ഹരിണന് വെള്ളത്തിലേക്ക് വീണുപോയി. അടുത്ത നിമിഷം ഉച്ചത്തില്‍ അവന്റെ നിലവിളിയുയര്‍ന്നു.
“ഹയ്യോ! ആരെങ്കിലുമെന്നെ രക്ഷിക്കണേ.. ഞാന്‍ വെളളത്തില്‍ വീണുപോയേ..”
“ശ്ശെ.. കരയല്ലേ. ആരെങ്കിലും കണ്ടാല്‍ നാണക്കേടാണ്. വേഗം വെള്ളത്തില്‍ നിന്നും നീന്തിക്കയറ്. വേഗമാവട്ടെ.”
അതേവരെ വെള്ളത്തില്‍ നീന്തിയിട്ടില്ലെങ്കിലും കരിനീലന്‍ പറഞ്ഞതനുസരിച്ച് ഹരിണന്‍ നീന്തിനോക്കി. എങ്ങനെയോ നീന്തി അവന് കരയിലെത്താന്‍ കഴിഞ്ഞു.
“ഇല്ല. ഇനി ഞാനില്ല കരിനീലന്റെ പറച്ചില്‍ കേട്ട് വെള്ളത്തില്‍ ചാടാന്‍. ഹൊ! ശരീരം വിറയ്ക്കുന്നു. എന്തൊരു തണുപ്പ്!”
“ഹ..ഹ.. വെള്ളത്തിന് പിന്നെ തണുപ്പില്ലാതിരിക്കുമോ? ഒന്നുകൂടെ ചാടിനോക്കൂ. ചിലപ്പോള്‍ വെള്ളത്തില്‍ വീഴാതെ അപ്പുറത്തേക്കെത്താന്‍ കഴിയും. നോക്കൂ.”
ഹരിണന്‍ ദേഷ്യത്തോടെ കരിനീലനെ നോക്കി.
“നീയെന്നെ വീണ്ടും കുഴപ്പത്തില്‍ ചാടിക്കാനുള്ള പരിപാടിയാണല്ലേ. ഇനി ഞാനില്ല ചാടാനും വെള്ളത്തില്‍ വീഴാനും.”
“ചാടി വെള്ളത്തില്‍ വീഴാന്‍ ഞാന്‍ പറഞ്ഞോ? കിടങ്ങ് ചാടിക്കടക്കാനല്ലേ ഞാന്‍ പറഞ്ഞത്? വിശ്രമിക്കാതെ നീ വീണ്ടും ചാടിനോക്കൂ. അടുത്ത തവണ വിജയിക്കും. ഉറപ്പാണ്. ഞാനല്ലേ പറയുന്നത്?”
കരിനീലന്റെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെ ഹരിണന്‍ ഒരുവട്ടം കൂടെ ചാടിനോക്കി.
“ശ്‌ര്ര്‍ര്‍.. ബ്ലും..”
വീണ്ടും വെള്ളത്തില്‍ വീഴുകതന്നെയായിരുന്നു വിധി. പക്ഷെ ഇത്തവണ കിടങ്ങിന്റെയങ്ങേക്കരയിലേക്ക് മുന്‍കാലുകളൂന്നാന്‍ കഴിഞ്ഞു. അവിടുന്നു പിന്നോട്ടൂര്‍ന്നു വീഴുകയായിരുന്നു. കാലുളുക്കിയെന്നാ തോന്നുന്നത്. വല്ലാത്ത വേദന. വെള്ളത്തില്‍ വീണ ഹരിണന്‍ വേഗം തിരിച്ചു നീന്തി കരകയറി. നീന്താന്‍ ഇത്തവണ കൂടുതലെളുപ്പമായിരുന്നു.
“ഊം.. മിടുക്കന്‍. മുന്‍കാലുകള്‍ മറുകരയിലെത്തിയല്ലോ. നമ്മള്‍ പകുതി ജയിച്ചു. നീ വളരെ വേഗത്തില്‍ പഠിക്കുന്നുണ്ട് കാര്യങ്ങള്‍. ഒന്നുകൂടെ ചാടിനോക്കൂ.”
“ഊം.. ഊം. ഇല്ല. ഞാനില്ല ഇനിയും വീഴാന്‍. എന്റെ കാലുളുക്കിപ്പോകാതെ രക്ഷപ്പെട്ടത് ഭാഗ്യം.
എനിക്ക് ഇളം പുല്ലുകള്‍ വേണ്ടായേ.”
ചുരുണ്ടുകൂടിക്കിടക്കുന്ന ഹരിണനെ കരിനീലന്‍ കളിയാക്കിച്ചിരിച്ചു.
“ഹയ്യേ. നീയ്യൊരു മാന്‍കുട്ടിയല്ലേ? മുയലുകള്‍ പോലും വളരെയെളുപ്പത്തില്‍ ഇതിലും വലിയ കിടങ്ങുകള്‍ ചാടിക്കടക്കും. കണ്ടില്ലേ? ദാ അവിടെ നോക്കൂ.”
ശരിയായിരുന്നു. ദുരെ ഒരുകൂട്ടം മുയലുകള്‍ കിടങ്ങിന്റെ അങ്ങേക്കരയിലേക്കും ഇങ്ങേക്കരയിലേക്കും നിഷ്പ്രയാസം ചാടിക്കടക്കുന്നു. ഇത്തിരിപ്പോന്ന മുയലുകള്‍ക്ക് സാധിക്കുമെങ്കില്‍ വലിയ കാലുകളുള്ള മാന്‍കുട്ടിയായ എനിക്ക് എളുപ്പത്തില്‍ ചാടാവുന്നതേയുള്ളൂ. മുഴുവന്‍ ശക്തിയുമെടുത്ത് ഒരിക്കല്‍ക്കൂടെ ഹരിണന്‍ കിടങ്ങിന്റെ മറുകരയിലേക്ക് ഒരൊറ്റ ചാട്ടം. കരിനീലന് തടയാന്‍ കഴിയുന്നതിനും മുമ്പായിരുന്നു അത്. ആ സമയത്ത് കിടങ്ങിലെ വെള്ളത്തിലൂടെയൊരു പാമ്പ് നീന്തിപ്പോകുന്നുണ്ടായിരുന്നു. മാന്‍കുട്ടിയെങ്ങാന്‍ വെളളത്തിലേക്കു വീണാല്‍ പാമ്പിന്റെ മേലേക്കായിരിക്കും വീഴുക. അതിനു വേദനിച്ചാല്‍ ചിലപ്പോള്‍ കടിച്ചെന്നും വരും. ഹരിണന്‍ വീഴുന്നതു കണ്ടുനില്‍ക്കാനാവാതെ കരിനീലന്‍ കണ്ണുകള്‍ മുറുക്കെ ചിമ്മി. കാതുകള്‍ പൊത്തി.
“എവിടെ? ബ്ലും ശബ്ദമൊന്നും കേള്‍ക്കാനില്ലല്ലോ. ഹരിണനെന്തു പറ്റി?”
സാവധാനത്തില്‍ കണ്ണുകള്‍ തുറന്നുനോക്കിയപ്പോള്‍ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. കിടങ്ങിന്റെ മറുകരയില്‍നിന്ന് ഒന്നുമറിയാത്ത ഭാവത്തില്‍ ഹരിണന്‍ ഇളം പുല്ലുതിന്നുന്നു! ങ്‌ഹേ! അവന്‍ വീണില്ലേ? കിടങ്ങു ചാടിക്കടന്നോ? ഇത്രപെട്ടെന്ന് ചാടിക്കടക്കാന്‍ സാധിക്കുമെന്ന് കരിനീലന്‍ പോലും കരുതിയിരുന്നില്ല. ഹരിണന്‍ അങ്ങേക്കരയില്‍നിന്നും കരിനീലനെ നോക്കി കുസൃതിച്ചിരി ചിരിച്ചു.
“ഇനി ഞാന്‍ തിരിച്ചും ചാടിക്കാണിക്കട്ടേ? ദാ.. ഇങ്ങനെ..”
വളരെയെളുപ്പം ഹരിണന്‍ ഇങ്ങേക്കരയിലേക്കും ചാടിക്കടന്നു. വിജയിച്ചതിന്റെ ലഹരിയില്‍ അഞ്ചു പത്തുതവണ അങ്ങോട്ടുമിങ്ങോട്ടുമവന്‍ ചാടിക്കടന്നു.
“ഇനിയൊരു കിടങ്ങുകൂടെയുണ്ട്. അതിനപ്പുറത്ത് ഇതിലും മധുരമുളള പുല്ലുണ്ട്. നിനക്ക് കാണണ്ടേ?”
കരിനീലന്റെ പിന്നാലെയോടി അവന്‍ അടുത്ത കിടങ്ങിനടുത്തേക്കെത്തി. അത് കുറച്ചുകൂടെ വലുതായിരുന്നു. എങ്കിലും ശ്രമിച്ചാല്‍ ചാടിക്കടക്കാന്‍ കഴിയാതിരിക്കില്ലെന്ന് ഹരിണന് ആത്മവിശ്വാസം തോന്നി. കരിനീലന്റെ പ്രോത്സാഹനവും കൂടിയായപ്പോള്‍ അവന്‍ ആഞ്ഞു ചാടി. രണ്ടു മൂന്നു തവണ വെള്ളത്തില്‍ വീണുപോയെങ്കിലും, അവസാനം അവന്‍ വിജയിക്കുക തന്നെ ചെയ്തു. അതിനപ്പുറത്ത് അതിലും വീതികൂടിയ കിടങ്ങുണ്ടായിരുന്നു. ശ്രമങ്ങള്‍ക്കൊടുവില്‍ ഹരിണന്‍ എന്ന വികലാംഗനായ മാന്‍കുട്ടി ആ വീതിയേറിയ കിടങ്ങുകളെല്ലാം ചാടിക്കടന്നു. ഓരോ കിടങ്ങു ചാടിക്കടക്കുമ്പോഴും അവന്റെ സന്തോഷമൊന്നു കാണേണ്ടതായിരുന്നു.
“ഹായ്.. ഉമ്മ.. എന്റെ ജയത്തിനു പിന്നില്‍ കരിനീലനാണ്.”
അവന്‍ കരിനീലനെ കെട്ടിപ്പിടിച്ചുമ്മ വെച്ചു. അവരുടെ സന്തോഷപ്രകടനങ്ങളും, രഹസ്യപരിശീലനവുമെല്ലാം കണ്ടുകൊണ്ടൊരാള്‍ ദൂരെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
(തുടരും)