കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ ഭാഗമായി ഡിഫി തയ്യില്‍ യൂണിറ്റ് നടത്തിയ ചൂണ്ടയിടല്‍ മത്സരം ചില കുബുദ്ധികള്‍ വലിയ ഒച്ചപ്പാടാക്കിയിരിക്കയാണ്. അധഃസ്ഥിതവര്‍ഗ്ഗക്കാരന്റെ നാടന്‍ ജീവനോപാധിയാണ് ചൂണ്ടയിടല്‍ എന്നതിനാലാണ് ഈ ഇനത്തില്‍ തന്നെ മത്സരം നടത്തിയത് എന്ന പാര്‍ട്ടി ഭാഷ്യം ഇക്കൂട്ടര്‍ക്ക് തീരെ ദഹിച്ചിട്ടില്ല. മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയെപ്പോലെ സമൂഹത്തിലെ അധഃസ്ഥിതര്‍ ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി വേറെയില്ല എന്നതില്‍ ആര്‍ക്കാണ് തര്‍ ക്കം? ചൂണ്ടയിടലില്‍ വലിയൊരു ഗവേഷണം തന്നെ നടത്തിയ പാര്‍ട്ടിയാണ് സി.പി.എം. സാധാരണ ഒരു ചൂണ്ടയില്‍ ഒരു ഇരയെ കോര്‍ത്തിട്ടാല്‍, വലുതായാലും ചെറുതായാലും ഒരു മീനിനെയേ കിട്ടൂ. എന്നാല്‍ ഒരു ചൂണ്ടയില്‍ ഒരു ഇരയെ കോര്‍ത്ത് ഒന്നിലധികം വമ്പന്‍സ്രാവുകളെ പിടിക്കുന്ന രാഷ്ട്രീയ വിദ്യ മെയ്‌വഴക്കത്തോടെ നടത്തി വിജയിപ്പിച്ചെടുത്ത പാര്‍ട്ടിയാണ് സി.പി.എം.
സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരായ സമരം എന്നതാണ് ചൂണ്ട. എം.വി.രാഘവന്‍ എന്ന പാര്‍ട്ടിയ്ക്കു പുറത്തായ മുന്‍ ജില്ലാസെക്രട്ടറിയാണ് ഇര. ഈ ഇരയുടെ മണം പിടിച്ച് 1994 നവംബര്‍ 25ന് കൂത്തുപറമ്പില്‍ തടിച്ചുകൂടിയത് നൂറുകണക്കിന് സഖാക്കള്‍. അതില്‍ അഞ്ച്‌പേര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അഞ്ച് ബലിദാനികള്‍ എന്നു പറയുന്നത് പാര്‍ട്ടിയ്ക്ക് കിട്ടിയ വമ്പന്‍സ്രാവു തന്നെ. ഇരുപത്തഞ്ചു വര്‍ഷം കഴിഞ്ഞിട്ടും കൂ ത്തുപറമ്പ് രക്തസാക്ഷിദിനത്തിന്റെ പേരില്‍ പാര്‍ട്ടി ഇപ്പോഴും അണികളെ തെരുവിലിറക്കുന്നത് ഈ വമ്പന്‍സ്രാവിന്റെ ബലത്തിലാണ്. ചൂണ്ടയില്‍ കുടുങ്ങിയ രണ്ടാമത്തെ ഇര എം.വി.ആര്‍. സ്ഥാപിച്ച സഹകരണസ്ഥാപനങ്ങളാണ്. ഏ.കെ.ജി. ആശുപത്രി ഉള്‍പ്പെടെയുള്ളവ പാര്‍ ട്ടി കയ്യടക്കിക്കഴിഞ്ഞു. ചൂണ്ടയില്‍ പാര്‍ട്ടി കോര്‍ത്തെടുത്ത അടുത്ത വമ്പന്‍സ്രാവ് സ്വാശ്രയ കോളേജാണ്. ഇന്ന് പാര്‍ട്ടിക്കാരുടെ നിയന്ത്രണത്തില്‍ എത്ര സ്വാശ്രയകോളേജുകളുണ്ടെന്നു പാര്‍ട്ടി സംസ്ഥാനസെക്രട്ടറിയ്ക്കും കൃത്യകണക്ക് പറയാന്‍ സാധിക്കുമോ എന്നറിയില്ല. ചൂണ്ടയില്‍ പാര്‍ട്ടി അവസാനമായി കോര്‍ ത്തെടുത്തത് എം.വി.രാഘവന്റെ കുടുംബത്തേയും രാഘവന്റെ പാര്‍ട്ടിയുടെ ഒരു കഷണത്തെയുമാണ്. രാഘവന്റെ മകന്‍ നികേഷിന്റെ നെഞ്ചത്തുവരെ അരിവാള്‍ ചുറ്റിക ചിഹ്നം സ്ഥാപിക്കാന്‍ പാര്‍ട്ടിയ്ക്ക് സാധിച്ചു. ഒരു ചൂണ്ട കൊണ്ട് ഇത്ര യും വലിയ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടി യ്ക്കു സാധിക്കുമെങ്കില്‍ ഡിഫി തയ്യില്‍ യൂണിറ്റ് ഒരു ചൂണ്ടയിടല്‍ മത്സരം നടത്തുന്നതില്‍ എന്ത് തെറ്റ്?