ഐക്യകേരളം പിറവിയെടുത്തിട്ട് അറുപത്തിയെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ആ പിറവിയെ സമുദ്‌ഘോഷിച്ചുകൊണ്ട് അതിനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വി.ടി. ഭട്ടതിരിപ്പാട് ‘പരശുരാമ കേരളത്തില്‍ നിന്ന് ഐക്യകേരളത്തിലേക്ക്’ എന്ന ലേഖനത്തില്‍, ഒന്നേകാല്‍ കോടി മലയാളികളുടെ ഐക്യകേരളത്തിലേക്കുള്ള കുതിപ്പില്‍ തട്ടിനിരപ്പാകാന്‍ പോകുന്ന പരശുരാമ കല്പിതമായ ആചരണങ്ങളെ കുറിച്ചെഴുതി. ഹിന്ദുവിന്റെ അനാചാരങ്ങളും ഒപ്പം കുറെ ആചാരങ്ങളും കൂടി കത്തിച്ചു ചാമ്പലാക്കിയ വെളിച്ചത്തിലിരുന്നാണ് കേരളം നവോത്ഥാനത്തിന്റെ പാഠങ്ങള്‍ പഠിച്ചത്. ക്ഷേത്രപ്രവേശന സമരം മുതല്‍ ‘ഇനി അമ്പലത്തിന് തീ കൊളുത്തുക’ എന്ന വിപ്ലവാഹ്വാനം വരെ അതിന്റെ ഭാഗമായിരുന്നു. പരിഷ്‌ക്കാരത്തിന്റെ ഉദയസൂര്യന്‍ കിഴക്കുദിച്ചതറിഞ്ഞ ഹിന്ദു സമൂഹം മറക്കുടയും മറ്റനാചാരങ്ങളും കൈയൊഴിഞ്ഞെങ്കിലും, സ്വാതന്ത്ര്യാനന്തരമുള്ള കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ അപഹസിക്കപ്പെട്ടത് ഹിന്ദു സമുദായമായിരുന്നു എന്നത് ക്രൂരമായ ഫലിതമാണ്.
സാഹിത്യകൃതികളിലൂടെയും സിനിമകളിലൂടെയുമുള്ള അപഹസിക്കല്‍ ഇപ്പോഴും നിര്‍ബാധം തുടര്‍ന്ന് വരുന്നു. മലയാള സിനിമയില്‍, പ്രത്യേകിച്ചും ജിഹാദിസം പിടിമുറുക്കിയതിനു ശേഷം ആ രീതിയിലുള്ള ഏകപക്ഷീയ വിചാരണകള്‍ ശക്തി പ്രാപിക്കുകയാണ് ചെയ്തത്. ചരിത്രത്തിന്റെ വളച്ചൊടിച്ച വ്യാഖ്യാനങ്ങളാണ് മിക്കവാറും അത്തരം വിചാരണകളിലെ പ്രധാന പ്രതിപാദ്യമാവുക. ഇസ്ലാമിക ഭീകര സംഘടനകളായ ഇസ്ലാമിക്ക് സ്റ്റേറ്റും മറ്റും തങ്ങളുടെ ശത്രുക്കളായെണ്ണിയ യഹൂദികളെയും മറ്റും വംശഹത്യ ചെയ്യും മുന്‍പ്,അതിനുള്ള മണ്ണൊരുക്കിയത് ഇതുപോലെ വളച്ചൊടിച്ച ചരിത്രമുപയോഗിച്ചാണ് എന്നത് ചരിത്രത്തില്‍ നിന്നുള്ള ഒരു പാഠമത്രെ.
വളച്ചൊടിച്ച ചരിത്രത്തെ ആധാരമാക്കി മലയാളത്തിലും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ഒന്നായിരുന്നു ‘പുഴു’ എന്ന സിനിമ. പ്രത്യക്ഷത്തില്‍ ‘പുഴു’ എന്ന സിനിമയുടെ പ്രമേയം, ജാതീയമായ വേര്‍തിരിവിനെ തുറന്നുകാട്ടുന്ന ഒന്നാണെന്നു തോന്നിയേക്കാമെങ്കിലും പരോക്ഷമായി, തനിക്ക് സംവദിക്കാനുണ്ടായിരുന്ന മതമൗലിക വാദ ആശയത്തെ ‘ജാതീയത’യുടെ മറ സൃഷ്ടിച്ചു പ്രചരിപ്പിക്കുകയായിരുന്നു ‘പുഴു’വിലൂടെ തിരക്കഥാകൃത്ത് ചെയ്തത്.
വലിയ എതിര്‍പ്പിനെ തുടര്‍ന്ന്, പ്രധാന നടനും സംവിധായകനും പിന്മാറിയതോടെ നടക്കാതെപോയ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ വാര്‍ത്തയിലൂടെയാണ് മുന്‍പ് പുഴുവിന്റെ തിരക്കഥാകൃത്ത് ഹര്‍ഷദിന്റെ പേര് ഉയര്‍ന്നു കേട്ടത്. അതിനും മുന്‍പ് ഹര്‍ഷദ് തിരക്കഥയെഴുതിയത് ‘ഉണ്ട’ എന്ന ചിത്രത്തിനാണ്. മാവോയിസ്റ്റ് ഭീകരത എന്നത് ഒരു മിഥ്യയാണെന്ന ആശയത്തെ പല മേമ്പൊടികളും ചേര്‍ത്ത് അവതരിപ്പിക്കുന്ന ചിത്രമായിരുന്നു അത്. അതിലൊരു മേമ്പൊടി കീഴ്ജാതിക്കാരനായ പോലീസുകാരന് മേലുദ്യോഗസ്ഥനില്‍ നിന്നും ഏല്‌ക്കേണ്ടി വരുന്ന ജാതീയമായ അധിക്ഷേപമായിരുന്നു. അതേ ജാതിവിഷയമാണ് കൂടുതല്‍ പ്രാധാന്യത്തോടെ ‘പുഴു’വിലും ഹര്‍ഷദ് അവതരിപ്പിച്ചത്. അതിലൂടെ മുന്നോട്ടുവെക്കപ്പെട്ട ആശയം ഇസ്ലാമിക തീവ്രവാദത്തിന്റെ പേരില്‍ മുസ്ലീങ്ങള്‍ക്കെതിരെ കള്ളക്കേസുകളുണ്ടാക്കുകയാണ് അന്വേഷണ ഏജന്‍സികള്‍ എന്നതായിരുന്നു.

ഇസ്ലാമിക തീവ്രവാദം ഒരു യാഥാര്‍ത്ഥ്യമല്ലെന്നും അതൊരു രാഷ്ട്രീയ ആയുധമാണെന്നുമുള്ള വ്യാഖ്യാനമാണ് ‘പുഴു’ എന്ന സിനിമ പരോക്ഷമായി മുന്നോട്ട് വെച്ചത്. ജാതീയത എന്നത് ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നു എന്നത് സത്യമാണെങ്കിലും സമൂഹം പുരോഗമിക്കുന്നതനുസരിച്ച് ജാതിചിന്ത സമൂഹത്തില്‍ കുറഞ്ഞു വരുന്നുണ്ട് എന്നതൊരു സത്യമാണ്. എന്നാല്‍ ജാതീയതയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നവര്‍ക്ക് ജാതിരഹിത സമൂഹം എന്ന സത്യത്തെ അംഗീകരിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല എന്നത് മറ്റൊരു സത്യമാണ്.
‘പുഴു’വിലൂടെയും മറ്റും മുന്നോട്ട് വെക്കാന്‍ ശ്രമിക്കുന്ന മറ്റൊരു വാദം ദളിത്-മുസ്ലിം ഐക്യം എന്ന സങ്കല്പമാണ്. എന്നാല്‍ ഹിന്ദു സമൂഹത്തെ വിഘടിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഇപ്പോള്‍ ഉയര്‍ത്തപ്പെടുന്ന ആ ആശയത്തെ, ഡോ. അംബേദ്ക്കര്‍ തന്നെ, തന്റെ ‘Pakistan or Partition of India’ എന്ന പുസ്തകത്തില്‍ കാര്യകാരണങ്ങള്‍ നിരത്തി പണ്ടേ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞതാണ്. മാത്രമല്ല ഇസ്ലാമിക-ദളിത് ഐക്യം എന്ന ആവശ്യത്തിനായി പ്രവര്‍ത്തിച്ച അംബേദ്ക്കറുടെ സമകാലികന്‍ കൂടിയായ ജെ.എന്‍.മണ്ഡലിന് സംഭവിച്ച ദുര്യോഗം ആ ആശയത്തിന്റെ നിരര്‍ത്ഥകതയെന്തെന്ന് മുന്‍പ് തന്നെ തെളിയിച്ചിട്ടുണ്ട്.
നാല്പതുകളില്‍ ദളിതരെ പ്രതിനിധീകരിക്കുന്ന ഒരു നേതാവെന്ന നിലയില്‍ ശ്രദ്ധേയനായി ഉയര്‍ന്നുവന്ന ജോഗേന്ദ്ര നാഥ് മണ്ഡല്‍ എന്ന ജെ.എന്‍. മണ്ഡല്‍, ദളിത് – മുസ്ലിം ഐക്യത്തില്‍ വളരെയധികം വിശ്വസിച്ചിരുന്ന ഒരാളാണ്. പാകിസ്ഥാന്‍ രൂപീകരിക്കുന്നതിനെ പോലും മനസ്സില്ലാമനസ്സോടെ അദ്ദേഹം പിന്തുണച്ചിരുന്നു. വിഭജനാനന്തരം മണ്ഡല്‍, പാകിസ്ഥാനിലേക്ക് പോകുകയും അവിടത്തെ നിയമമന്ത്രിയാവുകയും ചെയ്തു. ദളിത് വിഭാഗത്തില്‍ നിന്നുള്ള പാകിസ്ഥാനിലെ ആദ്യത്തെ നിയമമന്ത്രിയാണ് അദ്ദേഹം. എന്നാല്‍ പാകിസ്ഥാനിലെ ദളിതര്‍ക്ക് തുല്യ അവസരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാന്‍ വിടാന്‍ അദ്ദേഹത്തോട് അധികാരികള്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അദ്ദേഹം കറാച്ചിയില്‍ നിന്ന് കൊ ല്‍ക്കത്തയിലേക്ക് (അന്നത്തെ കല്‍ക്കട്ട) ജീവനും കൊണ്ട് ഓടിരക്ഷപ്പെടുകയും അഭയാര്‍ത്ഥിയായി ഭാരതത്തില്‍ വന്ന് പാകിസ്ഥാന്‍ നിയമമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. ഒരു രാജ്യത്തെ നിയമമന്ത്രിക്ക് തന്റെ ജീവന്‍ രക്ഷിക്കാന്‍ ഓടിപ്പോവേണ്ടി വരികയും അഭയാര്‍ത്ഥിയായി മറ്റൊരു രാജ്യത്ത് നിന്ന് രാജിവെക്കുകയും ചെയ്യേണ്ടി വന്നതിലെ പരിഹാസ്യത ഓര്‍ത്തു നോക്കുക. ഇന്ന് ‘പുഴു’ പോലുള്ള സിനിമകളിലൂടെയും മറ്റും ആദര്‍ശവല്‍ക്കരിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ദളിത്-മുസ്ലിം ഐക്യത്തിന്റെ യുക്തിയില്ലായ്മയാണ് വാസ്തവത്തില്‍ ജെ.എന്‍.മണ്ഡലിന്റെ ജീവിതത്തിലൂടെ വെളിപ്പെട്ടത്. അധികാരം നേടാനുള്ള പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാഷ്ട്രീയ ആയുധം മാത്രമാണ് ജിഹാദി ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമകളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ദളിത്-മുസ്ലിം ഐക്യം.
‘പുഴു’ എന്ന സിനിമക്കു പിന്നില്‍ ഒരു പ്രമുഖ നടന്റെ താല്പര്യമുണ്ടായിരുന്നു എന്നൊരു ആരോപണം ഈയിടെ ഉയര്‍ന്നുവന്നിരുന്നു. ഒരു വിഭാഗത്തെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ആ സിനിമക്ക് പിന്നില്‍ സ്ഥാപിതതാല്പര്യങ്ങളുണ്ട് എന്നത് വ്യക്തമാണ്. ഒരു സിനിമയെന്നാല്‍ സമൂഹത്തിന്റെ പരിച്ഛേദമാകും എന്നാണ് സാധാരണയുള്ള ധാരണ. എന്നാല്‍ ‘പുഴു’ എന്ന സിനിമ പ്രതിനിധാനം ചെയ്യുന്ന ജാതിവിവേചനമെന്ന മിഥ്യ ഇസ്ലാമിസ്റ്റുകളുടെ വ്യാഖ്യാനം മാത്രമാണ്. സംഘടിതമായി ശക്തി പ്രാപിക്കുകയും ദേശീയതലത്തില്‍ തന്നെ അധികാരത്തില്‍ എത്തുകയും ചെയ്ത ഹൈന്ദവ നവോത്ഥാനത്തെ പിളര്‍ത്താനുള്ള ഇസ്ലാമിസ്റ്റുകളുടെ ആയുധങ്ങളില്‍ ഒന്നാണത്. പക്ഷെ ജാതി വേര്‍തിരിവുകള്‍ക്കപ്പുറം, ഹിന്ദു സമൂഹത്തെ ഒന്നാക്കി നിര്‍ത്താന്‍ പരിശ്രമിച്ച രാഷ്ട്രീയ സ്വയംസേവക സംഘം അടക്കമുള്ള ഹിന്ദു മുന്നേറ്റ ശക്തികളുടെയും നാരായണഗുരു, ചട്ടമ്പി സ്വാമികള്‍ തുടങ്ങിയവരുടെയും, ആധുനിക കാലത്ത് മാതാ അമൃതാനന്ദമയി, ചിദാനന്ദപുരി സ്വാമികള്‍, ആചാര്യശ്രീ രാജേഷ് തുടങ്ങിയവരുടെയുമെല്ലാം അക്ഷീണ പരിശ്രമത്താല്‍ ജാതി വിവേചനമെന്നത് കേരളത്തില്‍ അസ്തമിച്ചു എന്നതാണ് വസ്തുത.
എന്നാല്‍ സിനിമ സമൂഹത്തിന്റെ പരിച്ഛേദമാകണമെന്നു ശഠിക്കുമ്പോള്‍ തന്നെ ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന മനുഷ്യത്വവിരുദ്ധതയെ കണ്ടില്ലെന്നു നടിക്കുന്നതും ജിഹാദി താല്പര്യങ്ങളാണ്. ‘കേരള ലവ് സ്റ്റോറി’ എന്ന സിനിമ തന്നെ ഉദാഹരണം. ആ സിനിമ മുന്നോട്ട് വെക്കുന്ന ഇസ്ലാമിലെ സ്ത്രീ വിരുദ്ധത അടക്കമുള്ള പല കാര്യങ്ങളും സത്യമാണ് എന്നതിന് തെളിവുകളുണ്ട്. മതപരിവര്‍ത്തനം നടത്തി ഇസ്ലാമിക ഭീകര സംഘടനയുടെ കയ്യിലകപ്പെട്ട മലയാളിപെണ്‍കുട്ടിയുടെ കഥയാണ് കേരള ലവ് സ്റ്റോറി. മതംമാറ്റ ഭീകരതയുടെ ഇരകള്‍ സമകാലിക കേരളത്തിലെ യാഥാര്‍ത്ഥ്യമാണ്. 2009 ല്‍ ലവ് ജിഹാദ് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതിന് കാരണമായതും രണ്ടു പ്രണയ മതംമാറ്റകേസുകളാണ്. മാത്രമല്ല മതംമാറ്റം ലക്ഷ്യമാക്കിയുള്ള നിഗൂഢ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ നടക്കുന്നുണ്ട് എന്നതിന് സാക്ഷ്യം നല്‍കിയത് കേരളത്തിലെ ഒരു ഭരണാധികാരിയായിരുന്നു. സമകാലിക കേരളത്തില്‍ യാഥാര്‍ത്ഥ്യമായ ലവ് ജിഹാദ് പ്രമേയമാക്കിയ ‘കേരള സ്റ്റോറിക്കെതിരെ’ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും അസത്യങ്ങള്‍ പ്രചരിപ്പിച്ചു എന്ന് കാണാം.
ജാതിവിവേചനം എന്നത് സമകാലിക കേരളത്തില്‍ ഇല്ല എന്നിരിക്കെ. കേരളസമൂഹത്തിലെ ഒരുവിഭാഗത്തെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി നെയ്‌തെടുക്കുന്ന ജിഹാദി സിനിമകള്‍ ഏത് സമൂഹത്തിന്റെ പരിച്ഛേദമാണ് എന്നതാണ് ചോദ്യം. എന്നാല്‍ ലോകമെങ്ങും അനുഭവക്കുറിപ്പുകളിലൂടെയും മറ്റും പുറത്തുവരുന്ന ഇസ്ലാമിക ഭീകരതയുടെ നേര്‍ചിത്രങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ‘പുഴു’ എന്ന സിനിമയിലൂടെ വരച്ചുകാണിക്കാന്‍ ശ്രമിച്ച കഥാപാത്രങ്ങള്‍ കേരളത്തിലൊരിടത്തും ഇന്നില്ല. എന്നാല്‍ ‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ അനാച്ഛാദനം ചെയ്യപ്പെട്ടത് സമകാലിക കേരളത്തിന്റെ നേര്‍ചിത്രമാണ്. സിറിയയില്‍ ആടുമേക്കാന്‍ പോയവര്‍ ഭാവനാകല്പിതമായ ഒന്നല്ല എന്ന് മൂക്ക് കീഴ്‌പ്പോട്ടായ ഏത് മലയാളിക്കുമറിയാം.
സമൂഹത്തിന്റെ നേര്‍ചിത്രമാകുക എന്ന ബാദ്ധ്യത പൂര്‍ണമായും നിറവേറ്റിയ ‘കേരള ലവ് സ്റ്റോറി’ സത്യത്തില്‍ ഭാവിയെക്കുറിച്ചുള്ള വിപല്‍സന്ദേശങ്ങള്‍ കൂടിയാണ് നല്‍കിയത്. ജിഹാദിസത്തിനു കീഴ്‌പ്പെട്ട ഒരു സമൂഹം എത്രമേല്‍ ഭീകരമായ ഒന്നാണ് എന്ന് അതിന്റെ ഇരകളുടെ അനുഭവങ്ങളില്‍ നിന്നറിയാന്‍ കഴിയും. ഇസ്ലാമിക ഭീകര സംഘടനയായ ഐസിസ്, തന്റെ ഗ്രാമം പിടിച്ചെടുക്കും മുന്‍പ്, ലൈംഗിക അടിമകളാകാതെ അവിടെ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടികളെ കുറിച്ച് നാദിയ മുറാദ് തന്റെ ‘ദലാസ്റ്റ് ഗേള്‍’ എന്ന പുസ്തകത്തില്‍ എഴുതുന്നു. ലൈംഗിക അടിമയാകാനുള്ള വിധിയില്‍ നിന്നും രക്ഷപ്പെടാന്‍ സൈനിക ഹെലികൊപ്ടറില്‍ തൂങ്ങിക്കിടന്ന ഒരു സ്ത്രീ പിടിവിട്ട് താഴെ വീണു തണ്ണിമത്തന്‍പോലെ ആ പാറക്കെട്ടില്‍ ചിതറിതെറിച്ചു എന്നവര്‍ എഴുതുന്നുണ്ട്. മറ്റു മതങ്ങളില്‍ എന്നോ ഉണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ സിനിമകള്‍ സ്വന്തം ചെലവിലും, തിരക്കഥകള്‍ സ്വന്തം ഇഷ്ടത്തിന് തിരുത്തിയും ചെയ്തിട്ടും, സ്വന്തം മതത്തിന്റെ കാര്‍മികത്വത്തില്‍ ഇതുപോലെ ഇന്നും നിര്‍ബാധം തുടരുന്ന ക്രൂരതകള്‍ക്കെതിരെ നേരെ നിന്ന് ശബ്ദിക്കാന്‍ പോലും ധൈര്യമില്ലാത്തവരാണ് സിനിമയില്‍ കൊണ്ടാടപ്പെടുന്നത് എന്നത് എന്തൊരു വൈപരീത്യമാണ്.
ജാതി വിവേചനമെന്ന മിഥ്യയെ ഉയര്‍ത്തിക്കാട്ടി മൗലികവാദ രാഷ്ട്രീയ ആഖ്യാനത്തെ മുന്നോട്ടുവെക്കാന്‍ വെമ്പുന്നവര്‍ ചില യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെക്കുക കൂടിയാണ്. ഈ രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ഉയര്‍ന്ന ജാതിക്കാര്‍ ആണെന്നാണ് ഇവരുടെ കണ്ടെത്തല്‍. സവര്‍ണ അജണ്ടയോടെ നയിക്കപ്പെടുന്ന കേന്ദ്ര ഭരണമാണ് ഭാരതത്തില്‍ ഉള്ളതെന്നും, മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യാന്‍ തീവ്രവാദത്തെ ആയുധമാക്കുന്നു എന്നും ഇതിനെതിരെ ‘ദളിത്-മുസ്ലീം ഐക്യം’ രൂപപ്പെടണമെന്നും മതേതരമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം ആ ഐക്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും, ഇതിനായി നമുക്ക് സൗകര്യപൂര്‍വം തീവ്രവാദത്തെ മറക്കാമെന്നുമാണ് ‘പുഴു’ എന്ന സിനിമക്ക് പിന്നിലെ ആശയം തന്നെ!
എന്നാല്‍ ഇസ്ലാമിക മൗലിക വാദം മേല്‍ക്കൈ നേടിയ ഇടങ്ങളിലെ യാഥാര്‍ത്ഥ്യങ്ങള്‍ ഇവരുടെ സിനിമക്ക് ആധാരമാക്കുന്ന കെട്ടുകഥകളേക്കാള്‍ ഭീകരമാണെന്ന വസ്തുത അതേ മൗലികവാദത്തെ വെള്ളപൂശാന്‍ നടക്കുന്നവര്‍ വിസ്മരിക്കുന്നു. ഇറാക്കിലെ യസീദി ഗ്രാമങ്ങളിലെ കാഴ്ചകള്‍ നാദിയ മുറാദ് തന്റെ പുസ്തകത്തിലൂടെ വരച്ചിടുന്ന ഒരു രംഗം കൂടി കാണുക.
”യസീദി ഗ്രാമത്തില്‍ ഒരു സ്ത്രീ ഒറ്റക്ക് താമസിച്ചിരുന്നു. മണ്‍കട്ടകൊണ്ടുണ്ടാക്കിയ ഒരു കുടിലില്‍ ഒരായുസ്സിന്റെ വേദന അനുഭവിച്ചാണ് അവര്‍ കഴിഞ്ഞത്. കാലങ്ങളായി പുറത്തിറങ്ങാത്തതിനാല്‍ അവരുടെ ചര്‍മം ശോഭയുള്ളതായിരുന്നു എങ്കിലും, കണ്ണിനടിയിലെ ചാലുകള്‍ കാലങ്ങളായുള്ള കണ്ണീരിന്റെ സാക്ഷ്യപത്രങ്ങളായിരുന്നു. ദശകങ്ങള്‍ക്ക് മുന്‍പുള്ള ഇറാന്‍-ഇറാക്ക് യുദ്ധത്തില്‍ മക്കളെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ടിരുന്നു അവര്‍ക്ക്. അതോടെ ആ ജീവിതം നിരര്‍ത്ഥകമായി. വീടുപേക്ഷിച്ച അവര്‍ കുടിലിലേക്ക് താമസം മാറ്റി. അതിനുള്ളിലേക്ക് ആരെയും കടത്തിവിടുമായിരുന്നില്ല. എല്ലാ ദിവസവും ഗ്രാമവാസികളില്‍ ആരെങ്കിലും ഭക്ഷണവും വെള്ളവും നല്‍കും. ആര്‍ക്കും അവരുടെ അടുത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. എങ്കിലും ഭക്ഷണവും വെള്ളവും അവര്‍ എടുത്തിരുന്നത് അവര്‍ ജീവിച്ചിരുന്നു എന്നതിന് തെളിവായിരുന്നു. അവര്‍ തനിച്ചായിരുന്നു. നഷ്ടപ്പെട്ട പ്രിയപ്പെട്ടവരെ കുറിച്ചുള്ള ഓര്‍മ്മ അവരുടെ സമനില തെറ്റിച്ചിരുന്നു. പക്ഷെ അവര്‍ക്ക് ജീവനുണ്ടായിരുന്നു. ആ ഗ്രാത്തിലെത്തിയ ഐസിസ് ആദ്യം ചെയ്തത് അവരെ കൊലപ്പെടുത്തുകയായിരുന്നു”.
എന്തുകാണ്ടാണ് ഈ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ നമ്മുടെ സിനിമാ-മാധ്യമ ലോകങ്ങള്‍ കണ്ണടക്കുന്നത്? ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാന്‍ ശ്രമിച്ച ‘ദി കേരള സ്റ്റാറി’ക്കെതിരെ ഇടതു-വലതുമുന്നണികളും ഒറ്റക്കെട്ടായിരുന്നു എന്നതോര്‍ക്കുക. ക്രൂരമൃഗങ്ങളെക്കാള്‍ അധഃപതിച്ച മാനസികാവസ്ഥയാണ് ഇസ്ലാമിക ഭീകരവാദം നല്‍കുന്നതെന്നതിനു ഇനിയും ആ അനുഭവങ്ങള്‍ സാക്ഷ്യം നല്‍കുന്നു. മറ്റൊരു രംഗം കാണുക. നാദിയ മുറാദ് തന്റെ ആത്മകഥയില്‍ എഴുതുന്നു: ”അടിമകളാക്കി പിടിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെയും സഹോദരന്മാരെയും കൂട്ടക്കൊല ചെയ്ത ശേഷം അവരെ മൊസൂള്‍ പട്ടണത്തിലേക്ക് ഐസിസ് വാഹനത്തില്‍ കൊണ്ടുപോകെ, തോളില്‍ ഒരു കൈ വീണപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. നോക്കുമ്പോള്‍ അബു ബതാദ് ആണ്. തിളങ്ങുന്ന പച്ചക്കണ്ണുള്ള ഭീകരന്‍. വഷളന്‍ ചിരിയുമായി എന്നെ നോക്കി നില്കുന്നു. അയാളുടെ തോക്ക് എന്റെ വളരെ അടുത്തായിരുന്നു. ചലനമറ്റ്, സംസാരിക്കാനാവാതെ ഞാനിരുന്നു. അയാള്‍ പോകണേയെന്ന് കണ്ണടച്ചു ഞാന്‍ പ്രാര്‍ത്ഥിച്ചു. അബു ബതാത്തിന്റെ കൈ മെല്ലെ എന്റെ തോളിലൂടെ കഴുത്തിന് പിന്നിലേക്ക് നീങ്ങി. സാവകാശം മുന്നിലേക്ക് വന്ന കൈ കഴുത്തിലൂടെ എന്റെ വസ്ത്രത്തിനുള്ളിലേക്ക് കടന്നു. എന്റെ ഇടതു മാറിലാണ് അത് ചെന്ന് നിന്നത്. അഗ്‌നിയിലെരിയുന്നതായി തോന്നി എനിക്ക്. ജീവിതത്തിലാദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവം. കണ്ണ് തുറന്നെങ്കിലും അയാളുടെ മുഖത്തേക്ക് നോക്കാതെ പുറത്തേക്ക് തന്നെ നോക്കിയിരുന്നു ഞാന്‍. എന്റെ മാറിടത്തില്‍ പരമാവധി ശക്തിയില്‍ അമര്‍ത്തി വേദനിപ്പിച്ച ശേഷം അയാള്‍ പോയി. ബസ്സിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു അബു ബതാത്ത് മറ്റു പെണ്‍കുട്ടികളോടും ഇത് തന്നെ ചെയ്തു. ഐസിസിനൊപ്പമുള്ള ഓരോ നിമിഷവും സാവധാനത്തിലുള്ള മരണമായിരുന്നു”.
എന്തുകൊണ്ടാണ് കെട്ടുകഥകളേക്കാള്‍ അവിശ്വസനീയമായ ഈ ജീവിതാനുഭവങ്ങള്‍ക്ക് നേരെ മലയാള സിനിമാലോകവും ബൗദ്ധിക നേതൃത്വങ്ങളുമെല്ലാം കണ്ണടക്കുന്നത്. കണ്മുന്നിലുള്ള ഈ ജീവിതയാഥാര്‍ത്ഥ്യങ്ങളെ കണ്ടില്ലെന്നു നടിച്ച് എന്നോ മണ്ണടിഞ്ഞു പോയ വര്‍ണാവര്‍ണ സങ്കല്‍പ്പങ്ങളെ ചൂണ്ടി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ ബൗദ്ധിക കാപട്യം വിചാരണ ചെയ്യപ്പെട്ടേ മതിയാവൂ. കാരണം നമ്മുടേതല്ലാത്ത ഒരു ലോകമാണ് ജിഹാദി സിനിമകളിലൂടെ പുറത്തു വരുന്നത്. ‘പുഴു’ എന്ന സിനിമയില്‍ ദൃശ്യമാകുന്ന ജാതിവേര്‍തിരിവുകള്‍ ഇന്ന് കേരളത്തില്‍ എവിടെയും നിലനില്‍ക്കുന്നില്ല. നേരെ മറിച്ചു മറ്റുവിധത്തിലുള്ള ധാരാളം അനീതികള്‍ നിലനില്‍ക്കുന്നുണ്ട് താനും. 2010 ജൂലായ് നാലിന് വെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫിന്റെ കൈപ്പത്തി കേരളത്തിലെ ഇസ്ലാമിക ഭീകരതയുടെ നടുക്കുന്ന ഓര്‍മയാണ്. മതനിന്ദയാരോപിച്ച് കേസെടുത്ത് ഇടതു സര്‍ക്കാരും മകനെ കസ്റ്റഡിയിലെടുത്തു തല്ലിച്ചതച്ചു പോലീസും കോളേജിലേക്ക് മാര്‍ച്ചു നടത്തി കോണ്‍ഗ്രസ്സും ഇസ്ലാമിക ഭീകരവാദത്തിന് ആവേശം പകര്‍ന്നത് മറന്നുകൂടാ. കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തെ മലിനപ്പെടുത്തുന്ന മറ്റൊട്ടനവധി വൈപരീത്യങ്ങള്‍ നമുക്ക് മുന്നിലുണ്ട്. തീവ്രവര്‍ഗീയ പ്രസ്ഥാനങ്ങളില്‍ ചേരാനായി ഇറാന്‍ വഴി സിറിയയിലേക്ക് മലപ്പുറത്തു നിന്നു ചെറുപ്പക്കാര്‍ കുടുംബസമേതം പുറപ്പെട്ടു പോയതും, എന്‍ഐഎ കണ്ണൂര്‍ കനകമലയില്‍ നിന്ന് അഞ്ചു ഐ.എസ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തതും ഭീകര പ്രവര്‍ത്തന പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് ഒളിച്ചു കടക്കവേ മലയാളി യുവാക്കള്‍ കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടതുമൊന്നും നൂറ്റാണ്ടുകള്‍ക്ക് മുന്‍പത്തെ കല്‍പ്പിത കഥയല്ല. മറിച്ച് സമകാലിക കേരളത്തില്‍ അടുത്ത കാലത്തു നടന്ന യഥാര്‍ത്ഥ സംഭവങ്ങളാണ്. ഇന്നും അതിലൊന്നുപോലും സിനിമയുടെയോ സാഹിത്യത്തിന്റെയോ മേഖലകളില്‍ ചര്‍ച്ചയാകുന്നില്ല. അതുപോലുള്ള നിരവധി യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നിലനിന്നിരുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ടവയെ ഉയര്‍ത്തി കാട്ടി കയ്യടി നേടാന്‍ ശ്രമിക്കുന്നവര്‍ക്ക് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടാകാതെ തരമില്ല. ജാതിവ്യവസ്ഥ നിലനിര്‍ത്തുക എന്നത് അവരുടെ കൂടി താല്പര്യമാണ് എന്നും വരാം.
`
അപരനെ അപരിഷ്‌കൃതനായി ചിത്രീകരിക്കുകയും പിന്നെ അവരെത്തന്നെ ഇരകളാക്കുകയും ചെയ്യുക എന്നത് മതമൗലികവാദം എക്കാലത്തും പ്രയോഗിച്ചു വന്ന തന്ത്രമാണ്. ‘പുഴു’വിലൂടെ ആവിഷ്‌ക്കരിച്ച ഭാവനകള്‍ അതേ വഴിക്കുള്ള അന്വേഷണമായിരുന്നു. അപരരേക്കാള്‍ തങ്ങള്‍ മാത്രമാണ് മികച്ചത് എന്ന് സ്ഥാപിക്കാനുള്ള കാപാലികതന്ത്രം. തന്റെ ആത്മകഥയില്‍ നാദിയ മുറാദ് ഇങ്ങനെ എഴുതുന്നുണ്ട്. ”ഇസ്ലാമിക് സ്റ്റേറ്റ് ഇറാഖിലെത്തിയപ്പോള്‍ നഗരങ്ങളിലെ വിവിധ സേവനങ്ങള്‍ വേഗത്തില്‍ പുനഃ സ്ഥാപിക്കുമെന്ന വാഗ്ദാനമുണ്ടായിരുന്നു. ക്രൂരത മാത്രം ആഘോഷിക്കുന്ന ഐസിസ് ആയിരുന്നില്ല അവരുടെ പ്രചാരണങ്ങളില്‍ ഉണ്ടായിരുന്നത്. വൈദ്യുതി, നല്ല റോഡുകള്‍, മാലിന്യസംസ്‌കരണത്തിന് പുത്തന്‍രീതികള്‍ എന്നിങ്ങനെ സാധാരണ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേതുപോലുള്ള വാഗ്ദാനങ്ങളായിരുന്നു നിറയെ. ഇറാഖി സര്‍ക്കാരിനെക്കാള്‍ മികച്ച സേവനം ലഭിക്കുമെന്ന് ജനങ്ങള്‍ വിശ്വസിച്ചതായി പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ മൊസൂളിലടക്കം സാധാരണക്കാരന്റെ ജീവിതം മെച്ചപ്പെടുത്തുന്ന ഒന്നും എനിക്ക് കാണാനായില്ല. ഈ നഗരം മരണം മണക്കുന്ന, ഒരു ഇരുണ്ട കവചം പോലെയാണ്. ഭീകരര്‍ മാത്രമുള്ള അവരുടെ വ്യാജവാഗ്ദാനങ്ങളില്‍ വഞ്ചിക്കപ്പെട്ട ഒന്ന്.”
പൊളിറ്റിക്കല്‍ ഇസ്ലാമിന് വേരുപിടിക്കാനാകും വിധം കേരളത്തിന്റെ സമൂഹമനസ്സിനെ ഉഴുതുമറിക്കുക എന്ന ലക്ഷ്യത്തോടെയുള്ള അജണ്ടകള്‍ സിനിമാലോകത്തെ നിയന്ത്രിക്കുന്നുണ്ട്. പ്രമുഖതാരങ്ങള്‍ പോലും അതിന്റെ പ്രയോജകരാണ് എന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നുമുണ്ട്. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വ്യാപനം സമൂഹത്തില്‍ ഏതു രീതിയിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്നതിന് ഇറാഖും അഫ്ഗാനുമടക്കം ലോകമെമ്പാടും നിരവധി സാക്ഷ്യങ്ങളുണ്ട്. നടേ പറഞ്ഞ നാദിയ മുറാദിന്റെ അനുഭവ സാക്ഷ്യങ്ങള്‍ ലോകം നടുക്കത്തോടെയാണ് കേട്ടുനിന്നത്. ഭര്‍ത്താക്കന്മാര്‍ കണ്മുന്നില്‍ കൊല്ലപ്പെടുന്നത് കണ്ടു നില്‍ക്കേണ്ടി വന്ന സ്ത്രീകളെക്കുറിച്ചും ഹോട്ടലുകളിലോ വീടുകളിലോ എന്തിനു ജയിലുകളില്‍ പോലും പാര്‍പ്പിച്ചു ബലാത്സംഗം ചെയ്യപ്പെട്ടവരെക്കുറിച്ചും അവര്‍ എഴുതിയിട്ടുണ്ട്. അതില്‍ ചിലരെല്ലാം കുട്ടികളായിരുന്നു എന്നും മാസമുറ പോലും ആവാത്തവരെ ഇസ്ലാമിക ഭീകരര്‍ ബലാത്സംഗം ചെയ്തു എന്നും അവര്‍ എഴുതുന്നു. ലൈംഗിക അടിമകളാക്കി പിടിച്ച നിരവധി പെണ്‍കുട്ടികളില്‍ ചിലരെ കെട്ടിയിട്ട് ബലാത്സംഗം ചെയ്തപ്പോള്‍ മറ്റു ചിലരെ ഉറങ്ങികിടക്കുമ്പോഴാണ് ആക്രമിച്ചത്. തങ്ങളുടെ ഗ്രാമത്തില്‍ നിന്ന് വിലകൊടുത്തു വാങ്ങിയ സ്ത്രീയെ വാങ്ങിയ ആള്‍ മൊസ്സൂളിലേക്ക് കൊണ്ടുപോകുമ്പോള്‍, കാത്തിരിക്കാന്‍ പറ്റാത്തത് കൊണ്ട് കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ട് അതിനുള്ളില്‍ വെച്ച് അവരെ ബലാത്സംഗം ചെയ്തു എന്നവര്‍ എഴുതുന്നുണ്ട്.
ഇതെല്ലാം ഇസ്ലാമിക ഭീകരവാദത്തിന്റെ പേരില്‍ ഇന്നും മനുഷ്യര്‍ അനുഭവിക്കുന്ന ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ചയാണ്. എന്തുകൊണ്ടാണ് ഇതൊന്നും ഇപ്പോഴും ഇവിടെ സിനിമകള്‍ക്കോ നോവലുകള്‍ക്കോ വിഷയമാവാത്തത്? മറ്റു മതങ്ങളില്‍ എന്നോ ഉണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെയുള്ള സിനിമകള്‍ സ്വന്തം ചെലവിലും, തിരക്കഥകള്‍ സ്വന്തം ഇഷ്ടത്തിന് തിരുത്തിയും ചെയ്യുന്ന സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ എന്തുകൊണ്ടാണ് ഇത്തരം കൊടും ക്രൂരതകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത്? തങ്ങളുടെ സിനിമകളിലൂടെ അവര്‍ മാന്യത നേടിക്കൊടുക്കാന്‍ ശ്രമിക്കുന്ന പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വാക്കുകള്‍ക്കതീതമായ ക്രൂരതയാണ് യസീദികളും ഇതര മതസ്ഥരായ സ്ത്രീകളും അനുഭവിച്ചത്. അഫ്ഗാനില്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നതും. മത പിശാചുക്കളുടെ നൃശംസതയില്‍ പുറംലോകമറിയാതെ ഒടുങ്ങിപ്പോയ ആ നിരപരാധികളുടെ രക്തവും മാംസവും ഭുജിച്ചു വളരുന്ന ഒന്നാണ് പൊളിറ്റിക്കല്‍ ഇസ്ലാം. അതിന് സ്വീകാര്യതയുണ്ടാക്കാന്‍ സിനിമയിലൂടെയും സാഹിത്യത്തിലൂടെയും പേനയുന്തുന്നവര്‍ ആരായാലും,അവര്‍ അപരാധികള്‍ തന്നെയാണ്. കോടികളുടെ മണിക്കിലുക്കത്തിലോ, പ്രായത്തെ വെല്ലുന്ന, വിലകൂടിയ സൗന്ദര്യസംരക്ഷണത്തിലോ മറക്കാന്‍ കഴിയുന്ന ഒന്നല്ല ആ അപരാധം.