“ഊം.. ചൂ.. ചൂ.. ചൂ..”
മൂളിപ്പാട്ടും പാടി, സന്തോഷത്തോടെ നടന്നുവരുന്ന ഹരിണനെക്കണ്ട് അച്ഛനുമമ്മയും മൂക്കത്ത് വിരല്‍ വെച്ചു.
“എന്റെ മോന്‍ തന്നെയാണോ ഈ വരുന്നത്? എനിക്ക് ആളുമാറിപ്പോയോ?”
“ഞാന്‍ തന്നെയാണമ്മേ. പക്ഷെ ഞാന്‍ ആളാകെ മാറി. ഇന്നലെവരെയുണ്ടായിരുന്ന ഞാനല്ല ഇപ്പോള്‍. എനിക്കിപ്പോള്‍ നടക്കാന്‍ പേടിയില്ല. വീഴുമോയെന്ന് പേടിയില്ല. എന്തിനും ആത്മവിശ്വാസമുണ്ട്.”
“ഏതായാലും ആ കരിനീലനെ സമ്മതിക്കണം. അവനാണെന്റെ മകനെ ഇങ്ങനെ മാറ്റിയെടുത്തത്.”
അമ്മ മകനെ കെട്ടിപ്പിടിച്ച് നെറുകയില്‍ ഉമ്മവെച്ചു.
അന്ന് ഹരിണമാന് വിശ്രമമുണ്ടായിരുന്നില്ല. അതിരാവിലെ എഴുന്നേറ്റ് പരിശീലനം നടത്തിയതിന്റെ ക്ഷീണമുണ്ടായിരുന്നെങ്കിലും അതിനെക്കുറിച്ച് ഗൗനിക്കാതെ അവന്‍ കരിനീലന്‍ പറഞ്ഞതനുസരിച്ച് ഓരോ പാ ട്ടുകളും ഓര്‍ത്തു നോക്കി. പിന്നെയത് ഇഗ്വാളഭാഷ ഉപയോഗിച്ച് എഴുതിനോക്കി. എഴുതാനും വായിക്കാനും അവന് നല്ല കഴിവുണ്ടായിരുന്നു. കുറുക്കി ടീച്ചറാണവനെ എഴുതാനും വായിക്കാനും പഠിപ്പിച്ചത്. അവന് ടീച്ചറെ വലിയ ഇഷ്ടവുമായിരുന്നു. ടീച്ചര്‍ കൊടുത്ത പുസ്തകങ്ങളൊക്കെ അവന്‍ ഇരുന്നയിരുപ്പില്‍ വായിച്ചുതീര്‍ക്കുമായിരുന്നു.
“മോനെന്താ എഴുതുന്നേ?”
“ഞാന്‍ പാട്ടെഴുതിനോക്കുകയാണമ്മേ.”
“പാട്ടെഴുതുകയോ? കൊള്ളാമല്ലോ. ആരാണ് മോനോടിത് പറഞ്ഞത്? ടീച്ചറാണോ?”
“കരിനീലന്‍ കാക്കയാണമ്മേ. പകല്‍ സമയത്ത് എനിക്ക് വേറെങ്ങോട്ടും പോകാനില്ലല്ലോ. ഓട്ടപ്പരിശീലനം അതിരാവിലെ കഴിയുകയും ചെയ്തു. അതുകൊണ്ട് പകല്‍ കരിനീലന്‍ പാടിത്തന്ന പാട്ടുകളൊക്കെയൊന്ന് എഴുതി നോക്കാന്‍ എന്നോട് പറഞ്ഞിട്ടുണ്ട്.”
“കൊള്ളാലോ.”
“അമ്മ നോക്കൂ. ഞാന്‍ എഴുതിയത് ശരിയാണോ? ഇതില്‍ അക്ഷരത്തെറ്റുണ്ടെങ്കില്‍ ഒന്ന് തിരുത്തിത്തരുമോ?”
“അയ്യോ! എനിക്ക് എഴുതാനും വായിക്കാനുമൊന്നുമറിയില്ല. നിങ്ങള്‍ കുട്ടികളല്ലേ പഠിച്ചിട്ടുള്ളത്? മറ്റുള്ള കുട്ടികളാരോടെങ്കിലും ചോദിക്കൂ. അല്ലെങ്കില്‍ കുറുക്കി ടീച്ചറുടെ അടുത്തുചെന്ന് ചോദിക്കൂ. നിന്റെ പ്രിയപ്പെട്ട ടീച്ചറായിരുന്നില്ലേ?”
അത് നല്ല ആശയമാണെന്ന് ഹരിണനും തോന്നി. അവന്‍ അമ്മയോടൊപ്പം കുറുക്കി ടീച്ചറുടെ മാളത്തിലേക്കു നടന്നു. ടീച്ചര്‍ക്കും അതിരാവിലെയെഴുന്നേല്‍ക്കുന്ന ശീലമുണ്ടായിരുന്നു. രാവിലെയെഴുന്നേറ്റ് പുസ്തകങ്ങള്‍ വായിക്കുകയും എഴുതുകയുമായിരുന്നു ടീച്ചര്‍ ചെയ്തുകൊണ്ടിരുന്നത്. സൂര്യന്റെ വെളിച്ചത്തിന് ശക്തികൂടിവരുംവരെ ഇതു തുടരും. വെയില്‍ ശക്തിപ്രാപിക്കുമ്പോള്‍ ഭക്ഷണം തേടിയിറങ്ങും. ഇതായിരുന്നു ടീച്ചറുടെ രീതി. അവര്‍ ചെല്ലുമ്പോഴും ടീച്ചറെന്തോ വായിക്കുകയായിരുന്നു.
“ഹല്ല! ആരിത്? ഹരിണനോ? അമ്മയുമുണ്ടല്ലോ! എന്തുണ്ട് വിശേഷം? സുഖമല്ലേ?”
“സുഖമാണ് ടീച്ചര്‍, ടീച്ചറുടെ ശിക്ഷണം കൊണ്ട് എന്റെ മകന്‍ മിടുക്കനായി. ഇഗ്വാളം നന്നായി വായിക്കാനും എഴുതാനും അവനറിയാം. അവന്‍ കുറച്ച് പാട്ടുകളെഴുതിയിട്ടുണ്ട്. എന്നോട് തിരുത്തിത്തരാന്‍ പറഞ്ഞു. പക്ഷെ സ്‌കൂളില്‍ പോകാത്തതിനാല്‍ എനിക്ക് എഴുതാനും വായിക്കാനുമൊന്നുമറിയില്ലല്ലോ.”
ഹരിണന്റെയമ്മ ടീച്ചറോട് പറഞ്ഞു.
“ഹാ! കൊള്ളാമല്ലോ! പാട്ടുകളെഴുതിയിട്ടുണ്ടെന്നോ? തരൂ. വായിച്ചു നോക്കട്ടെ.”
ആവേശപൂര്‍വ്വം ശിഷ്യനെഴുതിയതു ടീച്ചര്‍ വായിച്ചു നോക്കി. ടീച്ചറുടെ മുഖം തെളിഞ്ഞു വന്നു.
“നന്നായിട്ടുണ്ടല്ലോ. ഇതില്‍ അക്ഷരത്തെറ്റൊന്നുമില്ല. പക്ഷെ ഇതൊക്കെ ചില നാടന്‍ പാട്ടുകളാണല്ലോ. നമ്മുടെ ദ്വീപില്‍ പ്രചാരമുള്ളത്.”
ടീച്ചര്‍ ഉറക്കെ വായിച്ചപ്പോള്‍ ഹരിണന്റെയമ്മ മൂക്കത്ത് വിരല്‍ വെച്ചു.
“ഇതായിരുന്നോ ഇവനെഴുതിയത്? ഈ പാട്ടൊക്കെയെനിക്കറിയാം. ഞങ്ങളൊക്കെ ചെറിയ കുഞ്ഞുങ്ങളായിരുന്നപ്പോള്‍ മുതല്‍ കേട്ടുതുടങ്ങിയതാ.”
“അതെ. നിങ്ങള്‍ക്ക് വായിക്കാനുമെഴുതാനും അറിയാത്തതുകൊണ്ടല്ലേ എന്റെയടുത്ത് വന്നു ചോദിക്കേണ്ടി വന്നത്? സ്വന്തം മകനെഴുതിയത് വായിക്കാന്‍ അച്ഛനുമമ്മയ്ക്കും സാധിക്കാതെ വരിക! അത് നാണക്കേടാണ്.”
“ഞങ്ങള്‍ക്ക് വായിക്കാനും എഴുതാനും പഠിക്കണമെന്നുണ്ട്. ടീച്ചര്‍ പഠിപ്പിച്ചു തരുമോ? ആരുമറിയാതെ വേണം. ഞങ്ങള്‍ വയസ്സന്മാര്‍ അക്ഷരം പഠിക്കാന്‍ പോകുന്നുവെന്ന് ആരെങ്കിലുമറിഞ്ഞാല്‍ നാണക്കേടാണ്.”
“അതൊന്നും പേടിക്കേണ്ട. ഞാന്‍ പഠിപ്പിച്ചുതരാം. എന്റെ വീട്ടില്‍ നിന്നും പഠിക്കാം. എന്താ?”
“ശരി നാളെമുതല്‍ ഞങ്ങളും പഠിക്കാന്‍ വരാം.”
ജാള്യതയോടെയാണെങ്കിലും അമ്മ പറഞ്ഞു.
“ഹരിണനെഴുതിയതില്‍ അക്ഷരത്തെറ്റുകളൊന്നുമില്ല. നന്നായിട്ടുണ്ട്. പക്ഷെ ഇത് എല്ലാവര്‍ക്കുമറിയുന്ന നാടന്‍ പാട്ടുകളെഴുതിയെന്നു മാത്രമേയുള്ളൂ. ഹരിണന്റെ സ്വന്തമല്ല. എങ്കിലും നല്ലതാണ്. നാടന്‍ പാട്ടുകള്‍ ഇങ്ങനെ സമാഹരിച്ചെഴുതി സൂക്ഷിക്കുന്നത് ഇഗ്വാള ഭാഷയുടെ വളര്‍ച്ചയ്ക്ക് ഗുണകരമാണ്. പല പാട്ടുകളും അപ്രത്യക്ഷമാകുകയാണല്ലോ. ആ സമയത്ത് ഇതുപോലൊരു ശ്രമം അഭിനന്ദനാര്‍ഹമാണ്.”
കുറുക്കി ടീച്ചറുടെ പ്രശംസയ്ക്കുമുന്നില്‍ ഹരിണന്‍ വിനയാന്വിതനായി.
“പക്ഷെ, ഹരിണനിതുപോലെ നാടന്‍ പാട്ടുകള്‍ സമാഹരിച്ചെഴുതിയാല്‍ മാത്രം പോര. സ്വന്തമായി കവിതകളെഴുതണം.”
“കവിതയോ? ഞാനോ?”
“അതെന്താ നിനക്കെഴുതിയാല്‍? നീ മിടുക്കനാണ്. നീ വിചാരിച്ചാലും എഴുതാന്‍ സാധിക്കും.”
“എങ്ങനെയാണ് കവിതയെഴുതുക? എനിക്കൊന്നുമറിയില്ല. അതൊക്കെ വലിയ കവികളല്ലേ ചെയ്യുക? പണ്ടെന്നോ ജീവിച്ചിരുന്നവരുണ്ടാക്കിയ കവിതകളും പാട്ടുകളുമല്ലേ നമ്മുടെ ദ്വീപിലുള്ളത്? ഞാനെങ്ങനെ?”
“അതിനെന്താ? ഇന്നത്തെക്കാലത്തും നമുക്ക് കവികള്‍ വേണ്ടേ? എക്കാലവും മണ്‍മറഞ്ഞുപോയ പഴയ കവികളെയോര്‍ത്ത് അഭിമാനിച്ചാല്‍ മതിയോ? ഹരിണന്‍ ഇന്നത്തെക്കാലത്തെ കവിയാകണം. കവിതകളും പാട്ടുകളുമെഴുതണം.”
“എനിക്കറിയില്ല ടീച്ചര്‍. എന്നെക്കൊണ്ട് ഇതിനൊന്നും കൊള്ളില്ല.”
“നിന്നെക്കൊണ്ട് പറ്റും ഹരിണാ. നീ മിടുക്കനാണ്. ഞാന്‍ പഠിപ്പിച്ച കുട്ടികളില്‍ ഏറ്റവും നന്നായി ഭാഷ കൈകാര്യം ചെയ്യുന്നത് നീയാണ്. കവിതയെഴുത്തിന്റെ ബാലപാഠങ്ങള്‍ ഞാന്‍ പഠിപ്പിച്ചുതരാം.”
ടീച്ചര്‍ പറഞ്ഞുകൊടുത്തതുപോലെ അവനെഴുതി നോക്കി. എഴുതിയത് വായിച്ചപ്പോള്‍ അവന്‍ തന്നെ അത്ഭുതപ്പെട്ടുപോയി. എന്തു സുന്ദരന്‍ കവിത! അവന് ആശ്വാസമായി.
(തുടരും)