കഴിഞ്ഞ ശബരിമല സീസണില്‍ അയ്യപ്പന്മാര്ക്കുള്ള ദര്‍ശന സൗകര്യമൊരുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പിടിപ്പുകേടുമൂലം ശബരിമലയില്‍ പോലുമെത്താനാകാതെ പന്തളത്തു വെച്ചു മാലയൂരി തിരിച്ചു പോകേണ്ടി വന്ന അയ്യപ്പന്മാര് കപട ഭക്തരാണെന്നാണ് ദേവസ്വം മന്ത്രി രാധാകൃഷ്ണന് സഖാവ് നിയമസഭയില്‍ പറഞ്ഞത്. ഭക്തി പുറത്തു കാണുന്നതല്ലല്ലോ. ഉള്ളിലുള്ളതല്ലേ? അതെങ്ങനെ ദേവസ്വം മന്ത്രി ഇത്ര കൃത്യമായി തിരിച്ചറിഞ്ഞു എന്നാണ് ചിലരുടെ ചോദ്യം. രാധാകൃഷ്ണന്റെ കയ്യില്‍ മനസ്സറിയും യന്ത്രം ഉണ്ടായിരുന്നു എന്നത് അറിയാത്ത വിവരദോഷികളാണ് ഇങ്ങനെ സംശയിച്ചത്. കുറച്ചു നാള് മുമ്പ് പയ്യന്നൂരില്‍ ഒരു ക്ഷേത്രത്തിന്റെ നടപ്പന്തല്‍ ഉദ്ഘാടനത്തിനു പോയ മന്ത്രിക്ക് അവിടുത്തെ ശാന്തിക്കരന് കത്തിച്ച കൊടി വിളക്ക് കൊടുക്കാന്‍ തയ്യാറായില്ല. അത് പിന്നാക്ക ജാതിക്കാരനായ തന്നോടുള്ള തൊട്ടു കൂടായ്മയാണെന്നു മന്ത്രി സംശയിച്ചു. പാര്‍ട്ടിഗ്രാമത്തിലെ അയിത്തം എന്നതിനോട് പാര്‍ട്ടി പോലും യോജിക്കാതെ നിന്നപ്പോള്‍ മന്ത്രിക്ക് വല്ലാത്ത മനസ്താപം. അതു പരിഹരിക്കാനാണ് മനസ്സറിയും യന്ത്രം അദ്ദേഹം തപ്പി കണ്ടെത്തിയത്. എ.കെ.ജി സെന്ററിന്റെ സ്റ്റോക്ക് റൂമില്‍ നിന്നാണ് അദ്ദേഹം അതു സംഘടിപ്പിച്ചത് എന്നാണ് കേള്‍വി. യന്ത്രവുമായി പുറത്തിറങ്ങിയപ്പോള്‍ ഒരു സംശയം, ഗുരുവായൂര്‍ നടയില്‍ നിന്നുകൊണ്ട് ശ്രീകോവിലിലേക്ക് നോക്കി അവിടെയാണോ കൃഷ്ണന് ഉള്ളത് എന്ന് ചോദിച്ച വിജയന് സഖാവിന്റെ മനസ്സിലെന്തായിരിക്കും? യന്ത്രം കണ്ട ഉടനെ മുഖ്യന് നിയമസഭയില്‍ ചെയ്ത പോലെ രണ്ടു കയ്യും മലര്‍ത്തി കാണിച്ചു പറഞ്ഞു: ഈ കൈകള്‍ ശുദ്ധമാണ്. മടങ്ങിവരവെ മന്ത്രി പാര്‍ട്ടി സെക്രട്ടറിയുടെ മനസ്സറിയാന്‍ ഒരു ശ്രമം നടത്തി. പത്രക്കാരോട് പറയുമ്പോലെ പിന്നെയാക്കാം എന്നു പറഞ്ഞു സെക്രട്ടറിയും ഒഴിഞ്ഞുവത്രെ –
ഇതൊന്നും ഫലിക്കാതെ വന്നപ്പോഴാണ് അയ്യപ്പന്മാരുടെ മസ്സറിയാന് ശ്രമിച്ചത്. അവിടെ യന്ത്രത്തെ ഭയക്കുന്നവര്‍ കാണില്ലല്ലോ – വിശ്വസ്തനായ ദേവസ്വം കമ്മീഷണറും പാര്‍ട്ടിയുടെ ദേവസ്വംയൂനിയന് പ്രസിഡന്റുമായിരുന്ന സി.എന്‍ രാമനെ യന്ത്രം ഏല്പിച്ചു – സഖാവ് രാമന്റെ കൈ തൊട്ടതും യന്ത്രം ഫ്യൂസടിച്ചു പോയത്രെ! അതു പുറത്തു പറയാത്ത കമ്മീഷണര്‍ മന്ത്രിക്ക് കൊടുത്ത വിവര പ്രകാരമാണ് രാധാകൃഷ്ണന് സഖാവ് നിയമസഭയില്‍ അയ്യപ്പഭക്തരുടെ കപടഭക്തിയെക്കുറിച്ചു പറഞ്ഞത്. മന്ത്രി അയ്യപ്പന്മാരെ അവഹേളിച്ച അതേ ദിവസം തന്നെ ദേവസ്വം കമ്മീഷണര്‍ രാമന്റെ പണി തെറിച്ചു എന്നതും ഈ യന്ത്രത്തിന്റെ ശക്തിയാണോ ആവോ!