ജൂലായ് 20
പി. കേശവദേവ്
120-ാം ജന്മദിനം
വടക്കന്‍ പറവൂരിലെ കെടാമംഗലത്ത് 1904 ജൂലായ് 20ന് നല്ലേടത്തു തറവാട്ടില്‍ ജനിച്ച ‘ദേവ്’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും നാടകകൃത്തും ആയിരുന്നു പി. കേശവദേവ്. ആദ്യകാല തൊഴിലാളി പ്രസ്ഥാനത്തിന്റെ സംഘാടകനും പ്രക്ഷോഭകാരിയും സാമൂഹ്യവിപ്ലവകാരിയും പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സ്റ്റാലിനിസ്റ്റ് ഉന്മൂലന സിദ്ധാന്തത്തിന്റെ നിശിത വിമര്‍ശകനും ആയ പി. കേശവദേവിന്റെ 120-ാം ജന്മവാര്‍ഷികം ജൂലായ് 20 നാണ്. കേരളീയ സമൂഹത്തില്‍ ചിന്താവിപ്ലവത്തിന്റെ കനല്‍ക്കട്ടകള്‍ വാരി വിതറിയ ആ മഹാനായ സാമൂഹ്യവിപ്ലവകാരിയുടെ ഓര്‍മ്മകള്‍ പങ്കുവക്കുന്നത് വളരെ ഉചിതമായിരിക്കും.
തന്റെ വീട്ടില്‍ നടമാടിയിരുന്ന, തനിക്ക് അനുഭവിക്കേണ്ടിവന്ന കുടുംബ കാരണവരുടെ തന്നിഷ്ടപ്രകാരമുള്ള സര്‍വാധിപത്യത്തിനെതിരെ ബാല്യകാലത്ത് തന്നെ ആരംഭിച്ച പോരാട്ടം പിന്നീട് സമൂഹത്തിലെ തിന്മകള്‍ക്ക് എതിരായി തുടര്‍ന്ന മഹാനായ മനുഷ്യസ്‌നേഹിയായിരുന്നു കേശവദേവ്. ചെറുപ്പത്തില്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങിയ അദ്ദേഹം ഹിന്ദുമതത്തിലെ ജാതിചിന്തകള്‍ക്ക് എതിരായി പോരാടാന്‍ തയ്യാറായി. ആര്യസമാജ നേതാവും ചിന്തകനും ആയിരുന്ന പണ്ഡിറ്റ് ഖുശിറാമിന്റെ ചിന്തകളില്‍ ആകൃഷ്ടനായി ആര്യസമാജത്തില്‍ അംഗമായി. 1921-ല്‍ നടന്ന കുപ്രസിദ്ധവും പൈശാചികവുമായ മാപ്പിള ലഹള എന്ന ഹിന്ദു വംശഹത്യയിലും മതപരിവര്‍ത്തനങ്ങളിലും ക്ഷേത്രധ്വംസനത്തിലും കൂടി കടന്നുപോയ മലബാറിലെ സാധുക്കളായ ഹിന്ദു ജനതയെ നാശത്തില്‍ നിന്നും കരകയറ്റുവാന്‍ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പ്രസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ആര്യസമാജം. അതിന്റെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചുകൊണ്ട് വേദബന്ധുവെന്ന മഹാപണ്ഡിതനും, ബഹുഭാഷാവജ്ഞനുമായ കൊട്ടാരക്കരക്കാരന്‍ വെങ്കിടാചലം അയ്യര്‍ (വേദബന്ധു പിന്നീട് സ്വീകരിച്ച നാമധേയം) പാലക്കാട്ടെ കല്‍പ്പാത്തിയിലെ അഗ്രഹാരത്തില്‍ നടമാടിയ കൊടിയ ജാതി വിവേചനങ്ങള്‍ക്ക് അവസാനം വരുത്തുവാന്‍ വേണ്ടി രംഗത്തിറങ്ങി. വൈക്കം സത്യഗ്രഹത്തില്‍ നിന്നും ലഭിച്ച ആത്മാഭിമാനത്തിന്റെ ബലത്തില്‍ അന്ന് അഗ്രഹാരത്തിന് സമീപം ജീവിച്ചിരുന്ന ഈഴവര്‍ അഗ്രഹാരത്തിന് സമീപമുള്ള റോഡിലൂടെ വഴിനടക്കാനുള്ള അവകാശത്തിനു വേണ്ടി സമരം നടത്താനൊരുങ്ങി. വളരെക്കാലം ഈഴവര്‍ അനുഭവിച്ച ജാതിവിവേചനത്തില്‍ മനംനൊന്ത് അവര്‍ തിരുവിതാംകൂര്‍ ഭാഗത്തുനിന്നും ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഘത്തെ പാലക്കാട്ട് ക്ഷണിച്ചുവരുത്തി മതംമാറി ക്രിസ്ത്യാനികളായി. മതപരിവര്‍ത്തനങ്ങള്‍ക്ക് എതിരെ തീവ്രനിലപാടെടുത്ത ആര്യസമാജം കല്‍പ്പാത്തിയില്‍ കടുത്ത ജാതിവിവേചനം തുടര്‍ന്ന ബ്രാഹ്‌മണര്‍ക്ക് എതിരെ വേദബന്ധുവിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിന് തയ്യാറായി. നിരവധി ഈഴവരെയും പിന്നാക്ക പട്ടിക ജാതിക്കാരെയും ഉള്‍പ്പെടുത്തി ആര്യസമാജം വമ്പിച്ച പ്രക്ഷോഭം ആരംഭിച്ചു. കേശവദേവ് ആ കാലത്ത് പാലക്കാട്ട് വന്ന് ആര്യസമാജത്തില്‍ ചേര്‍ന്നു. ഇതിനെ പറ്റി ദേവിന്റെ വാക്കുകള്‍ ഇതാണ് ‘ആര്യസമാജത്തില്‍ ചേരുന്നവര്‍ പേരു മാറ്റണം എന്നത് നിയമമാണ്, കേശവപിള്ള എന്ന എന്റെ ജാതിപ്പേര് ഉള്‍പ്പെട്ട പേരു മാറ്റണം, ഒന്നുകില്‍ കേശവ ദേവ് എന്നാക്കാം, ഇല്ലെങ്കില്‍ കേശവ ദാസ് എന്നാക്കാം, എനിക്ക് ആരുടെയും ദാസനാവാന്‍ ഇഷ്ടമല്ല, അതിനാല്‍ ദേവനായി, അങ്ങനെ കേശവദേവ് ആയി.’ കല്‍പ്പാത്തി പ്രക്ഷോഭം വൈക്കം സത്യഗ്രഹം പോലെ സമാധാനപരമായിരുന്നില്ല. പ്രക്ഷോഭകാരികളെ ജാതി മതാന്ധരായ ബ്രാഹ്‌മണര്‍ മാരകായുധങ്ങള്‍ കൊണ്ട് നേരിടാനൊരുങ്ങി. കേശവദേവ് അടക്കമുള്ളവര്‍ ഊരിപ്പിടിച്ച കത്തികളുമായി അവരെ നേരിട്ടു. ഉഗ്രസംഘട്ടനത്തില്‍ ധാരാളം പേര്‍ക്ക് പരിക്കേറ്റു. അവിടെ നിരോധനാജ്ഞ നിലവില്‍ വന്നു. പിന്നീട് ഇതിനെതിരെ ആര്യസമാജം മദ്രാസ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. മദ്രാസ് ഹൈക്കോടതി അഗ്രഹാരത്തിലെ എല്ലാ റോഡുകളും തുറന്നുകൊടുത്തു. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തെ സാഹസികമായ ഒരു നീക്കമായിരുന്നു ഇത്.
1920 അവസാനത്തോടെ കേശവദേവ് യുക്തിവാദപ്രസ്ഥാനത്തില്‍ സജീവമായി. ഇതോടൊപ്പം അദ്ദേഹം തൊഴിലാളി പ്രസ്ഥാനങ്ങളുടെ കേരളത്തിലെ തുടക്കക്കാരില്‍ പ്രധാനിയായി മാറി. 1930 കളില്‍ ആലപ്പുഴയില്‍ കയര്‍ കമ്പനികളില്‍ പ്രവര്‍ത്തിച്ചിരുന്ന തൊഴിലാളികള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിച്ചിരുന്നു. മുതലാളിമാരുടെയും, അവരുടെ കങ്കാണിമാരുടെയും സാമൂഹ്യചൂഷണങ്ങള്‍ക്ക് സ്ത്രീ തൊഴിലാളികള്‍ വിധേയരാക്കപ്പെട്ടിരുന്നു. ദേവ് ആലപ്പുഴയില്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ സജീവമായി. 1930കളില്‍ തിരുവിതാംകൂര്‍ രാജ്യത്ത് രാജഭരണത്തിന് എതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭണങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിച്ചു. തിരുവിതാംകൂര്‍ ദിവാനും ഉഗ്രപ്രതാപിയും ആയിരുന്ന സര്‍. സി.പി. രാമസ്വാമി അയ്യരെ റഷ്യയിലെ സാര്‍ ചക്രവര്‍ത്തിയുടെ ഉപദേശകന്‍ ആയിരുന്ന ദുര്‍മന്ത്രവാദി റാസ്പുട്ടിനുമായി താരതമ്യം ചെയ്തത് രാഷ്ട്രീയരംഗത്ത് കൊടുങ്കാറ്റുയര്‍ത്തി. അന്നത്തെ മലയാളക്കരയിലെ പ്രമുഖരായ പലരെയും ആകര്‍ഷിച്ചപോലെ മാര്‍ക്‌സിസ്റ്റു ആശയങ്ങള്‍ കേശവദേവിനെയും ആകര്‍ഷിച്ചു. അഴിമതിയും, ചൂഷണവും ഇല്ലാത്ത ഒരു സര്‍വതന്ത്ര സ്വതന്ത്രമായ സമൂഹം ലോകത്ത് നിലവില്‍വരുമെന്ന് ആശിച്ചു. 1917ലെ റഷ്യന്‍ വിപ്ലവത്തെ പ്രത്യാശയോടെ കണ്ടു. എന്നാല്‍ കേശവദേവും കേസരി ബാലകൃഷ്ണ പിള്ളയെപ്പോലെയും, സഹോദരന്‍ അയ്യപ്പനെപോലെയും വ്യവസ്ഥാപിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായില്ല. മാത്രമല്ല സോവിയറ്റ് യൂണിയനില്‍ സ്റ്റാലിന്‍ യുഗം ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയ അതിഭീകരമായ ഭരണകൂട ഭീകരതയിലും, എതിരാളികളെ ഉന്മൂലനം ചെയ്യുന്ന നിഷ്ഠൂരമായ നടപടികളിലും കടുത്ത എതിര്‍പ്പ് ഉയര്‍ത്തി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാലിന്‍ വിഗ്രഹപൂജയെ അതിനിശിതമായി വിമര്‍ശിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അദ്ദേഹത്തെ വര്‍ഗ്ഗശത്രുവായികണ്ട്, ദ്രോഹിക്കാന്‍ ആരംഭിച്ചു. 1957ല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തില്‍ അധികാരത്തില്‍ വന്ന സമയത്ത് കേശവദേവ് തിരുവനന്തപുരത്ത് സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ തുടങ്ങിയ ആനുകാലികങ്ങളുടെയും, തൊഴിലാളി പത്രത്തിന്റെയും പത്രാധിപര്‍ ആയി കഴിഞ്ഞിരുന്നു. ആകാശവാണിയിലും ജോലിചെയ്തിരുന്നു. അദ്ദേഹത്തിന്റെ അയല്‍വാസിയായ സീതാലഷ്മി എന്ന കൗമാരം വിട്ടുമാറാത്ത വിദ്യാര്‍ഥിനിക്ക് സൗജന്യമായി ട്യൂഷന്‍ എടുത്തിരുന്നു. അവര്‍ പരസ്പരം ഇഷ്ടപ്പെടുകയും വിവാഹിതരാവുകയും ചെയ്തു. ദേവിനെ ദ്രോഹിക്കാന്‍ നോക്കിയിരുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. പോലീസ് അന്വേഷണത്തില്‍ സീതാലക്ഷ്മി, താന്‍ ദേവിന്റെ ഭാര്യയാണെന്നും, സ്വന്തം ഇഷ്ടപ്രകാരം വിവാഹം ചെയ്തതാണെന്നും പറഞ്ഞതോടെ കേസില്‍ നിന്നും മോചിതനായി.

അദ്ദേഹത്തിന്റെ രചനാവൈഭവം അതുല്യമായിരുന്നു. നിത്യജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ പോലും ആ തൂലികത്തുമ്പില്‍ നിന്നും അടര്‍ന്നു വീഴുമ്പോള്‍ അതെല്ലാം മലയാളികളുടെ മനസ്സിന്റെ അന്തരംഗങ്ങളില്‍ എന്നും ചോദനകളായി നിലനിന്നു. 1930ല്‍ ആദ്യ രചനയായ ഓടയില്‍ നിന്ന് പുറത്തുവന്നു. അത് വായനക്കാരില്‍ സ്ഥിരപ്രതിഷ്ഠ നേടി. ചലച്ചിത്രമായി. മഹാനടനായിരുന്ന സത്യന്‍ അതിലെ കഥാനായകന്‍ പപ്പുവിനെ അനശ്വരനാക്കി. ഓടയില്‍ നിന്ന് സിനിമയാക്കാന്‍ തീരുമാനിച്ചതിനെപ്പറ്റി ഒരു കഥയുണ്ട്. ‘ആദ്യം തമിഴ് സിനിമാരംഗത്തെ മുടിചൂടാമന്നനായ എം.ജി ആറിനെകൊണ്ട് പപ്പുവിന്റെ ഭാഗം അഭിനയിപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചു. എം.ജി.ആര്‍ ആവശ്യപ്പെട്ട പ്രകാരം അവര്‍ മദ്രാസില്‍ പോയി അദ്ദേഹത്തെ കണ്ടു. കേശവദേവും കൂടെ ഉണ്ടായിരുന്നു. കഥകേട്ട് ആദ്യം എം.ജി.ആര്‍ സന്തോഷം പ്രകടിപ്പിച്ചു. എന്നാല്‍ അവസാനം പപ്പു റിക്ഷവലിച്ച് ക്ഷയരോഗ ബാധിതനായി ചുമച്ച് ചുമച്ച് തുപ്പികൊണ്ട് അവശനായി നീങ്ങുന്ന രംഗം കേട്ടപ്പോള്‍ എം.ജി.ആര്‍ പറഞ്ഞു തനിക്ക് ആ രംഗം അഭിനയിക്കാന്‍ പറ്റില്ല, അതിനാല്‍ ആ രംഗം മാറ്റണം, ഉടന്‍ ദേവ് പറഞ്ഞു ”പപ്പു എന്റെ മനസ്സില്‍നിന്നും ജന്മം കൊണ്ട കഥാപാത്രമാണ്, അതിനാല്‍ ഒരു വാക്ക്‌പോലും മാറ്റാന്‍ പറ്റില്ല! നിങ്ങള്‍ അഭിനയിക്കില്ലെങ്കില്‍ വേണ്ട! മലയാളക്കരയില്‍ വേറെ നടന്മാരുണ്ട്.” ഇത്രയും പറഞ്ഞ് യാത്രപോലും പറയാതെ ഇറങ്ങിപ്പോയി.’ അതാണ് ദേവ് എന്ന ധിക്കാരിയുടെ കാതല്‍. തമിഴ്‌സിനിമാലോകത്തെ മുടിചൂടാമന്നനും, രാഷ്ട്രീയത്തിലെ സര്‍വശക്തനുമായിരുന്ന എം.ജി.ആറിനെ അസ്തപ്രജ്ഞനാക്കിയ ദേവ് അസാധാരണ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
ഇരുപത് നോവലുകളും, പതിനാറോളം ചെറുകഥാ സമാഹാരങ്ങളും, ആത്മകഥാരൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും, ഗദ്യകവിതകളും, നിരൂപണങ്ങളും കൊണ്ട് മലയാള സാഹിത്യരംഗത്തെ സമ്പന്നമാക്കിയ പ്രതിഭാശാലി, അയല്‍ക്കാര്‍ എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ആദ്യകാലത്ത് റഷ്യന്‍ വിപ്ലവത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് രചിച്ച കൃതിയാണ് കണ്ണാടി. പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ കൊലക്കത്തിയുടെ പ്രധാന്യം ദേവ് തിരിച്ചറിഞ്ഞു എഴുതിയതാണ് ‘കൊല്ലരുതനിയാ കൊല്ലരുത്’ എന്ന കൃതി. ബാല്യകാലത്തെ തന്റെ വീട്ടിലെ കാരണവര്‍ മേധാവിത്തത്തിനെ വിമര്‍ശിച്ചു എഴുതിയതാണ് ‘ത്യാഗിയായ ദ്രോഹി.’ ഈ നോവല്‍ 70 കളില്‍ മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ വന്നിട്ടുണ്ട്. ‘പങ്കലാക്ഷിയുടെ കത്തുകള്‍’ എന്ന കഥ ഗ്രാമത്തില്‍ ജീവിക്കുന്ന പാവപ്പെട്ട വീട്ടുവേലക്കാരിയുടെ നിത്യജീവിതത്തിലെ സംഭവങ്ങള്‍ ആണ്. അത്യന്തം ഹൃദയസ്പര്‍ശിയായിട്ടാണ് അതിലെ ഓരോ വരികളും വായിക്കാന്‍ പറ്റുക. ഒരേസമയം കേശവദേവ് നിഷേധിയും മനുഷ്യസ്‌നേഹിയും ആയിരുന്നു എന്നതിന് അടിവരയിടുന്നു അദ്ദേഹത്തിന്റെ കഥകള്‍.
അദ്ദേഹത്തിന്റെ പത്‌നി സീതാലക്ഷ്മി കേശവദേവ് അദ്ദേഹത്തിനെ പറ്റി എഴുതിയ ഓര്‍മ്മക്കുറിപ്പാണ് ‘കേശവദേവ് എന്റെ നിത്യകാമുകന്‍’ എന്ന പുസ്തകം. അതിനുശേഷം കേശവദേവിനോടൊപ്പം സീത’ എന്ന പുസ്തകവും എഴുതി. കേശവദേവിന്റെ ആദ്യഭാര്യയായിരുന്ന ഗോമതിദേവുമായുള്ള ദാമ്പത്യം അല്‍പ്പകാലം മാത്രമേ നിലനിന്നുള്ളൂ. പൂജപ്പുരയില്‍ കൊങ്കുളം റോഡില്‍ അദ്ദേഹം സ്ഥിരതാമസമാക്കി. അവിടെ കേരള സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന സ്മാരകത്തിനു ‘ദേവിന്റെ ലോകം’ എന്നാണ് പേരുകൊടുത്തിരിക്കുന്നത്. സാഹിത്യചരിത്രമ്യൂസിയം, ‘കേശവദേവ് ട്രസ്റ്റ്’ സര്‍ക്കാര്‍ സഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. വടക്കന്‍ പറവൂരിലെ ജന്മനാടായ കെടാമംഗലത്ത് ജന്മവീടായ നല്ലേടത്തു തറവാട് മുസരിസ് പൈതൃക സ്മാരകങ്ങളില്‍ ഒന്നായി ഏറ്റെടുത്തിട്ടുണ്ട്. ദേവിന്റെ ഏക മകന്‍ പ്രശസ്തപ്രമേഹരോഗവിദഗ്ദനായ ഡോക്ടര്‍ ജ്യോതിദേവ് ആണ്.
ജീവിച്ചിരുന്ന ഓരോ നിമിഷവും അനീതികള്‍ക്ക് എതിരായി പ്രതികരിച്ച, എതിരാളികളുടെ മര്‍മ്മങ്ങളില്‍ വിമര്‍ശനങ്ങളുടെ ആഗ്‌നേയാസ്ത്രങ്ങള്‍ എയ്ത് അവരെ നിലം പരിശാക്കിയ എതിര്‍പ്പിന്റെ സവ്യസാചി, മനുഷ്യസ്‌നേഹിയായ ധിക്കാരി, മനുഷ്യമനസ്സില്‍ ചിന്തയുടെ ഉര്‍ജ്ജംനിറച്ച ചിന്തകന്‍, ഇതെല്ലാമായിരുന്നു കേശവദേവ്. അദ്ദേഹത്തിന്റെ 120-ാം ജന്മദിനത്തില്‍ ആ മഹാപ്രതിഭക്ക് പ്രണാമം.





















