പൂനെ: പോരായ്മയെ മാറ്റി പൂര്‍ണതയുടെ വെളിച്ചത്തിലേക്ക് മുന്നേറുകയെന്ന ഈശ്വരീയദൗത്യമാണ് സമാജത്തിനുള്ളതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ പറഞ്ഞു. സക്ഷമയുടെ ദേശീയ സമ്മേളനം പൂനെ മഹര്‍ഷി കാര്‍വെ വിദ്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്. സൂര്യദേവന്റെ സാരഥി ദിവ്യാംഗനായ അരുണനാണെന്ന ഭാരതീയ സങ്കല്പം പൂര്‍ണതയിലേക്കുള്ള മുന്നേറ്റത്തിന്റെ സന്ദേശമാണ് നല്‍കുന്നത്. ഭാരതീയ കാഴ്ചപ്പാട് എല്ലാവരേയും ഒരേ ദൃഷ്ടിയില് കാണുന്നതാണ്. രാഷ്ട്ര നിര്‍മ്മാണത്തില്‍ ഭിന്നശേഷിക്കാരെ പങ്കാളികളാക്കുക എന്ന ദൗത്യമാണ് സക്ഷമ ഏറ്റെടുത്തിട്ടുള്ളത്, ആത്മാഭിമാനത്തിന് കുറവുണ്ടാവാതെ ദിവ്യാംഗസമൂഹത്തിന് പ്രോത്സാഹനവും ആത്മവിശ്വാസവും നല്കാന് സമാജത്തിനാകണം – ഹൊസബാളെ വ്യക്തമാക്കി.
അയോദ്ധ്യ ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ട്രഷറര്‍ സ്വാമി ഗോവിന്ദദേവ് ഗിരി മഹാരാജ് പരിപാടിയില്‍ മുഖ്യാതിഥിയായി. യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ അഡ്വ. ഗോവിന്ദരാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഉമേഷ് അന്ധേര, പ്രൊഫ. ദയാല്‍ സിങ് പന്‍വാര്‍, ഡോ. ആശ ഗോപാലകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തല്‍ താരം സത്യേന്ദ്രസിങ് ലോഹ്യ, പ്രശസ്ത വ്യവസായി ഭവേഷ് ഭാട്ടിയ, നടി ഗൗരി ഗാഡ്ഗില്‍, ഐടി സംരംഭകന് ശിവം പോര്‍വാള്‍ എന്നിവരെ സക്ഷമ ദേശീയ അധ്യക്ഷന്‍ ഗോവിന്ദരാജ് ആദരിച്ചു. ദേശീയ ഉപാധ്യക്ഷന്‍ കമലാകാന്ത് പാണ്ഡെ, ഡോ.അവിനാഷ് വാചസുന്ദര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.