മുഖ്യമന്ത്രി വിജയന്‍ സഖാവ് മാലിന്യ സംസ്‌കരണ പ്ലാന്റ് കാണാന്‍ ജപ്പാനിലേയ്ക്കും കൊറിയയിലേയ്ക്കും പോയിരിക്കയാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ ഇ.പി. ജയരാജനെയും ഗതാഗതവകുപ്പ് മന്ത്രി ശശീന്ദ്രനേയും ഉള്‍പ്പെടുത്തി ഒരു ഡസനിലേറെ പരിവാരങ്ങളോടൊപ്പമാണ് സഖാവിന്റെ യാത്ര. മാലിന്യം ഏറെയുള്ള പാര്‍ട്ടിയാണ് സി.പി.എം. ഇടതുമുന്നണിയുടെ കാര്യം പറയുകയേ വേണ്ട. അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമൊന്നും പോയിട്ടും ഈ മാലിന്യങ്ങളെ സംസ്‌കരിക്കാനുള്ള വിദ്യ വിജയന്‍ സഖാവിനു കിട്ടിയിട്ടില്ല. കൊറിയയിലെ കിംജോങ് ഉന്നെങ്കിലും ആ വിദ്യ പഠിപ്പിച്ചു കൊടുക്കുമെന്നു പ്രതീക്ഷിക്കാം. പാര്‍ട്ടിയിലെ മാലിന്യങ്ങളെ കിം എങ്ങനെയാണ് ഇല്ലാതാക്കിയത് എന്നു സ്വന്തം സഹോദരന്റെ ദാരുണ അന്ത്യം വഴി ലോകമറിഞ്ഞതാണ്.
ജപ്പാന്‍ യാത്രയില്‍ ബഹുരാഷ്ട്ര കുത്തകകളെ കണ്ട് നിക്ഷേപം സമാഹരിക്കാന്‍ വിജയന്‍ സഖാവ് മുന്‍ഗണന നല്‍കുന്നുണ്ട്. കഴിഞ്ഞ വിദേശയാത്രകളില്‍ ശേഖരിച്ച മസാലബോണ്ടുകള്‍ വിഴുങ്ങി തോമസ് ഐസക്കിന്റെ ധനവകുപ്പ് അജീര്‍ണ്ണം ബാധിച്ചു കിടപ്പാണ് എന്നാണ് വിവരദോഷികള്‍ പറയുന്നത്. ജപ്പാനിലെ നിസ്സാന്‍ മോട്ടോര്‍ കമ്പനി നിക്ഷേപിക്കാന്‍ വന്ന് അധികനാള്‍ കഴിയും മുമ്പ് സ്ഥലം വിടാനുള്ള തയ്യാറെടുപ്പിലാണ് എന്നും വാര്‍ത്തയുണ്ട്. മുന്‍ വിദേശയാത്ര കൊണ്ട് സം സ്ഥാനത്തിന് എത്ര മെച്ചമുണ്ടായി എന്ന ചോദ്യം പ്രതിപക്ഷത്തിനു ആവര്‍ത്തിക്കാന്‍ ഒരവസരംകൂടി.