- പാണ്ഡവോത്പത്തി (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 1)
- അഞ്ചു ഭ്രാതാക്കളോടൊപ്പം വളര്‍ന്നു! (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 2)
- പുത്തരിയില്‍ കല്ലുകടി! ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 3)
- കുരുക്ഷേത്രത്തിലെ യുധിഷ്ഠിരന്‍ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 20)
- അകം പുകച്ച അസൂയ ( വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 4)
- അരക്കില്ലത്തില്‍ അവസാനിക്കാതെ (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 5)
- അജ്ഞാതവാസത്തിന്റെ അവസാനം (വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍ 6)
യുധിഷ്ഠിരന്‍ തിരിച്ചുവന്നു തേരിലേറി. ഭീഷ്മര്‍ യുദ്ധത്തിലെ വിധിനിഷേധങ്ങള്‍ പ്രഖ്യാപിച്ചു. അദ്ദേഹം തന്റെ ശംഖൂതി. അതോടെ യുദ്ധം തുടങ്ങി. അത് പതിനെട്ടു ദിവസം തുടര്‍ന്നു. ഈ ദിവസങ്ങളില്‍ ഇരുപക്ഷത്തുമുള്ളവരെല്ലാം ഏറ്റവും ഇറക്കവുമനുഭവിച്ചു. അതില്‍ യുധിഷ്ഠിരന്റെ പങ്കിനെക്കുറിച്ച് മാത്രമാണ് ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.
പ്രഥമദിനത്തില്‍തന്നെ യുധിഷ്ഠിരനും ശല്യനും തമ്മില്‍ പോര്‍വെട്ടുണ്ടായി. ശല്യന്‍ യുധിഷ്ഠിരന്റെ വില്ലുമുറിച്ചു, മറ്റൊരു വില്ലെടുത്ത് പ്രത്യാക്രമണം തുടങ്ങി. അതില്‍ വിവശനായി ശല്യര്‍ പിന്‍വാങ്ങി. (ഭീഷ്മപര്‍വം. – 45 – 28, 29.) രണ്ടാമതും യുധിഷ്ഠിരനും ശല്യനും ഏറ്റുമുട്ടി. പിടിച്ചുനില്‍ക്കാനാകാതെ ശല്യന്‍ പിന്‍വാങ്ങി. ഇത് ശല്യനുമായുള്ള രണ്ടാം ഏറ്റുമുട്ടലായിരുന്നു (ഭീഷ്മപര്‍വം. – 116 – 40, 41.). ഇതിന്നിടയില്‍ ഭീഷ്മര്‍ അഭേദ്യമായ ‘മണ്ഡലവ്യൂഹം’ വിന്യസിച്ചു. ഇത് കണ്ട് സ്വയം യുധിഷ്ഠിരന്‍ ‘വജ്രവ്യൂഹം’ ഒരുക്കി. സൈനികരെ യഥാസ്ഥാനം വിന്യസിച്ചു (ഭീഷ്മപര്‍വം. – 81 – 22, 23.). വ്യൂഹ-പ്രതിവ്യൂഹനിര്‍മ്മാണത്തിലും അദ്ദേഹം ഒട്ടും പിന്നിലായിരുന്നില്ല. യുധിഷ്ഠിരന്‍ ശ്രുതായുവുമായി ശക്തമായി ഏറ്റുമുട്ടി. ശ്രുതായു കലിംഗരാജാവായിരുന്നു. ഒരക്ഷൗഹിണി പട്ടാളവുമായി കൗരവപക്ഷത്താ യിരുന്നു. അങ്കക്കലിയോടെ യുധിഷ്ഠിരന്‍ അദ്ദേഹത്തിന്റെ വില്ലുമുറിച്ച് ശക്തമായ ആക്രമണം നടത്തി. അദ്ദേഹം പലായനം ചെയ്തു. ഇതിന്റെ ആഘാതം കൗരവപ്പടയിലും കാണപ്പെട്ടു. പലരും ശ്രുതായുവിന്റെ കൂടെ ഓടി1 (ഭീഷ്മപര്‍വം. – 81-8, 17.). ഭീഷ്മര്‍ സംഹാരരുദ്രനായി കലിതുള്ളുകയാണ്. യുധിഷ്ഠിരന്‍ നിര്‍ഭയം അദ്ദേഹവുമായേറ്റുമുട്ടി. പാടുപെട്ട് പണിയെ ടുത്തുവെങ്കിലും യുധിഷ്ഠിരന് പിടിച്ചുനില്‍ക്കുവാനായില്ല. ഭീഷ്മര്‍ അദ്ദേഹത്തിന്റെ രഥാശ്വങ്ങളെ കൊന്നുകളഞ്ഞപ്പോള്‍ നകുലന്റെ രഥത്തില്‍ കയറി രക്ഷപ്പെട്ടു. (ഭീഷ്മപര്‍വം.-86-2 – 11.) തഞ്ചം പാര്‍ത്ത് യുധിഷ്ഠിരന്‍ ശകുനിയുമായി ഏറ്റുമുട്ടി. പ്രത്യേകതാത്പര്യമെടുത്ത് ദുര്യോധനനാല്‍ അയയ്ക്കപ്പെട്ടതായിരുന്നു അദ്ദേഹം. യുധിഷ്ഠിരന്‍ നകുലസഹദേവന്മാരോടൊപ്പം പൊരുതി ശകുനിയെ മുറിക്കപ്പെട്ട വില്ലോടെ തിരിച്ചയച്ചു (ഭീഷ്മപര്‍വം.-105 -11-23.).
ഭീഷ്മരെ വീഴ്ത്താന്‍
ഭീഷ്മരുടെ സംഹാരതാണ്ഡവം കണ്ട് ധര്‍മ്മപുത്രര്‍ ഭയാതുരനായി. അദ്ദേഹത്തെ വധിക്കാന്‍ എന്ത് ഉപായമെന്ന് ശ്രീകൃഷ്ണനോട് അന്വേഷിച്ചു. അദ്ദേഹത്തോടുതന്നെ ചോദിക്കുകയെന്ന ഉത്തരവും കിട്ടി. ”തക്കസമയത്ത് സമീപിക്കൂ, അപ്പോള്‍ പറഞ്ഞുതരാം” എന്ന ഭീഷ്മവചനം യുധിഷ്ഠിരന്‍ സ്മരിച്ചു. ഇതിന്നിടയ്ക്ക് ശല്യനുമായി മൂന്നാമേറ്റുമുട്ടലുണ്ടായി. അതില്‍ ശല്യനു മേല്‍ക്കൈ കിട്ടി. സ്ഥിതി കണ്ട് ഭീമന്‍ അലറിപ്പാഞ്ഞെത്തി. പോര്‍വെട്ട് തുടര്‍ന്നു. അപ്പോഴേയ്ക്കും സൂര്യന്‍ അസ്തമിക്കാറായി. അന്നത്തെ യുദ്ധമവസാനിച്ചു (ഭീഷ്മപര്‍വം. – 105 – 29 – 35.).
കൃഷ്‌ണോപദേശപ്രകാരം യുധിഷ്ഠിരന്‍ ഭീഷ്മരെ സമീപിച്ചു, വധോപായം പറഞ്ഞുതരാന്‍ അഭ്യര്‍ത്ഥിച്ചു. ഭീഷ്മര്‍ പ്രതികരിച്ചു. ”യുധിഷ്ഠിരാ! ദേവേന്ദ്രനുപോലും എന്നെ ജയിക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ ആയുധം താഴെവെച്ചവനോടും പടച്ചട്ട ഊരിവെച്ചവനോടും പേടിച്ചോടുന്നവനോടും ഞാന്‍ പൊരുതുന്നതല്ല. അതേപോലെ സ്ത്രീയോടും സ്ത്രീനാമമുള്ളവനോടും ഷണ്ഡനോടും ഞാന്‍ പൊരുതുന്നതല്ല. നിങ്ങള്‍ക്കിടയില്‍ പരാക്രമിയായ ആ ശിഖണ്ഡിയുണ്ടല്ലോ, അയാള്‍ മുമ്പ് സ്ത്രീയായിരുന്നു. പിന്നീട് ആണായവനാണ്. അത് നിങ്ങള്‍ക്കറിയാം, മറ്റെല്ലാവര്‍ക്കുമറിയാം. അയാളോട് ഞാന്‍ പൊരുതുന്നതല്ല. അയാളെ മുന്‍നിര്‍ത്തി പിന്നില്‍നിന്ന് കിരീടി പൊരുതട്ടെ. അങ്ങനെ ഗാണ്ഡീവധാരിയായ ബീഭത്സു എന്നെ വീഴ്ത്തട്ടെ. നിനക്ക് നിശ്ചയമായും ജയം കിട്ടും!”2
യുദ്ധത്തിന്റെ പത്താംദിവസമായി. ഭീഷ്മര്‍ വെളിപ്പെടുത്തിയതനുസരിച്ച് ശിഖണ്ഡിയെ മുന്‍നിറുത്തി പാണ്ഡവസേന ഭീഷ്മന്റെ നേര്‍ക്ക് നീങ്ങി. ഇതില്‍നിന്ന് ശ്രദ്ധതിരിക്കാനെന്നോണം ദ്രോണാചാര്യര്‍ യുധിഷ്ഠിരനെ കടന്നാക്രമിച്ചു. യുധിഷ്ഠിരനും സധൈര്യം പ്രത്യാക്രമണം നടത്തി. ഭീമന്റേയും മറ്റും പിന്തുണ വന്നതോടുകൂടി ദ്രോണാക്രമണം അലസിപ്പോയി (ഭീഷ്മപര്‍വം. – 110 – 17.). വീണ്ടും യുധിഷ്ഠിരന്‍ സൈന്യത്തോടുകൂടി ശല്യനെ ആക്രമിച്ചു. ശല്യനുമായുള്ള നാലാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത് (ഭീഷ്മപര്‍വം. – 116 – 40, 41.).
മറുവശത്ത് ശിഖണ്ഡി ഭീഷ്മരെ നേരിട്ടു. ഭീഷ്മര്‍ ശസ്ത്രാസ്ത്രങ്ങള്‍ പ്രയോഗിക്കാതെ രഥത്തില്‍ നിവര്‍ന്നുനിന്നു. ആയുധങ്ങള്‍ താഴെവെച്ചതായി വ്യാസന്‍ പറയുന്നില്ല. ശിഖണ്ഡിയുടെ പിന്നിലുറച്ചുനിന്ന് കിരീടി ഭീഷ്മന്റെമേല്‍ ശരവര്‍ഷം നടത്തി. ഭീഷ്മരുടെ ശരീരത്തില്‍ അടിമുടി അംഗുലാന്തരത്തില്‍ ശരങ്ങള്‍ കുത്തിക്കയറി. ഭീഷ്മര്‍ നിലംപതിച്ചു. ഭീഷ്മര്‍ ശരശയ്യയിലായി. ദ്രോണര്‍ സര്‍വ്വസേനാധിപതിയായി. ഭീഷ്മര്‍ പതിക്കുംവരെ മാറിനിന്ന കര്‍ണ്ണന്‍ പോര്‍ക്കളത്തില്‍ പ്രവേശിച്ചു.
ദ്രോണരുടെ സേനാധിപത്യം
ദുര്യോധനനെ തൃപ്തിപ്പെടുത്താന്‍, യുധിഷ്ഠിരനെ ബന്ധനസ്ഥനാക്കുമെന്ന് ദ്രോണാചാര്യര്‍ പ്രഖ്യാപിച്ചു. ഇതുകേട്ട അര്‍ജ്ജുനനും മറ്റ് വീരന്മാരും യുധിഷ്ഠിരന് ചുറ്റും രക്ഷാവലയം നിര്‍മ്മിച്ചു. ഒരിക്കല്‍കൂടി യുധിഷ്ഠിരന്‍ ശല്യനുമായി ഏറ്റുമുട്ടി. (ദ്രോണപര്‍വം. – 25 – 15,17.) ഇതദ്ദേഹ ത്തിന്റെ അഞ്ചാമത്തെ ഏറ്റുമുട്ടലായിരുന്നു. ശല്യനെ തുടര്‍ന്ന്, യുധിഷ്ഠിരനെ വളച്ചുകെട്ടാന്‍ പൂര്‍വ്വോത്തരത്തിലെ രാജാവ് ഭഗദത്തന്‍ വമ്പന്‍ ഗജസേനയോടെ ശ്രമം നടത്തി. പാണ്ഡവവീരരും ദ്രൗപദേയതരുണന്മാരും കൂടി ആ പരിശ്രമം വിഫലമാക്കി. മാത്രമല്ല അര്‍ജ്ജുനന്‍ ഭഗദത്തനെ വധിക്കുകയും ചെയ്തു. അന്നത്തെ യുദ്ധത്തില്‍ പാണ്ഡവപക്ഷത്തിനായിരുന്നു മുന്നേറ്റം. പിറ്റേന്ന് സൈന്യവിന്യാസവിശാരദനായ ദ്രോണാചാര്യര്‍ അപ്രതിരോദ്ധ്യമായ ചക്രവ്യൂഹം പടുത്തു. അത് തകര്‍ക്കാന്‍ യുധിഷ്ഠിരന്റെ കല്പനപ്രകാരം അഭിമന്യു ഒരുങ്ങി. വിജയകരമായി വ്യൂഹദ്വാരം തകര്‍ത്ത് അകത്തുകയറാന്‍ യുവവീരന് സാധിച്ചെങ്കിലും ദ്രോണര്‍, കര്‍ണ്ണന്‍, ജയദ്രഥന്‍ എന്നു തുടങ്ങിയ വമ്പന്മാരുടെ കൂട്ടായ ആക്രമണത്തില്‍ മൃതനായി. യുധിഷ്ഠിരന്‍ കുറ്റബോധത്തോടെ വിലപിച്ചു. അര്‍ജ്ജുനന് വിവരം കിട്ടിയത് വൈകിട്ടായിരുന്നു. പിറ്റേന്ന് സൂര്യാസ്തമയത്തിനുമുമ്പ് ജയദ്രഥനെ കൊന്നുകളയുമെന്ന് അദ്ദേഹം ശപഥം ചെയ്തു. ശ്രീകൃഷ്ണന്റെ ആസൂത്രിതമായ ഒത്താശയോടെ അത് സാധിച്ചു. ഇവിടെ ഒരു സത്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ദ്രോണാദി മഹാരഥന്മാര്‍ കൂട്ടായി ഏകനെ നിരായുധനാക്കി വധിച്ച ഈ സംഭവമാണ് യുദ്ധധര്‍മ്മഭഞ്ജനത്തിന്റെ ആദ്യദൃഷ്ടാന്തം. അത് യുദ്ധത്തിന്റെ പന്ത്രണ്ടാം ദിവസമായിരുന്നു. ധൃതരാഷ്ട്രരോട് ഈ സംഭവം വെളിപ്പെടുത്തി സഞ്ജയന്‍ പറഞ്ഞു. ”രാജാവേ! ദ്രോണ-കര്‍ണ്ണ പ്രഭൃതികളായ ആറുമഹാരഥന്മാര്‍ ഏകനായ അവനെ കൊന്നു. ഇത് നമ്മുടെ ധര്‍മ്മമല്ല എന്നതാണ് എന്റെ അഭിപ്രായം.”3 അതുകഴിഞ്ഞ് തുടരെത്തുടരെ ഇരുകൂട്ടരും യുദ്ധനിയമഭഞ്ജനം നടത്തിയതായി കാണുന്നു. ‘ശഠനോട് ശാഠ്യം’ എന്ന നയം പാണ്ഡവപക്ഷവും സ്വീകരിച്ചതായി കാണപ്പെടുന്നു.
യുദ്ധത്തിന്റെ പതിമൂന്നാംദിവസം. സൂര്യനസ്തമിക്കും മുമ്പ് ജയദ്രഥനെ വധിക്കാന്‍ അര്‍ജ്ജുനന്‍ പുറപ്പെട്ടു. വഴിയേവന്ന തടസ്സങ്ങളേയും വെല്ലുവിളികളേയും അവഗണിച്ചുകൊണ്ട് അദ്ദേഹം ജയദ്രഥന്റെ സുരക്ഷാകേന്ദ്രം കണ്ടെത്തി ജയദ്രഥനെ വധിച്ചു പ്രതിജ്ഞ പാലിച്ചു. ഇതേദിവസം മറുവശത്ത് യുധിഷ്ഠിരന്‍ ശല്യരുമായി ഏറ്റുമുട്ടി. അമ്പത്തിയേഴ് അമ്പുകളെയ്ത് അദ്ദേഹത്തെ അവശനാക്കി. (ദ്രോണപര്‍വം. – 96 – 29, 30.) അവര്‍ തമ്മിലുള്ള ആറാമത്തെ ഏറ്റുമുട്ടലായിരുന്നു ഇത്. തുടര്‍ന്ന് യുധിഷ്ഠിരന്‍ കൃതവര്‍മ്മാവിനെ ആക്രമിച്ചു. കൃഷ്ണന്‍ ദുര്യോധനനു കൊടുത്ത യാദവസേനയിലെ സര്‍വ്വമുഖ്യനായിരുന്നു കൃതകര്‍മ്മാവ്. (ദ്രോണപര്‍വം. – 97 – 2.) അനന്തരം ജ്യേഷ്ഠപാണ്ഡവന്‍ ആചാര്യനായ ദ്രോണരുമായി ഏറ്റുമുട്ടി, പരാജയപ്പെട്ട് പിന്‍വാങ്ങി. (ദ്രോണപര്‍വം. – 106 – 18 – 47.) തന്റെ സുരക്ഷാഭടനായി നിന്ന സാത്യകിയെ അദ്ദേഹം അര്‍ജ്ജുനന്റെ സഹായത്തിനയച്ചു. ഉടനെ ദുര്യോധനനുമായി ഏറ്റുമുട്ടി. അവര്‍ തമ്മിലുള്ള ആദ്യത്തെ ‘നേര്‍ക്കുനേര്‍’ ആയിരുന്നത്. യുധിഷ്ഠിരന്‍ കുന്തം ചാട്ടി ദുര്യോധനന്റെ കവചവും ധനുസ്സും തകര്‍ത്തു. പാണ്ഡവപക്ഷം ആര്‍പ്പുവിളിച്ചു. (ദ്രോണപര്‍വം. -124-37, 38.)
ഭീഷ്മരുടെ സംഹാരതാണ്ഡവം ദ്രോണരുമാവര്‍ത്തിച്ചു. സര്‍വ്വത്ര യമരാജാവായി അദ്ദേഹം തിളങ്ങി. ദുര്യോധനന്‍ രണ്ടാമതും യുധിഷ്ഠിരനുമായേറ്റുമുട്ടി. പരസ്പരം നടന്ന ആക്രമണത്തില്‍ യുധിഷ്ഠിരന്‍ കുന്തം കൊണ്ടും അമ്പുകൊണ്ടും എതിരാളിയെ തോല്‍പ്പിച്ചെന്നു മാത്രമല്ല, മൂര്‍ച്ഛിപ്പിക്കുകയും ചെയ്തു. ദ്രോണരാണ് ദുര്യോധനന്റെ രക്ഷയ്ക്കായി ഓടിയെത്തിയത് (ദ്രോണപര്‍വം. – 153 – 29 – 39.). യുദ്ധക്കലി മൂത്തു. ശംഖനാദവും സിംഹനാദവും വായുമണ്ഡലത്തില്‍ മുഴങ്ങി. യുധിഷ്ഠിരനും യുദ്ധാവേശത്തിലായിരുന്നു. അന്നദ്ദേഹം കുന്തങ്ങള്‍ ചാട്ടിയും കൂട്ടമ്പുകളയച്ചും യുദ്ധക്കളത്തില്‍ കലിതുള്ളി. പിന്നീടദ്ദേഹം അംബഷ്ടന്മാരേയും മാളവക്കാരേയും വാഹ്‌ലീകരേയും വെവ്വേറെ എതിര്‍ത്തു. പലരേയും വധിച്ചു. ഒടുവില്‍ ദ്രോണരുമായും രണ്ടാംവട്ടം ഏറ്റുമുട്ടി. ഇത്തവണ യുധിഷ്ഠിരന് മേല്‍ക്കൈ കിട്ടി. ദ്രോണര്‍ മുട്ടുകുത്തിയ ദുര്‍ലഭനിമിഷങ്ങളിലൊന്നായിരുന്നു അത് (ദ്രോണപര്‍വം. – 157 – 27, 43.). താമസിയാതെ വീണ്ടുമദ്ദേഹം ആചാര്യനുമായി ഏറ്റുമുട്ടി. മഹാസ്ത്രങ്ങള്‍ അങ്ങുമിങ്ങും പ്രയോഗിക്കപ്പെട്ടു. ഒരു ഘട്ടത്തില്‍ യുധിഷ്ഠിരന്റെ പ്രഹരമേറ്റ് ആചാര്യന്‍ മൂര്‍ച്ഛിച്ചു രഥത്തിലിരുന്നു (ദ്രോണപര്‍വം. – 162 – 42.). അടുത്ത നിമിഷത്തില്‍ സ്വബോധം വീണ്ടെടുത്ത് വില്ലുകുലയ്ക്കുകയും ചെയ്തു.
ഇതാണിടപെടാന്‍ സമയം എന്ന് കൃഷ്ണന്‍ കരുതി. അദ്ദേഹം യുധിഷ്ഠിരനെ പിന്തിരിപ്പിച്ചു. കാരണം പറഞ്ഞത് ശ്രദ്ധിക്കുക. ദുര്യോധനനെ പ്രീതിപ്പെടുത്താനായി താങ്കളെ പിടിച്ചുകെട്ടാന്‍ ആചാര്യന്‍ നോക്കി നില്‍ക്കുകയാണ്. കിട്ടിയ അവസരം പാഴാക്കുകയില്ല. ഭവാന്‍ രാജാവാണ്. രാജാവ് യുദ്ധം ചെയ്യേണ്ടത് രാജാവിനോടാണ്. അതുകൊണ്ട് ദുര്യോധനന്റെ നേര്‍ക്ക് തിരിയുക (ദ്രോണപര്‍വം.-162 – 47-49.).
കൃഷ്ണന്റെ ഉപദേശം അനുസരിച്ച് യുധിഷ്ഠിരന്‍ കൃപാചാര്യരുടെ നേര്‍ക്ക് തിരിഞ്ഞു. അവര്‍ തമ്മില്‍ നടന്ന ഘോരമായ പടവെട്ടില്‍ ആചാര്യന്‍ ശിഷ്യനെ പരാജയപ്പെടുത്തി. മറ്റൊരു സമരമുഖത്തില്‍ കര്‍ണ്ണന്‍ ഭയങ്കരമായ ആക്രമണം തുടങ്ങി. സ്വപക്ഷക്കാര്‍ വാഴത്തണ്ടുപോലെ മുറിഞ്ഞുവീഴുന്നതുകണ്ട് യുധിഷ്ഠിരന്‍ ചിന്താകുലനായി. കര്‍ണ്ണനെ എങ്ങനെ തടയുമെന്നതായിരുന്നു പ്രശ്‌നം. ജയദ്രഥന്റെ വധത്തെത്തുടര്‍ന്ന് ദ്രോണാചാര്യര്‍ തുടങ്ങിയ രാത്രിയുദ്ധവും കര്‍ണ്ണന്റെ പരാക്രമവും പാണ്ഡവസൈന്യത്തിന്റെ നാശവും യുധിഷ്ഠിരന്റെ നിസ്സഹായതയും കണ്ട് കൃഷ്ണനും ദീനമനസ്‌കനായി. യുദ്ധക്കളത്തില്‍ ഇവിടെ മാത്രമാണ് വ്യാസന്‍ ശ്രീകൃഷ്ണനെ ‘ദീനമനസ്‌കന്‍’ എന്ന് വിശേഷിപ്പിക്കുന്നത്. ”ജ നാര്‍ദ്ദനോ ദീനമനഃ”4
രാത്രിയുദ്ധം കണക്കിലെടുത്തും ദുര്യോധനന്റെ മനോവൃത്തി അറിഞ്ഞുകൊണ്ടും കര്‍ണ്ണന്റെ അപൂര്‍വ്വ ശസ്ത്രസമ്പത്ത് ഓര്‍ത്തുകൊണ്ടും ദീര്‍ഘദര്‍ശിയായ അദ്ദേഹം യുധിഷ്ഠരനോട് ഘടോത്കചനെ വിളിച്ചുവരുത്താന്‍ പറഞ്ഞു. വന്നുകഴിഞ്ഞ ഘടോത്കചനോട് അദ്ദേഹം തന്നെ ഉരചെയ്തു. ”പുത്രകാ! വീരപരാക്രമം കാണിക്കാനുള്ള മൂഹൂര്‍ത്തം ഇതാ വന്നിരിക്കുന്നു. മുങ്ങിക്കൊണ്ടിരിക്കുന്ന ചാര്‍ച്ചക്കാരെ നീ കരകയറ്റുക. നിശാചരരാണല്ലോ നിശായുദ്ധത്തില്‍ വര്‍ദ്ധിതവീരര്‍! പോരെങ്കിലവര്‍ മായാവികളുമാണ്. ഇതാണ് കര്‍ണ്ണനെ നേരിടാനുള്ള നിമിഷം.” രാത്രികാലമാണെങ്കിലും മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞുനിന്നുകൊണ്ട് ഘടോത്കചന്‍ ഇടിയും മിന്നലും പേമാരിയുംപോലെ സൂതപുത്രനേയും സേനയേയും ആക്രമിച്ചുതുടങ്ങി. ഒറ്റരാത്രികൊണ്ട് കൗരവപ്പട ഒടുങ്ങുമെന്ന മട്ടായി. തിരിച്ചടിക്കാന്‍ ലക്ഷ്യം കണ്ണില്‍ പെടുന്നുമില്ല. ഗത്യന്തരമില്ലാതെ എല്ലാവരുടേയും മുറവിളിക്കു വഴങ്ങി കേവലം അര്‍ജ്ജുനനുവേണ്ടി നീക്കിവെച്ച ദേവേന്ദ്രദത്തമായ ശക്തിവേല്‍ കര്‍ണ്ണന്‍ പ്രയോഗിച്ചു. ഘടോത്കചന്‍ നിഷ്പ്രാണനായി നിലം പതിച്ചു. തേരിലിരുന്നു ഇക്കാഴ്ച കണ്ട കൃഷ്ണന്‍ തുള്ളിച്ചാടി തേരുടമയെ കെട്ടിപ്പിടിച്ച് സന്തോഷിച്ചു. സ്വല്പമകലെ പാണ്ഡവപ്രമുഖന്മാരെല്ലാം വിലപിക്കുകയായിരുന്നു. അഗ്രാഹ്യമായ ഈ പെരുമാറ്റത്തിന് കാരണമന്വേഷിച്ചപ്പോള്‍ കൃഷ്ണന്‍ പറഞ്ഞ ഉത്തരം ”ഈ വേല്‍ വിടപ്പെട്ടതോടെ കര്‍ണ്ണനെ കിരീടി വധിക്കുമെന്നുറപ്പായി” എന്നാണ്.
ദ്രോണരുടെ സംഹാരസുനാമി തടയാന്‍ പാണ്ഡവപക്ഷം ആലോചന തുടങ്ങി, അദ്ദേഹത്തിന്റെ വധോപായത്തെക്കുറിച്ചു ചിന്തിച്ചു. യുധിഷ്ഠിരനോട് തുടക്കത്തില്‍ തന്നെ പറഞ്ഞകാര്യമോര്‍ത്തു, ഏറ്റവും അനിഷ്ടകരമായ വാര്‍ത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തിക്കാന്‍ പദ്ധതിയിട്ടു. സ്വപക്ഷത്തെ ‘അശ്വത്ഥാമാവ്’ എന്ന ഗജവീരനെ ഭീമന്‍ അടിച്ചുകൊന്നു. ആകാശം മുട്ടേയുള്ള സ്വരത്തില്‍ ഉദ്‌ഘോഷിച്ചു ‘അശ്വത്ഥാമാവ് കൊല്ലപ്പെട്ടു.’ വാര്‍ത്ത കേട്ടതോടെ ദ്രോണര്‍ സ്തംഭിച്ചു. അടുത്തക്ഷണത്തില്‍ അങ്ങനെയൊന്നു സംഭവിക്കില്ല എന്നു കരുതി സത്യസ്ഥിതി അറിയാന്‍ യുധിഷ്ഠിരനോടന്വേഷിച്ചു. നിര്‍ണ്ണായകനിമിഷം, യുധിഷ്ഠിരന്‍ ധര്‍മ്മസങ്കടത്തില്‍! ജയത്തില്‍ ആസക്തനായ അദ്ദേഹം സങ്കോചത്തോടെ പറഞ്ഞു. ”അശ്വത്ഥാമാവ് ഹതനായി” തുടര്‍ന്ന് താഴ്ന്നസ്വരത്തില്‍ കൂട്ടിച്ചേര്‍ത്തു – ”ആനയാണ്.” ആദ്യഭാഗം കേട്ടയുടനെ ദ്രോണര്‍ പ്രജ്ഞാഹതനായി. ആ സ്ഥിതിയില്‍ ആ ദഗ്ധചിത്തന്‍ രണ്ടാംഭാഗം കേട്ടതുമില്ല. തേരിലിരുന്നദ്ദേഹം ധ്യാനമഗ്നമായി. ഇതുതന്നെ സമയം എന്ന് കണക്കുകൂട്ടി ധൃഷ്ടദ്യുമ്‌നന്‍ ഊരിയ ഖഡ്ഗവുമായി തേരില്‍ ചാടിക്കയറി ആചാര്യന്റെ തലയുമുടലും വെവ്വേറെയാക്കി, തന്റെ ജനനോദ്ദേശ്യം സഫലമാക്കി.
ബാലി-ദ്രോണവധങ്ങള്‍ – സാമ്യം
അതിന് വഴിതെളിയിച്ചത് സത്യവാദിയായ യുധിഷ്ഠിരനായിരുന്നു എന്ന് ചുറ്റുമുള്ളവര്‍ക്കെല്ലാം ബോദ്ധ്യമായിരുന്നു. നാലുപാടും കോലാഹലകല്ലോലമിരമ്പി. തന്റെ എതിര്‍പ്പ് മറച്ചുവെയ്ക്കാതെ അര്‍ജ്ജുനന്‍ ഉച്ചരിച്ചു. ”ധര്‍മ്മജ്ഞനെന്ന് പേര് കേട്ടവനാല്‍ ഇന്നിവിടെ പെരുത്ത അധര്‍മ്മം ചെയ്യപ്പെട്ടു. രാമന്‍ വധിച്ച ബാലിയെപ്പോലെ ദ്രോണര്‍ വധിക്കപ്പെട്ടു. ഈ അകീര്‍ത്തി പാരിലെങ്ങും എന്നുമെന്നും നിലനില്‍ക്കും.” എത്രമാത്രം ശരിയെന്ന് നോക്കുക. മറഞ്ഞുനിന്നു ബാലിയെ വധിച്ച രാമനും ദ്രോണരെ വധിക്കാന്‍ കൂട്ടുനിന്ന യുധിഷ്ഠിരനും ഇന്നും പ്രതിക്കൂട്ടിലല്ലേ? കവിസഹജമായ അതിശയോക്തിയോടെ വ്യാസന്‍ സഞ്ജയന്‍ വഴി ഈ കൃത്യത്തെക്കുറിച്ച് പറഞ്ഞു. ”ഇതിനുമുമ്പ് യുധിഷ്ഠിരരഥം ഭൂമിതൊടാതെ നാലംഗുലം മേലേ ഓടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍മുതല്‍ ആ രഥം നിലംതൊട്ടോടിത്തുടങ്ങി.” നിലംതൊടാതെ രഥമോടുകയില്ലെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അര്‍ജ്ജുനന്‍ പറഞ്ഞ അതേകാര്യം മഹാകവി അലങ്കാര ദ്വാരാ പറയുന്നുവെന്നേയുള്ളൂ.
1 വിഷയാന്തരം – ഇന്നും ഒഡീസയില്‍ ക്ഷത്രിയര്‍ക്കിടയില്‍ ദുര്യോധനന്‍,
ജയദ്രഥന്‍ മുതലായ പേരുകളിടുന്ന പതിവുണ്ട്..
2 മാം പാതയതു ബീഭത്സഃ ഏവം തവ ജയോ ധ്രുവം. – ഭീഷ്മപര്‍വം. – 107 – 87.
3 ദ്രോണകര്‍ണ്ണമുഖൈ്യഃ ഷഡ്ഭിര്‍ ധാര്‍ത്തരാഷ്‌ട്രൈര്‍ മഹാരഥൈഃ
ഏഷോളയം നിഹതഃ ശേതേ നൈഷധര്‍മ്മോ മതോ ഹി നഃ – ദ്രോണപര്‍വം. – 49 – 22.
4 പ്രത്യഭാഷത ഫല്‍ഗുനം – ദീനമനസ്‌കനായ ജനാര്‍ദ്ദനന്‍ ഫല്‍ഗുനനോട് പറഞ്ഞു.
– ദ്രോണപര്‍വം. – 172 – 23.