ലോകജനസംഖ്യ ഇപ്പോൾ ഏകദേശം 800 കോടിയാണ്. ഐക്യരാഷ്ട്രസഭയുടെ ലഭ്യമായ കണക്കുകൾ പ്രകാരം 35% വരുന്ന 275 കോടി ജനങ്ങൾ ക്രിസ്തുമത വിശ്വാസികളാണ്. 29% വരുന്ന 245 കോടി ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നു. 17% വരുന്ന 130 കോടിയാണ് ഹിന്ദുമത വിശ്വാസികൾ. ബുദ്ധമത വിശ്വാസികളെയും മറ്റും മതേതര വിശ്വാസികളുടെ ഗണത്തിലാണ് പരിഗണിക്കുന്നത്. ഇവരുടെ ലോകജനസംഖ്യാനുപാതം 19% വരുന്ന 150 കോടിയാണ്. ലോക ജനസംഖ്യയിൽ 35% വരുന്ന ക്രിസ്ത്യൻ മതവിശ്വാസികൾ സമാധാനപരമായി മറ്റുള്ളവരുമായി സഹവർത്തിത്വത്തിൽ കഴിയുന്നവരും സമൂഹ നന്മയ്ക്കും വികസനത്തിനുമായി ധാരാളം സ്ഥാപനങ്ങൾ നടത്തുന്നവരും ശാസ്ത്ര – സാങ്കേതിക വിദ്യകളിൽ മുന്നേറുന്നവരുമാണ്.
ക്രിസ്തുമതത്തിനാധാരമായ ബൈബിൾ സമാധാനത്തിലും സഹോദര്യത്തിലും അടിയുറച്ച് വിശ്വസിക്കാനും സാമൂഹ്യ നന്മയ്ക്കായി പ്രവർത്തിക്കാനും ആഹ്വാനം ചെയ്യുന്നു. പൗരാണിക ഭാരതത്തിലെ വേദങ്ങളിൽ നിന്നും ശാസ്ത്രങ്ങളിൽ നിന്നും പുരാണ ഇതിഹാസങ്ങളിൽ നിന്നും ആശയങ്ങൾ ഉൾക്കൊണ്ട് എഴുതപ്പെട്ടതാണ് ബൈബിളെന്ന് സ്ഥാപിക്കുന്ന നിരവധി സാമൂഹ്യ ശാസ്ത്രജ്ഞന്മാരും നരവംശ ശാസ്ത്രജ്ഞരുമുണ്ട്.
ഇപ്പോൾ ഭാരതത്തിലെ ക്രിസ്ത്യാനികളുടെ എണ്ണം രണ്ടു കോടി എഴുപത്തിയെട്ട് ലക്ഷമാണ്. ഇന്ത്യൻ ഭരണഘടനയനുസരിച്ച് 2.7% വരുന്ന ക്രിസ്ത്യാനികളും 1.7% വരുന്ന സിഖ് മതവിശ്വാസികളും 14% മുസ്ലിങ്ങളും മതന്യൂനപക്ഷങ്ങളാണ്. ഭരണഘടനാപരമായ എല്ലാ സംരക്ഷണങ്ങളും ആനുകൂല്യങ്ങളും അവർക്ക് ലഭിക്കുന്നു. കഴിഞ്ഞ 10 വർഷമായി മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം മതന്യൂനപക്ഷത്തിന് ലഭിച്ച സാമ്പത്തികാനുകൂല്യങ്ങൾ അതിനുമുമ്പ് ലഭിച്ചതിന്റെ എട്ടിരട്ടിയാണ്. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിൽ ഇപ്പോഴത്തെ എൻ.ഡി.എ. സർക്കാർ അതീവ താൽപര്യം കാട്ടി. തൽഫലമായി മുസ്ലിം വനിതകളെ സംരക്ഷിക്കാൻ മുത്തലാഖ് നിരോധിച്ചു. മതന്യൂനപക്ഷങ്ങളിലെ വിദ്യാർഥിനികളുടെ സ്കോളർഷിപ്പ് ഇരട്ടിയായി വർധിപ്പിച്ചു. പെൺകുട്ടികൾക്ക് ഡിഗ്രിതലം വരെ സൗജന്യവിദ്യാഭ്യാസം നൽകി. മുസ്ലിം വിഭാഗങ്ങളിലെ ധാരാളം വനിതകൾ ബി.ജെ.പി.യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അനുകൂലിക്കുന്നത് പ്രകടമായിത്തന്നെ കാണപ്പെടുന്നു. “ബേട്ടി ബചാവോ ബേട്ടി പഠാവോ” എന്ന മുദ്രാവാക്യം തന്നെ നടപ്പാക്കി.
2019 ലെ പൗരത്വ നിയമ ഭേദഗതി ക്രിസ്ത്യാനികളടക്കമുള്ള മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി കൊണ്ടുവന്നതാണ്. അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ ഇസ്ലാംമതരാഷ്ട്രങ്ങളിലെ മതന്യൂനപക്ഷങ്ങൾ ഹിന്ദുക്കൾ, ബുദ്ധമതക്കാർ, ക്രിസ്ത്യാനികൾ, പാഴ്സികൾ തുടങ്ങിയവരാണ്. 1947 ന് ശേഷം അവിടങ്ങളിൽ മതന്യൂനപക്ഷങ്ങൾ പീഡിപ്പിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്നത് പതിവായി. അങ്ങനെ ആ രാജ്യങ്ങളിൽ മതന്യൂന പക്ഷങ്ങളുടെ ജനസംഖ്യ നന്നേ കുറഞ്ഞു വന്നു. 1947 ൽ 17% ഹിന്ദുക്കളുണ്ടായിരുന്ന പാകിസ്ഥാനിൽ ഇപ്പോൾ അവരുടെ എണ്ണം 3% ആയി കുറഞ്ഞു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും അവിടുത്തെ മതന്യൂന പക്ഷങ്ങൾ അഭയാർഥികളായി ഭാരതത്തിലേക്ക് വരുന്നുണ്ട്. അങ്ങനെ വരുന്നവർക്ക് പൗരത്വം നൽകാനും ആനുകൂല്യങ്ങൾ നൽകാനുമാണ് 2019 ൽ മോദി സർക്കാർ പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമം ചട്ടങ്ങൾ രൂപീകരിച്ച് നടപ്പാക്കിയത് 2024 മാർച്ചിലാണ്. മതപരമായ വിവേചനം ഇല്ലാതെ എല്ലാവരെയും സംരക്ഷിക്കുക എന്നുള്ള ഭാരതത്തിന്റെ ഉദാത്തവും മാതൃകാപരവുമായ നയങ്ങളാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. ഈ നിയമത്തെ കോൺഗ്രസ്സും സി.പി.എമ്മും എതിർക്കുന്നത് തെറ്റിദ്ധാരണ പരത്താനും മുസ്ലിങ്ങളെ പ്രീണിപ്പിച്ച് വോട്ട് നേടാനുമാണ്. ഈ നിയമം മുസ്ലിങ്ങൾക്കെതിരല്ല. അഫ്ഗാനിസ്ഥാനിലും ബംഗ്ലാദേശിലും പാകിസ്താനിലും മുസ്ലിങ്ങൾ മതന്യൂനപക്ഷങ്ങളല്ല. ക്രിസ്തുമത സംഘടനകൾ ഇന്ത്യ – പാകിസ്ഥാൻ വിഭജനത്തിന് എതിരായിരുന്നു. ഇന്ത്യ – പാകിസ്ഥാൻ വിഭജനം കോൺഗ്രസ്സിന് പറ്റിയ ഏറ്റവും വലിയ തെറ്റാണ്.
കഴിഞ്ഞ 10 വർഷമായി ഭാരതത്തിലെ ക്രിസ്ത്യാനികളിൽ ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും അനുകൂലമായിട്ടുള്ള പ്രതികരണങ്ങളും പ്രവർത്തനങ്ങളും പ്രകടമാണ്. 2014 മെയ് 26 ന് മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് ഒരു മാസത്തിനുള്ളിൽ കേരളാ കൗൺസിൽ ഓഫ് ബിഷപ് കോൺഫറൻസ് മോദി സർക്കാരിനനുകൂലമായ പ്രമേയം പാസാക്കി. അതിന്റെ ചുവടുപിടിച്ച് ദേശീയതലത്തിലുള്ള നാഷണൽ കൗൺസിൽ ഓഫ് ബിഷപ് കോൺഫറൻസും പ്രമേയം പാസാക്കി. ധാരാളം ബിഷപ്പുമാരും ക്രിസ്ത്യൻ മതസംഘടനാ നേതാക്കളും പ്രധാനമന്ത്രിയെ കണ്ട് പിന്തുണ അറിയിച്ചു. ക്രിസ്ത്യൻ മത സംഘടനകൾക്ക് സ്വാധീനമുള്ള വടക്കു – കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ. വമ്പിച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നു. അസം, മേഘാലയ, അരുണാചൽ പ്രദേശ്, ത്രിപുര, മിസോറാം, നാഗാലാൻഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി.യും സഖ്യകക്ഷികളുമാണ് ഭരണം നടത്തുന്നത്.
മതധ്രുവീകരണം ജനാധിപത്യത്തിന് ഭീഷണിയാണെന്നും തിരുവനന്തപുരം അതിരൂപതാ ബിഷപ് പള്ളികളിൽ ഇടയലേഖനം വായിച്ചു. മതധ്രുവീകരണം അപകടകരമാണെന്നുള്ള ബിഷപ്പിന്റെ കാഴ്ചപ്പാട് വളരെ ശരിയാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന മതേതരത്വം ഉയർത്തിപ്പിടിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മതസംഘടനകളും ബാധ്യസ്ഥരാണ്. മതധ്രുവീകരണം ഉണ്ടാവാതിരിക്കാൻ പൊതു സിവിൽ കോഡ് നടപ്പാക്കുകയാണ് വേണ്ടത്. ഭരണഘടനയ്ക്ക് മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണ്. തുല്യ അവസരങ്ങൾ അവർക്ക് ലഭിക്കണം. മതസംഘടനകളിൽ നിന്നാണ് തീവ്രവാദ സംഘടനകൾ ഉണ്ടാകുന്നത്. ലൗ ജിഹാദ് പോലുള്ള സാമൂഹ്യ തിന്മകളെ പ്രോത്സാഹിപ്പിക്കുന്നത് തീവ്രവാദ സംഘടനകളാണ്. ഇതിനെ സംബന്ധിച്ച് പഠിച്ച് മുന്നറിയിപ്പ് നൽകിയത് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാടാണ്. അഴിമതിയും തീവ്രവാദവുമാണ് രാജ്യപുരോഗതിക്കെതിര് നിൽക്കുന്നത്. അഴിമതിക്കെതിരായും തീവ്രവാദത്തിനെതിരായും കേന്ദ്രസർക്കാർ എടുക്കുന്ന നടപടികളെ പിന്തുണയ്ക്കുന്ന ധാരാളം ബിഷപ്മാരുണ്ട്. ക്രിസ്ത്യൻ സമൂഹത്തിന്റെ ഈ തിരിച്ചറിവ് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. അടുത്തിടെ ബി.ജെ.പി.യിൽ ചേർന്ന കേരളത്തിലെ തലയെടുപ്പുള്ള രാഷ്ട്രീയനേതാവ് പി.സി. ജോർജ് ഇത് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് 54 വർഷം ഭരിച്ച കോൺഗ്രസാണ് അഴിമതിയും മതപ്രീണനവും മുഖമുദ്രയാക്കി വോട്ട് നേടിയത്. അത് രാജ്യതാല്പര്യത്തിനും പൊതുതാല്പര്യത്തിനും എതിരാണെന്ന് മനസിലാക്കിയാണ് ഉന്നത കോൺഗ്രസ്സ് നേതാക്കളായിരുന്ന ശ്രീ. കെ. കരുണാകരന്റെ മകൾ പദ്മജയും ശ്രീ. എ.കെ. ആന്റണിയുടെ മകൻ അനിൽ. കെ. ആന്റണിയും ബി.ജെ.പി.യിൽ ചേർന്നത്.
2024 ഏപ്രിൽ മെയ് മാസങ്ങളിൽ ഇന്ത്യൻ പാർലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 415 ൽ അധികം സീറ്റ് നേടി ദാരിദ്ര്യ നിർമാർജ്ജനത്തിന് ഊന്നൽ നൽകിയ നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് തിരഞ്ഞെടുപ്പിന് മുമ്പുള്ള എല്ലാ സർവ്വേകളും കണ്ടെത്തി. എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന മോദി സർക്കാർ ഭരണത്തിൽ ക്രിസ്ത്യാനികളടക്കമുള്ള മതന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് ക്രിസ്ത്യൻ മതസംഘടനകൾ ആത്മാർത്ഥമായി വിശ്വസിക്കുന്നു.
Prof. D. Aravindakshan
Ph: 9447792471