നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ കോണ്‍ഗ്രസ് കൂടുതല്‍ കൂടുതല്‍ ദേശവിരുദ്ധമാവുകയായിരുന്നു. അധികാരത്തുടര്‍ച്ച പ്രതീക്ഷിക്കുകയും, മകനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയാതിരിക്കുകയും ചെയ്തതോടെ ഒന്നാം മോദി സര്‍ക്കാരിന്റെ രൂപീകരണത്തെ സോണിയ വലിയ അമര്‍ഷത്തോടെയാണ് കണ്ടത്. അധികാരത്തിനു പുറത്തായ കോണ്‍ഗ്രസ് അന്നുമുതല്‍ വൈദേശിക ഇടപെടല്‍ ആവശ്യപ്പെട്ട് തുടങ്ങിയിരുന്നു. പാകിസ്ഥാനില്‍ പോയി മോദി സര്‍ക്കാരിനെ പുറത്താക്കണമെന്ന് മണി ശങ്കരയ്യര്‍ ആവശ്യപ്പെട്ടത് പലരും ഗൗരവത്തിലെടുത്തില്ല. വിടുവായത്തത്തിനു പേരുകേട്ട ഒരു നേതാവിന്റെ ജല്‍പ്പനം മാത്രമായിരുന്നില്ല അത്. ”അവരെ (ബിജെപി) മാറ്റി ഞങ്ങളെ (കോണ്‍ഗ്രസ്) അധികാരത്തില്‍ കൊണ്ടുവരൂ. ബന്ധങ്ങള്‍ മെച്ചപ്പെടാന്‍ മറ്റൊരു വഴിയുമില്ല. ഞങ്ങള്‍ അവരെ നീക്കും. പക്ഷേ അതുവരെ നിങ്ങള്‍ കാത്തിരിക്കേണ്ടി വരും” എന്നാണ് മണി ശങ്കരയ്യര്‍ പാകിസ്ഥാനില്‍ ചെന്ന് പറഞ്ഞത്.
സംഭവം വിവാദമായതോടെ കോണ്‍ ഗ്രസ് അകലം പാലിച്ചു. താന്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്ന് മണിശങ്കരയ്യര്‍ പാര്‍ട്ടിയോട് പറഞ്ഞുവെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. എന്നാല്‍ ഇതൊരു ഒത്തുകളിയുടെ ഭാഗമായിരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന മോദി താഴ്ന്ന ജാതിക്കാരനും സഭ്യതയില്ലാത്തവനുമാണെന്ന് മണിശങ്കരയ്യര്‍ പറഞ്ഞപ്പോഴും കോണ്‍ഗ്രസ് ഈ നേതാവിനെ തള്ളിപ്പറയാന്‍ തയ്യാറായില്ല. ”പാകിസ്ഥാനെ മാനിക്കൂ, അല്ലെങ്കില്‍ അവര്‍ നമുക്കെതിരെ അണുബോംബുകള്‍ പ്രയോഗിക്കു”മെന്ന് 2024ലെ ലോകസഭാ തിരഞ്ഞെടുപ്പിനിടെ മണി ശങ്കരയ്യര്‍ പറഞ്ഞതിനെയും കോണ്‍ഗ്രസ് ഗൗരവത്തിലെടുത്തില്ല. പാര്‍ട്ടിക്കുവേണ്ടി ഇങ്ങനെയൊക്കെ പറയാന്‍ നിയോഗിച്ചിട്ടുള്ളയാളാണ് മണിശങ്കരയ്യര്‍ എന്നതാണ് വാസ്തവം. ഇയാള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവായി തുടര്‍ന്നത് ഇതുകൊണ്ടാണ്.
മണി ശങ്കരയ്യര്‍ പറയുന്നതുതന്നെയാണ് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ രാഹുല്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഇതേ സന്ദേശംതന്നെയാണ് ഭാരതത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ക്കും രാഹുല്‍ നല്‍കിയത്. മണിശങ്കരയ്യര്‍ കാര്യങ്ങള്‍ തുറന്നുപറയുമ്പോള്‍ സാം പിത്രോദയെപ്പോലുള്ളവര്‍ ഇംഗ്ലീഷില്‍ എഴുതിക്കൊടുക്കുന്നതാണ് രാഹുല്‍ പറയുന്നതെന്ന വ്യത്യാസം മാത്രമേയുള്ളൂ. പറയുന്നതിന്റെ താല്‍പ്പര്യം ഒന്നുതന്നെ. ഭാരതത്തിലെ മോദി ഭരണകൂടത്തെ നീക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ സഹായിക്കണം എന്നു ചുരുക്കം.
ഇനിയുള്ള കാലം ബിജെപിയോടും നരേന്ദ്രമോദിയോടും മത്സരിച്ച് ജയിക്കാനാവില്ലെന്ന് തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് പരാജയങ്ങളില്‍ നിന്ന് കോണ്‍ഗ്രസിന് മനസ്സിലായിരിക്കുന്നു. അപ്പോള്‍ മോദിയെ അധികാരത്തില്‍നിന്നിറക്കാന്‍ വളഞ്ഞ വഴി സ്വീകരിക്കണം. ഇതിനുവേണ്ടി ചില മുഖ്യധാരാ മാധ്യമങ്ങള്‍, എന്‍ജിഒകള്‍, വിദേശ ഫണ്ട് കൈപ്പറ്റി രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ എന്നിവയുടെ സഹായം തേടുകയാണ് കോണ്‍ഗ്രസ് ചെയ്തത്. ചര്‍ച്ചകള്‍, സംഭാഷണങ്ങള്‍, പ്രതിഷേധം തുടങ്ങിയവയിലൂടെ ഒരൊറ്റ ആഖ്യാനമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചത്. ഏത് വിധേനയും മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് നീക്കം ചെയ്യണം എന്നതാണത്.
അദാനി-ഹിന്‍ഡന്‍ബര്‍ഗ് ആസൂത്രിത വിവാദം
നെഹ്‌റു കുടുംബത്തിന്റെ അധികാരക്കൊതികൊണ്ട് ജനവിധികളെ അപകീര്‍ത്തിപ്പെടുത്തുകയാണ് കോണ്‍ഗ്രസ്. ഭാരതത്തിലെ തിരഞ്ഞെടുപ്പുകള്‍ സ്വതന്ത്രവും നീതിപൂര്‍വവുമാണ്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും (2014, 2019) രാജ്യത്തിന്റെ ഭരണാധികാരിയായി ജനങ്ങള്‍ നരേന്ദ്ര മോദിയെ തിരഞ്ഞെടുക്കുകയായിരുന്നു. ഈ തിരഞ്ഞെടുപ്പു ഫലങ്ങള്‍ തെറ്റായിരുന്നു എന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിക്ക് 30 ശതമാനം വോട്ട് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നൊരു കണ്ടുപിടിത്തം ചില പാശ്ചാത്യ മാധ്യമങ്ങള്‍ കോണ്‍ഗ്രസിനു വേണ്ടി നടത്തുകയുണ്ടായി. അതേസമയം ഇക്കൂട്ടര്‍ തന്നെ മോദി സര്‍ക്കാരിന്റേത് ജനാധിപത്യമല്ല, മെജോറിറ്റേറിയനിസം ആണെന്ന് വാദിക്കുകയും ചെയ്തു. പരസ്പരവിരുദ്ധമായ വാദഗതികളാണിത്.
ഭാരതത്തിനെതിരായ ആഗോള മോദി വിരുദ്ധ സഖ്യത്തിലെ ഒരു പ്രബല കണ്ണിയാണ് ജോര്‍ജ് സോറസ് എന്ന സഹസ്രകോടീശ്വരന്‍. ഹംഗേറിയക്കാരനും അമേരിക്കന്‍ വ്യവസായിയും ഇടതുപക്ഷപാതിയുമാണ് ജോര്‍ജ് സോറസ്. ‘ജീവകാരുണ്യ പ്രവര്‍ത്തകനായ’ വേദനിക്കുന്ന കോടീശ്വരന്‍ എന്നു പറയാം. ഭാരതത്തിന്റെ ദേശീയമായ ഉയര്‍ത്തെഴുന്നേല്‍പ്പിനെയും, അതിനിടയാക്കിയ ബിജെപി ഭരണത്തെയും ഹിന്ദു മുന്നേറ്റത്തെയും കഠിനമായി വെറുക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന സോറസുമായി പല നിലകളില്‍ രഹസ്യമായും പരസ്യമായും കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്. 2023ന്റെ തുടക്കത്തില്‍ ജര്‍മ്മനിയിലെ മ്യൂണിച്ച് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സോറസ് നടത്തിയ ഒരു പ്രസംഗം ഈ അവിശുദ്ധ ബന്ധത്തെക്കുറിച്ച് കൃത്യമായ ധാരണ നല്‍കുന്നുണ്ട്. ഭാരതത്തിലെ പ്രധാന വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ് ഓഹരി മൂല്യം പെരുപ്പിച്ചുകാട്ടി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലാഭം ഉണ്ടാക്കിയെന്നും, ഈ പ്രശ്‌നം ഭാരത പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പോവുകയാണെന്നും, ഇത് ഭാരതത്തിലെ ജനാധിപത്യ പുനരുജ്ജീവനത്തിന് തുടക്കം കുറിക്കുമെന്നുമൊക്കെയാണ് ജോര്‍ജ് സോറസ് മ്യൂണിച്ചിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രസംഗിച്ചത്. അദാനി ഗ്രൂപ്പ് തങ്ങളുടെ ഓഹരികളില്‍ കൃത്രിമം കാണിച്ചുവെന്ന ആരോപണം ഉന്നയിച്ചത് അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് എന്ന ഏജന്‍സിയാണ്.
ജോര്‍ജ് സോറസിന്റെ പ്രസ്താവനയ്ക്കുശേഷം അദാനി- ഹിന്‍ഡന്‍ബര്‍ഗ് വിവാദം ഭാരതത്തില്‍ കത്തിപ്പടര്‍ന്നു. പ്രധാനമന്ത്രി മോദിയെ രാഷ്ട്രീയമായി ഉന്നംവച്ചുള്ളതായിരുന്നു ഇത്. കോണ്‍ഗ്രസ് തിടുക്കത്തില്‍ നയം വ്യക്തമാക്കി. കോണ്‍ഗ്രസ് സ്വന്തം നിലയ്ക്കാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നതെന്നും, സോറസുമായി ബന്ധമൊന്നുമില്ല എന്നുമാണ് പാര്‍ട്ടി വക്താവ് പറഞ്ഞത്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ പരിപാടിയില്‍ പ്രസംഗിച്ച രാഹുല്‍, സോറസിനെ പിന്തുണച്ചു. തന്നെയും മറ്റു എംപിമാരെയും മോദി സര്‍ക്കാര്‍ ജയിലില്‍ അടച്ചു എന്നാണ് രാഹുല്‍ അവിടെ കള്ളം പറഞ്ഞത്.
ഭാരത വിരുദ്ധ മനോഭാവം പുലര്‍ത്തുന്ന പാശ്ചാത്യ മാധ്യമങ്ങള്‍ക്കും എന്‍ജിഒകള്‍ക്കും ആവശ്യമുള്ളത് നല്‍കുകയായിരുന്നു കോണ്‍ഗ്രസ് നേതാവ്. ജോഡോ യാത്ര എന്ന പേരില്‍ ആഡംബര വാഹനത്തില്‍ യഥേഷ്ടം സഞ്ചരിക്കാനും, പൊതുസമ്മേളനങ്ങള്‍ നടത്താനും മാധ്യമങ്ങളോട് സംസാരിക്കാനും രാഹുലിന് ഒരുതരത്തിലുള്ള തടസ്സവും ഉണ്ടായിരുന്നില്ല. എന്നിട്ടും ഭാരതത്തില്‍ ജനാധിപത്യം തകരുകയാണെന്നും, ജുഡീഷ്യറിയും മാധ്യമങ്ങളും ആക്രമണ ഭീഷണി നേരിടുകയാണെന്നും പറഞ്ഞ് വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് രാഹുല്‍ ശ്രമിച്ചത്. ഒരു നേതാവിന്റെ കഥയില്ലായ്മ എന്നതിനപ്പുറം കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ പദ്ധതിയുടെ ഭാഗമാണിത്.
ഇംഗ്ലണ്ടിലെ ജേര്‍ണലിസ്റ്റ് അസോസിയേഷനില്‍ പ്രസംഗിച്ചപ്പോഴും സ്വന്തം രാജ്യത്തിന്റെ ജനാധിപത്യത്തെക്കുറിച്ച് ഭീതി പരത്താന്‍ രാഹുല്‍ ശ്രമിച്ചു. ഭാരതത്തിന്റെ ജനാധിപത്യഘടന ആക്രമിക്കപ്പെടുകയാണെന്നും, പ്രതിപക്ഷം ഇതിനെതിരെ പോരാടുകയാണെന്നുമൊക്കെ ഇവിടെയും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളും നിയമസംവിധാനങ്ങളും ജുഡീഷ്യറിയും പാര്‍ലമെന്റുമൊക്കെ ആക്രമണ ഭീഷണി നേരിടുകയാണ്. ഇതിനെതിരെ ജനങ്ങളുടെ ശബ്ദം കേള്‍പ്പിക്കാന്‍ ഞങ്ങള്‍ പാടുപെടുന്നു. ആധുനിക ഭാരതത്തില്‍ ഇതിനു മുന്‍പ് ഇങ്ങനെയൊന്ന് കണ്ടിട്ടില്ല എന്നാണ് രാഹുല്‍ ആരോപിച്ചത്.
ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത കെടുത്തുന്നു
യഥാര്‍ത്ഥത്തില്‍ എന്താണോ ഭാരതത്തില്‍ നടക്കുന്നത് അതിന് കടകവിരുദ്ധമായ ഒരു ചിത്രം അവതരിപ്പിക്കുകയാണ് കോണ്‍ഗ്രസും രാഹുലും ചെയ്തത്. മോദിക്കെതിരെ ഒന്നിച്ചിരിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാവാണ് താനെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമവും രാഹുല്‍ നടത്തി. ഭാരതത്തില്‍ ഏകാധിപത്യമാണെന്നും, തന്നെ വേട്ടയാടുകയാണെന്നും, വിപ്ലവകാരിയായ താന്‍ പീഡനങ്ങളേറ്റു വാങ്ങിക്കൊണ്ട് ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയാണെന്നുമുള്ള തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് രാഹുല്‍. അച്ഛനെയും മുത്തശ്ശനെയും പിതാമഹനെയും പോലെ പ്രധാനമന്ത്രിക്കസേര കയ്യടക്കാന്‍ ശ്രമിക്കുന്ന നെഹ്‌റുകുടുംബത്തിലെ പിന്മുറക്കാരന്‍ മാത്രമാണ് ഇയാളെന്ന് ഭാരതത്തിലെ ജനങ്ങള്‍ക്കല്ലേ അറിയൂ. വിദേശരാജ്യങ്ങളിലുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിന് ഇതൊരു തടസ്സമാകുന്നില്ല.
തിരഞ്ഞെടുപ്പില്‍ സ്വന്തം പാര്‍ട്ടിക്ക് 50 സീറ്റു പോലും നേടിക്കൊടുക്കാന്‍ കഴിയാത്തയാളാണ് രാഹുലെന്നും, ഇക്കാരണത്താല്‍ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതൃസ്ഥാനം പോലും കോണ്‍ഗ്രസ്സിന് ലഭിച്ചില്ലെന്നുമുള്ള വസ്തുത ബോധപൂര്‍വം മൂടിവച്ചുകൊണ്ടുള്ള പ്രചാരണമാണ് വിദേശരാജ്യങ്ങളില്‍ രാഹുല്‍ നടത്തിയത്. രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങളും ചില എന്‍ജിഒകളും അര്‍ബന്‍ നക്‌സലുകളും സോഷ്യല്‍ ആക്ടിവിസ്റ്റുകളും ‘ഏകാധിപതിയായ മോദിയെ’ വെല്ലുവിളിക്കാന്‍ ശേഷിയുള്ള ദുരന്തനായകനായി രാഹുലിനെ ചിത്രീകരിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരെ രാജ്യത്തിനകത്തും പുറത്തും കോണ്‍ഗ്രസ് നടത്തിയ പ്രചാരണത്തിന് പിന്നിലും ചില വിദേശ കരങ്ങളുണ്ട്. ബിജെപിയും നരേന്ദ്രമോദിയും തുടര്‍ച്ചയായി ജയിച്ചുകൊണ്ടിരിക്കുന്നതിനാല്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകളുടെ വിശ്വാസ്യത കെടുത്തുക എന്ന ദുഷ്ടലാക്കാണ് ഇതിന് പിന്നിലുള്ളത്. അതേസമയം ഏതെങ്കിലും തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കുറ്റമറ്റതാകും! ഈ ഇരട്ടത്താപ്പ് പ്രകടമാണെങ്കിലും സാമാന്യ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും, ദയനീയമായ പരാജയങ്ങള്‍ ഉണ്ടാക്കുന്ന നാണക്കേട് മറച്ചുപിടിക്കാനും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ക്കെതിരായ പ്രചാരണം കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നില്ല. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് പറയുന്നവര്‍ക്ക് അത് തെളിയിക്കുന്ന യാതൊന്നും ഹാജരാക്കാന്‍ കഴിഞ്ഞില്ല. തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയും പലതവണ തള്ളിക്കളഞ്ഞ ഒരു ആരോപണമാണിത്. എന്നിട്ടും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ കേന്ദ്രീകരിച്ച് വിവാദം ഉണ്ടാക്കുന്നതിനു പിന്നില്‍ വിപുലമായ അജണ്ടയുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ കൃത്രിമമാണെന്ന് വരുത്തുക, ജനാധിപത്യ പ്രക്രിയയുടെ വിശ്വാസ്യത നശിപ്പിക്കുക എന്നിവയാണത്.
2023 ല്‍ പത്ത് ദിവസത്തെ അമേരിക്കന്‍ യാത്ര നടത്തിയ രാഹുല്‍ ‘ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്’ എന്ന സംഘടനയുടെ സ്ഥാപകരില്‍ ഒരാളായ സുനിത വിശ്വനാഥനുമായി ചര്‍ച്ച നടത്തുന്ന ചിത്രം പുറത്തുവന്നത് വലിയ ചര്‍ച്ചയാവുകയുണ്ടായി. ഹിന്ദുക്കളുടെ പേരിലാണ് ഈ സംഘടനയെങ്കിലും ജിഹാദി സംഘടനകളുമായും ജോര്‍ജ് സോറസുമായും കൈകോര്‍ത്ത് ഹിന്ദുക്കള്‍ക്കെതിരെ അപവാദപ്രചാരണം നടത്തുകയെന്നതാണ് ഈ സംഘടനയുടെ കാര്യപരിപാടി. ദേശീയ പൗരത്വ രജിസ്റ്ററിന്റെ പേരില്‍ ഭാരതത്തിലെ മുസ്ലിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചയാളാണ് സുനിതാ വിശ്വനാഥന്‍. താന്‍ മോദി സര്‍ക്കാരിനെതിരാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളയാളാണ് ജോര്‍ജ് സോറസ്. താന്‍ ഇഷ്ടപ്പെടാത്ത രാജ്യങ്ങളിലെ സന്നദ്ധസംഘടനകളെ വിലയ്‌ക്കെടുത്ത് അധികാരമാറ്റത്തിന് ഒരു ബില്യണ്‍ ഡോളറിലേറെ രൂപ നീക്കിവച്ചിട്ടുള്ളയാളുമാണ്. ലോകമെമ്പാടുമുള്ള ഭാരതവിരുദ്ധ ശക്തികളുമായി കോണ്‍ഗ്രസ് കൈകോര്‍ക്കുന്നതിന്റെ ഭാഗമാണ് രാഹുലിന്റെ വിദേശസന്ദര്‍ശനവും സുനിതാ വിശ്വനാഥനെപ്പോലുള്ളവരുമായി ബന്ധം സ്ഥാപിക്കലും. ഭാരതത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരം പിടിക്കാന്‍ എല്ലാ വാതിലുകളിലും മുട്ടുകയായിരുന്നു രാഹുല്‍. ഇതിന് സോറസിനെപ്പോലുള്ള പ്രയോജകര്‍ സഹായിക്കുന്നു. വിദേശയാത്രകളില്‍ അവരുമായി സഹവസിക്കുന്നു.
അധികാരം നേടാന്‍ അപകടകരമായ കളികള്‍
ഭാരത വിരുദ്ധരായ വൈദേശിക ശക്തികളുമായി കോണ്‍ഗ്രസ് വര്‍ഷങ്ങളായി തുടരുന്ന ബന്ധം വ്യക്തമാണ്. ചൈനയുമായി രഹസ്യ കരാര്‍ ഒപ്പുവച്ചതും, മോദി വിരുദ്ധ അജണ്ട കൊണ്ടുനടക്കുന്ന ജിഹാദി ശക്തികളുമായി കൈകോര്‍ക്കുന്നതും ഇതില്‍പ്പെടുന്നു. 2021ല്‍ കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് മോദി സര്‍ക്കാരിനെ അട്ടിമറിക്കേണ്ടത് എങ്ങനെയെന്ന് കാണിച്ച് ഒരു ടൂള്‍ കിറ്റ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ് കുംഭമേള രോഗം പരത്തുകയാണ്, ആശുപത്രികളില്‍ കിടക്കകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്, കൊവിഡ് മൂലം മരിച്ചവരുടെ ശവശരീരങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുകയാണ് എന്നൊക്കെയുള്ള കുപ്രചാരണങ്ങള്‍ കോണ്‍ഗ്രസ് നടത്തിയത്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മോദി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്ന് വരുത്തുകയായിരുന്നു ലക്ഷ്യം. കുംഭമേള ‘സൂപ്പര്‍ സ്പ്രഡര്‍’ പരിപാടിയാണെന്ന പ്രചാരണം ഏറ്റെടുത്ത ട്വിറ്ററിനെ മോദി സര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിക്കുകയുണ്ടായി. ഇക്കാലത്താണ് ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സില്‍ പ്രസംഗിച്ച രാഹുല്‍ ഭാരതത്തില്‍ നടന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ അമേരിക്കന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടത്.
ആധുനിക ഭാരതത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അതിന്റെ തുടക്കം മുതല്‍ തന്നെ ജനക്ഷേമത്തിനും രാഷ്ട്രത്തിന്റെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കുറഞ്ഞ പ്രാധാന്യം മാത്രമാണ് നല്‍കിയിട്ടുള്ളതെന്ന് കാണാം. എങ്ങനെയും അധികാരത്തിലെത്തുക എന്നതിനാണ് ഈ പാര്‍ട്ടി പരമപ്രാധാന്യം കല്‍പ്പിച്ചിട്ടുള്ളത്. 1947ലെ രാഷ്ട്ര വിഭജനം പോലും അധികാരം നേടാനുള്ള കോണ്‍ഗ്രസിന്റെ തിടുക്കംകൊണ്ട് സംഭവിച്ചതാണല്ലോ. ദേശവിരുദ്ധമായ ഈ നയം ഉപേക്ഷിക്കാന്‍ തയ്യാറല്ലെന്ന് കാണിക്കുന്നതാണ് മോദി സര്‍ക്കാരിനെതിരെ വൈദേശിക ശക്തികളുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. ജാതിയുടെ പേരില്‍ മാത്രമല്ല സമ്പദ് വ്യവസ്ഥയുടെയും പ്രാദേശികവാദത്തിന്റെയും അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസ് പയറ്റുന്നത്. രാജ്യത്ത് എവിടെയെങ്കിലും ഒരു കുഴപ്പമുണ്ടെങ്കില്‍ അത് മുതലെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അധികാരം കയ്യില്‍ വരാന്‍ ഇങ്ങനെയൊക്കെ ചെയ്‌തേ തീരൂ എന്നൊരു നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. തന്റെ പ്രസംഗങ്ങളിലും വാഗ്ദാനങ്ങളിലുമൊക്കെ വൈദേശിക താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ള അപകടകരമായ കളികളാണ് രാഹുല്‍ നടത്തുന്നത്. വടക്ക്-തെക്ക് വിഭജനം, സര്‍ക്കാരിനും സൈന്യത്തിനും എതിരെ തെറ്റായ പ്രചാരണങ്ങള്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ദല്‍ഹിയിലെ കര്‍ഷക സമരവും ഹിന്ദി വിരുദ്ധ പ്രക്ഷോഭവും ജനങ്ങളില്‍ വിഭാഗീയത സൃഷ്ടിച്ച് അധികാരം നേടാനുള്ള വൈദേശിക ശക്തികളുടെയും കോണ്‍ഗ്രസിന്റെയും അജണ്ടയാണ്.
2014 ലും 2019 ലും അതിശക്തമായ ജനവിധിയാണ് മോദി സര്‍ക്കാരിന് ലഭിച്ചത്. കോണ്‍ഗ്രസിന്റെ ശിഥിലീകരണ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തായിരുന്നു ഇത്. എന്നിട്ടും അധികാരം നേടുന്നതിനുവേണ്ടി വൈദേശിക ശക്തികളുമായി ഒത്തുകളിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഒന്നിനു പുറകെ ഒന്നായി തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടിട്ടും കോണ്‍ഗ്രസും രാഹുലും പ്രകടിപ്പിക്കുന്ന ആവേശത്തിനുപിന്നില്‍ ഭാരതത്തിന്റെ ഉയര്‍ച്ച ഇഷ്ടപ്പെടാത്ത വൈദേശിക ശക്തികളുടെ താല്‍പ്പര്യമാണുള്ളത്.
(തുടരും)





















