അച്ഛന്റെ വാക്കുകള്‍ കേട്ടപ്പോള്‍ ഹരിണന്റെ മനസ്സിലും ചിന്തകളുടെ വേലിയേറ്റമുണ്ടായി. അച്ഛനുമമ്മയും അവര്‍ മരിക്കുന്നതുവരെ തന്നെ പൊന്നുപോലെ നോക്കും. അവരുടെ കാലം കഴിഞ്ഞാല്‍ എന്തു ചെയ്യും? എന്നും അച്ഛനെയുമമ്മയെയും ആശ്രയിച്ച് ജീവിക്കാന്‍ സാധിക്കുമോ? സ്വയം പരിശ്രമിക്കണം. എന്നാല്‍ മാത്രമേ വിജയിക്കാന്‍ സാധിക്കൂ. നാളെ മുതല്‍ കരിനീലന്‍ കാക്ക പറഞ്ഞതനുസരിച്ച് പരിശീലനം നടത്തണം. പരീക്ഷയില്‍ ജയിച്ചില്ലെങ്കിലും നന്നായി നടക്കാനും ഓടാനും പറ്റണം. കരിനീലന്‍ പറഞ്ഞത് അച്ഛനെയും അമ്മയെയുമറിയിച്ചപ്പോള്‍ അവര്‍ക്കും സന്തോഷമായി. മകന് ഒരു പ്രതീക്ഷയുണ്ടല്ലോയെന്നു കണ്ടായിരുന്നു അവര്‍ക്കാശ്വാസം തോന്നിയത്. സാധാരണ ആരെന്തുപറഞ്ഞാലും ഹരിണന്‍ നിരാശയോടെയേ സംസാരിക്കുകയുള്ളൂ. ഇപ്പോഴവന്റെ മുഖത്തൊരു ആത്മവിശ്വാസമുണ്ട്. കരിനീലന്‍ നല്ലവനാണ്.
അന്നു രാത്രി ഹരിണന്‍ മനോഹരമായ ചില സ്വപ്നങ്ങള്‍ കണ്ടു. അടുത്ത പരീക്ഷയിലവന്‍ എല്ലാവരേക്കാളും കൂടുതല്‍ മാര്‍ക്ക് വാങ്ങി ജയിക്കുന്നതും സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് ഏറ്റവും മിടുക്കനായ വിദ്യാര്‍ത്ഥിക്കുള്ള സമ്മാനം വാങ്ങുന്നതും അതുവരെ പരിഹസിച്ച മറ്റ് മൃഗങ്ങളെല്ലാം ചേര്‍ന്ന് അവനെ സന്തോഷത്തോടെയെടുത്ത് പൊക്കുന്നതും അനുമോദിക്കുന്നതുമൊക്കെ. ഉറക്കത്തിലവന്‍ ചിരിച്ചു.
“ഹ്..ഹ്..ഹ്..”
മകന്‍ ഉറക്കത്തിനിടയില്‍ ചിരിക്കുന്നത് കണ്ട് അച്ഛനുമമ്മയും അമ്പരന്നു. ഉറക്കത്തിലെങ്കിലും ആദ്യമായാണ് അവനിങ്ങനെ സന്തോഷിക്കുന്നത് കാണുന്നത്. എന്തെങ്കിലും പ്രതീക്ഷ നല്‍കുന്ന നല്ല സ്വപ്നമായിരിക്കും അവന്‍ കാണുന്നതെന്ന് അവര്‍ ഊഹിച്ചു. അമ്മയവനെ കെട്ടിപ്പിടിച്ചുകിടന്ന് താരാട്ടുപാടി.
“പിറ്റേദിവസം രാവിലെ കരിനീലന്‍ കാക്കയാണ് ഹരിണനെ വിളിച്ചുണര്‍ത്തിയത്. ഹരിണന്‍ താമസിച്ചിരുന്ന ഗുഹയുടെ മുന്നിലെ മാവിന്‍കൊമ്പത്തിരുന്ന് കരിനീലന്‍ നീട്ടി വിളിച്ചു.”
“കാ.. കാ.. ഹരിണാ.. നീയിതുവരെ ഉണര്‍ന്നില്ലേ? വേഗം വാ.. വെളിച്ചം പരക്കുന്നതിനു മുമ്പ് നമുക്ക് പരിശീലനം തുടങ്ങണം.”
അതിരാവിലെയെഴുന്നേറ്റ്, സൂര്യപ്രകാശം പരക്കുന്നതിനു മുമ്പ് പരിശീലനം പൂര്‍ത്തിയാക്കാനായിരുന്നു കരിനീലന്റെ പദ്ധതി. ഹരിണന്‍ വേഗമെഴുന്നേറ്റ്, പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിച്ച്, കുളിച്ച്, കാക്കയുടെ കൂടെ മൈതാനത്തേക്കു പോകാന്‍ പുറപ്പെട്ടു.
“നമുക്ക് വേറൊരു മൈതാനത്തേക്കു പോകാം. തല്‍ക്കാലം നമ്മുടെ പരിശീലനം കുറച്ചു നാളത്തേക്ക് മറ്റാരും കാണണ്ട. രഹസ്യമായിരിക്കട്ടെ.”
കരിനീലന്‍ പറഞ്ഞതനുസരിച്ച് ഹരിണനവനെ പിന്തുടര്‍ന്നു. അവരെത്തിച്ചേര്‍ന്നത് പാല്‍പ്പുഴയുടെ തീരത്തുള്ള മറ്റൊരു മൈതാനത്തേക്കായിരുന്നു. അത്രത്തോളം വലിപ്പമുള്ളതല്ലെങ്കിലും ഹരിണന് പഠിക്കാനത് പര്യാപ്തമായിരുന്നു.
“നമുക്ക് തുടങ്ങിയാലോ? ദാ.. ഇങ്ങനെ.. ഇങ്ങനെ നടക്കണം.”
കാക്ക നടന്നുകാണിക്കുന്നതിനനുസരിച്ച് മാന്‍ നടന്നു.
“ശ്രദ്ധിച്ച് നടന്നാല്‍ മതി. ഞാന്‍ പറയുന്നതിനനുസരിച്ച് ആത്മവിശ്വാസത്തോടെ വേണം നടക്കാന്‍. വീഴുമെന്ന പേടിവേണ്ട. വീണാലുമൊരു കുഴപ്പവുമില്ല. ഇവിടെ ആരാ കാണാന്‍? നമ്മള്‍ രണ്ടുപേരുമല്ലേയുള്ളൂ?”
കരിനീലന്റെ ആത്മവിശ്വാസം തരുന്ന വാക്കുകള്‍ കേട്ട് കൂടുതല്‍ ഊര്‍ജ്ജത്തോടെ ഹരിണന്‍ നടന്നു. അവനുതന്നെ അത്ഭുതമായിരുന്നു. ശ്രദ്ധിച്ച് വീഴുമെന്ന ചിന്തയില്ലാതെ നടക്കുമ്പോള്‍ നടക്കാന്‍ പറ്റുന്നുണ്ട്. അതവന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അവന്‍ വീണ്ടും വീണ്ടും അതുപോലെ നടന്നു. നേരം നന്നായി പുലര്‍ന്ന്, സൂര്യപ്രകാശം എങ്ങും പരക്കുന്നതുവരെ അവരുടെ പരിശീലനം തുടര്‍ന്നു. അന്നത്തെ ദിവസത്തെ പരിശീലനം അവസാനിപ്പിക്കുമ്പോള്‍ കരിനീലന്‍ ചോദിച്ചു.
“ഹരിണന്‍ നമ്മുടെ ഇഗ്വാള ഭാഷ എഴുതാനും വായിക്കാനുമൊക്കെ പഠിച്ചിട്ടുണ്ടോ?”
“ഊം. ഞാന്‍ പഠിച്ചിട്ടുണ്ട്. കുറുക്കി ടീച്ചര്‍ക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു. എന്റെ കൈയ്യക്ഷരം കണ്ട് എപ്പോഴും പുറത്തു തട്ടി അഭിനന്ദിക്കാറുണ്ട്. പക്ഷെ കരടിമാഷ്‌ക്ക് എന്നെയിഷ്ടമായിരുന്നില്ല. എനിക്കും മാഷെ ഇഷ്ടമായിരുന്നില്ല. ഞാനെപ്പോഴും കണക്കു തെറ്റിക്കുമായിരുന്നു.”
“അതു സാരമില്ല. എല്ലാവര്‍ക്കും കണക്കില്‍ നല്ല മാര്‍ക്കൊന്നും കിട്ടിയെന്നു വരില്ല. പലരുടെയും ബുദ്ധി പല തരത്തിലല്ലേ? ഇഗ്വാളം നിനക്കിഷ്ടമാണല്ലോ. എങ്കില്‍ നമുക്കൊരു സൂത്രം ചെയ്യാം. പകല്‍ സമയത്ത് നിനക്ക് വീട്ടിലിരുന്ന് ചെയ്യാന്‍ ഞാനൊരു പണി തരാം. ഞാന്‍ ചില പാട്ടുകള്‍ പാടിത്തരാം. ആ പാട്ടുകള്‍ നാളെ വരുമ്പോള്‍ ഇഗ്വാളത്തില്‍ എഴുതിക്കൊണ്ടു വരണം. ഒപ്പം സാധിക്കുമെങ്കില്‍ നീ സ്വന്തമായും ചില പാട്ടുകളുണ്ടാക്കിയെഴുതിവരണം. നമുക്കവ നാളെയൊരുമിച്ചിരുന്ന് പാടാം. എന്താ ചെയ്യുമോ?”
“പിന്നെന്താ, തീര്‍ച്ചയായും ചെയ്യും.”
ഹരിണന്‍ സന്തോഷത്തോടെ വീട്ടിലേക്കു നടന്നു. അവന്റെ നടത്തത്തിലെ ആത്മവിശ്വാസവും ചുറുചുറുക്കും കണ്ട് കരിനീലന്റെ മനസ്സ് നിറഞ്ഞു. സന്തോഷം കൊണ്ട് കണ്ണുനിറയാന്‍ തുടങ്ങിയപ്പോളവന്‍ കാ.. കാ.. എന്നുറക്കെ വിളിച്ചുകൊണ്ട് ആകാശത്തിന്റെ ഉയരത്തിലേക്ക് പറന്നുയര്‍ന്നു.
(തുടരും)