2014-ലെ തിരഞ്ഞെടുപ്പില്‍ മോദി-അമിത്ഷാമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി ഉള്‍പ്പെടെ 21 പാര്‍ട്ടികളുടെ ദേശീയ ജനാധിപത്യ സഖ്യവും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള രണ്ടാം യു.പി.എ സഖ്യവും തമ്മിലായിരുന്നു മുഖ്യമായും അഖിലേന്ത്യാതലത്തില്‍ മത്സരം. യു.പി.എ സര്‍ക്കാരിന്റെ അഴിമതി, ദേശവിരുദ്ധനയങ്ങള്‍, നയപരമായ നിഷ്‌ക്രിയത്വം, ന്യൂനപക്ഷ പ്രീണനം എന്നിവയ്‌ക്കെതിരെ ദേശസുരക്ഷ, എല്ലാവര്‍ക്കുമൊപ്പം എല്ലാവര്‍ക്കും വികസനം, അഴിമതി മുക്തഭരണം, ‘ആരോടുമില്ല പ്രീണനം, എല്ലാവര്‍ക്കും തുല്യനീതി’ മുതലായ മുദ്രാവാക്യങ്ങള്‍ മുന്നോട്ടുവച്ചുകൊണ്ടായിരുന്നു എന്‍.ഡി.എ യുടെ പ്രചരണം.
തിരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയെന്ന നിലയില്‍ ബി.ജെ.പിക്കു കേവലഭൂരിപക്ഷം ലഭിച്ചിട്ടും സഖ്യകക്ഷികളെ മുഴുവന്‍ കൂടെനിര്‍ത്തി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. അധികാരമേറ്റുകൊണ്ട് മോദിജി പ്രഖ്യാപിച്ചു. ”അഞ്ചുവര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ പ്രഖ്യാപിച്ച ജനോപകാരപ്രദമായ പദ്ധതികളുടെയും രാഷ്ട്രം കൈവരിച്ച വികസനത്തിന്റെയും അടിസ്ഥാനത്തിലുളള പ്രവര്‍ത്തനത്തിന്റെ അംഗീകാരത്തിനുവേണ്ടിയായിരിക്കും (2019-ലെ പൊതുതിരഞ്ഞെടുപ്പിനെ) ഞങ്ങള്‍ നേരിടുക.” ഈ പ്രഖ്യാപനം അന്വര്‍ത്ഥമാക്കിക്കൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ജനോപകാരപ്രദമായ നൂറുകണക്കിനുപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കി.
സാമ്പത്തികരംഗത്ത് നോട്ടുനിരോധനം, ജി.എസ്.ടി തുടങ്ങി നിരവധി പുരോഗമനാത്മകമായ നടപടികളിലൂടെ രാഷ്ട്രത്തെ ലോകത്തിലെ ആറാമത്തെ സാമ്പത്തികശക്തിയാക്കി മാറ്റി. വികസിത രാജ്യത്ത് ലഭ്യമായ ഭൗതിക സാഹചര്യങ്ങള്‍ക്കു തുല്യമായ രീതിയില്‍ പാര്‍പ്പിടം, വൈദ്യുതി, ഊര്‍ജ്ജം, ഭക്ഷ്യം പ്രത്യേകിച്ച് ഗതാഗതം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, കൃഷി എന്നീ മേഖലകളില്‍ വമ്പിച്ച വികസനം രാഷ്ട്രത്തിലുണ്ടായി. മുന്‍കാലങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ആഭ്യന്തര കലാപങ്ങളോ വര്‍ഗ്ഗീയലഹളകളോ ഭാരതത്തില്‍ പൊട്ടിപ്പുറപ്പെട്ടിട്ടില്ല. അതിര്‍ത്തികടന്നുവന്ന ആക്രമങ്ങളെയും മതതീവ്രവാദികളെയും അടിച്ചമര്‍ത്തി ദേശരക്ഷ ഉറപ്പുവരുത്താന്‍ മോദി സര്‍ക്കാരിനു സാധിച്ചു. ജാതി, മത, കക്ഷിരാഷ്ട്രീയ വിഭാഗീയതക്കതീതമായി രാഷ്ട്രത്തിനോടുളള കൂറും അഭിമാനവും ഓരോ ഭാരതീയനിലും വളര്‍ത്തിയെടുക്കുവാന്‍ സാധിച്ചത് മോദിസര്‍ക്കാരിന്റെ ഭരണനേട്ടമായി കണക്കാക്കാം. ഇത്തരം ക്രിയാത്മകവും ഭാവാത്മകവുമായ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തിയുളള പ്രോഗ്രസ്സ് കാര്‍ഡിന്റെ അംഗീകാരമായാണ് 2019-ലെ തിരഞ്ഞെടുപ്പില്‍ 542 ല്‍ 353 സീറ്റ് നല്‍കി വീണ്ടും നരേന്ദ്ര ദാമോദര്‍ദാസ് മോദിയെ ഭാരതത്തിന്റെ പ്രധാനമന്ത്രിയായി ജനങ്ങള്‍ തിരഞ്ഞെടുത്തത്.
ഈ തിരഞ്ഞെടുപ്പു മത്സരത്തില്‍ 8 സംസ്ഥാനങ്ങളിലെ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. വളരെ ചുരുക്കം സംസ്ഥാനങ്ങളിലൊഴികെ ഒട്ടുമുക്കാല്‍ സംസ്ഥാനങ്ങളിലെയും ബഹുഭൂരിപക്ഷം സീറ്റുകളും നേടി. കേരളത്തിലെ തിരഞ്ഞെടുപ്പു ഫലവും എടുത്തുപറയേണ്ടതുണ്ട്. കേരളത്തിലെ ജനസമാന്യം മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിലും, സാമൂഹികജീവിതത്തിലും വളരെ ബോധവല്‍ക്കരിക്കപ്പെട്ടവരാണെന്നു കരുതപ്പെടുന്നു. ബിജെപിയുടെ വര്‍ധിച്ച വോട്ടുശതമാനം കേരളത്തിന്റെ പൊതുസമൂഹം മോദിയെ വളരെയധികം അംഗീകരിക്കുന്നു എന്നും വ്യക്തമാക്കുന്നു. നിലവിലുളള സംസ്ഥാനഭരണകൂടവും മുഖ്യമന്ത്രിയും ഇത്രയധികം ആരോപണവിധേയമായ ഒരു കാലഘട്ടവും കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. അക്രമങ്ങള്‍, പീഡനങ്ങള്‍, ക്രമസമാധാനതകര്‍ച്ച, പ്രകൃതിദുരന്തം, ക്ഷേത്രധ്വംസനങ്ങള്‍, ആചാരലംഘനങ്ങള്‍, വിശ്വാസികളെ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കല്‍, പാര്‍ട്ടിയില്‍പെടാത്തവരോട് വിദ്വേഷത്തോടെയും വെറുപ്പോടെയും പകയോടെയും പെരുമാറുക, കലാലയങ്ങള്‍ കലാപശാലകളാക്കുക, ആശയവൈരുദ്ധ്യത്തിന്റെ പേരില്‍ അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ഉദ്യോഗസ്ഥരോടും അസഹിഷ്ണുതയോടെ പ്രതികാരനടപടികള്‍ കൈക്കൊളളുക എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാതലങ്ങളിലുളള ജനസമൂഹത്തിന് ജീവിതം ദുസ്സഹമായി തീര്‍ന്നിരിക്കുന്ന കേരളത്തില്‍ കേന്ദ്രഭരണത്തോട് വലിയ മതിപ്പ് പ്രകടമാക്കുന്നതായിരുന്നു ഈ ഗണ്യമായ വോട്ടുവര്‍ധനവ്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇടതുവിരുദ്ധവികാരം ബി.ജെ.പി. സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? മോദിയെ തോല്പിക്കുവാനും സോണിയാഗാന്ധിയുടെ പുത്രന്‍ രാഹുല്‍ഗാന്ധിയെ അധികാരത്തില്‍ കൊണ്ടുവരുന്നതിനും ലോകമെമ്പാടുമുളള ക്രൈസ്തവസംഘടനകളുടെ ആശയും അര്‍ത്ഥവും നല്‍കിയുളള പിന്തുണ ഉണ്ടായിരുന്നു. ഭാരതത്തിലെ വിഭിന്ന ക്രൈസ്തവസഭകള്‍ ഇക്കാര്യത്തില്‍ ഏകമനസ്‌കരായി പ്രവര്‍ത്തിച്ചു. മോദിക്കെതിരെ വിദ്വേഷവും വെറുപ്പും പകയും നിറഞ്ഞ പ്രചരണങ്ങളായിരുന്നു ഇക്കൂട്ടര്‍ അഴിച്ചുവിട്ടത്.
പളളിയിലെ പ്രഭാഷണങ്ങളില്‍ സാത്താന്റെ ഭരണത്തിന് അവസാനം കുറിക്കാന്‍ മോദിക്കെതിരെ വോട്ട് ചെയ്യുവാന്‍ ആഹ്വാനം ചെയ്തിരുന്നു. മതമേലധ്യക്ഷന്മാര്‍തന്നെ നേരിട്ട് ക്രൈസ്തവസ്ഥാനാര്‍ത്ഥികളെയും ബന്ധുക്കളെയും സുവിശേഷപ്രസംഗത്തിന് ക്ഷണിച്ച് വര്‍ഗ്ഗീയ വിഷം നിറച്ച് മോദിക്കെതിരെ വോട്ടു ചെയ്യേണ്ടത് വിശ്വാസികളുടെ മതപരമായ ബാധ്യതയാണെന്നു ബോധ്യപ്പെടുത്തി. സമാജത്തിന്റെ സമസ്തതലങ്ങളിലും പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം ക്രൈസ്തവര്‍ അവര്‍ അംഗങ്ങളായ വിഭിന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ താല്പര്യത്തിനതീതമായി അവരുടെ പ്രവര്‍ത്തനരംഗങ്ങളിലെ ജോലിയുടെ നിയന്ത്രണങ്ങള്‍ പോലും വകവയ്ക്കാതെ മോദിയെ തോല്‍പ്പിക്കുക എന്ന ലക്ഷ്യം വിശ്വാസസംരക്ഷണത്തിന്റെ ഭാഗമായി കണക്കാക്കി. ക്രൈസ്തവ സമൂഹത്തില്‍ പെട്ട ജഡ്ജിമാരും, ഉദ്യോഗസ്ഥമേധാവികളും, റിട്ടയര്‍ ചെയ്ത ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരും, പട്ടാളമേധാവികളും, ചാനലുകളും, ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സംവാദകരും, ചര്‍ച്ച നയിക്കുന്ന അവതാരകരും, പത്രങ്ങളും, പത്രപ്രവര്‍ത്തകരും, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും, സാംസ്‌കാരിക നായകന്മാരും, വിശ്വാസികളും, അവിശ്വാസികളും, വിപ്ലവകാരികളും, ഹിന്ദുനാമധാരികളായ ക്രൈസ്തവമതാനുയായികളും, അര്‍ബന്‍ നക്‌സലുകളും, പരിസ്ഥിതിപ്രവര്‍ത്തകരും, എന്‍.ജി.ഒകളും എല്ലാവരും ഇതിനായി അണിചേരുന്നതായി കാണാം. മോദിക്കെതിരെയുളള പ്രചരണത്തില്‍ അവരുടെ വിദ്വേഷവും വെറുപ്പും പകയും വാക്കുകളിലും അംഗവിക്ഷേപങ്ങളില്‍പോലും പ്രകടമാക്കിയിരുന്നു.
കൈരളി ചാനലില്‍ എക്‌സിററ്‌പോളില്‍ പങ്കെടുത്ത പാര്‍ട്ടിയുടെ മുന്‍ എം.പിയും മാധ്യമപ്രവര്‍ത്തകനും പൊതുവെ സമചിത്തതയോടെ സംസാരിക്കുകയും കാര്യങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യുന്ന മാന്യന്‍ പത്തനംതിട്ട, തിരുവനന്തപുരം നിയോജകമണ്ഡലങ്ങളുടെ റിസല്‍ട്ടിനെ വിലയിരുത്തിക്കൊണ്ട് പറയുകയാണ്, ”പത്തനംതിട്ടയില്‍ ആന്റോ ആന്റണി ജയിക്കുകയോ വീണജോര്‍ജജ് തോല്‍ക്കുകയോ ചെയ്യുക എന്നതല്ല റിസല്‍ട്ടിന്റെ പ്രത്യേകത. കറുത്തഷര്‍ട്ടിട്ട് കറുപ്പ് കച്ചയും ധരിച്ച് അയ്യപ്പനായി നാടകം കളിച്ച് പ്രചരണം നടത്തിയ സുരേന്ദ്രന്‍ തോല്‍ക്കുന്നു എന്നതാണ്.അതുപോലെ തിരുവനന്തപുരത്ത് ദിവാകരന്‍ തോല്‍ക്കുന്നതിനെക്കാളുമോ തരൂര്‍ ജയിക്കുന്നതിനെക്കാളുമോ എനിക്കാശ്വാസം പകരുന്നത് കുമ്മനം രാജശേഖരന്‍ മൂന്നാം സ്ഥാനത്തേക്ക് പോകും എന്ന നിങ്ങളുടെ വിലയിരുത്തലാണ്.” വിപ്ലവപ്രസ്ഥാനത്തിന്റെ ക്രൈസ്തവ നാമധാരിയായ വക്കീലിന്റ അഭിപ്രായമാണിത്. ന്യൂനപക്ഷ മതാന്ധത ബാധിച്ച സാക്ഷരകേരളമാണ് നമ്മുടേത്. ഭാരതം മുഴുവനും ജാതി മതത്തിനതീതമായൊരു രാഷ്ട്ര ഭാവനയോടെ വോട്ടുചെയ്തപ്പോള്‍ കേരളത്തില്‍ മുമ്പെങ്ങും കാണാത്ത ക്രൈസ്തവ ധ്രുവീകരണം നടന്നു.
കേരളത്തില്‍ വമ്പിച്ച വോട്ട് വര്‍ദ്ധനയുണ്ടായിട്ടും തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍ഡിഎക്ക് അത് വിജയത്തിലെത്തിക്കുവാന്‍ സാധിക്കാതെ വന്നത് ബി.ജെ.പിക്കെതിരെ ക്രൈസ്തവ സമൂഹത്തിന്റെ തന്ത്രപരമായ വോട്ടുരേഖപ്പെടുത്തല്‍ കാരണമാണ്. ക്രൈസ്തവസമൂഹം പൊതുവെ സേവനനിരതരും വിദ്യാസമ്പന്നരും സമാധാനകാംക്ഷികളുമാണെന്നാണ് ധാരണ. അവരുടെ വിദ്യാഭ്യാസ-ആതുരശുശ്രൂഷാ രംഗങ്ങളിലെ പ്രവര്‍ത്തനംമൂലം മറ്റു മതസ്ഥരുടെയിടയിലും അംഗീകാരവും സഹവര്‍ത്തിത്വവും വളര്‍ത്തിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. മതമൗലികവാദം പെട്ടെന്ന് സ്വാധീനിക്കുമെങ്കിലും മത തീവ്രവാദം ക്രൈസ്തവര്‍ ഒരിക്കലും അംഗീകരിക്കാത്തതാണ്. സ്വാഭാവികമായി ആചാരാനുഷ്ഠാനങ്ങള്‍ അംഗീകരിക്കുകയും ആചാരലംഘനങ്ങള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തിന്റെ പ്രചരണം, എല്‍.ഡി.എഫിന്റെ തീവ്രഹിന്ദുവിരുദ്ധനിലപാടുകള്‍ക്കെതിരെ ഉണ്ടായ വികാരം, ഹിന്ദു വോട്ട് ബി.ജെ.പിയിലേയ്ക്ക് പൂര്‍ണ്ണമായും കേന്ദ്രീകരിക്കാതെ ശബരിമല ആചാരലംഘനത്തിനെതിരെ നിലപാടെടുത്ത യു.ഡി.എഫിലേക്ക് കേന്ദ്രീകരിക്കാന്‍ സഹായകമായി (ജയസാധ്യതയില്ലാത്ത ബി.ജെ.പിക്ക് ചെയ്യുന്ന വോട്ട് പ്രയോജനമില്ലാതാകുമെന്ന തന്ത്രപരമായ പ്രചരണം മൂലം).
കഴിഞ്ഞകുറെക്കാലമായി മോദിഭരണത്തിന്റെ കീഴില്‍ ഉയര്‍ന്നുവന്ന സാംസ്‌കാരിക ദേശീയതയെ വികലമായി, അസഹിഷ്ണുതയായി ചിത്രീകരിച്ച്, അതിന് ഉദാഹരണമായി ഭാരതത്തില്‍ നടക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളെ കൂട്ടിയിണക്കി രാജ്യത്തെ ന്യൂനപക്ഷ പീഡനമാക്കി പ്രചരിപ്പിച്ചു. വന്ദ്യവയോധികനായ ടി.ജെ.എസ്.ജോര്‍ജ്ജ് ‘ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസി’ലെ ഞായറാഴ്ച പംക്തിയില്‍ നിരന്തരം വായനക്കാര്‍ക്ക് മോദിവിരുദ്ധ വികാരം സുവിശേഷങ്ങളായി നിരത്തിയിരുന്നു. ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് 2019 മാര്‍ച്ച് 17ന് അദ്ദേഹം എഴുതി.
this is going to be the make or break election. It will either make the idea of India liable or it will break it completely. ….If the rulling dipensation win, they will make sure they don’t loose again. Get ready for the bitterest, most cold-blooded election in the history of our democracy.
മോദി ഭരണത്തിനോടുളള വെറുപ്പിന്റെ തീവ്രത നിഴലിക്കുന്ന ഈ വരികളിലെ ചിന്തയാണ് ഈ മതനേതൃത്വം മനഃപൂര്‍വ്വമായി സൃഷ്ടിച്ച് പ്രചരണമാക്കിയത്. ഇലക്ഷന്‍ ഫലം വന്നപ്പോള്‍ ഒരു കുമ്പസാരമെന്നപോലെ അദ്ദേഹം തന്റെ പ്രതിവാര കോളത്തില്‍ എഴുതുന്നത് ഈ വസ്തുത ഊട്ടിയുറപ്പിക്കുന്നു.
“honesty being the best policy, I need to admit that I was with those who considered the BJP divisive and Amit Shah untrust worthy. So the latters stunning victory stunnd me. (NIE, 26/5/2019).
മോദിയുടെ ‘സബ്കാ സാഥ് സബ്കാ വികാസ്, സബ്കാ വിശ്വാസ്, മുസ്ലീം മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരില്‍ വലിയ വിശ്വാസം സൃഷ്ടിച്ചപ്പോള്‍ എന്തുകൊണ്ട് പൊതുവെ സൗമ്യരും സമാധാനകാംക്ഷികളും രാജ്യസ്‌നേഹികളുമായി കണക്കാക്കുന്ന ക്രൈസ്തവസമുദായം മതമൗലികവാദികളെപോലെ അന്ധമായി മോദിഭരണത്തിനെതിരെ തന്ത്രപരമായി വോട്ടുചെയ്തു? ക്രൈസ്തവപ്രചരണത്തിന് ഭാരതമൊട്ടുക്കും മിഷനറികളെ നല്‍കുന്ന, അതിനാവശ്യമായ അര്‍ത്ഥവും അധികാരവും ഉളള മതമേലധ്യക്ഷന്മാരുടെ ആസ്ഥാനവുമുളള ക്രൈസ്തവഭൂരിപക്ഷ പ്രദേശമാണ് കേരളം. അവര്‍ക്ക് രാഷ്ട്രീയ സമവാക്യങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കും.
ലോകസഭയില്‍ സാന്നിദ്ധ്യമില്ലാതിരുന്നിട്ടും കേരളത്തില്‍ നിന്നുളള ഒരു ക്രിസ്ത്യന്‍മന്ത്രി കേന്ദ്രത്തിലുണ്ടാകുന്നതിന് ഭാരതീയജനതാപാര്‍ട്ടിക്ക് സന്തോഷമേ ഉണ്ടായിരുന്നുളളൂ. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് മതിയായ പ്രാതിനിധ്യം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഉറപ്പാക്കി. ഇതര മതവിഭാഗങ്ങളോടൊപ്പം ക്രൈസ്തവ ദേവാലയങ്ങളുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കൈയ്യയച്ച് ധനസഹായം ചെയ്യുന്നതിനും മോദിസര്‍ക്കാര്‍ തുറന്ന മനസ്സുകാട്ടി. എന്നിട്ടും കാട്ടിയ മോദിവിരോധം എന്തുകൊണ്ടുണ്ടായി എന്ന് ക്രൈസ്തവസമൂഹം സ്വയം ചിന്തിക്കണം.
മതപരിവര്‍ത്തനത്തിനായി രാജ്യത്തേയ്ക്ക് എന്‍.ജി.ഒകള്‍ വഴി ഒഴുകുന്ന കോടികള്‍ക്ക് മോദി സര്‍ക്കാര്‍ തടസ്സമിട്ടു. ക്രിസ്ത്യന്‍ എന്‍.ജി.ഒകളുടെ കള്ളക്കളികളും മതപ്രചരണ-ദേശദ്രോഹനീക്കങ്ങളും തടഞ്ഞു. കോടികളുടെ തിരിമറി നടത്തുന്ന പാതിരിപ്പടയ്ക്ക് വെള്ളത്തില്‍ നിന്നു കരയ്ക്ക് എടുത്തിട്ട മത്സ്യത്തിന്റെ അനുഭവമുണ്ടായി. സോണിയ കുടുംബത്തിന്റെ ഭരണത്തില്‍ അവര്‍ക്കു ലഭിച്ച അനധികൃത സൗകര്യങ്ങള്‍ ഇല്ലാതായി. ഇതാണ് ക്രിസ്ത്യന്‍ വോട്ട് നിര്‍ണ്ണായകമായ തെക്കന്‍ കേരളത്തിലും മലയോരമേഖലയിലും കണ്ടത്.
Comments