവും പ്രായം കൂടിയ കുരങ്ങന്‍ മുന്നോട്ടു വന്നു ചോദിച്ചു.
”കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി നീ ഇവിടെ കിടന്നു കറങ്ങുന്നതു ഞങ്ങള്‍ കാണുന്നു. ഓരോ മരത്തിലും നീ തിരയുന്നു. ചില മരപ്പൊത്തുകളില്‍ നിന്ന് എന്തോ വലിച്ച്
പുറത്തെടുക്കുന്നു. അതെല്ലാം തല്ലിപ്പൊട്ടിക്കുന്നു. എന്താണത്? അതുകൊണ്ടൊക്കെയാണ് നീ ഞങ്ങളുടെ ശത്രുവാണെന്നു ഞങ്ങള്‍ക്കു തോന്നിയത്. നീയെന്താണു ചെയ്യുന്നത്?”
മാര്‍ക്കോ പറഞ്ഞു. ”എനിക്ക് ക്യാമറകളോട് തീര്‍ത്താല്‍ തീരാത്ത പകയാണ്. വെറുപ്പാണ്. അത് എന്നെ അത്രയധികം വേദനിപ്പിച്ചിട്ടുണ്ട്.”
അതൊന്നും ഒരു വലിയ കാര്യമായി കുരങ്ങിന്‍ കൂട്ടത്തിനു തോന്നിയില്ല. എന്തു ക്യാമറ? ഏതു ക്യാമറ?
തലമൂത്ത കുരങ്ങന്‍ ചോദിച്ചു.
”അതിന് നീ ഇത്രയും കാലം
എവിടെയായിരുന്നു? ഇപ്പോള്‍
എവിടെ നിന്നാണു നീ വരുന്നത്?”
മാര്‍ക്കോ പറഞ്ഞു. ”ഓര്‍മ്മവെച്ച കാലം മുതല്‍ ഒരു കുരങ്ങാട്ടിയുടെ ഒപ്പമായിരുന്നു. അയാളുടെ ഒപ്പം നാടു ചുറ്റലായിരുന്നു പണി. ചെല്ലുന്നിടത്തെല്ലാം അയാള്‍ കൊട്ടുന്ന ചെണ്ടയ്‌ക്കൊപ്പം ചാടുകയും ആടുകയും വേണം. എന്തെങ്കിലും പിഴച്ചാല്‍
ചൂരല്‍ കൊണ്ടുള്ള അടി പുറത്തു വീഴും. ഞെളിപിരി കൊള്ളും. കാഴ്ചക്കാര്‍ അതു കണ്ട് കൈകൊട്ടിച്ചിരിക്കും. അതും അവര്‍ക്ക് ഒരു കുരങ്ങുകളിയായിരുന്നു.”
മാര്‍ക്കോ ചുറ്റും നോക്കി. ആരുടെ കണ്ണിലും ഒരു ദുഖവും നിഴലിക്കുന്നില്ല. പകരം കണ്ണില്‍ മറ്റൊരു ഭാവം തെളിയുന്നു. ആ ഭാവമാണ് പലപ്പോഴും കുരങ്ങാട്ടിയുടെ മുഖത്ത് തെളിയാറുണ്ടായിരുന്നതെന്ന് മാര്‍ക്കോ ഓര്‍ത്തു.
(തുടരും)