”ആരായിരുന്നു മുത്തശ്ശീ എല്ലാം കണ്ടുകൊണ്ടു നില്‍ക്കുന്നൊരാള്‍?”
”ഹരിണനെ ഉപദ്രവിക്കാന്‍ വന്ന വല്ലവരുമാണോ?”
”ഹേയ്… അല്ല. ഇഗ്വദ്വീപില്‍ ആരും ആരെയും ഉപദ്രവിക്കില്ലെന്നു ഞാന്‍ മുമ്പേ പറഞ്ഞിരുന്നില്ലേ?”
”പിന്നെയാരാണ്?”
”നമ്മുടെ അരയന്നരാജ്ഞി തന്നെ. അല്ലാതെ മറ്റാര്? രാജ്ഞിക്കൊരു പ്രത്യേകതയുണ്ടായിരുന്നു. ദ്വീപിന്റെ എല്ലാ ഭാഗത്തുകൂടെയും ഇടയ്ക്കിടെ സഞ്ചരിക്കും. പ്രധാനമായും പാല്‍പ്പുഴയിലൂടെയും തേനരുവിയിലൂടെയുമാണ് രാജ്ഞിയുടെ യാത്ര. ദ്വീപിലെ ജീവികളുടെ ക്ഷേമമന്വേഷിക്കാനായിരുന്നു ഈ യാത്ര. കുറച്ചു ദിവസങ്ങളായി കരിനീലന്‍ കാക്കയെയും ഹരിണനെയും കാണാനില്ലല്ലോയെന്ന് രാജ്ഞി വിചാരിച്ചിരുന്നു. പുതിയ ചില കവിതകള്‍ ഹരിണനെക്കൊണ്ട് എഴുതിക്കാനും രാജ്ഞി ആലോചിച്ചിരുന്നു. അങ്ങനെയിരിക്കെയാണ് ആ കാഴ്ച കണ്ടത്.”
”അപ്പോള്‍ രഹസ്യമായി കരിനീലനും ഹരിണനും നടത്തിയ പരിശീലനം രാജ്ഞി കണ്ടുപിടിച്ചുവല്ലേ? കഷ്ടമായിപ്പോയി.”
”ഇല്ലില്ല. ഒരു കഷ്ടവുമില്ല. രാജ്ഞിക്ക് എല്ലാം മനസ്സിലായി. ഹരിണന്‍ പരീക്ഷയില്‍ തോറ്റുപോയതില്‍ രാജ്ഞിക്കും വിഷമമുണ്ടായിരുന്നു. കൊട്ടാരം കവിയല്ലേ? ദ്വീപിന്റെ ദേശീയഗാനവും പ്രാര്‍ത്ഥനയുമെഴുതിയ ആള്‍. അങ്ങനെ തോറ്റുപോയാല്‍ നാണക്കേടല്ലേ? രാജ്ഞി മുന്‍കയ്യെടുത്ത് ഹരിണന് രഹസ്യപരിശീലനം കൊടുക്കാന്‍ ആലോചിച്ചിരുന്നു. അപ്പോഴാണിവിടെ അതീവരഹസ്യമായി കവി കരിനീലന്‍ കാക്കയുടെ സഹായത്തോടെ സ്വയം പരിശീലിക്കുന്നത്. വൈകാതെ രാജ്ഞി രാജാവിനോട് ഇക്കാര്യം പറഞ്ഞു.”
”ഉം.. എനിക്കും തോന്നിയിരുന്നു. ഹരിണന്‍ രഹസ്യമായെന്തോ ചെയ്യുന്നുണ്ടെന്ന്. കൊട്ടാരം കവിയായിട്ടും എപ്പോഴുമിവിടെ വരുന്നില്ലല്ലോ. പിന്നെ എന്നും രാവിലെ ഒരു നിശ്ചിതസമയം കഴിഞ്ഞിട്ടേ അവനെ കാണാന്‍ കിട്ടുള്ളൂ. ഏതായാലും നന്നായി. ഹരിണന് ആത്മവിശ്വാസം കൊടുത്ത് പരിശീലിപ്പിച്ച കരിനീലന്‍ കാക്കയ്ക്ക് നല്ലൊരു സമ്മാനം കൊടുക്കണം.”
സിംഹരാജാവ് പറഞ്ഞു. അദ്ദേഹം ഉടനെ വിദ്യാലയത്തിലെ പ്രധാനാദ്ധ്യാപകനായ കടുവ മാഷെ വിളിപ്പിച്ചു.
”മാഷെ, നമ്മുടെ വിദ്യാലയത്തിലെ ഒരു പോരായ്മയായിരുന്നു ഹരിണന്‍ പരീക്ഷയില്‍ ജയിക്കാതെ പോയത്. അതെന്തുകൊണ്ടാണെന്ന് നമ്മളാരും അന്വേഷിച്ചില്ലെന്നതാണ് സത്യം.”
കടുവ മാഷ് തലതാഴ്ത്തിനിന്നു. മാഷിനും അക്കാര്യത്തില്‍ വിഷമമുണ്ടായിരുന്നു.
”ഹരിണനെപ്പോലെ അംഗവൈകല്യംകൊണ്ടും ബുദ്ധിവളര്‍ച്ചകൊണ്ടുമൊക്കെ വ്യത്യസ്തരായ കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും അവരെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുമുള്ള പദ്ധതികള്‍കൂടെ നമ്മുടെ വിദ്യാലയത്തിലുണ്ടാകണം.”
”അതെ രാജാവേ. ഞാനതാലോചിച്ചതാണ്. ഹരിണനെ മാറ്റിനിര്‍ത്തരുതെന്ന് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതുമാണ്.”
”അതുകൊണ്ടു കാര്യമില്ല. അവര്‍ മാറ്റിനിര്‍ത്തപ്പെടുകയോ ഒറ്റപ്പെടുത്തപ്പെടുകയോ ചെയ്യരുതെന്നത് ശരി തന്നെ. പക്ഷെ അതൊടൊപ്പം അവരുടെ കഴിവുകള്‍ മനസ്സിലാക്കി പരിശീലനം കൊടുക്കാനും വ്യവസ്ഥയുണ്ടാകണം. എന്നാല്‍ മാത്രമേ അവരെക്കൂടെ നമുക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ.”
സിംഹരാജാവിന്റെ നിര്‍ദ്ദേശം കടുവമാഷ് തലകുലുക്കി കേട്ടു. ചെയ്യാമെന്ന് സമ്മതിച്ചു. ഹരിണന് സ്വന്തം കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും വിജയം നേടാനുമുള്ള അവസരമുണ്ടാക്കിക്കൊടുക്കണമെന്നും അതിനായി ദ്വീപിലൊരു മത്സരം സംഘടിപ്പിക്കണമെന്നും തീരുമാനിച്ചു.
”എന്തു മത്സരമാണ് സംഘടിപ്പിക്കുക?”
”ഓട്ടമത്സരമായാലോ?”
”പക്ഷെ, ഓട്ടമത്സരത്തില്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുമോ? ആമയെപ്പോലെയുള്ള ജീവികള്‍ക്കും ഇഴജീവികള്‍ക്കും വേഗത്തില്‍ ഓടാന്‍ കഴിയില്ലല്ലോ.”
”അതു ശരിയാണ്. പക്ഷെ നമ്മുടെ ലക്ഷ്യം ഹരിണന് പരിഗണന കൊടുക്കുകയെന്നതാണല്ലോ. ഹരിണന്‍ നല്ലവണ്ണം എഴുതുകയും വായിക്കുകയും ചെയ്യുന്നുണ്ടെന്നല്ലേ പറഞ്ഞത്. വേണമെങ്കില്‍ ഒരു വായനാമത്സരമോ, രചനാമത്സരമോ നടത്താം.”
”അതെ. അതാണ് നല്ലത്. വായനാ മത്സരമോ, രചനാ മത്സരമോ ആവാം. അതാവുമ്പോള്‍ എല്ലാവര്‍ക്കും ഒരുപോലെ പങ്കെടുക്കാം. എല്ലാവരും ഇഗ്വാള ഭാഷ ഒരുപോലെ പഠിച്ചതാണല്ലോ.”
ചര്‍ച്ചകള്‍ക്കൊടുവില്‍ ഇഗ്വാള വായനാമത്സരവും കവിതരചനാ മത്സരവും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. മത്സര വിവരം ദ്വീപില്‍ എല്ലായിടത്തും വിളംബരം ചെയ്തു. ഹരിണനും കാലിയയും ഈ വിവരമറിഞ്ഞപ്പോള്‍ സന്തോഷിച്ചു.
”ഹരിണാ, നമുക്കെന്തുവന്നാലും മത്സരത്തില്‍ പങ്കെടുക്കണം. സമ്മാനവും വാങ്ങണം.”
കരിനീലന്‍ പറഞ്ഞപ്പോള്‍ ഹരിണന് ആത്മവിശ്വാസമുണ്ടായിരുന്നു. അവന്‍ തലകുലുക്കി സമ്മതിച്ചു. മത്സരത്തിന് ഇനിയും ഒരാഴ്ചകൂടെ സമയമുണ്ട്. ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തണം.
”കൊട്ടാരം കവി മത്സരത്തില്‍ പങ്കെടുത്താല്‍ കുഴപ്പമുണ്ടോ?”
സിംഹരാജാവിനോടുതന്നെ അവന്‍ സംശയം ചോദിച്ചു.
”ഹേയ്. അങ്ങനെയൊന്നുമില്ല. മത്സരത്തിന്റെ സമ്മാനം നല്‍കുന്ന വേദിയില്‍ വെച്ച് കൊട്ടാരം കവിയെന്ന പദവി എല്ലാവരുടെയും മുന്നില്‍ പ്രഖ്യാപിക്കുകയുമാകാം.”
രാജാവ് പറഞ്ഞപ്പോള്‍ അവന്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങി. മത്സരത്തിനായി നന്നായി പരിശീലിക്കണം. പരാജയപ്പെട്ടാല്‍ ചിലപ്പോള്‍ കവിപദവിപോലും നഷ്ടപ്പെട്ടുവെന്ന് വരാം.
”ഈയൊരാഴ്ച നീ നല്ലപോലെയിരുന്ന് വായിക്കുകയും എഴുതുകയും ചെയ്താല്‍ നിനക്ക് സമ്മാനം കിട്ടുമെന്നതുറപ്പാണ്.”
കരിനീലന്‍ അവനെ പ്രോത്സാഹിപ്പിച്ചു. ഇതിനകം എല്ലാ കിടങ്ങുകളും ഹരിണന്‍ ചാടിക്കടന്നുകഴിഞ്ഞിരുന്നു. എത്ര വലിയ കിടങ്ങും നിഷ്പ്രയാസം ചാടിക്കടക്കാനവനിപ്പോള്‍ സാധിക്കും. എത്ര വേഗത്തില്‍ വേണമെങ്കിലും ഓടാനും സാധിക്കും. തന്റെ ഓടാനുള്ള കഴിവുകൂടെ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നുവെന്ന് അവന് തോന്നി. അങ്ങനെയിരിക്കെ മത്സരദിനം വന്നെത്തി. എല്ലാ ദ്വീപുവാസികളും മത്സരത്തില്‍ പങ്കെടുക്കുന്നതിനായി വിദ്യാലയ പരിസരത്തേക്കെത്തിച്ചേര്‍ന്നു. കടുവാമാഷും കുറുക്കി ടീച്ചറും സിംഹരാജാവും അരയന്ന രാജ്ഞിയുമൊക്കെ നേരത്തേയെത്തിയിരുന്നു. എല്ലാവര്‍ക്കും ഇരിക്കാനുള്ള ഇരിപ്പിടങ്ങള്‍ നേരത്തേ തയ്യാറാക്കിയിരുന്നു. ദ്വീപിന് ഒരു വിദ്യാലയമെന്ന ആശയം മുന്നോട്ടുവെച്ച ചിത്തന്‍ മുയലിനും പ്രത്യേകം ഇരിപ്പിടമുണ്ടായിരുന്നു.
”നമ്മള്‍ ആദ്യം സംഘടിപ്പിക്കുന്നത് വായനാ മത്സരമാണ്. ഇഗ്വാള ഭാഷയിലെഴുതപ്പെട്ട നമ്മുടെ ദ്വീപിന്റെ ചരിത്രപുസ്തകമാണ് വായിക്കേണ്ടത്. അക്ഷരത്തെറ്റുകൂടാതെ ആകര്‍ഷകമായി ഏറ്റവും നന്നായി വായിക്കുന്നയാള്‍ക്കാണ് സമ്മാനം.”
എല്ലാവരും ആര്‍പ്പുവിളികളോടെ മത്സരത്തെ സ്വാഗതം ചെയ്തു. ഓരോരുത്തരായി വായന തുടങ്ങി. കുറുക്കി ടീച്ചറും കടുവാമാഷും ചിത്തന്‍ മുയലുമായിരുന്നു വിധി കര്‍ത്താക്കള്‍. ഏറ്റവുമൊടുവിലായിരുന്നു ഹരിണന്‍ വായിച്ചത്. ഹരിണന്റെ വായന തുടങ്ങിയപ്പോള്‍ മറ്റ് മൃഗങ്ങളും പക്ഷികളും ഉരഗങ്ങളുമെല്ലാം അതില്‍ മുഴുകിപ്പോയി. അത്ര മനോഹരമായായിരുന്നു വായന. നിര്‍ത്തേണ്ടിടത്ത് നിര്‍ത്തിയും, ഉച്ചാരണ ശുദ്ധിയോടെയും എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ ഉച്ചത്തിലും. ഹരിണന്‍ വായിച്ചുകഴിഞ്ഞപ്പോള്‍ വന്‍ കരഘോഷമുണ്ടായി. വിജയിയാരാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആര്‍പ്പു വിളികളോടെ ഹരിണനെ എല്ലാവരും എടുത്തുയര്‍ത്തി.
(തുടരും)