ഹരിണന് സന്തോഷം കൊണ്ട് കോരിത്തരിച്ചു. എല്ലാം കണ്ടുകൊണ്ട് മരക്കൊമ്പിലിരിക്കുകയായിരുന്ന കരിനീലന്‍ അവനെ നോക്കി കണ്ണിറുക്കി.
”ഇനി കവിതരചനാ മത്സരമാണ്. നമ്മുടെ ദ്വീപിനെക്കുറിച്ചൊരു കവിതയെഴുതണം. എന്താ മത്സരത്തില്‍ പങ്കെടുക്കാന്‍ എല്ലാവരും തയ്യാറല്ലേ?”
”അയ്യോ! കവിതയെഴുതാനൊന്നും ഞങ്ങള്‍ക്കറിയില്ലേ.”
കൂടുതല്‍ പേരും കവിതയെഴുതുന്നതില്‍ നിന്നും വിട്ടുനിന്നു. അവര്‍ക്ക് കഷ്ടിച്ച് വായിക്കാനും എഴുതാനുമേ അറിയുമായിരുന്നുള്ളൂ. കവിതാമത്സരം നടത്തുന്നതില്‍ അവര്‍ക്ക് വിയോജിപ്പുമുണ്ടായി
രുന്നില്ല. കവിതാരചനയിലും ഹരിണനു തന്നെയായിരുന്നു ഒന്നാം സ്ഥാനമെന്ന് പറയേണ്ടതില്ലല്ലോ.
”എന്താണ് ഹരിണനെഴുതിയ കവിതയുടെ പേര്?”
മത്സരഫലം വന്നപ്പോള്‍ സിംഹരാജാവ് ആകാംക്ഷയോടെ ചോദിച്ചു. ഹരിണന് ഒന്നാം സ്ഥാനം കിട്ടണമെന്ന് രാജാവിനും രാജ്ഞിക്കും ഉള്ളില്‍ വലിയ ആഗ്രഹമുണ്ടായിരുന്നു.
‘ഇഗ്വാളനിലാവ്’ കവിതാരചനയില്‍ വിധികര്‍ത്താക്കളില്‍ ഒരാളായിരുന്ന കുറുക്കിട്ടീച്ചര്‍ പറഞ്ഞു.
”ഇഗ്വാളനിലാവ്.. ഇഗ്വാളനിലാവ്.. നല്ല പേരാണല്ലോ. ഇതേപേരില്‍ ഹരിണനെഴുതിയ കവിതകളെല്ലാം സമാഹരിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കണം.”
രാജാവ് ആവശ്യപ്പെട്ടു. കടുവമാഷിനും കുറുക്കിട്ടീച്ചര്‍ക്കുമായിരിക്കും പുസ്തകപ്രസിദ്ധീകരണത്തിന്റെ ചുമതലയെന്നും പ്രഖ്യാപനമുണ്ടായി.
എല്ലാവരും ഹരിണനെ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എങ്കിലും അവിടവിടെനിന്നും ചില മുറുമുറുപ്പുകളുയര്‍ന്നു. മത്സരമല്ലേ. തോറ്റുപോയവര്‍ക്ക് അതൃപ്തിയുണ്ടാകും.
”അതു ശരിയാ ഞങ്ങളുടെ സ്‌കൂളിലും മത്സരത്തില്‍ തോറ്റുപോകുമ്പോള്‍ കുട്ടികള്‍ക്ക് സങ്കടമുണ്ടാവാറുണ്ട്.”
കണ്ണന്‍ ഇടയ്ക്കു കയറിപ്പറഞ്ഞു. മുത്തശ്ശിയവനെ നോക്കി ചിരിച്ചു.
”അതെ. ഇവിടെയും ചിലര്‍ക്ക് സങ്കടമുണ്ടായി. വിജയിയായ ഹരിണനോട് ചെറിയ അസൂയയും തോന്നി ചിലര്‍ക്ക്.”
”വായനാമത്സരവും കവിതാമത്സരവും മാത്രം പോര. ഓട്ടമത്സരവും വേണം.”
മുയലുകളും മാനുകളും പുലികളും ആവശ്യപ്പെട്ടു.
”അതെ… അതെ.. ഓട്ടമത്സരം വേണം. ഓടാന്‍ അറിയാവുന്ന എല്ലാവരും പങ്കെടുക്കട്ടെ. ആരാണ് ദ്വീപിലെ ഏറ്റവും വലിയ ഓട്ടക്കാരനെന്ന് കണ്ടുപിടിക്കാമല്ലോ.”
ഹരിണന് കാലിനു വയ്യാത്തതിനാല്‍ ഓടാന്‍ കഴിയില്ലെന്നായിരുന്നു അവരുടെയൊക്കെ വിചാരം. അവന്റെ പരിശീലനത്തെക്കുറിച്ച് രാജാവും രാജ്ഞിയും കടുവാമാഷും മാത്രമേ അറിഞ്ഞിരുന്നുള്ളൂ. അവര്‍ ഓട്ടമത്സരത്തിനു സമ്മതിച്ചു.
മൃഗങ്ങളെല്ലാവരും മൈതാന ത്തെ മത്സരം തുടങ്ങുന്നയിടത്തു വരച്ചിരുന്ന വരയില്‍ മുന്‍കാല്‍ വെച്ചു നിന്നു. ദ്വീപിന്റെ അങ്ങേയറ്റത്ത് നാട്ടിയിരിക്കുന്ന കൊടിയുടെയടുത്തേക്കായിരുന്നു ഓടിയെത്തേണ്ടിയിരുന്നത്. ആദ്യം ഓടിയെത്തുന്നയാള്‍ വിജയിക്കും. ഹരിണനും മത്സരത്തിനു തയ്യാറായി നില്‍ക്കുന്നതു കണ്ട മറ്റുള്ളവര്‍ ഉള്ളില്‍ ചിരിക്കാന്‍ തുടങ്ങി. ഓടിത്തുടങ്ങുമ്പോഴേക്കും അവന്‍ വീണുതുടങ്ങുമെന്നായിരുന്നു അവര്‍ കരുതിയിരുന്നത്.
വീരന്‍ ചീറ്റപ്പുലിക്കായിരുന്നു ഓട്ടമത്സരത്തിന്റെ ചുമതല. വീരന്‍ പുലി വിസിലടിക്കുമ്പോള്‍
ഓടിത്തുടങ്ങണം.
”റെഡി.. വണ്‍.. ടൂ.. ത്രീ.. സ്റ്റാര്‍ട്ട്..”
വിസിലടി ശബ്ദം കേട്ടപ്പോഴേക്കും മൃഗങ്ങള്‍ ശരംവിട്ടതുപോലെ പാഞ്ഞു. ആരും ആരെയും നോക്കുന്നുണ്ടായിരുന്നില്ല. ഈ മത്സരത്തിലെങ്കിലും ജയിക്കണമെന്നായിരുന്നു എല്ലാവരുടെയും ചിന്ത. താന്‍ നല്ല ഓട്ടക്കാരനാണെന്ന് ഓരോരുത്തരും കരുതിയിരുന്നു. വീറോടും വാശിയോടും കൂടി ഓടുന്നവരെ കാണികള്‍ കൈയ്യടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു.
(അടുത്തലക്കത്തില്‍ അവസാനിക്കും)