ശബരിമലപ്രശ്‌നം യഥാര്‍ത്ഥ ഭക്തരുടെയും വിശ്വാസികളുടെയും മനസ്സില്‍ സന്നിധാനത്തെ ആഴിയേക്കാള്‍ വലിയ അഗ്നികുണ്ഡം ജ്വലിപ്പിച്ച ദിനരാത്രങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കടന്നുപോയത്. സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന പുനഃപരിശോധനാ ഹര്‍ജിയിലും തിരുത്തല്‍ ഹര്‍ജിയിലും വ്യാഴാഴ്ച തീരുമാനമുണ്ടായി. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച 2018 ലെ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ശബരിമല വിധി മാത്രമല്ല, മതവിശ്വാസം സംബന്ധിച്ച് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന കാര്യങ്ങളില്‍ വിശാല ഭരണഘടനാ ബെഞ്ച് തീരുമാനിക്കട്ടെ എന്നാണ് അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയില്‍ പറഞ്ഞത്.
തുല്യതയും മതാനുഷ്ഠാനത്തിനുള്ള അവകാശവും തമ്മിലുള്ള ബന്ധം, മതാനുഷ്ഠാനത്തിനുള്ള അവകാശം സംബന്ധിച്ച് ഭരണഘടനയുടെ 25 (1) അനുച്ഛേദത്തില്‍ പറയുന്ന പൊതുനിയമം, ധാര്‍മ്മികത, ആരോഗ്യം എന്നിവ വിവക്ഷിക്കുന്നത് എന്താണ്, ധാര്‍മ്മികത അഥവാ ഭരണഘടനാ ധാര്‍മ്മികത എന്നത് മതവിശ്വാസവുമായി മാത്രം ബന്ധപ്പെട്ടതാണോ, ആചാരങ്ങള്‍ മതത്തിന്റെയോ പ്രത്യേക വിശ്വാസ സമൂഹത്തിന്റെയോ അവിഭാജ്യഘടകമാണോ, അത് മതം തീരുമാനിക്കേണ്ടതാണോ, ഭരണഘടനയുടെ 25 (2) (ബി)യില്‍ പറയുന്ന ഹിന്ദുക്കളിലെ വിഭാഗങ്ങള്‍ എന്നതില്‍ ആരൊക്കെ ഉള്‍പ്പെടുന്നു, മതത്തിന്റെയോ പ്രത്യേക വിശ്വാസ സമൂഹത്തിന്റേയോ അവിഭാജ്യമായ മതാചാരങ്ങള്‍ക്ക് ഭരണഘടനയുടെ 26-ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടോ, വിശ്വാസി സമൂഹത്തിന്റെ ആചാരങ്ങള്‍ പുറത്തുള്ളവര്‍ പൊതുതാല്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യുന്നത് എത്രത്തോളം അംഗീകരിക്കാം. ഇത്രയും കാര്യങ്ങളാണ് സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടത്. ഈ തീരുമാനം വന്നതിനുശേഷം അതിന്റെ അടിസ്ഥാനത്തില്‍ യുവതീപ്രവേശനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കാമെന്നാണ് ഭരണഘടനാ ബെഞ്ച് പറഞ്ഞത്.
അതേസമയം, മുസ്ലീം, പാഴ്‌സി എന്നിവരുടെ ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള ഹര്‍ജികളും വിശാല ബെഞ്ചിന് വിട്ടു. വിശാല ബെഞ്ചിന്റെ തീരുമാനം അനുസരിച്ച് മാത്രമേ മതാചാരങ്ങളും സ്ത്രീപ്രവേശനവും സംബന്ധിച്ച കേസുകള്‍ പരിഗണിക്കേണ്ടൂ എന്നാണ് തീരുമാനം. 1950 ലാണ് ഭരണഘടന വ്യാഖ്യാനിക്കുന്ന ബെഞ്ച് ആദ്യം രൂപം കൊണ്ടത്. അന്ന് സുപ്രീംകോടതിയില്‍ ഉണ്ടായിരുന്ന ഏഴംഗ ബെഞ്ചിന്റെ അഞ്ചംഗങ്ങളും ഭരണഘടനാ ബെഞ്ചില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 34 ജഡ്ജിമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ ഏഴില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ള ബെഞ്ചിന് വിടാനാണ് സാധ്യത. ശിരൂര്‍ മഠത്തിന്റെ കേസ് പരിഗണിച്ചത് ഏഴംഗ ബെഞ്ചായിരുന്നു. ഈ കേസിലെ ഏഴംഗ ബെഞ്ചിന്റെ വിധിയും അജ്മീര്‍ ദര്‍ഗ കേസിലെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും തമ്മില്‍ പൊരുത്തക്കേടുണ്ട്. മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനം, ഇതര മതസ്ഥരെ കല്യാണം കഴിക്കുന്ന പാഴ്‌സികള്‍ മതത്തിന് പുറത്താകുന്നത് തുടങ്ങിയ ആചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച ഹര്‍ജികള്‍ ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ നിര്‍ബ്ബന്ധിത ചേലാകര്‍മ്മം എന്നിവയും വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. സുപ്രീംകോടതി ഭൂരിപക്ഷ വിധിയനുസരിച്ച് തീരുമാനം എടുത്താല്‍ അതിനാണ് നിയമപ്രാബല്യം. എന്നിട്ടും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് തന്റെ വിധിന്യായം വായിച്ചു നോക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് പറയാന്‍ മറ്റൊരു കേസിന്റെ പരിഗണനാ വേളയില്‍ ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടത് നിയമവൃത്തങ്ങളില്‍ തന്നെ അമ്പരപ്പ് ഉളവാക്കിയിരിക്കുകയാണ്.
ശബരിമല കേസില്‍ തിരുത്തല്‍ ഹര്‍ജി സ്വീകരിക്കപ്പെട്ടു എന്നതും മുന്‍ വിധിയില്‍ പിഴവ് ഉണ്ട് എന്നതുമാണ് വിശാല ബെഞ്ചിന് വിടാന്‍ കാരണം. പഴയ വിധി നിലനില്‍ക്കില്ലെന്ന അനുമാനത്തിലെത്താന്‍ കാരണവും ഇതുതന്നെയാണ്. സംസ്ഥാനസര്‍ക്കാരിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായ ജയദീപ് ഗുപ്ത സംസ്ഥാന സര്‍ക്കാരിന് നല്‍കിയ നിയമോപദേശവും ഇതുതന്നെയാണ്. വിധി വന്നതിനുശേഷം മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രി പിണറായി വിജയന്‍ തനിക്ക് ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നും നിയമജ്ഞരുടെ അഭിപ്രായം കിട്ടിയതിനുശേഷം തീരുമാനം എടുക്കുമെന്ന് പറഞ്ഞ കാര്യവും ഇതിനോട് ചേര്‍ത്തുവായിക്കണം. വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ വിശാല ബെഞ്ചിന്റെ തീരുമാനം വരും വരെ പഴയ വിധി നിലനില്‍ക്കില്ലെന്ന അഭിപ്രായം വ്യാഴാഴ്ച തന്നെ പുറത്തുവന്നിരുന്നു.
ഇവിടെയാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ദുഷ്ടലാക്ക് പുറത്തുവരുന്നത്. വിശാല ബെഞ്ചിന് വിടും മുന്‍പുതന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രാചരണ വിഭാഗത്തിലുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഈ സാധ്യത ചൂണ്ടിക്കാട്ടി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. സുപ്രീംകോടതി വിധിയെ കുറിച്ചു പോലും മുന്‍വിധിയോടെ പോസ്റ്റ് ഇടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യവും സര്‍ക്കാര്‍ അല്ലെങ്കില്‍ കോടതി പരിഗണിക്കേണ്ടതാണ്. പിണറായിയുടെ മനസ്സാണ് വേഷത്തിലും ഭാഷയിലും നടപ്പിലും ഒക്കെ തോമസ് ഐസക്കിനെ അനുകരിക്കുന്ന ഈ ഉദ്യോഗസ്ഥന്റേത്. അദ്ദേഹം ഇടതു സഹയാത്രികരായ സഖാക്കള്‍ക്ക് പിണറായിയുടെ മനസ്സിലുണ്ടായിരുന്നത് മനപ്പൂര്‍വ്വം ഇട്ടുകൊടുക്കുകയായിരുന്നു എന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്. നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന അദ്ദേഹം ഇടതുപക്ഷക്കാരനാണെങ്കിലും ഭേദപ്പെട്ട മാധ്യമപ്രവര്‍ത്തകനായിരുന്നു. രാഷ്ട്രീയം വരുമ്പോള്‍ മാത്രം ചുവപ്പു കണ്ടാല്‍ വിരളുന്ന മൂരിക്കാളയുടെ സ്വഭാവം വരും. അതല്ലാതെയുള്ള ഭാഷ, സാമ്പത്തിക കാര്യങ്ങള്‍, ഇടതു സ്വാധീനമില്ലാത്ത സാഹിത്യ-സാംസ്‌കാരിക കാര്യങ്ങള്‍ എന്നിവയിലൊക്കെ സാമാന്യേന യുക്തിഭദ്രമായ നിലപാടാണ് പൊതുവെ സ്വീകരിക്കാറ്. തോമസ് ഐസക്കിനോടും പിണറായിയോടുമുള്ള അന്ധമായ ഭക്തി മൂത്ത് ചിലപ്പോഴൊക്കെ ഭ്രാന്താകുന്നതു കൊണ്ടാണ് സുപ്രീം കോടതിയില്‍ വരാന്‍ പോകാന്‍ വിധിയെ കുറിച്ചു പോലും കണിശമായി ഗണിക്കുന്നത്. അദ്ദേഹത്തിന്റെ തന്ത്രം പാഴായില്ല. രാവിലെ മുതല്‍ ചില ചാനലുകളെങ്കിലും സ്റ്റേയില്ല, യുവതീപ്രവേശനം തുടരാം എന്നായിരുന്നു ബ്രേക്കിംഗ് ന്യൂസ് കൊടുത്തത്. വാര്‍ത്തകള്‍ എങ്ങനെയാണ് സ്വാധീനിക്കപ്പെടുന്നത് എന്നതിന്റെ നല്ല ഉദാഹരണമായിരുന്നു ഈ സംഭവം. ഇടത് ആഭിമുഖ്യമുള്ള മാധ്യമപ്രവര്‍ത്തകരായിരുന്നു ഈ പ്രചാരവേലയ്ക്കു പിന്നില്‍. എങ്ങനെയും ശബരിമലയില്‍ യുവതികളെ കയറ്റണം, ആചാരം ലംഘിക്കപ്പെടണം, ഹിന്ദുത്വവും നമ്മുടെ സംസ്‌കാരവും എങ്ങനെയും അവമതിക്കപ്പെടണം എന്നതാണ് ഇവരുടെ അജണ്ട.
നിയമമന്ത്രി എ.കെ.ബാലന്‍ സാധാരണ എവിടെയും തൊടാത്ത പരാമര്‍ശങ്ങളാണ് നടത്താറ്. പക്ഷേ, ഇക്കുറി ജയദീപ് ഗുപ്തയുടെ നിയമോപദേശം കിട്ടിയതോടെ കാര്യങ്ങള്‍ വ്യക്തമാക്കി. എന്നിട്ടും പത്രപ്രവര്‍ത്തകരും ചില മാധ്യമങ്ങളും ഹിന്ദുസമൂഹത്തെ എങ്ങനെ അവമതിക്കാമെന്ന് ഗവേഷണം നടത്തി ‘മീശ’ പിരിക്കുകയായിരുന്നു. യുവതീ പ്രവേശനത്തിന് സ്റ്റേ ഇല്ല എന്നായിരുന്നു തലക്കെട്ട്. പുനഃപരിശോധനാ ഹര്‍ജി സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ പഴയ വിധി ദുര്‍ബലമാകുമെന്നും അതിനു മുമ്പിലത്തെ വിധിക്കാണ് പ്രാബല്യമെന്നും വലിയ നിയമപരിജ്ഞാനം ഇല്ലാത്തവര്‍ക്കു പോലും അറിയാം. ഇവിടെയാണ് അഡ്വ. രത്‌നസിംഗിനെ പോലുള്ളവരുടെ അഭാവം ബോദ്ധ്യപ്പെടുന്നത്. അദ്ദേഹത്തെ പോലുള്ള കുശാഗ്രബുദ്ധികള്‍ ചില പത്രമുതലാളിമാരുടെ തലയില്‍ വെളിച്ചം പകര്‍ന്നിരുന്നതുകൊണ്ട് അവരെ നേര്‍വഴിക്ക് നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.
അയോദ്ധ്യയിലും ഏതാണ്ട് ഇതുതന്നെയായിരുന്നു സ്ഥിതി. ഒരു നീതിപീഠത്തിന് കഴിയാവുന്ന ഏറ്റവും നീതിയുക്തമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്. വിദേശിയായ അക്രമി തകര്‍ത്തെറിഞ്ഞ രാഷ്ട്രത്തിന്റെ മാനബിന്ദുക്കളായ ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്ന കാര്യത്തില്‍ പോലും കാര്യമായ തെളിവുണ്ടായിട്ടും മതനിരപേക്ഷതയ്ക്കാണ് കോടതി പ്രാധാന്യം കൊടുത്തത്. 1528 ല്‍ ബാബറിന്റെ സൈനികത്തലവന്‍ ശ്രീരാമജന്മഭൂമിയിലെ ക്ഷേത്രം തകര്‍ത്തെറിഞ്ഞ് അതിനു മുകളില്‍ മൂന്നു മകുടങ്ങള്‍ നിര്‍മ്മിച്ച് പള്ളിയാക്കി എന്ന് തെളിഞ്ഞിട്ടു പോലും അതിന് ഉത്തരവാദികള്‍ ഇപ്പോഴത്തെ നമ്മുടെ മുസ്ലീം സഹോദരന്മാരല്ല എന്നു കണ്ട് എല്ലാവരും ഒത്തൊരുമയോടെ പോകാന്‍ ഉചിതമായ വിധി പുറപ്പെടുവിക്കുകയായിരുന്നു. ‘ദ ഹിന്ദു ടെമ്പിള്‍സ് വാട്ട് ഹാപ്പന്‍ഡ് ടു ദെം’ എന്ന ആര്‍.എസ്.ഗോയലിന്റെ രണ്ട് ഭാഗങ്ങളുള്ള പുസ്തകവും ആനന്ദിന്റെ ‘വേട്ടക്കാരനും വിരുന്നുകാരനും’ എന്ന പുസ്തകവും താരാചന്ദിന്റെ ‘ഇന്ത്യാ ചരിത്ര’വും ഒക്കെ ക്ഷേത്രങ്ങള്‍ നശിപ്പിച്ചതും വിഗ്രഹങ്ങള്‍ തകര്‍ത്തതും വിഗ്രഹങ്ങള്‍ ചവിട്ടുപടിയാക്കി ഇട്ടതുമൊക്കെ വിവരിക്കുന്നുണ്ട്. ഭാരതം ചരിത്രത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഒന്നിച്ച് മുന്നേറാനാണ് ഇത്തരമൊരു വിധി നീതിപീഠത്തില്‍ നിന്നുണ്ടായത്. കേസിലെ ഹര്‍ജിക്കാരടക്കം വിധി സന്തോഷത്തോടെ സ്വീകരിച്ചു.
അതില്‍ വര്‍ഗ്ഗീയവിഷം കലര്‍ത്താന്‍ ഒരുമ്പെട്ടിറങ്ങിയ സി പി എം നേതാക്കളായ എം.സ്വരാജിനും മുഹമ്മദ് റിയാസിനും എതിരെ പ്രതികരിക്കാന്‍ പോലും നമ്മുടെ മാധ്യമങ്ങള്‍ക്കായില്ല. ഭാരതത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ നീറുക മാത്രമല്ല, നീറിപ്പുകഞ്ഞുകൊണ്ടേയിരിക്കണമെന്നും ഇവിടത്തെ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുകാലത്തും സ്‌നേഹത്തോടെയും സൈ്വരത്തോടെയും ജീവിക്കരുതെന്നും ആഗ്രഹിക്കുന്നവരാണ് രക്തദാഹികളായ ഇത്തരം നേതാക്കള്‍. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയാലേ അവരുടെ വോട്ടുബാങ്ക് നിലനിര്‍ത്താനാകൂ. പക്ഷേ, ഉത്തരേന്ത്യയിലെ മുസ്ലീങ്ങള്‍ ഈ ചതി തിരിച്ചറിഞ്ഞു കഴിഞ്ഞു. അലി അക്ബര്‍ മുതല്‍ അബ്ദുള്ളക്കുട്ടി വരെ നിരവധി മുസ്ലീം സഹോദരങ്ങള്‍ കേരളത്തിലും നിലപാട് മാറ്റിയത് സൂചനയാണ്. ഇത് ഭാരതമാണ്. ‘ഏകം സത് വിപ്രാ ബഹുധാ വദന്തി’യും ‘കൃണ്വന്തോ വിശ്വമാര്യവും’ ‘സര്‍വ്വേപി സുഖിനോ സന്തു’വും പാടിയ ഭാരതം. ഇറച്ചിവെട്ടുകാരുടെ കത്തിയേയും വെല്ലുന്ന കത്തികള്‍ താഴെവച്ച് രക്തദാഹം അവസാനിപ്പിച്ച് ഒരു ഉജ്ജ്വല ഭാരതത്തിനായി അണിനിരക്കാനുള്ള അവസാന അവസരത്തിലൂടെയാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പ്രത്യേകിച്ചും കേരളത്തില്‍ കടന്നു പോകുന്നത്. ഇനിയെങ്കിലും നന്നായിക്കൂടേ?