കോണ്‍ഗ്രസ് നേതാവ് രാഹുലിന്റെ വിദേശയാത്രകള്‍ പല കാരണങ്ങള്‍ കൊണ്ടും വിവാദമായിത്തീരാറുണ്ട്. അവിവാഹിതനായ യുവാവ് അടിക്കടി രാജ്യം വിട്ടുപോകുന്നത് മറ്റാരും അറിയാതെ ഉല്ലസിക്കാനാണെന്ന പരിഹാസവും ഉയര്‍ന്നിട്ടുള്ളതാണ്. രാഹുല്‍ പലപ്പോഴും വിദേശയാത്രകള്‍ക്ക് തിരഞ്ഞെടുക്കുന്ന രാജ്യങ്ങള്‍ ഈ പരിഹാസത്തെ ശരിവയ്ക്കുകയും ചെയ്യുന്നു എന്നത് ഒരു വാസ്തവമാണ്. എന്നാല്‍ ഒരു പൗരനെന്ന നിലയ്ക്ക് നിയമലംഘനങ്ങള്‍ ഒന്നുമില്ലാത്ത പക്ഷം ഇത് അവഗണിക്കാവുന്നതാണ്. വ്യക്തിപരമായ കാര്യമാണ്, സ്വകാര്യതയുടെ പ്രശ്‌നമുണ്ട് എന്നൊക്കെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയാറുള്ള ന്യായം അംഗീകരിച്ചു കൊടുക്കാം. വ്യക്തിസ്വാതന്ത്ര്യത്തിന് വളരെയധികം വിലകല്‍പ്പിക്കുന്ന ഒരു ഭരണഘടനയുള്ള രാജ്യമാണല്ലോ നമ്മുടേത്. എന്നാല്‍ രാഹുലിന്റെ വിദേശയാത്രകള്‍ വ്യത്യസ്തമാണ്. വളരെ അപകടകരവുമാണ്. ഭാരതവിരുദ്ധ ശക്തികളുടെ താല്‍പ്പര്യമനുസരിച്ച് സംഘടിപ്പിക്കുന്നതാണവ. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ താല്‍പര്യവും ഇതുമായി ഒത്തുപോകുന്നു എന്നിടത്താണ് അപകടം പതിയിരിക്കുന്നത്.
രാഹുലിന്റെ വിദേശയാത്രകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പോലും അറിയാറില്ല എന്നതാണ് വിവാദത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം. തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ ഫലം പുറത്തുവരുന്നതിനു മുന്‍പേ രാഹുല്‍ രാജ്യംവിട്ട സന്ദര്‍ഭങ്ങളുണ്ട്. തിരഞ്ഞെടുപ്പുകളില്‍ തോല്‍ക്കുമ്പോഴും ഒട്ടും വൈകാതെ വിദേശയാത്രകള്‍ നടത്തുക പതിവാണ്. ഇതൊരു രാഷ്ട്രീയ ഭീരുത്വമാണെന്നു മനസ്സിലാക്കാം. നേതാവ് രാജ്യത്ത് ഇല്ലാത്തതിനാല്‍ പാര്‍ട്ടി യുടെ തിരഞ്ഞെടുപ്പ് പ്രചാരണം മാറ്റിവയ്‌ക്കേണ്ട ഗതികേടും കോണ്‍ഗ്രസ്സിന് ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രതിസന്ധി നേരിടുന്ന അവസരങ്ങളിലും രാഹുല്‍ വിദേശരാജ്യങ്ങളിലേക്ക് പറക്കും. ഇത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാറില്ല. തിരഞ്ഞെടുപ്പുകളില്‍ തോറ്റാല്‍ ഉത്തരവാദി പാര്‍ട്ടി, ജയിച്ചാല്‍ അതിന്റെ ബഹുമതി രാഹുലിന്. ഇങ്ങനെയൊരു രീതിയാണ് രാഹുലിന്റെ കാര്യത്തില്‍ 2005 മുതല്‍ കാണുന്നത്. സോണിയയുടെ കാര്യത്തിലും ഇതായിരുന്നു സ്ഥിതി. രണ്ടുപേര്‍ക്കു മാത്രമായി ഇങ്ങനെയൊരു നയം കോണ്‍ഗ്രസ് സ്വീകരിച്ചതായാണ് തോന്നുന്നത്. ഇനിയത് പ്രിയങ്ക വാദ്രയ്ക്കും ബാധകമാവാന്‍ സാധ്യതയുണ്ട്.
ആരോരുമറിയാത്ത അജ്ഞാതവാസങ്ങള്‍
രാഹുലിന്റെ വിദേശയാത്രയുടെ രീതികളും, അതിനായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളുടെ പട്ടികയും പല സംശയങ്ങളും ഉയര്‍ത്തുകയുണ്ടായി. 2015-19 കാലയളവില്‍ 247 വിദേശയാത്രകളാണ് രാഹുല്‍ നടത്തിയത്. അതായത് അഞ്ചുമാസം ഈ നേതാവ് രാജ്യത്തില്ലായിരുന്നു എന്നര്‍ത്ഥം. ഒരു വര്‍ഷം ശരാശരി 62 യാത്രകള്‍. 2022-23 കാലയളവില്‍ രാഹുല്‍ ആറു വിദേശയാത്രകളിലായി 72 ദിവസമാണ് രാജ്യത്ത് ഇല്ലാതിരുന്നത്. 2019 ജൂണില്‍ ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടണ്ണലിന് തൊട്ടുമുന്‍പ് രാഹുല്‍ ‘അവധിയാഘോഷിക്കാന്‍’ ലണ്ടനിലേക്ക് പറന്നു. ഇതേ വര്‍ഷം ഒക്ടോബറില്‍ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് 15 ദിവസം മുന്‍പ് ബാങ്കോക്കിലേക്ക് പോയി. 2020 ല്‍ കോണ്‍ഗ്രസിന്റെ 136-ാം സ്ഥാപന ദിനത്തില്‍ രാഹുല്‍ ഇറ്റലിയിലായിരുന്നു. 2021 ദീപാവലിക്ക് തൊട്ടുമുന്‍പ് ലണ്ടനിലേക്ക് അപ്രത്യക്ഷനായ ഈ നേതാവ് നീണ്ട അവധിയിലാണെന്ന് പാര്‍ട്ടിയുടെ വിശദീകരണവും വന്നു.
2022 ല്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൊട്ടുമുന്‍പ് രാഹുല്‍ സ്വകാര്യ സന്ദര്‍ശനത്തിന് ഇറ്റലിയിലേക്കു പോയി. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക് പ്രചാരണം നീട്ടിവയ്‌ക്കേണ്ടി വന്നു. 2022 ഏപ്രിലില്‍ രാഹുല്‍ വീണ്ടും അപ്രത്യക്ഷനായി. പത്ത് ദിവസത്തിലേറെ നേതാവ് എവിടെയാണെന്ന് ആര്‍ക്കും കണ്ടുപിടിക്കാനായില്ല. 2023 ഒക്ടോബറില്‍ ഉസ്‌ബെക്കിസ്ഥാനില്‍ പോയതും ആരും അറിഞ്ഞില്ല. സന്ദര്‍ശനം കഴിഞ്ഞ് ദല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് ജനങ്ങള്‍ അങ്ങനെയൊരു വിദേശയാത്രയെക്കുറിച്ച് അറിഞ്ഞത്.
ഒരു സാധാരണ പൗരന്‍ എന്നതിലുപരി എസ്പിജി സുരക്ഷയുള്ള നേതാവായിരുന്നു രാഹുല്‍. രാജ്യത്തിനകത്തും പുറത്തുമുള്ള യാത്രാവിവരങ്ങള്‍ എസ്പിജിയെ അറിയിക്കണമെന്നുണ്ട്. മോദി സര്‍ക്കാര്‍ രാഹുലിന്റെ ജീവന്‍ അപകടപ്പെടുത്താന്‍ നോക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഇടക്കിടെ ആരോപിക്കാറുള്ളതാണ്. ഇതേ നേതാവ് രാജ്യത്ത് നടത്തിയ നിരവധി യാത്രകളെക്കുറിച്ച് എസ്പിജിയെ അറിയിച്ചിരുന്നില്ല എന്നതാണ് വിരോധാഭാസം. 247 വിദേശയാത്രകളും അറിയിച്ചില്ല. പലപ്പോഴും ഭാരതത്തില്‍ നിന്ന് വിമാനം കയറുമ്പോള്‍ രാഹുലിന് എസ്പിജി സുരക്ഷയുണ്ടാവും. മറ്റേതെങ്കിലും രാജ്യത്തെത്തുമ്പോള്‍ സുരക്ഷ ആവശ്യമില്ല എന്നുപറഞ്ഞ് ഒഴിവാക്കും. എസ്പിജി മാനദണ്ഡങ്ങള്‍ പാലിക്കാതെ രാഹുലിനു പുറമെ സോണിയയും മകള്‍ പ്രിയങ്കാ വാദ്രയും വിദേശയാത്രകള്‍ നടത്തിയിട്ടുള്ളതായി ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റിനെ അറിയിക്കുകയുണ്ടായി. 2015 മുതല്‍ 50 ലേറെ യാത്രകളാണ് സോണിയ എസ്പിജിയെ അറിയിക്കാതെ നടത്തിയത്. ഇതില്‍ 24 എണ്ണം വിദേശത്തേക്കുള്ളതായിരുന്നു. 1991 മുതല്‍ 99 വിദേശയാത്രകള്‍ നടത്തിയ പ്രിയങ്ക 28 എണ്ണത്തില്‍ സുരക്ഷ വേണ്ടെന്നുവച്ചു. സോണിയയും രാഹുലും പ്രിയങ്കയും എസ്പിജി സുരക്ഷയോടെ നടത്തിയ വിദേശ യാത്രകള്‍ വേറെയുമുണ്ട്. അപ്പോള്‍ രഹസ്യയാത്രകള്‍ക്ക് മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരിക്കും.
2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ചിരുന്നത് കോണ്‍ഗ്രസ്സാണല്ലോ. 2014 നു ശേഷം അധികാരം ഇല്ലാതിരുന്നിട്ടും രാഹുലും സോണിയയും നിരവധി അജ്ഞാത വിദേശയാത്രകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ 10 വര്‍ഷം നീണ്ട യുപിഎ ഭരണകാലത്ത് ഈ നേതാക്കള്‍ എവിടെയൊക്കെ പോയിട്ടുണ്ടാവും? ആരൊക്കെയുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടാവും? എന്തൊക്കെയാണ് ചെയ്തിട്ടുണ്ടാവുക? രാജ്യസുരക്ഷയെ വലിയ തോതില്‍ ബാധിച്ചിരിക്കാനിടയുള്ള ഈ യാത്രകളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കേണ്ടതുണ്ട്.
ഇറ്റാലിയന്‍ യാത്രയിലെ ഇടപെടലുകള്‍
രാഹുലിന്റെ വിദേശയാത്രകള്‍ സംശയത്തിന്റെ നിഴലിലാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. 2019 സപ്തംബറില്‍ ഇറ്റലി സന്ദര്‍ശിച്ച രാഹുല്‍ ആ രാജ്യത്തെ ഭാരതവിരുദ്ധനായ ഇടതുപക്ഷ രാഷ്ട്രീയക്കാരന്‍ ഫാബിയോ മാസിമോ കാസ്റ്റാള്‍ഡോയുമായി കൂടിക്കാഴ്ച നടത്തി. ഈ നേതാവും രാഹുലും ഒരുമിച്ചു നില്‍ക്കുന്നതിന്റെ ചിത്രം കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ എക്‌സില്‍ പങ്കുവെച്ചു. പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ യൂറോപ്പിലെ ഏജന്റ് എന്നറിയപ്പെടുന്ന പെര്‍വായിസ് ഇഖ്ബാല്‍ ലോസറുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആളാണ് കസ്റ്റാര്‍ഡോ. യൂറോപ്യന്‍ പാര്‍ലമെന്റില്‍ അംഗമായിരുന്നു കസ്റ്റാര്‍ഡോ. ഐഎസ്‌ഐ ഏജന്റുമായി അടുത്ത് ബന്ധമുള്ള ഇങ്ങനെയൊരു നേതാവുമായി രാഹുല്‍ ബന്ധം സ്ഥാപിച്ചത് ഒരു നിലയ്ക്കും അംഗീകരിക്കാന്‍ കഴിയില്ല.
കാശ്മീര്‍ പ്രശ്‌നത്തില്‍ ഭാരതവിരുദ്ധ പ്രചാരണം നടത്തുന്ന ഇഖ്ബാല്‍ ലോസര്‍ യൂറോപ്പില്‍ ഭാരതത്തിന്റെ താല്‍പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ആളുമാണ്. ഈ ഇറ്റാലിയന്‍ യാത്രയില്‍ പിയറി ലാറൊന്റുറോ എന്നയാളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി. യൂറോപ്യന്‍ പാര്‍ലമെന്റില്‍ മണിപ്പൂര്‍ പ്രശ്‌നം സംബന്ധിച്ച് ഭാരതത്തിനെതിരെ പ്രമേയം പാസ്സാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ പ്രധാനിയാണിയാള്‍. ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി മോദിയെ ലക്ഷ്യം വച്ചാണ് ഈ പ്രമേയം പാസ്സാക്കിയത്. യൂറോപ്യന്‍ പാര്‍ലമെന്റിലെ സോഷ്യലിസ്റ്റുകളുടെയും ഡെമോക്രാറ്റുകളുടെയും പുരോഗമനസഖ്യത്തെ പ്രതിനിധീകരിക്കുന്ന ലാറൊന്റുറോയാണ് ഭാരതവിരുദ്ധ പ്രമേയത്തിന് ‘ഇന്ത്യ- മണിപ്പൂരിലെ അവസ്ഥ’ എന്ന തലക്കെട്ട് നിര്‍ദ്ദേശിച്ചത്. യൂറോപ്യന്‍ പാര്‍ലമെന്റെംഗവും ഭാരതവിരുദ്ധ പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നയാളുമായ ആല്‍വിന അലമെസ്റ്റ എന്ന വനിതാ നേതാവുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.
ഐഎസ്‌ഐയുമായി ബന്ധം ആരോപിക്കപ്പെടുന്ന ‘ദ ലണ്ടന്‍ സ്റ്റോറി’ എന്ന സംഘടന 2023 ജനുവരിയില്‍ സംഘടിപ്പിച്ച ചര്‍ച്ചാ പരിപാടിയില്‍ പ്രഖ്യാപിത മോദി വിരുദ്ധന്‍ പ്രശാന്ത് ഭൂഷനും ഷാരൂഖ് ആലമിനുമൊപ്പം അലമെസ്റ്റയും പങ്കെടുക്കുകയുണ്ടായി. യൂറോപ്യന്‍ യൂണിയന്റെ പ്ലീനറി സെഷനില്‍ സംസാരിക്കുമ്പോള്‍, മണിപ്പൂരിലെ അവസ്ഥയെക്കുറിച്ച് അറിയാന്‍ അവിടേക്ക് നിരീക്ഷകരെ അനുവദിക്കണമെന്നും, പുറമെനിന്നുള്ള ഇടപെടലുകള്‍ ആവശ്യപ്പെടുന്ന തരത്തില്‍ ഭാരതത്തിലെ മനുഷ്യാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും വഷളായി ക്കൊണ്ടിരിക്കുകയാണെന്നും അലമെസ്റ്റ പ്രസ്താവിക്കുകയുണ്ടായി. യൂറോപ്യന്‍ യൂണിയനില്‍ ഭാരത വിരുദ്ധ പ്രചാരണം നടത്തുന്ന കോളമിസ്റ്റുമാണ് ഈ വനിത. ഭാരതത്തിലെ മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തങ്ങളെ യൂറോപ്യന്‍ യൂണിയന്‍ പിന്തുണയ്ക്കണമെന്ന് ‘ഇയു ഒബ്‌സര്‍വര്‍’ എന്ന പ്രസിദ്ധീകരണത്തില്‍ അവര്‍ എഴുതുകയും ചെയ്തു. ടീസ്റ്റ സെതല്‍വാദ്, സഞ്ജീവ് ഭട്ട് തുടങ്ങിയവവരുടെ ഭാരതവിരുദ്ധ നിലപാടുകളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുമാണ്. ഇത്തരക്കാര്‍ ഉള്‍പ്പെടുന്ന ഗ്ലോബല്‍ ലെഫ്റ്റുമായി ബന്ധം സ്ഥാപിക്കുകയും, സ്വന്തം രാജ്യത്തെ ‘തകര്‍ന്നുകൊണ്ടിരിക്കുന്ന ജനാധിപത്യം പുനഃസ്ഥാപിക്കാന്‍’ തന്നെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു രാഹുല്‍.
അമേരിക്കയിലെത്തിയും ഐഎസ്‌ഐ ബന്ധം
2023 ജൂണില്‍ അമേരിക്ക സന്ദര്‍ശിച്ച രാഹുല്‍ പങ്കെടുത്ത പരിപാടികളും ഭാരതവിരോധംകൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പത്ത് ദിവസത്തെ സന്ദര്‍ശനത്തില്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട സംഘടനകളും, ഭാരതത്തിലെ ജനാധിപത്യ സംവിധാനത്തിനു ഭീഷണിയായ ശക്തികളുമാണ് രാഹുലിനെ കൊണ്ടുനടന്നത്. പാക് ജമാ അത്തെ ഇസ്ലാമിയും, ഇസ്ലാമിക മതമൗലികവാദ സംഘടനയായ മുസ്ലിം ബ്രദര്‍ഹുഡുമായും ബന്ധമുള്ളവര്‍ ന്യൂയോര്‍ക്കിലെ ജാവിറ്റ്‌സ് സെന്ററില്‍ സംഘടിപ്പിച്ചതായിരുന്നു ഒരു പരിപാടി. ഭാരതത്തിനെതിരെ പ്രൊപ്പഗന്‍ഡ യുദ്ധം നടത്താന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഫണ്ടുചെയ്യുന്ന സംഘടനകളാണിത്. ഈ പരിപാടിയുടെ സംഘാടകര്‍ക്കും ഐഎസ്‌ഐയുമായും പാക് സൈന്യവുമായും ബന്ധമുണ്ടെന്ന് ഇന്‍ഫര്‍മേഷന്‍ വാര്‍ഫയറിനെക്കുറിച്ച് പഠിക്കുന്ന ‘ഡിസിന്‍ഫോ ലാബ്’ വെളിപ്പെടുത്തുകയുണ്ടായി. സംഘാടകരിലൊരാള്‍ മുസ്ലിം കമ്മിറ്റി ഓഫ് ന്യൂജെഴ്‌സി (എംസിഎന്‍ജെ) എന്ന കൂട്ടായ്മയിലെ തന്‍സിം അന്‍സാരിയായിരുന്നു. എംസിഎന്‍ജെക്ക് നേതൃത്വം നല്‍കുന്നത് പാക് വംശജനും ഇസ്ലാമിക് കൗണ്‍സില്‍ ഓഫ് നോര്‍ത്ത് അമേരിക്ക (ഐസിഎന്‍എ) എന്ന സംഘടനയുടെ നേതാവുമായ ഇമാം ജാവേദ് അഹമ്മദാണ്. കശ്മീരിനെ ഭാരതത്തില്‍നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന പാക് ഭീകരസംഘടനാ നേതാവ് സെയ്ദ് സലാഹുദ്ദീനെ പ്രശംസിക്കുന്ന സംഘടനയാണ് ഐസിഎന്‍എ. രാഹുല്‍ പങ്കെടുത്ത പരിപാടിയുടെ പ്രധാന സംഘാടകന്‍ മുസ്ലിം സെന്റര്‍ ഓഫ് ഗ്രേറ്റര്‍ പ്രിന്‍സെറ്റണ്‍ (എംസിജിപി) എന്ന സംഘടനയുടെ നേതാവ് മുഹമ്മദ് അസ്ലം ആണ്.
രാഹുല്‍ വേദി പങ്കിട്ട മറ്റൊരാള്‍ അമേരിക്കയില്‍ ഭാരതവിരുദ്ധ പ്രചാരണം നടത്തുന്ന ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി) നേതാവ് മിന്‍ഹാജ് ഖാനാണ്. മതസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പേരില്‍ ഭാരതത്തിനെതിരെ പ്രചാരവേല നടത്തി വര്‍ഗീയ കലാപത്തിനു ശ്രമിക്കുന്ന സംഘടനയാണ് ഐഎഎംസി. 2023 ഫെബ്രുവരിയില്‍ ഈ സംഘടന ‘അടിച്ചമര്‍ത്തല്‍ എന്ന ഭരണകൂട നയം’ എന്നൊരു റിപ്പോര്‍ട്ട് ഭാരതത്തിനെതിരെ പ്രസിദ്ധീകരിക്കുകയുണ്ടായി. ”ഭരണകൂട ശക്തികളും അല്ലാത്തവരും ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം നടത്തുന്നു” എന്നാണ് ഈ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്. ഭാരതത്തില്‍ മതസ്വാതന്ത്ര്യമില്ലെന്ന് വര്‍ഷങ്ങളായി കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം (യുഎസ്‌സിഐആര്‍എഫ്) എന്ന സംഘടനയുമായും ഐഎഎംസിക്ക് ബന്ധമുണ്ട്. യുഎസ്‌സിഐആര്‍എഫ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അമേരിക്കന്‍ സര്‍ക്കാര്‍ നരേന്ദ്രമോദിക്ക് വിസ നിഷേധിച്ചത്.
വാഷിംഗ്ടണ്‍ ഡിസിയിലെ നാഷണല്‍ പ്രസ്‌ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ഭാരതത്തില്‍ ചാരപ്രവര്‍ത്തന കേസില്‍ പ്രതിയായ വിവേക് രഘുവംശി എന്നയാളെ രാഹുല്‍ ന്യായീകരിക്കുകയുണ്ടായി. ഭാരതത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് ചോര്‍ത്തിയ രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തത് മാധ്യമ സ്വാതന്ത്ര്യം ദുര്‍ബലപ്പെടുന്നതിന്റെ തെളിവായാണ് രാഹുല്‍ ചിത്രീകരിച്ചത്. മുന്‍ നേവി കമാന്ററും സ്വതന്ത്ര പത്രപ്രവര്‍ത്തകനുമായ രഘുവംശി ഡിആര്‍ഡിഒയുടെ പദ്ധതി രഹസ്യങ്ങളാണ് ചോര്‍ത്തിയത്. ഇങ്ങനെയൊരാളെ ഒരു വിദേശരാജ്യത്തു ചെന്ന് രാഹുല്‍ ന്യായീകരിച്ചത് രാജ്യസ്‌നേഹമില്ലായ്മയല്ലാതെ മറ്റെന്താണ്! അധികാരം ലഭിച്ചാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെ ചെയ്യാന്‍ മടിക്കാത്ത ഒരു നേതാവിന്റെ കാര്യത്തില്‍ രാഷ്ട്രം വലിയ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
(തുടരും)