വടി കൊടുത്ത് അടി വാങ്ങുക എന്ന് കേട്ടിട്ടുണ്ട്. പക്ഷേ, വടി കൊടുക്കുന്നതിനുമപ്പുറം അടി ഇരന്നു വാങ്ങുക എന്നത് പതിവാക്കിയിട്ടുള്ള ഒരു രാഷ്ട്രീയ നേതാവേ ഭാരതത്തിലുള്ളൂ. അത് നമ്മുടെ പുതിയ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ രാഹുല്‍ അഥവാ റാവുള്‍ വിന്‍സിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഭരണഘടനയ്ക്ക് എതിരാണെന്നും ഭരണഘടന അട്ടിമറിക്കാന്‍ പോവുകയാണെന്നുമുള്ള പ്രചാരണം എല്ലാ തിരഞ്ഞെടുപ്പു കാലത്തും അവര്‍ ഉയര്‍ത്താറുണ്ട്. പക്ഷേ, ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് എങ്ങനെയെങ്കിലും ബിജെപി ഭരണഘടനാ വിരുദ്ധമാണെന്ന് സ്ഥാപിക്കാനാണ് എല്ലായ്‌പ്പോഴും അവര്‍ ശ്രമിച്ചത്. ഭരണഘടനയുടെ സംരക്ഷണവും ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയില്‍ ഈ രാജ്യത്തിന്റെ ഭരണ സംവിധാനം നിലനിര്‍ത്തി കൊണ്ടുപോവുകയുമാണ് തന്റെ ദൗത്യമെന്ന് ആദ്യതവണ അധികാരത്തില്‍ എത്തിയതു മുതല്‍ പലതവണ നരേന്ദ്രമോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തവണയും പതിവുപോലെ ഭരണഘടനയുടെ ഡ്യൂപ്ലിക്കേറ്റ് പതിപ്പുമായാണ് രാഹുല്‍ പാര്‍ലമെന്റില്‍ എത്തിയത്. പാര്‍ലമെന്റില്‍ സത്യപ്രതിജ്ഞക്കു ശേഷം ഭരണഘടന ഉയര്‍ത്തിക്കാട്ടുകയും ഭരണഘടനയുമായി വന്ന ഇന്‍ഡി സഖ്യത്തിലെ ഘടകകക്ഷി നേതാക്കള്‍ പലരും ഇത് അനുകരിക്കുകയും ചെയ്തു.
രാഹുല്‍ തൊടുന്നതെല്ലാം മോദിക്ക് വടിയാകുന്ന പതിവ് കാഴ്ച തന്നെ ഇക്കാര്യത്തിലും ആവര്‍ത്തിച്ചു. ഭരണഘടന സംരക്ഷിക്കുമെന്ന പേരില്‍ പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ്സാണ് സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ റദ്ദാക്കുകയും ഭരണഘടനയെ തന്നെ അപ്രസക്തമാക്കുകയും ചെയ്തത്. രാഹുലിന്റെ മുത്തശ്ശിയായ ഇന്ദിരയാണ് ഇതിന് നേതൃത്വം നല്‍കിയത് എന്ന് ഓര്‍മ്മിപ്പിക്കാന്‍ മാത്രമല്ല, അത് രാഷ്ട്രീയമായി ചരിത്രത്തില്‍ രേഖപ്പെടുത്താനും ബിജെപിക്കും നരേന്ദ്രമോദിക്കും കഴിഞ്ഞു. ഫലത്തില്‍ പതിവുപോലെ രാഹുല്‍ വടി കൊടുത്ത് അടി വാങ്ങി.
അടിയന്തരാവസ്ഥയുടെ വാര്‍ഷികവേളയിലാണ്, രാഹുല്‍ ഭരണഘടനയുമായി വന്ന് അടിയന്തരാവസ്ഥയില്‍ പീഡനം അനുഭവിച്ച ബിജെപി നേതാക്കളെ മാത്രമല്ല, ഇപ്പോള്‍ ഇന്‍ഡി സഖ്യത്തിലുള്ള പല പ്രമുഖ നേതാക്കളെയും കുത്തിനോവിച്ചത് എന്നകാര്യം മറന്നു പോയി. ജൂണ്‍ 25, 26 തീയതികളില്‍ വന്ന അടിയന്തരാവസ്ഥാ വാര്‍ഷികത്തിന്റെ പ്രാധാന്യം ബിജെപി തിരിച്ചറിഞ്ഞു. ഭരണഘടനയുടെ കാവല്‍ക്കാരനായ ലോകസഭാ സ്പീക്കര്‍ തന്നെ ഭരണഘടനയുടെ സംരക്ഷണം ഉറപ്പാക്കുന്ന തരത്തിലുള്ള പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ചെയ്തു. സാധാരണ എന്തെങ്കിലും ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളിലും മുതിര്‍ന്ന അംഗങ്ങളുടെ നിര്യാണത്തിലും ഒക്കെയാണ് ചെയറില്‍ നിന്ന് നേരിട്ട് പ്രമേയം അവതരിപ്പിക്കാറുള്ളത്. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ അമ്പതാം വാര്‍ഷികം എത്തി നില്‍ക്കേ ഭാരതം കണ്ട ഏറ്റവും വലിയ ജനാധിപത്യ ധ്വംസനം എന്ന നിലയിലാണ് ലോകസഭാ സ്പീക്കര്‍ ഓം ബിര്‍ള നേരിട്ട് പ്രമേയം അവതരിപ്പിച്ചത്. ഒരുപക്ഷേ, പ്രതിപക്ഷ മുന്നണിയായ ഇന്‍ഡി സഖ്യത്തെ പൂര്‍ണ്ണമായും തകര്‍ത്തെറിയുന്നതായിരുന്നു ഈ പ്രമേയം. ”1975-ല്‍ രാജ്യത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയെ ഈ സഭ പൂര്‍ണമായും അപലപിക്കുന്നു. അടിയന്തരാവസ്ഥയെ എതിര്‍ത്ത് രാജ്യത്തിന്റെ ജനാധിപത്യ സംരക്ഷണ ഉത്തരവാദിത്തം ഏറ്റെടുത്ത് പോരാടിയവരുടെ സമര്‍പ്പണത്തെ അഭിനന്ദിക്കുന്നു. 1975 ജൂണ്‍ 25 എക്കാലവും ഭാരത ചരിത്രത്തിലെ കറുത്ത ദിനമായി അറിയപ്പെടും. അന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ബാബാസാഹേബ് അംബേദ്കര്‍ രചിച്ച ഭരണഘടനയെ അപ്രസക്തമാക്കുകയും ചെയ്തത്.
ലോകം മുഴുവന്‍ ഭാരതം അറിയപ്പെടുന്നത് ജനാധിപത്യത്തിന്റെ മാതാവ് എന്ന പേരിലാണ്. ജനാധിപത്യ മൂല്യങ്ങളും ചര്‍ച്ചകളും എക്കാലവും ഭാരതത്തില്‍ അംഗീകരിക്കപ്പെട്ടിരുന്നു. ജനാധിപത്യ മൂല്യങ്ങളെ എക്കാലവും സംരക്ഷിക്കുകയും അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള രാജ്യത്താണ് ഇന്ദിരാഗാന്ധി സ്വേച്ഛാധിപത്യം അടിച്ചേല്‍പ്പിച്ചത്. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ത്തെറിയുകയും അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്തത്.”
ഈ പ്രമേയം സഭാ രേഖകളില്‍ ഇടംപിടിച്ചുകഴിഞ്ഞു. ഭരണഘടന ഉയര്‍ത്തി മോദിയെ വിമര്‍ശിക്കാനും മോദിക്കെതിരെ അപവാദം പ്രചരിപ്പിക്കാനും ഒക്കെ ശ്രമിച്ച കോണ്‍ഗ്രസിനും രാഹുലിനും കിട്ടിയ അടി അപ്രതീക്ഷിതമായിരുന്നു. വീ ണ്ടും സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് ഓം ബിര്‍ള ഈ പ്രമേയം അവതരിപ്പിച്ചത്. അടിയന്തരാവസ്ഥക്കെതിരെ പോരാടുകയും ജയില്‍വാസം അനുഭവിക്കുകയും മരണം വരിക്കുകയും ചെയ്തവരെ അനുസ്മരിച്ച് പാര്‍ലമെന്റ് ഒരുനിമിഷം മൗനം ആചരിക്കുകയും ചെയ്തു. ഭരണകക്ഷി അംഗങ്ങള്‍ മൗനം ആചരിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. പക്ഷേ, കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബഹളമുണ്ടാക്കാന്‍ പ്രതിപക്ഷത്തെ മറ്റു കക്ഷികള്‍ കൂടിയില്ല. ജാള്യത മറക്കാന്‍ വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍, സ്പീക്കര്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു എന്നപേരില്‍ അദ്ദേഹത്തിന് തന്നെ കത്തയക്കുകയും ചെയ്തു. വടി കൊടുത്ത് അടി ഇരന്നു വാങ്ങിയ കോണ്‍ഗ്രസ് നേതൃത്വം ഇതുകൊണ്ടും പഠിക്കുന്നില്ല എന്നതാണ് സത്യം.
സര്‍ക്കാര്‍ ഭരണഘടന ഭേദഗതി ചെയ്യും എന്ന ആരോപണമാണ് ബിജെപിക്കെതിരെ ഇപ്പോള്‍ ഉയര്‍ത്തുന്നത്. ഭരണഘടനാ ഭേദഗതിയുടെ ചരിത്രം കൂടി പരിശോധിച്ചാലേ ഇതിന്റെ സത്യവും മനസ്സിലാകൂ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ പ്രതിപക്ഷ കക്ഷികളും ചില ജിഹാദി വര്‍ഗീയവാദികളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കൊന്നും പൊതുവേദിയിലോ അല്ലാതെയോ മറുപടി പറയുന്ന പതിവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കില്ല. സംഘത്തിന്റെ പ്രചാരകനായി ജീവിതം സമര്‍പ്പിച്ച അദ്ദേഹത്തില്‍ അനുമോദനവും വിമര്‍ശനവും ഒരുപോലെ സ്വീകരിക്കുന്ന സംഘസംസ്‌കാരത്തിന്റെ സ്വാധീനമാണുള്ളത്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയുന്നതിന് പകരം അദ്ദേഹം അതിനെ അവഗണിക്കുകയാണ് ചെയ്യുക. ഈ സാഹചര്യത്തിലാണ് ഭരണഘടനാ ഭേദഗതിയുടെ ചരിത്രം പരിശോധിക്കുന്നത്. 1950 ജനുവരി 26 നാണ് നമ്മുടെ ഭരണഘടന നിലവില്‍ വന്നത്. ഇതുവരെ 106 തവണയാണ് ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ളത്. ഈ 106 തവണയില്‍ വിരലില്‍ എണ്ണാവുന്നത് മാത്രമാണ് 98 ലെ വാജ്‌പേയി സര്‍ക്കാരും 2014 മുതല്‍ ഭാരതം ഭരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരും ചെയ്തിട്ടുള്ളത്. നരേന്ദ്രമോദി അധികാരത്തില്‍ എത്തിയതിനുശേഷം 10 വര്‍ഷത്തിനിടെ ഏഴ് തവണയാണ് ഭരണഘടന ഭേദഗതി ചെയ്തിട്ടുള്ളത്. ബാക്കി മുഴുവന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ചെയ്തുകൂട്ടിയതാണ്.
1951 ജൂണ്‍ 18 നാണ് ആദ്യ ഭരണഘടനാ ഭേദഗതി ഉണ്ടായത്. അത് പ്രധാനമന്ത്രി നെഹ്‌റുവിന്റെ കാലത്ത് തന്നെയായിരുന്നു. 1956 ഏഴാം ഭരണഘടന ഭേദഗതിയിലൂടെയാണ് സംസ്ഥാനങ്ങളുടെ പുനഃസംഘടന ഉണ്ടായതും ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ സംഘടിപ്പിച്ചതും. 1970 വരെ നടത്തിയ ഭരണഘടനാ ഭേദഗതികള്‍ക്ക് ദേശീയ പ്രാധാന്യമോ ദേശീയ താല്‍പര്യങ്ങളോ ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധി ശക്തിയാര്‍ജ്ജിക്കുകയും കോണ്‍ഗ്രസ് അവരുടെ കൈപ്പിടിയില്‍ ഒതുക്കുകയും ചെയ്തതിനുശേഷമാണ് ഏകാധിപത്യപരമായ ഭരണഘടനാ ഭേദഗതികള്‍ ആരംഭിച്ചത്. 1971 ല്‍ കൊണ്ടുവന്ന 24-ാം ഭരണഘടനാ ഭേദഗതി ആര്‍ട്ടിക്കിള്‍ 13 (4) കൂട്ടിച്ചേര്‍ക്കുന്നത് ആയിരുന്നു. മൗലികാവകാശങ്ങളില്‍ ഇളവ് വരുത്താനും ആ ഭരണഘടനാ ഭേദഗതിക്ക് രാഷ്ട്രപതിയെ നിര്‍ബന്ധിതനാക്കാനും ഉള്ളതായിരുന്നു ആ ബില്‍. തുടര്‍ന്നു കൊണ്ടുവന്ന 25-ാം ഭേദഗതി ഭരണകൂടം സ്വത്ത് ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നത് നിയന്ത്രിക്കുന്നതിനുള്ള ഭേദഗതിയായിരുന്നു. കേശവാനന്ദ ഭാരതി കേസിലൂടെ ഈ ഭരണഘടനാ ഭേദഗതി സുപ്രീംകോടതി തന്നെ ഭേദഗതി വരുത്തുകയും ചെയ്തു. 26-ാം ഭേദഗതി പഴയ ഭരണാധികാരികള്‍ക്ക് ആനുകൂല്യം നല്‍കുന്ന പ്രിവിപേഴ്‌സ് നിര്‍ത്തലാക്കുന്നത് സംബന്ധിച്ചായിരുന്നു. ലോകസഭയുടെ അംഗസംഖ്യ 525 ല്‍ നിന്ന് 545 ആയി ഉയര്‍ത്തിയത് 31-ാം ഭരണഘടനാ ഭേദഗതിയായിരുന്നു. 38-ാമത്തെ ഭേദഗതി മുതലാണ് ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തസ്സത്ത ചോര്‍ത്തുന്ന നടപടികള്‍ ഉണ്ടായത്. 38-ാം ഭരണഘടനാ ഭേദഗതി രാഷ്ട്രപതിയുടെയും ഗവര്‍ണര്‍മാരുടെയും ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാനുള്ള അധികാരങ്ങള്‍ വിപുലീകരിക്കുന്നതായിരുന്നു. പ്രധാനമന്ത്രിയുടെ പദവി നീതിപീഠങ്ങള്‍ക്ക് വിലയിരുത്താനോ ചോദ്യം ചെയ്യാനോ കഴിയുന്നതല്ല എന്നും രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍ തുടങ്ങിയവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച അഴിമതി പോലും കോടതി പരിഗണിക്കാന്‍ പാടില്ല എന്നുമുള്ള ഭേദഗതിയാണ് ജനാധിപത്യത്തിന്റെയും ഭരണഘടനാ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തിവച്ചത്. 39-ാം ഭേദഗതിയിലാണ് ഇന്ദിരാഗാന്ധി ഇത് നടപ്പിലാക്കിയത്. 1975 ആഗസ്റ്റ് 10 നാണ് ഭരണഘടനയുടെ 71, 329 എന്നീ ആര്‍ട്ടിക്കിള്‍ ഭേദഗതി ചെയ്ത് 329 എ എന്ന ആര്‍ട്ടിക്കിള്‍ ചേര്‍ത്തത്. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ മൗലികാവകാശങ്ങളും ജനാധിപത്യ അവകാശങ്ങളും മുഴുവന്‍ റദ്ദാക്കി 1977 ജനുവരി ഫെബ്രുവരി മാസങ്ങളിലായാണ് ഈ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത്. മാത്രമല്ല, ഭരണഘടനയില്‍ ഭാരതത്തെ സോവറിന്‍ സോഷ്യലിസ്റ്റ് സെക്യുലര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്കായി പ്രഖ്യാപിക്കുകയും ചെയ്തു. അടിയന്തരാവസ്ഥ പിന്‍വലിച്ചശേഷം ജനതാ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ 42-ാം ഭരണഘടന ഭേദഗതിയുടെ എല്ലാ വകുപ്പുകളും 43, 44 ഭേദഗതികളിലൂടെ പുതിയ ജനതാ സര്‍ക്കാര്‍ റദ്ദാക്കി.
വോട്ടവകാശം 21ല്‍ നിന്ന് 18 ആക്കി കുറച്ച 61-ാം ഭരണഘടനാ ഭേദഗതി 1989 ലാണ് നടപ്പിലാക്കിയത്. വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയ ആദ്യ ഭരണഘടനാ ഭേദഗതി 79-ാം ഭരണഘടനാ ഭേദഗതിയായിരുന്നു. 2000 ജനുവരി 25 നായിരുന്നു ഇത്. പാര്‍ലമെന്റിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ ആംഗ്ലോ ഇന്ത്യന്‍ അംഗങ്ങളുടെ നാമനിര്‍ദ്ദേശം സംബന്ധിച്ച ചട്ടം 2010 വരെ നീട്ടാന്‍ ഉള്ളതായിരുന്നു ഇത്. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാരുടെ പൂര്‍ത്തിയാക്കാത്ത നിയമനം കാലപരിധിയില്ലാതെ അനുവദിക്കുന്ന 81-ാം ഭരണഘടനാ ഭേദഗതിയും വാജ്‌പേയിയുടെ കാലത്താണ് നടന്നത്. പട്ടികജാതി പട്ടികവര്‍ഗ്ഗ ഉദ്യോഗസ്ഥര്‍ക്ക് യോഗ്യതയില്‍ ഇളവ് നല്‍കി സ്ഥാനക്കയറ്റം നല്‍കാനുള്ള 82-ാം ഭരണഘടനാ ഭേദഗതിയും അദ്ദേഹത്തിന്റെ കാലത്ത് തന്നെയായിരുന്നു. 14 വയസ്സു വരെയുള്ള വിദ്യാഭ്യാസം അവകാശമാക്കി മാറ്റിയ 86-ാം ഭരണഘടനാ ഭേദഗതിയും വാജ്‌പേയിയുടെ കാലത്തായിരുന്നു. കൊളീജിയത്തിനു പകരം ദേശീയ നിയമന കമ്മീഷനെ നിയോഗിച്ചു കൊണ്ടുള്ള 99-ാം ഭരണഘടനാ ഭേദഗതിയാണ് നരേന്ദ്രമോദി അദ്ദേഹത്തിന്റെ ഭരണകാലത്ത് ആദ്യം നടപ്പിലാക്കിയത്. ഇത് 2015 ഒക്ടോബറിലായിരുന്നു. ജിഎസ്ടി നടപ്പിലാക്കിയ 107-ാം ഭരണഘടനാ ഭേദഗതിയും പിന്നാക്ക ജാതിക്കാര്‍ക്കുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി അനുവദിക്കുന്നത് സംബന്ധിച്ച 102-ാം ഭരണഘടനാ ഭേദഗതിയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കാനുള്ള 103-ാം ഭരണഘടനാ ഭേദഗതിയും നടപ്പിലാക്കിയത് നരേന്ദ്രമോദി ആയിരുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ലോകസഭ, നിയമസഭ സീറ്റുകളിലുള്ള സംവരണം 2030 വരെ നീട്ടാനുള്ള 10-ാം ഭരണഘടനാ ഭേദഗതിയും നരേന്ദ്രമോദിയാണ് നടപ്പിലാക്കിയത്. ഓരോ സംസ്ഥാനത്തെയും പിന്നാക്ക ജാതിക്കാരെ കണ്ടെത്താനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള നൂറ്റിയഞ്ചാം ഭേദഗതി ആയിരുന്നു നരേന്ദ്രമോദി 2021 ല്‍ നടത്തിയത്. 2023 ല്‍ നടപ്പിലാക്കിയ 106-ാം ഭരണഘടനാ ഭേദഗതി വനിതകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകള്‍ സംവരണം ചെയ്യുന്ന വനിതാ സംവരണ ബില്ലായിരുന്നു.
ഇത്രയും ഭരണഘടനാ ഭേദഗതികള്‍ ഉണ്ടായതില്‍ ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെ ആത്മാവ് തകര്‍ക്കുന്നതുമായ ഭേദഗതികള്‍ കൊണ്ടുവന്നത് കോണ്‍ഗ്രസ് ഭരണകൂടം മാത്രമാണെന്നത് വ്യക്തമാണ്. എന്നിട്ടും എന്തുകൊണ്ടാണ് നരേന്ദ്രമോദിയെയും ബിജെപിയെയും കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അതിന്റെ കാരണം രാഷ്ട്രീയമാണ്. ബിജെപിയും സംഘപരിവാറും ജനാധിപത്യവിരുദ്ധരാണെന്നും ന്യൂനപക്ഷ വിരുദ്ധരാണെന്നും വരുത്തിത്തീര്‍ക്കാനുള്ള ആസൂത്രിത അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങള്‍. കോണ്‍ഗ്രസിനെയും അതിന്റെ നേതാക്കളെയും നയിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ നടത്തുന്ന ഇത്തരം പ്രചാരണങ്ങളും ടൂള്‍ കിറ്റുകളും കഴിഞ്ഞ കുറേക്കാലമായി സജീവമാണ്. അതിന്റെ കാരണം ഭാരതത്തെ ശക്തിപ്പെടുത്തുന്ന, ഭാരതത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ഈ രാഷ്ട്രത്തെ ജഗദ്ഗുരുവാക്കി വളര്‍ത്തിയെടുക്കാന്‍ അരയും തലയും മുറുക്കിയ ഒരു ഭരണകൂടം വരുന്നതും നിലനില്‍ക്കുന്നതും തടയാനുള്ള പരിശ്രമമാണ്.