ലോകസഭാ തിരഞ്ഞെടുപ്പ് ഫലം വന്നു. എന്‍ഡിഎ ഭരണം നിലനിര്‍ത്തി. എന്തൊക്കെ കൂട്ടലും കിഴിച്ചിലും നടത്തിയിട്ടും ഭരണത്തിലേക്കെത്താന്‍ കഴിയില്ലെന്ന് ഉറപ്പായപ്പോള്‍ പ്രതിപക്ഷത്തിരിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രസ്താവിച്ചു. പക്ഷേ, രക്ഷപ്പെട്ടത് ഭാരതമാണ്. ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാതിരുന്നതുകൊണ്ട് വോട്ടിംഗ് യന്ത്രത്തെ പഴിപറയുന്ന പരിപാടിക്ക് സാധ്യതയില്ലാതായി. ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ഒരു വന്‍ അന്താരാഷ്ട്ര ഗൂഢാലോചന തന്നെയാണ് ഇതുകാരണം ഇല്ലാതായത്. ലോകത്തെ തന്നെ ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് സംവിധാനം നടപ്പിലാക്കുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെയും മറ്റു ഭരണഘടനാ സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്താനും വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്താണ് നരേന്ദ്രമോദി വിജയിക്കുന്നത് എന്നു വരുത്താനുമായിരുന്നത്രേ ശ്രമം. സോറസ് മുതല്‍ എല്ലാ അന്താരാഷ്ട്ര ഭാരതവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികളും ഇതിന്റെ പിന്നില്‍ ഇന്‍ഡി സഖ്യത്തിനും കോണ്‍ഗ്രസ്സിനും പിന്നില്‍ ഉണ്ടായിരുന്നു എന്നാണ് വാര്‍ത്ത. ഇതുമാത്രമല്ല, ദേശീയതലത്തില്‍ കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോയ മറ്റൊരു സംഭവം സല്‍മാന്‍ ഖുര്‍ഷിദിന്റെ അനന്തരവളും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ മരിയ വോട്ട് ജിഹാദിന് ആഹ്വാനം ചെയ്തതാണ്. ഈ ആഹ്വാനം ഇന്‍ഡി സഖ്യവും ദേശീയതലത്തില്‍ വ്യാപകമായി, ശക്തമായി നടപ്പിലാക്കിയെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഇത്തവണ ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ ഇന്‍ഡി സഖ്യത്തിന് അനുകൂലമായ ചലനം വികസനനേട്ടങ്ങള്‍ക്കപ്പുറത്ത് ഉണ്ടായി എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ പരിവര്‍ത്തനം കണ്ടത് കേരളരാഷ്ട്രീയത്തിലാണ്. ദശാബ്ദങ്ങളായി രണ്ടു മുന്നണികളെ മാറിമാറി പരീക്ഷിച്ച് മറ്റൊരു ആശയധാരയ്ക്കും സ്ഥാനമില്ല എന്ന് ഉറപ്പാക്കി കൊട്ടിയടച്ച കോട്ടകൊത്തളങ്ങളുമായി പരസ്പരം സഹായിക്കുന്ന അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിലായിരുന്നു ഇവിടെ ഇടതുമുന്നണിയും വലതുമുന്നണിയും. 11 പാര്‍ട്ടികള്‍ വീതം രണ്ടു മുന്നണിയിലും ഉണ്ട്. ഇടതുമുന്നണിക്കൊപ്പം കേരള കോണ്‍ഗ്രസ് മാണിയും യുഡിഎഫിനൊപ്പം മുസ്ലിം ലീഗും. കേരളത്തില്‍ ഒരു സാഹചര്യത്തിലും ബിജെപി അക്കൗണ്ട് തുറക്കില്ല എന്ന പ്രഖ്യാപനവുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചത്. മുഖ്യമന്ത്രിയുടെ പ്രതീക്ഷകളെയും പ്രസ്താവനകളെയും കടപുഴക്കിയെറിഞ്ഞ് രണ്ടു മുന്നണികളെയും ഒരേപോലെ അസ്തപ്രജ്ഞരാക്കി കേരള രാഷ്ട്രീയം ഒരു പുതിയ വഴിത്തിരിവിലേക്ക് കുതിക്കുകയാണ്. ഒരു സീറ്റില്‍ ബിജെപി ജയിച്ചു എന്നുമാത്രമല്ല, നിരവധി സീറ്റുകളില്‍ രണ്ടുലക്ഷത്തിലേറെ വോട്ടുകളോടെ നിര്‍ണായക ശക്തിയാവുകയും ഇടതു മുന്നണിയുടെ സാധ്യതകള്‍ ഇല്ലാതാക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് വെറും 15,000 ത്തോളം വോട്ടുകള്‍ക്കാണ് ശശി തരൂര്‍ കഷ്ടിച്ച് രക്ഷപ്പെട്ടത്. അവിടെ രണ്ടാംസ്ഥാനം മാത്രമേ നേടാനായുള്ളൂ എങ്കിലും വരാന്‍ പോകുന്ന രാഷ്ട്രീയം ബിജെപിയുടേതാണെന്ന് രാജിവ് ചന്ദ്രശേഖര്‍ ഉറപ്പിച്ചു. ഏതാണ്ട് ഇതേ സാഹചര്യം തന്നെയാണ് ആറ്റിങ്ങലിലും ഉണ്ടായത്. ജയിച്ച സ്ഥാനാര്‍ത്ഥിയെക്കാള്‍ 15000 ത്തിന് താഴെ വോട്ട് വ്യത്യാസം മാത്രമാണ് മൂന്നാംസ്ഥാനത്ത് എത്തിയ വി.മുരളീധരനുള്ളത്. ആലപ്പുഴയിലും പാലക്കാട്ടും കാസര്‍ഗോഡും ഒക്കെ നിര്‍ണായക ശക്തിയായി എന്നതു മാത്രമല്ല, സംസ്ഥാനത്ത് ആര് ജയിക്കണം ആര് തോല്‍ക്കണം എന്ന് തീരുമാനിക്കാനുള്ള ശക്തി ബിജെപി കൈവരിക്കുകയും ചെയ്തു.
തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ വിജയം രണ്ടു മുന്നണികളെയും ഒരേപോലെ ഞെട്ടിച്ചു. തൃശ്ശൂരിലെ ബി.ജെ.പിയുടെ വിജയം ഗൗരവമായി കാണണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ഭാരതം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബിജെപിയുടെ ഒരു സ്ഥാനാര്‍ത്ഥി കേരളത്തില്‍ വിജയിക്കുന്നത് ഗൗരവമായി കാണേണ്ട സാഹചര്യം എന്താണെന്ന് കേരളത്തിലെ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യത മുഖ്യമന്ത്രി പിണറായി വിജയനുണ്ട്. പ്രധാനമന്ത്രി മാത്രമല്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ഗവര്‍ണര്‍മാരും ഒക്കെ തന്നെ ബിജെപിയുടെയോ ബിജെപിയുടെ മാതൃസംഘടനയായ ആര്‍എസ്എസിന്റെയോ സ്വയംസേവകരോ അനുഭാവികളോ ഒക്കെ തന്നെയാണ്. ഇവരാരും ഭാരതവിരുദ്ധരല്ല. ഭാരതത്തിന്റെ പരമവൈഭവത്തിനുവേണ്ടി, ഔന്നത്യത്തിന് വേണ്ടി അഹോരാത്രം പണിപ്പെടുന്നവരാണ്. അങ്ങനെയുള്ള സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമ്പോള്‍ കരുതണമെന്നും ജാഗ്രത പാലിക്കണമെന്നും പറയുന്നതിന്റെ കാരണമെന്താണ്. മുഖ്യമന്ത്രിപദവിയും മന്ത്രി പദവിയും സ്വാര്‍ത്ഥലാഭത്തിനു വേണ്ടിയോ അഴിമതിക്ക് വേണ്ടിയോ ഉപയോഗപ്പെടുത്തിയ പാരമ്പര്യം ബിജെപി നേതാക്കള്‍ക്കില്ല. എന്നിട്ടും മുഖ്യമന്ത്രി ദുരുപദിഷ്ടമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്നത് ആര്‍ക്കുവേണ്ടിയാണ്, ആരെ സന്തോഷിപ്പിക്കാനാണ്?
കേരളത്തില്‍ ബിജെപി പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാംസ്ഥാനത്തും എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും 20 മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനവുമായി തൊട്ടുപിന്നില്‍ എത്തുകയും ചെയ്തു. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും അവഗണിക്കാനാകാത്ത ശക്തിയായി ബിജെപി മാറും എന്നകാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ടോടെ കേരളത്തില്‍ ബിജെപി നിര്‍ണായകശക്തിയായി മാറിക്കഴിഞ്ഞു. 11 പാര്‍ട്ടികള്‍ വീതമുള്ള രണ്ട് മുന്നണികള്‍ക്കിടയിലേക്ക് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വരുന്നത് മുസ്ലീംലീഗിനെയോ കേരള കോണ്‍ഗ്രസിന് പോലെയുള്ള വോട്ടുബാങ്ക് ഘടകകക്ഷികളെ ഒപ്പം നിര്‍ത്തിയല്ല. ഈ മാറ്റമാണ് ഇടതുമുന്നണിയെയും വലതുമുന്നണിയെയും ഒരേപോലെ അസ്വസ്ഥരാക്കുന്നത്.
2019 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം 19 സീറ്റും നഷ്ടപ്പെട്ട പിണറായി വിജയന്‍ ശൈലി മാറ്റില്ലെന്നും നിലപാട് മാറ്റില്ലെന്നും പറഞ്ഞതാണ്. ശബരിമല പ്രശ്‌നത്തില്‍ സ്വീകരിച്ച ഹിന്ദുവിരുദ്ധ നിലപാടും ക്ഷേത്രവിരുദ്ധ നിലപാടുമാണ് അന്ന് പിണറായിയെയും സിപിഎമ്മിനെയും തകര്‍ത്തെറിഞ്ഞത്. ഇത്തവണത്തെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും സിപിഎമ്മും പിണറായി വിജയനും പാര്‍ട്ടി സംവിധാനത്തെയും മുന്നണി സംവിധാനത്തെയും പൂര്‍ണ്ണമായും ജിഹാദി ന്യൂനപക്ഷ പ്രീണനത്തിനുള്ള ഉപാധിയാക്കി മാറ്റിക്കഴിഞ്ഞിരുന്നു. സമസ്ത മുതല്‍ കാന്തപുരം വരെയുള്ളവര്‍ ആവശ്യപ്പെടുന്നത് എന്തും അതേപടി അനുസരിക്കാനും മന്ത്രിസഭ തീരുമാനങ്ങള്‍ പോലും മാറ്റിമറിക്കാനും യാതൊരു മടിയുമില്ലാത്ത സംവിധാനമായി കേരളത്തിലെ ഭരണകൂടം മാറി. നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ആലോചിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ പോലും ന്യൂനപക്ഷ വിരുദ്ധമാണെന്ന് പറഞ്ഞ്, മോദി വിരുദ്ധ പ്രതിച്ഛായ സൃഷ്ടിച്ച് എങ്ങനെയും പിടിച്ചുനില്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തിക്കൊണ്ടിരുന്നത്. മോദി വന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പ്രശ്‌നമാണ് എന്ന പ്രചാരണം വീണ്ടും അതിശക്തമായി നടത്തിയത് ഇടതുമുന്നണിയാണ്. ദേശീയ പാര്‍ട്ടി പദവി പോലും ചോദ്യചിഹ്നമായി, മൂക്കൊപ്പം വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന സിപിഎമ്മിനെ വിശ്വസിച്ച് എന്തെങ്കിലും ചെയ്യുന്നത് ശരിയാവില്ല എന്നുകണ്ട് മുസ്ലിം ജനസാമാന്യം യുഡിഎഫിന് വോട്ട് ചെയ്തു. ന്യൂനപക്ഷ ധ്രുവീകരണം ഇടതുപക്ഷത്തിന് പകരം യുഡിഎഫിന് അനുകൂലമായി എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. ഒപ്പം എല്ലാക്കാലത്തും സിപിഎമ്മിന്റെ നട്ടെല്ലായി പാര്‍ട്ടിയെ ചലിപ്പിച്ചിരുന്ന ഈഴവരും പട്ടികജാതിക്കാരും ഉള്‍പ്പെട്ട ഹിന്ദുസമൂഹം സിപിഎമ്മിനെ കൈയൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഈ മാറ്റം പാര്‍ട്ടി ശക്തി കേന്ദ്രങ്ങളിലെല്ലാം ദൃശ്യമാണ്. പതിനൊന്ന് രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ടുകള്‍ പ്രത്യേകം പ്രത്യേകം നോക്കിയാല്‍ ബിജെപിക്കൊപ്പം എത്താനുള്ള ശേഷി മാത്രമേ ഇന്ന് സിപിഎമ്മിന് ഉള്ളൂ എന്ന കാര്യം പിണറായി വിജയനും നേതാക്കന്മാരും തിരിച്ചറിയണം. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളില്‍ സിപിഎമ്മിന്റെ നട്ടെല്ലായ ഹിന്ദുസമൂഹം പാര്‍ട്ടിയെ കയ്യൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചന ബൂത്ത് തലത്തില്‍ പോലും വ്യക്തമാണ്. മന്ത്രി രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചെങ്കിലും സ്വന്തം ബൂത്തില്‍ അദ്ദേഹം പിന്നാക്കം പോയി. മുഖ്യമന്ത്രി പിണറായി വിജയന്റെ ധര്‍മ്മടം മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞത് മുഖ്യമന്ത്രി ശ്രദ്ധിച്ചോ എന്ന കാര്യം അറിയില്ല. പാര്‍ട്ടിയുടെ ഏറ്റവും വലിയ തട്ടകമായ പാലക്കാട്ടും ആലപ്പുഴയിലും കണ്ണൂരും ഒക്കെ പാര്‍ട്ടി സംവിധാനം പൂര്‍ണമായും തകരുകയും സാധാരണക്കാര്‍ കൈയൊഴിയുകയും ചെയ്യുന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് ഇനിയെങ്കിലും സത്യസന്ധമായി വിലയിരുത്താന്‍ തയ്യാറാകുമോ. ജൂണ്‍ 16 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റും സമിതിയും ഈ കാര്യങ്ങള്‍ പരിശോധിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും പറഞ്ഞത്. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തിലേക്ക് നുഴഞ്ഞുകയറിയിട്ടുള്ള പഴയ പോപ്പുലര്‍ ഫ്രണ്ടുകാരെ പുറത്തിട്ട് ശുദ്ധിക്രിയ ചെയ്തല്ലാതെ സിപിഎമ്മിന് ഇനിയൊരു തിരിച്ചു വരവില്ല എന്ന കാര്യം പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ തിരിച്ചറിയണം. സിപിഎമ്മിന്റെ സംഘടനാ സംവിധാനത്തില്‍ താഴെയറ്റം മുതല്‍ മുകളറ്റം വരെ ജിഹാദി ഘടകങ്ങള്‍ കടന്നുകൂടിയത് പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ തിരിച്ചറിയുന്നുണ്ട് എന്നകാര്യം നേതാക്കള്‍ ഇനിയെങ്കിലും മനസ്സിലാക്കണം. ഈ തിരിച്ചറിവാണ് നേതാക്കന്മാര്‍ക്ക് മനസ്സിലാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ എതിരെ വോട്ട് ചെയ്ത് നിലപാടാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍ അറിയിച്ചത്.
കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 111 എണ്ണവും ഇടതുമുന്നണിയെ കൈവിട്ടു എന്ന സാഹചര്യം ഈ തിരഞ്ഞെടുപ്പില്‍ ഉണ്ടായി. 18 മണ്ഡലങ്ങളില്‍ മാത്രമാണ് ഇടത് മുന്നണിക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞത്. 11 മണ്ഡലങ്ങളില്‍ ബിജെപി ഒന്നാം സ്ഥാനത്ത് എത്തി. സാധാരണ ബിജെപി ഒന്നാം സ്ഥാനത്ത് എത്താന്‍ സാധ്യതയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ അഭിപ്രായവ്യത്യാസം മറന്ന് ബിജെപിക്കെതിരെ വോട്ട് കുത്തുന്നത് പതിവായിരുന്നു. കാസര്‍കോഡ്, മഞ്ചേശ്വരം, നേമം, വട്ടിയൂര്‍ക്കാവ് തുടങ്ങി പല മണ്ഡലങ്ങളിലും ഈ പ്രതിഭാസം നേരത്തെ അരങ്ങേറിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യം പുതിയ രാഷ്ട്രീയം പുതിയ മുന്നേറ്റം ഇടതുമുന്നണിയുടെയും വലുത് മുന്നണിയുടെയും ഈ ശ്രമങ്ങള്‍ക്ക് പൂര്‍ണമായും തടയിടുന്നതാണ്. നേരത്തെ ബിജെപിക്ക് കിട്ടുന്ന വോട്ട് ജയിക്കുന്ന പാര്‍ട്ടിയുടെ ഭൂരിപക്ഷം കുറയ്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മാറിയിരിക്കുന്നു. ആര് ജയിക്കണമെന്ന് തീരുമാനിക്കുന്ന രീതിയില്‍ ഓരോ മണ്ഡലത്തിലും 20 മുതല്‍ 30 ശതമാനം വരെ വോട്ട് ബിജെപി നേടുന്ന സാഹചര്യത്തിലേക്ക് പാര്‍ട്ടി മാറിയിരിക്കുന്നു. പാലോറ മാതയുടെയും പഴയ സഖാക്കളുടെയും പേര് പറഞ്ഞ് ത്യാഗത്തിന്റെയും ആദര്‍ശത്തിന്റെയും ഒളിജീവിതത്തിന്റെയും ഒക്കെ കഥ പറഞ്ഞ് പാവപ്പെട്ട സാധാരണക്കാരെ പറ്റിച്ചിരുന്ന സാഹചര്യം ആധുനിക വാര്‍ത്താവിനിമയ സമ്പ്രദായം മാറ്റിമറിച്ചിരിക്കുന്നു. യുവാക്കള്‍ കൂടുതല്‍ ബോധവാന്മാരാണ്. അവര്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നു. അതുകൊണ്ടുതന്നെ സിപിഎമ്മിന്റെ പഴയ തന്ത്രങ്ങള്‍ പിഴയ്ക്കുകയാണ്.
കേരളത്തിലെ മുഴുവന്‍ മന്ത്രിമാരെയും ഒന്നിച്ചുകൂട്ടി കാസര്‍കോട് മുതല്‍ പാറശാല വരെ എല്ലാ മണ്ഡലത്തിലും നടത്തിയ നവകേരള സദസ്സും യാത്രയും എന്ത് ഫലമുണ്ടാക്കിയെന്ന് വിലയിരുത്താന്‍ ഇനിയെങ്കിലും ഇടതുമുന്നണിക്കും പിണറായി സര്‍ക്കാരിനും കഴിയുമോ? തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ എല്ലാ മണ്ഡലങ്ങളിലും എത്തി സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവര്‍ത്തനവും കേന്ദ്രവിരുദ്ധതയും മോദി വിരുദ്ധതയും പ്രചരിപ്പിച്ചിട്ടും ഫലമുണ്ടായില്ല എന്നുമാത്രമല്ല, ജനങ്ങള്‍ കയ്യൊഴിയുകയും ചെയ്ത സാഹചര്യം എങ്ങനെയാണ് സിപിഎം ന്യായീകരിക്കുക. കേരളത്തിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനോ ജനകീയ പ്രശ്‌നങ്ങളില്‍ തീരുമാനമെടുക്കാനോ കഴിയാതെ രാഷ്ട്രീയം മാത്രം നോക്കി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന സംവിധാനമായി പിണറായി സര്‍ക്കാര്‍ മാറി എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. അടുത്ത 50 വര്‍ഷത്തിനുശേഷം വരാന്‍ പോകുന്ന കേരളം എന്തായിരിക്കും എന്ന ഉള്‍ക്കാഴ്ചയോടെ പ്രവര്‍ത്തിക്കുന്ന സജീവവും സചേതനവും ആയ ഒരു ഭരണകൂടമല്ലേ കേരളത്തില്‍ വേണ്ടത്. അതിനുപകരം കേന്ദ്രത്തോട് യുദ്ധം ചെയ്യാനും പടവെട്ടാനും കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി ഉപയോഗിക്കാനും ഒക്കെ ശ്രമിക്കുന്ന മൂന്നാംകിട അല്‍പ്പന്മാരായി കേരളത്തിന്റെ ഭരണകൂടം അധഃപതിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.
രാഷ്ട്രീയപ്രവര്‍ത്തനം ഒരു തുടര്‍ച്ചയാണ്. അമ്പത് വര്‍ഷത്തിനുശേഷം കേരളം എന്താകണമെന്ന ദീര്‍ഘവീക്ഷണത്തോടെ രാഷ്ട്രീയത്തിനതീതമായി എല്ലാ കക്ഷികളും ഒന്നിച്ചുചേര്‍ന്ന് കേരളത്തിന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. സ്വന്തം രാഷ്ട്രീയം മാത്രം മതി എന്ന മൂഢസ്വര്‍ഗത്തില്‍ ഇനിയും മുന്നോട്ടു പോകാന്‍ കഴിയില്ല എന്നകാര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചറിയണം. ഈ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്കും മുഖ്യമന്ത്രിക്കും ഏറ്റ തിരിച്ചടിയെക്കാള്‍ സ്വയം തിരുത്താനും നന്നാകാനുമുള്ള ഒരു അവസരമാണ്. രാഷ്ട്രീയമായി കേന്ദ്രസര്‍ക്കാരുമായി അഭിപ്രായ വ്യത്യാസവും ഭിന്നതയും ഉള്ളപ്പോഴും സംസ്ഥാനത്തിന്റെ പൊതുകാര്യങ്ങളില്‍ വ്യക്തതയോടെ സുതാര്യമായ കാഴ്ചപ്പാടോടെ എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കില്‍ കേരളത്തിന്റെ ഭാവിതന്നെ ഇല്ലാതാകും എന്ന കാര്യം പിണറായി വിജയന്‍ തിരിച്ചറിയണം.