“ഹായ്..! നന്നായിട്ടുണ്ടല്ലോ. ഞാന്‍ പറഞ്ഞില്ലേ നിനക്ക് സാധിക്കുമെന്ന്? ഇനിയിന്ന് വീട്ടില്‍ പോയി ഇതുപോലെ എഴുതിനോക്കണം. എഴുതിയത് വായിച്ച് തൃപ്തിതോന്നിയില്ലെങ്കില്‍ വെട്ടി വീണ്ടുമെഴുതണം. അങ്ങനെ സ്വയം മെച്ചപ്പെടുത്തണം.”
“ശരി ടീച്ചര്‍, ഞാന്‍ ശ്രമിക്കാം.”
ടീച്ചറുടെ നിര്‍ദ്ദേശവും ശിരസ്സാ വഹിച്ച് ഹരിണന്‍ അമ്മയോടൊപ്പം വീട്ടിലേക്കു നടന്നു. വീട്ടിലേക്കുള്ള വഴിയിലും വീട്ടിലെത്തിയതിനുശേഷം ഊണിലും ഉറക്കത്തിലുമൊക്കെ കവിതയെക്കുറിച്ചു മാത്രംആലോചിച്ചു. പല വരികളും മനസ്സിലിട്ട് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരുവപ്പെടുത്തി കടലാസ്സിലേക്കെഴുതിവെച്ചു. ശരിയായില്ലെന്നു തോന്നിയപ്പോള്‍ എഴുതിയ കടലാസ് വലിച്ചു കീറിക്കളഞ്ഞ്, പുതിയതെഴുതി. ദിവസങ്ങളോളെ ഇതാവര്‍ത്തിച്ചു. അതിരാവിലെ എഴുന്നേറ്റ് നടക്കാന്‍ പഠിക്കുന്നതും അതു കഴിഞ്ഞ് വീട്ടിലെത്തിയതിനു ശേഷം കവിതയോര്‍ത്തിരിക്കുന്നതും ഹരിണന്റെ ശീലമായി മാറി. ഇടയ്ക്കിടെ കുറുക്കി ടീച്ചറുടെ വീട്ടിലേക്കു ചെന്ന് അഭിപ്രായങ്ങള്‍ ചോദിച്ചു. ടീച്ചര്‍ പ്രോത്സാഹിപ്പിച്ചതനുസരിച്ച് അവന്‍ മനോഹരമായ കവിതകളെഴുതി.
“ഇത് നന്നായിട്ടുണ്ട്. നമുക്കിത് രാജാവിന് കാണിച്ചു കൊടുക്കാം.”
“ഹയ്യോ! സിംഹത്താനെയോ? എനിക്ക് പേടിയാണ്.”
“അതെന്തിനാ പേടിക്കുന്നത്? സിംഹരാജാവ് ആരെയും അകാരണമായി ഉപദ്രവിക്കില്ല. നമുക്ക് പോകാം.”
കുറുക്കി ടീച്ചര്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ഹരിണമാന്‍ ഒരുമിച്ചു ചെന്നു. സിംഹരാജാവിനെയും അരയന്ന രാജ്ഞിയെയും കുറിച്ചുള്ള കവിതയായിരുന്നു അത്. കവിത വായിച്ച് സിംഹരാജാവിനും അരയന്നരാജ്ഞിക്കും ഇഷ്ടമായി. അവരവന് നല്ലൊരു പേന സമ്മാനമായി നല്‍കി.
“കൊള്ളാം. നന്നായിട്ടുണ്ട്. ഇവന്‍ നന്നായെഴുതുന്നുണ്ടല്ലോ. ഇഗ്വാള ഭാഷയിലെ ആധുനികകാലത്തെ ആദ്യകവി ഹരിണനായിരിക്കും. സന്തോഷം.”
“നമ്മുടെ സ്‌കൂള്‍ തുടങ്ങിയതുകൊണ്ടുണ്ടായ ഏറ്റവും വലിയ നേട്ടം ഇതായിരിക്കും. എനിക്ക് വലിയ സന്തോഷമായി. നല്ല കവിതകളെഴുതിയാല്‍ നിനക്ക് ഞാനിനിയും സമ്മാനങ്ങള്‍ തരും.”
ഹരിണനെയും മാതാപിതാക്കളെയും രാജാവ് അഭിനന്ദിച്ചു.
“ഒരു കാര്യം കൂടെ ഹരിണന്‍ ചെയ്താല്‍ നല്ലതായിരുന്നു. ചെയ്യുമോ?”
രാജാവ് ആജ്ഞാപിച്ചാല്‍ എന്തും ഞാന്‍ ചെയ്യാം.
“നമ്മുടെ ഇഗ്വദ്വീപിന് ഒരു ദേശീയ ഗാനം വേണം. അത് പുറത്തുനിന്നുള്ളൊരാള്‍ എഴുതിയാല്‍ ശരിയാകില്ല. ഈ ദ്വീപിനെക്കുറിച്ച് അറിയാവുന്നവര്‍ വേണം എഴുതാന്‍. ഹരിണന് എല്ലാമറിയാമല്ലോ. ഹരിണനാണതു ചെയ്യേണ്ടത്. ഇഗ്വദ്വീപിനു വേണ്ടി ദേശീയഗാനമെഴുതാനുള്ള ചുമതല ഹരിണനെ ഞാനിതാ ഏല്‍പ്പിക്കുന്നു. കൂടാതെ നമ്മുടെ സ്‌കൂളിനു വേണ്ടി ഒരു പ്രാര്‍ത്ഥനയെഴുതാനും.”
രാജാവിന്റെ നിര്‍ദ്ദേശം കേട്ട് ഹരിണന്‍ സന്തോഷം കൊണ്ട് മതിമറന്നു. അവനൊരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത അഭിമാനകരമായ ദൗത്യമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അതും ദ്വീപ് ഭരിക്കുന്ന പൊന്നുതമ്പുരാന്‍. ഇതില്‍പ്പരമെന്ത് സന്തോഷമുണ്ട്?
പകലും രാത്രിയും മിനക്കെട്ടിരുന്ന് ഹരിണന്‍ കവിതകളെഴുതി. രാജാവിനെയും രാജ്ഞിയെയും ദ്വീപിന്റെ പ്രത്യേകതകളെയും പുകഴ്ത്തിക്കൊണ്ട് ഹരിണനെഴുതിയ കവിത രാജാവിന് വലിയ ഇഷ്ടമായി.
“ഹായ്! എന്തു സുന്ദരന്‍ കവിത! നമുക്ക് ദേശീയഗാനമായി ഇതുമതി. ഇത്രയും നല്ല ദേശീയഗാനം ലോകത്തെവിടെയുമുണ്ടാകില്ല. നീ മിടുക്കനാണല്ലോ. എന്ത് സമ്മാനമാണ് നിനക്ക് ഞാന്‍ തരേണ്ടത്?”
“സമ്മാനമൊന്നും വേണ്ട. രാജാവിന്റെയും രാജ്ഞിയുടെയും സ്‌നേഹം മതി.”
“അതുപോര. നിന്നെ ഞാനിതാ നമ്മുടെ കൊട്ടാരംകവിയായി പ്രഖ്യാപിക്കുന്നു. അടുത്തു നടക്കുന്ന ദ്വീപുസഭയില്‍ വെച്ച് നിനക്ക് സ്ഥാനമേറ്റെടുക്കാം.”
ഹരിണന്റെ അഭിമാനത്തിന് അതിരുണ്ടായിരുന്നില്ല. സിംഹരാജാവിന്റെ കൊട്ടാരം കവിയാകുക! സ്വപ്നത്തില്‍ പോലും നടക്കാത്ത കാര്യമാണ്.
“രാജാവേ, ഞാന്‍ ഇതാ സ്‌കൂളിനുവേണ്ടി പ്രാര്‍ത്ഥനയുമെഴുതിയിട്ടുണ്ട്.”
രാജ്ഞിയത് വാങ്ങി ഈണത്തില്‍ ചൊല്ലി.
“ഹൗ! എന്തുസുന്ദരം! നമ്മുടെ കുട്ടികളൊക്കെ ഇനി ഭക്തിയോടെ ഈ പ്രാര്‍ത്ഥനയും ചൊല്ലി പഠനമാരംഭിക്കും. അവര്‍ക്ക് നല്ല ബുദ്ധിവളര്‍ച്ചയുണ്ടാകും.”
രാജാവ് ഹരിണനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. ദേശീയഗാനവും പ്രാര്‍ത്ഥനയും അംഗീകരിക്കുന്നതായും അടുത്തു നടക്കുന്ന പൊതു പരിപാടിയില്‍ വെച്ച് അത് ആദ്യമായവതരിപ്പിച്ച് ദ്വീപിന്റെതായി പ്രഖ്യാപിക്കാമെന്നും രാജാവ് പറഞ്ഞു. ഹരിണന്‍ സന്തോഷംകൊണ്ട് മതിമറന്നു.
(തുടരും)