കമ്മ്യൂണിസ്റ്റ് – ഇസ്ലാമിസ്റ്റ് അച്ചുതണ്ടിന്റെ കയ്യിലെ രോഹിത് വെമുല എന്ന ബോംബ് ചീറ്റിപ്പോയിരിക്കുന്നു. 2016 ജനുവരി 17നാണ് ഈ ബോംബ് അവര്‍ക്ക് വീണുകിട്ടിയത്. ഹൈദരാബാദ് സര്‍വ്വകലാശാല ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ചക്രവര്‍ത്തി ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്തതാണ് അവര്‍ കേന്ദ്ര സര്‍ക്കാരിനും ഹിന്ദുത്വ സംഘടനകള്‍ക്കും എതിരായ ബോംബാക്കാന്‍ ശ്രമിച്ചത്. രാജ്യവ്യാപകമായി സര്‍വ്വകലാശാലകള്‍ സ്തംഭിപ്പിച്ചു വെമുലയുടെ അമ്മയെ തെരുവിലിറക്കി ജനശ്രദ്ധ പിടിച്ചെടുത്തു രാഷ്ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസ്സും ശ്രമിച്ചു. അംബേദ്കര്‍ സ്റ്റുഡന്‍സ് ഫെഡറേഷന്റെ നേതാവ് ദോണം പ്രശാന്ത് നല്‍കിയ പരാതിയില്‍ എ.ബി.വി.പി-ബി.ജെ.പി പ്രവര്‍ത്തകരെയും യൂണിവേഴ്‌സിറ്റി വി.സി.അപ്പറാവുവിനെയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരെയും പ്രതിയാക്കി പോലീസ് കേസെടുത്തു അന്വേഷണം നടത്തി. ഇൗയിടെയാണ് അന്വേഷണ റിപ്പോര്‍ട്ട് കോടതിയിലെത്തിയത്.
രോഹിത് വെമുല പട്ടിക ജാതിക്കാരനല്ല എന്നതാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ ബോംബിന്റെ, പട്ടിക ജാതിക്കാര്‍ക്ക് പീഡനം എന്ന ഫ്യൂസ് പോയി. പിന്നാലെ ആത്മഹത്യയ്ക്ക് കാരണക്കാര്‍ എന്ന കുറ്റം എ.ബി.വി.പി – ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയും വിസിക്ക് എതിരെയും ചാര്‍ത്താനുള്ള തെളിവില്ലെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മഹത്യാക്കുറിപ്പ് ഉള്‍പ്പെടെയുള്ള തെളിവുകള്‍ വ്യക്തമാക്കുന്നത് മറ്റുകാരണങ്ങളാലാണ് ആത്മഹത്യ ചെയ്തതെന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കമ്മ്യൂണിസ്റ്റ് ഇസ്ലാമിസ്റ്റ് ലോബി മുഖം രക്ഷിക്കാനായി റിപ്പോര്‍ട്ടിനെ തങ്ങള്‍ അംഗീകരിക്കുന്നില്ല എന്നു പ്രതികരിച്ചിട്ടുണ്ട്. കള്ള പ്രചരണം വഴി വിദ്യാഭ്യാസ രംഗത്തടക്കം എന്തൊക്കെ അട്ടിമറിക്ക് അവര്‍ ശ്രമിച്ചു എന്നത് ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.