പ്രശ്‌നങ്ങളുടെ വേലിയേറ്റത്തിലും പ്രതിസന്ധികളുടെ പ്രളയകാലത്തും മാറാട് കടലോര ജനതയ്ക്ക് മുമ്പില്‍ കരുത്തോടെ നിന്ന കാരണവര്‍ യാത്രയായി. ഇക്കഴിഞ്ഞ ജൂണ്‍ 27ന് അന്തരിച്ച കേലപ്പന്റകത്ത് ദാസന്‍ മാറാട് അരയ സമാജത്തിലെ മുതിര്‍ന്ന കാരണവരായിരുന്നു. ഹൈന്ദവ സംഘം എന്ന പേരില്‍ മാറാട് കടപ്പുറത്ത് ആരംഭിച്ച പ്രവര്‍ത്തനം മാധവ്ജിയുടെ നിര്‍ദ്ദേശപ്രകാരമാണ് മാറാട് അരയ സമാജമായി മാറുന്നത്. രണ്ടിന്റെയും അടിത്തറ കെട്ടിപ്പടുക്കുന്നതില്‍ ദാസന്‍ മുന്‍പന്തിയിലുണ്ടായിരുന്നു. ജനസംഘകാലം മുതല്‍ സംഘ വിവിധ ക്ഷേത്രങ്ങളുടെ വിവിധ ചുമതലകളില്‍ അദ്ദേഹം നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. മലപ്പുറം ജില്ലാ വിരുദ്ധ പോരാട്ടത്തില്‍ സമര പോരാളിയായ അദ്ദേഹം ജീവിതത്തിലുടനീളം ആ സമരതീക്ഷ്ണത നിലനിര്‍ത്തി. കടപ്പുറത്തെ ഹിന്ദു ഉന്മൂലനം ലക്ഷ്യം വെച്ച് മാറാട് കടലോരത്തേക്ക് ഇരച്ചുകയറിയ വര്‍ഗീയ ഭീകര ആക്രമണത്തെ ആത്മധൈര്യത്തോടെ നേരിടുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. പകച്ചു നില്‍ക്കുന്നിടത്ത് ആ കാരണവര്‍ വഴികാട്ടിയായി മുന്നില്‍ നടന്നു. രണ്ടു തവണ കേസിലുള്‍പ്പെട്ടപ്പോഴും അദ്ദേഹം പതറിയില്ല.
കള്ളക്കേസിലുള്‍പ്പെടുത്തിയാല്‍ തകര്‍ക്കാനാവുന്നതല്ല തന്റെ സമരജീവിതമെന്ന് അദ്ദേഹം തെളിയിച്ചു. നീതിന്യായ കോടതികള്‍ ദാസനെ കുറ്റവിമുക്തനാക്കി. 2003ല്‍ മാറാട് കൂട്ടക്കൊല നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മുസ്ലിം ഭീകര സംഘടനകളുടെ അജണ്ട അട്ടിമറിച്ചത് അരയ സമാജത്തിന്റെ പ്രസിഡന്റ് കെ. ദാസനും സെക്രട്ടറി ടി. സുരേഷും, ഹൈന്ദവ സംഘടനാ നേതൃത്വവും നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയായിരുന്നു. കൂടെപ്പിറപ്പുകള്‍ നഷ്ടപ്പെട്ടവരുടെ ദു:ഖത്തോടൊപ്പം ചേരുകയും അവര്‍ക്ക് അര്‍ഹമായ നീതി ഉറപ്പാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം മരണം വരെ കൂടെ നിന്നു. നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച് അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും മാര്‍ഗ്ഗം സ്വീകരിച്ച മതമൗലികവാദ ഭീകര സംഘടനകളെ നേരിടണമെന്നായിരുന്നു ദാസേട്ടന്‍ സ്വീകരിച്ച നിലപാട്. ഉറ്റവര്‍ നഷ്ടപ്പെട്ട തീരാവേദനയില്‍ എന്തിനും തയ്യാറായി നില്‍ക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കി കൂടെ നിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു. ജുഡീഷ്യല്‍ കമ്മീഷന്‍, വിചാരണക്കോടതി എന്നിവയില്‍ നടന്ന നീണ്ട നിയമ പോരാട്ടത്തില്‍ അഭിഭാഷകര്‍ക്കൊപ്പം ദാസേട്ടന്‍ വഹിച്ച പങ്ക് സുപ്രധാനമായിരുന്നു. കേസും വിവാദങ്ങളും കെട്ടടങ്ങി മാറാട് പൊതുസമൂഹത്തിന്റെ മറവിയില്‍ അമര്‍ന്നപ്പോഴും അവസാനിക്കാത്ത നിയമയുദ്ധത്തില്‍ നിഴലുപോലെ അദ്ദേഹം ഉണ്ടായി.
മാറാട് കൂട്ടക്കൊല ഒറ്റപ്പെട്ട സംഭവമാണെന്നും അത് പ്രാദേശിക പ്രതികാരമാണെന്നും സ്ഥാപിക്കാന്‍ ചിലര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതും മാറാട് കൂട്ടക്കൊല കേരളത്തെ ബാധിച്ച ഭീകരവാദ രോഗത്തിന്റെ പ്രകടമായ ലക്ഷണമാണെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ തുറന്നു കാണിക്കാന്‍ കഴിഞ്ഞതും ദാസേട്ടനെപ്പോലെയുള്ളവരുടെ നിരന്തര പരിശ്രമമായിരുന്നു. ബഹളങ്ങളൊന്നുമില്ലാതെ ശാന്തമായി എന്നാല്‍ സ്ഥിരതയോടെ പ്രവര്‍ത്തിച്ചു. പരിഭവങ്ങളും പരാതികളും പറഞ്ഞ് പ്രശ്‌നത്തെ പ്രതിസന്ധികളാക്കുന്ന പ്രവര്‍ത്തന രീതികളല്ല പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നവരുടെ പട്ടികയിലായിരുന്നു അദ്ദേഹം. മൂന്നു തലമുറകളോടൊപ്പം പ്രവര്‍ത്തിച്ച കടലോരത്തിന്റെ കരുത്താണ് മാറാട് കടപ്പുറത്തിന് നഷ്ടമായിരിക്കുന്നത്.