ഇടതുപക്ഷത്തിനു വേണ്ടി കേരളത്തെ ഫാസിസ്റ്റ് വിമുക്തമാക്കാന്‍ മുഖ്യമന്ത്രി വിജയന്‍ സഖാവ് ദല്‍ഹിയില്‍ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്തതാണ് കൊയമ്പറമ്പത്ത് സച്ചിദാനന്ദമഹാകവിയെ. അദ്ദേഹത്തെ സാഹിത്യ അക്കാദമി അധ്യക്ഷ കസേരയിലേക്ക് നേരിട്ട് വിക്ഷേപിക്കുകയായിരുന്നു. പടനായകനായി എത്തിയ മഹാകവിക്ക് ഇടത്ത് സെക്രട്ടറിയായി സി.പി. അബൂബക്കറിനെയും വലത്ത് പുകസ അശോകനെയും നിയോഗിച്ചു. ശേഷം മഹാകവിയുടെ ഫാസിസ്റ്റ് വിരുദ്ധ യുദ്ധമായിരുന്നു. ആവനാഴിയിലെ അസ്ത്രമെല്ലാം തീര്‍ന്നു കവി ചുറ്റും നോക്കിയപ്പോള്‍ അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന അവസ്ഥ. അമ്പു കൊണ്ടത് ശത്രുപക്ഷത്തല്ല; സ്വന്തം പക്ഷത്തു തന്നെയായിരുന്നു.
സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകങ്ങളില്‍ ഇടതുസര്‍ക്കാരിന്റെ പരസ്യം നല്‍കിയത് വിവാദമായപ്പോള്‍ അതു തെറ്റായി എന്ന നിലപാടിലൂടെ മഹാകവി അസ്ത്രം പ്രയോഗിച്ചത് സെക്രട്ടറി അബൂബക്കറിന്റെ വക്ഷത്തില്‍. സാഹിത്യഅക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുത്ത ബാലചന്ദ്രന്‍ ചുള്ളിക്കാട് യാത്രാപ്പടി വിവാദമാക്കിയപ്പോള്‍ ചുള്ളിക്കാടിനൊപ്പം നിന്ന് മഹാകവിക്കു നേരെ വാളോങ്ങിയത് അശോകന്‍ ചെരുവില്‍. തുടര്‍ഭരണത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ തുറന്നടിച്ചു പറഞ്ഞപ്പോള്‍ കവിയുടെ അസ്ത്രം നേരെ ചെന്നു തറച്ചത് മുഖ്യന്‍ വിജയന്‍ സഖാവിന്റെ നെഞ്ചില്‍. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കവിയുടെ അസ്ത്ര പ്രയോഗത്തില്‍ ശരശയ്യയിലായിരിക്കുന്നു. മഹാകവിയെ ദല്‍ഹിക്കു തന്നെ വാണം കെട്ടി അയക്കാനുള്ള പദ്ധതി എ.കെ.ജി സെന്ററില്‍ രൂപപ്പെടുത്തേണ്ട ഗതികേടിലാണിപ്പോള്‍ പാര്‍ട്ടി. കവി ദല്‍ഹിയില്‍ നിന്ന് പെട്ടിയും കിടക്കയുമെടുത്തു പോന്നതിന്റെ രഹസ്യം ഇപ്പോഴാവും സഖാക്കള്‍ക്ക് ബോധ്യപ്പെട്ടത്.