അമ്പതു ശതമാനം
പൊള്ളലേറ്റൂപോല് കഷ്ടം!
അത്രമേല്‍ കഠിനമാ-
യിരുന്നൂ സൂര്യാഘാതം!
ആംബുലന്‍സിലാ ദേഹം
ആസ്പത്രീലെത്തിച്ചൂ പോല്‍;
ആള്‍ക്കൂട്ടം! അത്യാഹിത-
വിഭാഗം! പരിഭ്രമം!
എന്തിനീ പരിഭ്രമം?
‘സൂര്യനെന്നതു വെറു-
മന്ധവിശ്വാസം, കരി-
ക്കട്ടയാം മണ്ണാങ്കട്ട!
രാവിലേ മുതല്‍ തൊഴി-
ലില്ലാത്ത ബി.ഏക്കാരന്-
പോലെയാമാനത്തല-
യുന്ന ബാദ്ധ്യതക്കാരന്.
ഗതികെട്ടൊടുക്കംപോയ്
കടലില്ച്ചാടിച്ചാവും
കഥ! യീനാടെങ്ങനെ
നന്നാവും? ചിന്തിക്കുവിന്‍?
അതിനെ നമസ്കരി-
ച്ചെന്തു നേടുന്നൂ ജനം?
അപഹാസ്യരാവുന്നൂ!
നിര്ത്തുവിനീ വിഡ്ഢിത്തം
ലോകരാഷ്ട്രങ്ങള്ക്കിട-
ക്കിത്രമേല്‍ തരംതാഴാന്‍
പൂര്വ്വികരബദ്ധങ്ങ-
ളൊക്കെയും നമുക്കേകീ
യുക്തിഭദ്രമായ് പ്രസം-
ഗത്തില്‍ നമ്മളെയെല്ലാ-
മുപ്പുവെള്ളത്തില് മുക്കി-
ക്കൊല്ലുന്ന വാചാടോപന്
അദ്ദേഹം സാംസ്കാരിക-
നായകന്, പി.എച്ച്.ഡി.
കിട്ടിയില്ലെന്നാലതും
മേടിച്ച മഹായോഗ്യന്‍!
പോരെങ്കില്‍ പ്രൊഫസറും
കോളേജുവാദ്ധ്യാരും! നാം
മൂഢജന്മങ്ങള്, നമ്മ-
ളെന്തറിയുന്നൂ വിഭോ!
നൂറുവേദികള്! ചാനല്‍-
ച്ചര്‍ച്ചകള്‍! അഹോ, ബുദ്ധി-
ജീവി! സംസ്കാരത്തിന്റെ
വക്താവും പ്രയോക്താവും
അദ്ദേഹം മാത്രം! അല്ലെ-
ന്നാകില്‍ നാമിരുട്ടത്തു
തപ്പിയീ ജന്മം വൃഥാ
കളഞ്ഞുകുളിച്ചേനേ!
എന്തിനു രാമായണം?
ഭാരതം! ഗീതാഗ്രന്ഥം?
അന്ധവിശ്വാസങ്ങള്‍ക്കു
കൂടാരമീ ഹിന്ദുത്വം!
പണ്ടത്തെ മനുസ്മൃതി,
വേദമന്ത്രങ്ങള്‍! ഓരോ
മണ്ടത്തം, നമുക്കെല്ലാം
തീയിലിട്ടെരിക്കേണം.
നമുക്കീ വേദം വേണ്ട
നമുക്കീ മതം വേണ്ട
നമുക്കമ്പലം വേണ്ട
-മാറണം നാമെല്ലാരും
നമുക്കു രാഷ്ട്രം വേണ്ടാ
രാഷ്ട്രമാതാവും വേണ്ടാ
നമുക്കാചാരം വേണ്ടാ
നാമെല്ലാം മതേതരര്‍.
ഓരോന്നുമെടുത്തോതി
വിസ്തരിച്ചദ്ദേഹമീ-
നാടുനന്നാക്കുന്നേരം
പ്രവചിച്ചൂപോല് ജ്യോത്സ്യന്.
‘മറ്റൊരു മതത്തിലും
തൊടണ്ടാ, താങ്കള്ക്കായു-
സ്സിത്തിരിക്കാലംകൂടി-
യുണ്ടതു മറക്കണ്ടാ.
കൈപ്പത്തിവെട്ടുംപോലെ
നാവരിയുവാന്, താങ്കള്‍
ബുദ്ധിരാക്ഷസന് ഒരു
സന്ദര്‍ഭം കൊടുക്കണ്ടാ.
ഹിന്ദുവിന്നാചാരത്തി-
ലെന്തുമായീടാം, വെറും-
ജന്തുസന്നിഭരവര്
മിണ്ടില്ലാ, കൈവയ്ക്കില്ലാ.
മഞ്ഞുകട്ടപോലവര്
സഹിക്കും, കൈപൊള്ളാതെ
എന്നുമെന്നുമീക്കളി
കളിക്കാം വിജയിക്കാം.
താങ്കള്തന്പ്രസിദ്ധി വാ-
നോളവും വളരുമാ-
തസ്കരഗ്രന്ഥങ്ങള്ക്കും
വില്പന വര്‍ദ്ധിച്ചീടും.
അച്ചാരം മാസാമ്മാസം
വാങ്ങുന്നപണി താങ്കള്‍
വൃത്തിയായ്ചെയ്യുന്നില്ലേ
പുരസ്കാരവുമില്ലേ?
ആദിത്യനമസ്കാരം,
യോഗ, ഭാരതീയമാ-
മാചാരവിശേഷങ്ങ-
ളുത്സവം തെയ്യം തിറ
അമ്പലം, കഥകളി
കൂത്ത്, പാഠകം, തുള്ളല്‍
അഷ്ടമി, തൃക്കാര്‍ത്തിക,
തിരുവാതിര, പൂരം
വൃശ്ചികത്തിലെ വ്രതം!
ശരണംവിളി! യെന്തു-
പുച്ഛമാണെന്നോ താങ്കള്‍-
ക്കെല്ലാറ്റിനോടും പണ്ടേ.
പുച്ഛമില്ലാതേ ജനി-
ക്കുന്ന വാനരങ്ങള്ക്കൊ-
രിഷ്ടനേതാവായ് ഭവാന്
വാണരുളുക നീണാള്‍!
സൂര്യനെത്തമസ്കരി-
ക്കാന്‍ താങ്കളച്ചാരം വാ-
ങ്ങീടവേ, നട്ടുച്ചയ്ക്കും
പുലഭ്യം ഛര്ദ്ദിക്കവേ
ഉണ്ടചോറിനെ, പ്പെറ്റൊ-
രമ്മയെത്തള്ളിപ്പറ-
ഞ്ഞുണ്ടായൊരഹംഭാവം
തലയ്ക്കുപിടിക്കവേ
ആഘാതം സഹിച്ചീലാ
സൂര്യനു! സൂര്യാഘാത-
മാണെന്നോ താങ്കള്ക്കിന്നു
ലഭിച്ച പുരസ്കാരം?
അമ്പതുശതമാനം
പൊള്ളലാണുപോല്, നാട്ടാര്
ആംബുലന്‍സിലാ ദേഹം
ആസ്പത്രിയെത്തിച്ചൂ പോല്‍!
ഞരങ്ങീടുന്നൂ പുരോ-
ഗമനം, ആസന്നമാം
മരണം മടങ്ങുമോ
യുക്തിവാദത്തിന് മുന്നില്‍?
പൂര്‍വ്വികശാപം, ഗുരു-
ശാപ,മമ്മതന്‍ ശാപം
ആയിരം മനസ്സുകള്‍
തീമഴപെയ്യും ശാപം.
അമ്മയില്ലാത്തോനിപ്പോള്
അമ്മയെ വിളിക്കുന്നൂ
അച്ഛനില്ലാത്തോനിപ്പോള്
അച്ഛനെ വിളിക്കുന്നൂ
ദൈവമില്ലാത്തോനിപ്പോള്
ദൈവത്തെ വിളിക്കുന്നൂ
നല്ലത്! നാല്പത്തെട്ടു
മണിക്കൂര്‍ കഴിയട്ടെ…