Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home കഥ

ഉറുവാച്ചിയിലെ സുന്ദരി

നിഷ ആന്റണി കൂടത്തായിനിഷ ആന്റണി കൂടത്തായി
15 December 2023

ഉറുവാച്ചിക്കുന്നിന്റെ മുകളിലായിരുന്നു കരടി അവറാച്ചന്റെ ഭാര്യയായ ഏലം താമസിച്ചിരുന്നത്. ഒരു കാലത്ത് ഉറുവാച്ചിക്കുന്നും അതിന്റെ താഴ്‌വാരങ്ങളും അടക്കിഭരിച്ചിരുന്നവനായിരുന്നു കരടി അവറാച്ചന്‍. ഭൂസ്വത്ത് കൊണ്ടല്ല. കാര്യപ്രാപ്തി കൊണ്ടാണെന്ന് മാത്രം. കുടിയേറി വന്നപ്പോള്‍ മുതല്‍ കിടക്കാനും കൃഷി ചെയ്യാനും ഇത്തിരി സ്ഥലം ചോദിച്ച് ആരു വന്നാലും അവറാന്‍ കൊടുക്കും. അവറാന് കൊടുത്തിരുന്ന ബഹുമതിയുടെയും മുഖസ്തുതി പുരസ്‌ക്കാരങ്ങളുടെയും ഒരു പങ്ക് അദ്ദേഹത്തിന്റെ മരണശേഷവും നാട്ടുകാര്‍ഭാര്യയായ ഏലത്തിനും മക്കള്‍ക്കും നികുതി പോലെ നല്‍കിക്കൊണ്ടിരുന്നു. മരണ വീടുകളിലും, കല്യാണ വീടുകളിലും എന്തിന് ഉറുവാച്ചിയിലെ മീന്‍ ചാപ്പയില്‍ പോലും ഏലവും മക്കളും ചെന്നാല്‍ പ്രജകള്‍ വഴിമാറിക്കൊടുത്തു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ഒഴുകിയിരുന്നെങ്കിലും ഏലത്തിന്റെ മനസ്സിലൊരു മഞ്ഞുമല രൂപംകൊള്ളുന്നത് നാരകപ്പറമ്പില്‍ മത്ത്യാസ് ഒഴികെ മറ്റാരും അറിഞ്ഞില്ല.

Google NewsAdd Kesari Weekly as a preferred source on Google

‘മത്ത്യാസെ, കൊച്ചിത്തറ അന്തോണീസിന്റെ മകന്‍ ഈനാച്ചൂന് സര്‍ക്കാരുദ്യോഗം കിട്ടീന്ന് പറയുന്നത് നേരാണോ?’
മുറ്റത്തിട്ടിരുന്ന കസേരയില്‍ ഇരുന്ന് കിഴക്കുദിച്ച് വരുന്ന സൂര്യവെളിച്ചം കൊള്ളുകയായിരുന്നു ഏലം.
ഉറുവാച്ചിക്കുന്നിന്റെ മുകളിലേക്ക് വീഴുന്ന മഞ്ഞ് കട്ടി മുഴുവന്‍ തന്നെയാണ് കുളിര്‍പ്പിക്കുന്നത് എന്ന മട്ടില്‍ ഏലം കരിമ്പടം ഒന്നൂടി മാടിപ്പുതച്ചു. വെളുത്ത ചട്ടയ്ക്കും, േമല്‍മുണ്ടിനും മീതെ കരിമ്പടം ഏലത്തിനെ ചൂട് പിടിപ്പിച്ച് കൊണ്ടിരുന്നു.
‘അവനെങ്ങനെ ഉദ്യോഗം കിട്ടാനാ എന്റേലക്കൊച്ചേ? അറുത്ത കൈയ്ക്ക് ഉപ്പുതേക്കാത്തോനാ അവന്റപ്പന്‍ അന്തോണി. പത്താം തരം കഴിഞ്ഞ് അവനെ പഠിപ്പിക്കാമ്പോലും വിട്ടിട്ടില്ല. പിന്നെങ്ങനാ അവന് ജോലി ?’
പത്രവാര്‍ത്തകളില്‍ നിന്ന് കണ്ണെടുത്ത മത്ത്യാസ് അല്പം കൂടി നടന്ന് ഏലത്തിനരികില്‍ ചെന്ന് നിന്നു. കഴിഞ്ഞ അമ്പത് വര്‍ഷത്തെ ശീലം തെറ്റിക്കാതെ ഭവ്യതയോടെ ഏലത്തിന്റെ ചെവിക്കരികിലേക്ക് വായ് എത്തിച്ച് ചോദിച്ചു.
‘ആരാ എന്റേലക്കൊച്ചിനോട് ഈ നൊണയൊക്കെ പറഞ്ഞൂട്ടത്. അവന് സര്‍ക്കാര്‍ ജോലിയല്ല, കളക്ടറുദ്യോഗം കിട്ട്യാ പോലും ഇവ്ടത്തെ കുട്ടീനെ അവന് കെട്ടിച്ച് കൊടുക്കണ്ട. പോരേ?’
‘മത്ത്യാസിനോട് ഞാമ്പറിഞ്ഞിട്ടില്ലേ എന്റേലം, എന്റേലം എന്നെന്നെ വിളിക്കരുതെന്ന്. കഴിഞ്ഞ ദെവസ്സം ജിജോമോന്റെ എളേ പെണ്ണ് എന്നോട് ചോദിക്കുവാ. വല്ല്യമ്മച്ചീനെ എന്നാത്തിനാ മത്ത്യാസപ്പാപ്പന്‍ ഏന്റേലക്കൊച്ചേന്ന് വിളിക്കുന്നതെന്ന് .’ അതു പറഞ്ഞതും വൃദ്ധയായ് തീര്‍ന്ന സുന്ദരി വല്ല്യമ്മയുടെ മൂക്ക് ചുവന്നു. രക്തം ഇരച്ചുകയറി ചുണ്ട് നനഞ്ഞു. ‘മത്ത്യാസ് ഇച്ചിരിയങ്ങ് നീങ്ങിനിന്നേ’

ഏലം പറഞ്ഞു.
‘ഞാനെന്നാത്തിനാ ഇങ്ങനെ വിളിക്കുന്നതെന്ന് ഏലക്കൊച്ചിനറിയാലോ? ഞാമ്പോയാലും എന്റേലത്തിനെ നോക്കണേ മത്ത്യാസെ എന്ന് പറഞ്ഞോണ്ടാ മൊതലാളി പോയത്? മത്ത്യാസ് ഈ കുടുമ്മത്തോട് കൂറില്ലാത്തോനല്ല.’
വര്‍ഷങ്ങള്‍ക്ക് മുമ്പ് കാട്ടുറോഡ് വെട്ടിതെളിക്കാന്‍ ഒരു ദിവസം വൈകിയെത്തിയത് കൊണ്ട് മാത്രം അവറാന് സ്വന്തമായിപ്പോയ ഏലത്തിനെ അയാള്‍ റിവൈന്‍ഡ് ചെയ്‌തെടുത്തു. ഇതുവരെയും പുറത്തെടുക്കാത്ത രഹസ്യത്തെ അയാള്‍ വാക്കാലൊളിപ്പിച്ചെങ്കിലും കണ്ണുകള്‍ പലപ്പോഴും മത്ത്യാസിന്റെ പ്രണയരഹസ്യത്തെ ഒറ്റി ഏലത്തിന് മേല്‍ ഒഴുകി നടന്നു. കണി മുടങ്ങിയാലുള്ള ദിവസത്തിന്റെ ശരികേട് മാറ്റുവാനെന്നോണം മത്ത്യാസ് ഉറുവാച്ചിക്കുന്നിന്റെ തുഞ്ചത്തുള്ള പടുസുന്ദരിയെ കാണുവാന്‍ ദിവസേന കയറിച്ചെന്നു.
‘ആ വെളിവില്ലാത്തോനും നുമ്മടെ ജീനേം തമ്മില്‍ ലോഹ്യാന്നാ നാട്ടുകാര് പറയുന്നെ.’ ശീതക്കാറ്റില്‍ നനഞ്ഞ വെള്ളിത്തലമുടികള്‍ ചെവിക്കരികിലേക്ക് ഒളിപ്പിച്ച് വച്ച് ഏലം പറഞ്ഞു.
‘ആരു പറഞ്ഞെന്നാ ഏലക്കൊച്ച് പറയുന്നത്. അസൂയക്കാരല്ലാതെ മറ്റാരേലും ഈ കുടുമ്മത്തിനെക്കുറിച്ച് ഈ വര്‍ത്താനം പറയ്യോ? അന്തസ്സില്ലാത്ത വഹകള്.’
മത്ത്യാസ് തോളത്ത് കിടന്നിരുന്ന വെള്ളത്തോര്‍ത്ത് എടുത്ത് കുടഞ്ഞു. ശേഷം ഒരു തുണ്ട് വെറ്റിലയില്‍ പുകയില വച്ച് ചുരുട്ടിയെടുത്തു രണ്ടാക്കി ഒരു കഷണം ഏലത്തിന് കൊടുക്കുകയും, ബാക്കി വന്നത് സ്വന്തം നാവിലേക്ക് ചുരുട്ടി വയ്ക്കുകയും ചെയ്തു.
‘വഷളന്‍മാരാ എല്ലാം. അറുവഷളന്‍മാര്’

ADVERTISEMENT

മത്ത്യാസ് ഏലത്തിനോട് ചേര്‍ന്ന് വരാന്തയിലിരുന്നു.

‘അല്ല ഏലക്കൊച്ചേ, ജീനയ്ക്ക് പുതിയ ആലോചനയൊന്നും ജോസ്‌മോന്‍ കൊണ്ടുവന്നില്ലേ?’
മത്ത്യാസ് ചോദിച്ചു.
‘അതിന് ജോസ് മോന്‍ വരുന്നതും, പോവുന്നതും ഞാന്‍ അറിയാറുണ്ടോ?
അവന്റെ പെമ്പിളയ്ക്ക് പൂതി കേറുമ്പം മാത്രം ഫോണ്‍ ചെയ്ത് വരുത്തും. രായ്ക്ക് രാമാനം വന്ന് പെലകാലേ പോകും.
പെറ്റ തള്ളയേ മകന്‍ അമ്മച്ചീന്ന്
വിളിച്ചിട്ട് മാസം ഒന്നായി. ആരോട് പറയാന്‍, ആര് കേക്കാന്‍. നാട്ടുകാരോട് പറയാന്‍ കൊള്ളുവോ എന്റെ നെഞ്ചുരുക്കം.’
ഏലത്തിന്റെ നൊമ്പരത്തിനുള്ള മറുപടി മത്ത്യാസിന് പറയേണ്ടി വന്നില്ല.
‘അമ്മച്ചി എന്നാത്തിനാ ജോസൂട്ടിയെ പറ്റി വേണ്ടാതീനം പറഞ്ഞ് മത്ത്യാസപ്പാപ്പനെ കേള്‍പ്പിക്കുന്നെ? വല്ല കാലത്തുവാ ജോസൂട്ടി കുടുമ്മത്ത് വന്ന് കേറുന്നത്. രാത്രി ആറ്റില് കുളിച്ച് വന്ന് ചോറുണ്ണാനിരിക്കുമ്പോഴേയ്ക്കും അമ്മച്ചി വാറ്റീതടിച്ച് ഒറങ്ങിയിട്ടുണ്ടാവും. വിളിച്ചാ വിളീം കേക്കത്തില്ല.’
ജോസ് മോന്റെ ഭാര്യ സലോമി പെരയ്ക്കകത്ത് നിന്നിറങ്ങി വന്നു. തഴപ്പായ മുറ്റത്തിറക്കി വിരിച്ച ശേഷം കുനിഞ്ഞ് നിന്ന് പഴന്തുണിക്കെട്ടിലെ കാപ്പിക്കുരു നിരത്താന്‍ തുടങ്ങി. വെയില്‍ വെളിച്ചം വീണ് കാപ്പിക്കുരുക്കുഞ്ഞുങ്ങള്‍ ചിരിച്ചു.
‘അപ്പോ അടീണ്ടോ?’

മത്ത്യാസ് ഏലത്തിനെ നോക്കി ചിരിച്ചു.
‘അപ്പന്‍ പോയേ പിന്നെ ഒറക്കമില്ലാന്നും പറഞ്ഞ് അമ്മച്ചി എന്നും പരാതിയാ. അങ്ങനെയാ ജോസൂട്ടി ജാതിക്ക വാറ്റിക്കൊടുത്തത്. എന്നോട് തന്നെ ആ മനുഷന് മിണ്ടാട്ടം കൊറവാ. അമ്മച്ചി ഒറങ്ങുവാണേ ഒറങ്ങിക്കോട്ടേന്ന് പറഞ്ഞോണ്ട് ജോസൂട്ടി പിന്നെ വിളിക്കാന്‍ നിക്കൂല.’
സലോമി പറഞ്ഞു.
‘നിന്നെപ്പോലെയാണോടി പെറ്റതള്ള. എന്നോടെങ്കിലും അവന്‍ രണ്ടക്ഷരം മിണ്ടണ്ടെ. കുഞ്ഞുന്നാളിലെ കരപ്പനും പനീം, മാറി മാറി പരീക്ഷണമായിരുന്നു ചെറുക്കന്റെ മേല്. അഞ്ചാറു വര്‍ഷം ഞാനൊറങ്ങീട്ടില്ല. അന്നെന്റെ ചൂട് വേണായിരുന്നു ചെറുക്കന്. നീ വന്നേപ്പിന്നേ എന്റടുത്ത് വന്നിരുന്നിട്ട് കൂടിയില്ല അവന്‍. എത്ര ദിവസായെടി ജോസ് മോന്‍ എന്റെ അടുത്തിരുന്ന് വല്ലോം കഴിച്ചിട്ട്.’
ഏലം പറഞ്ഞു.

‘അമ്മച്ചിക്കെന്നാ പറ്റിയെ. കേക്കുന്നോര് വിചാരിക്കും ഇവിടെ ഞാനും ജോസൂട്ടീം അമ്മച്ചീനെ നോക്കുന്നില്ലാന്ന്. കുടുംബ മഹിമേം പറഞ്ഞോണ്ട് ഇവിടിരുന്നാ വീടിന്റെ ലോണ്‍ ആരടയ്ക്കും അമ്മച്ചി.
അമ്മച്ചീന്റെ കയ്യിലൊള്ളത് തരാന്‍ പറഞ്ഞാ തര്വോ? തരൂലല്ലോ, പിന്നെ എന്നാത്തിനാ ഈ ഒച്ചപ്പാട്.

‘അയ്യടി അവള്‍ടെ ഒരു പൂതി. നെന്റെ ആഗ്രഹം ഒരിക്കലും നടക്കത്തില്ലടി സലോമി. ഏലം കസേരയുടെ കയ്യില്‍ പിടിച്ച് കൊണ്ട് എഴുന്നേറ്റു.’പൊന്നും നൂല് മേടിക്കാനുള്ള എന്റെ വഹയൊന്നും ഞാനാര്‍ക്കും കൊടുക്കൂല. മത്ത്യാസിന് കേക്കണോ കത. ജോസ് മോന്‍ അന്ന് ചെറുതാ. സന്ധ്യയ്ക്ക് അവന്റപ്പന്‍ പണീം കഴിഞ്ഞ് വരുന്ന വരവിനാ കാലിനൊട്ട് ഒരു കൊത്ത്. സാധനം വളവളപ്പനാ. പാമ്പ് എരയെടുത്തതായിരുന്നോണ്ട് വേഷം കേറില്ല. എന്നാലും ഞാന്‍ പേടിച്ച പേടീര്. അന്ന് നേര്‍ന്നതാ അരുവിത്തറയച്ചന് അതിയാന്റെ വലിപ്പത്തില് ഒരു പൊന്നും നൂല്. അയിനൊള്ള പണം ബേങ്കിന്ന് എന്തുവന്നാലും ഞാനെടുക്കൂലടി. ഞാന്‍ ചത്താ പോലും’.

ഏലം, മുറുക്കി ചുവപ്പിച്ചത് നീട്ടിത്തുപ്പിയശേഷം കിതച്ച് കൊണ്ട് നടന്നു. ശേഷം എളിയില്‍ കൈ കുത്തി നിന്നു.
‘മരിക്കുന്ന കാര്യം മാത്രം എന്റേലക്കൊച്ച് പറയരുത്. വാക്കി എന്തും ഞാന്‍ സഹിക്കും.’ മത്ത്യാസ് എണീറ്റ് ചെന്ന് ഗദ്ഗദത്തോടെ ഏലത്തിന്റെ ചെവിയില്‍ പതിയെ പറഞ്ഞു.
‘അമ്മച്ചി എന്തിനാ എഴുതാപ്പുറം വായിക്കുന്നെ? ജോസൂട്ടീടെ കഷ്ടപ്പാടോര്‍ത്ത് പറഞ്ഞതാ ഞാന്‍. എസ്റ്റേറ്റിലെ ഡ്രൈവറ് പണി എന്നു വേണേലും തീരും.’
‘അതെന്നാ സലോമി നീ അങ്ങനെത്തെ വര്‍ത്താനം പറയുന്നേ. ഈപ്പച്ചന്‍ തന്നെയല്ലെ എസ്റ്റേറ്റ് ഇപ്പോഴും കൈകാര്യം ചെയ്യുന്നത്.’
മത്ത്യാസ് ചോദിച്ചു.

‘അപ്പനപ്പാപ്പന്‍മാരുള്ള കാലത്തെ സ്‌നേഹോന്നും ഇപ്പോ ആര്‍ക്കെങ്കിലും ഉണ്ടാവ്വോ മത്ത്യാസപ്പാപ്പാ?’
സലോമി മറുപടി പറഞ്ഞുകൊണ്ട് കാപ്പിക്കുരുക്കൊട്ട കൊട്ടിയെടുത്തു.
‘എവിടെയാടീ ജീനക്കൊച്ച്. രണ്ടാമത്തെ കുര്‍ബാന കഴിഞ്ഞിട്ടും പെണ്ണ് എവിടെപ്പോയിന്ന് അന്വേഷിക്കാത്ത തള്ള. കല്യാണപ്രായമായ പെമ്പിള്ളേരെ വഴീക്കൂടി തനിച്ച് നടത്തുന്നത് ശരിയാണോ മത്ത്യാസെ? നാട്ടില് ഒരൂട്ടം ബംഗാളികള് എര്‍ങ്ങിട്ടുണ്ടെന്നല്ലെ മത്ത്യാസ് പറഞ്ഞത്. നാട്ടുകാര് വേണ്ടാതീനം പറഞ്ഞാ പെണ്ണിനാ കേട്.’

ഏലം പറഞ്ഞു.
‘അവളെ ഞാന്‍ നല്ല ചൊല്ലുവിളിക്ക് തന്ന്യാ വളര്‍ത്തുന്നെ. പള്ളീ പോയി വരണ വഴിക്ക് അവളെന്നും ജീന്‍സീടെ വീട്ടിലൊന്ന് കയറും.’ അതിപ്പോ ഇത്ര വലിയ തെറ്റാണോ മത്ത്യാസപ്പാപ്പാ?
സലോമി മറുപടി പറഞ്ഞുകൊണ്ട് അകത്തേക്ക് കയറി. അതിനിടയില്‍ തിരിഞ്ഞ് നിന്നിട്ട് ചോദിച്ചു.
‘അമ്മച്ചിക്കെന്നേലും കുടിക്കാന്‍ വേണോ?’

‘കട്ടങ്കാപ്പി തെകത്തീതുണ്ടേല്‍ രണ്ട് ഗ്ലാസെടുത്തോ’
സലോമി അകത്തേക്ക് പോയതും മത്ത്യാസ് ഏലത്തിനടുത്ത് ചെന്നു നിന്നു.
‘ഈ മത്ത്യാസൊരു കാര്യം പറയട്ടെ. എന്തിനാ ഏലക്കൊച്ചിപ്പഴും ആ പണം ബേങ്കിലിട്ടിരിക്കുന്നെ. ആ പൈസ എടുത്ത് കൊടുത്താ ജോസ്‌മോന്റെ ലോണടവ് തീരൂല്ലേ… പലിശ കൊടുത്ത് മുടിയണോ? ചെറുക്കന്‍ എസ്റ്റേറ്റിലെ തണുപ്പടിക്കാതെ കുടുമ്മത്ത് വന്ന് കെടന്നോളും.’
ഏലത്തിന്റെ കണ്ണില്‍ നിന്നും കണ്ണീര് ഉറവയെടുത്തു.
‘മത്ത്യാസ് മാത്രം എന്നോടിത് പറയരുത്. അതിയാന്‍ ജീവിച്ചിരുന്നപ്പോ ഞാന്‍ നേര്‍ന്ന നേര്‍ച്ചയാ. അതെടുത്താ പിന്നെ പൊന്നും നൂലെങ്ങനെ പണിയാനാ. നേര്‍ച്ച വീടീലെങ്കി അരുവിത്തറ പുണ്യാളന്‍ പെണങ്ങും. അവന് അവന്റെ പെമ്പിളേനെ മതീല്ലോ. അവള്‍ടെ സ്വര്‍ണ്ണമങ്ങ് വിറ്റ് ലോണടച്ചോട്ടെ.’
ഏലം കരിമ്പടം മാറ്റി വരാന്തയ്ക്ക് മുകളിലെ അയല്‍ക്കോലിലിട്ടു. ശേഷം മുറ്റത്ത് നിരത്തിയിരുന്ന കാപ്പിക്കുരു ഇളക്കി. വെള്ള മേല്‍മുണ്ടിലെ ഞൊറിവുകളിലേക്ക് മത്ത്യാസ് ഭൂതകാലത്തിന്റെ മധുരത്തോടെ നോക്കിയിരുന്നു. ഏലത്തിന്റെ ചിക്കിചികയല്‍ കണ്ടുകൊണ്ടാണ് സലോമി കാപ്പിയുമായ് വന്നത്. ഗ്ലാസുകള്‍ രണ്ടും വരാന്തയില്‍ വെച്ച ശേഷം സലോമി പതം പറഞ്ഞു.

‘എന്റെ കര്‍ത്താവെ, അമ്മച്ചി ആള്‍ക്കാരെക്കൊണ്ട് പറയിപ്പിക്കാനാണോ ഈ കസര്‍ത്ത്. ഞാനെളക്കിയിട്ടോളും കാപ്പിക്കുരു.’
‘എന്താടി എന്റെ പെരേലെ കാപ്പിക്കുരു ഞാനെളക്ക്യാ കുഴപ്പം. എനിക്കയിനും അധികാരോല്ല്യേ? നീയെന്നെ പെരയ്ക്കാത്ത് കേറ്റി പൂട്ടണ്ട.’
ഏലത്തിന്റെ കാലുകളിലെ വെണ്‍മയിലേക്ക് കണ്ണും നട്ടിരുന്ന മത്ത്യാസ് ചാടി എഴുന്നേറ്റു.
‘ഏലക്കൊച്ച് ഇവിടെ വന്നിരുന്നേ. ബാലന്‍സ് തെറ്റി വീണാ നോക്കാന്‍ ഞാനേ ഇണ്ടാവുള്ളൂട്ടോ. ഇതൊക്കെ എന്നോട് പറഞ്ഞാ പോരെ ‘ഈ മത്ത്യാസെന്തിനാ പിന്നെ ….
‘അമ്മച്ചിയോട് പറഞ്ഞ് ജയിക്കാന്‍ എനിക്ക് വയ്യ. ഞാമ്പോണ്. ജോസൂട്ടി വര്മ്പളേക്കും പോത്തിറച്ചി വരട്ടണം.’
സലോമി പറഞ്ഞു.

‘കേട്ടോ, മത്ത്യാസ് കേട്ടോ അവള് പറഞ്ഞത്. അവക്കറിയാം അവനിന്ന് വരൂന്ന്. പെറ്റ തള്ളയോട് അവള്‍ പറഞ്ഞിട്ടില്ല. ഇത് തന്നെയാ എന്റെ നീറ്റല്.
മത്ത്യാസ് തന്റെ സ്‌നേഹഭാജനത്തിന്റെ അടുത്തെത്തി പറഞ്ഞു.
‘ഏലക്കൊച്ചിങ്ങ് വന്നേ. വെയില് മൂക്കുന്നു. എനിക്ക് പോയേച്ച് പണീണ്ട്. വന്ന് അകത്തിരിക്ക്.’
അയാള്‍ ഏലത്തിന്റെ കൈ പിടിച്ച് അകത്തേക്ക് കയറാന്‍ തുടങ്ങിയതും
നടവാതില്‍ക്കല്‍ ഒരു തല വെട്ടം കണ്ടു.
‘ദാ വരണണ്ടല്ലോ ജോസ് മോനും, ജീനേം’
മത്ത്യാസ് അത്യാഹ്ലാദത്തോടെ പറഞ്ഞു.
ഏലം തല ഉയര്‍ത്തി നോക്കി. ജോസ്‌മോനാണ്. തന്റെ പൊന്നുമോന്‍. ഏറെക്കാലം കൂടിയാണ് കാണുന്നത്. ചുമലുകള്‍ താഴ്ത്തി തലയും കുനിച്ച് നടന്ന് വരുന്ന മകന്റെ അടുത്തേക്ക് ഏലം വേച്ച് നടന്നു. ജോസ് മോന്റെ നടപ്പില്‍ വന്ന മാറ്റത്തെയും ക്ഷീണത്തേയും അവര്‍ ശ്രദ്ധിച്ച് വീക്ഷിച്ചു. നിരാശ മുറ്റിയ മുഖം.

‘എന്താടാ, എന്നാ പറ്റി എന്റെ കുഞ്ഞിന്, മത്ത്യാസൊന്നു ചോദിച്ചേ’… വൃദ്ധ മത്ത്യാസിനെ നോക്കി.
നരച്ച കണ്ണിലെ വിഷാദത്തെ മത്ത്യാസിന് നേരിടാനായില്ല. അയാള്‍ നിശബ്ദനായി നിന്നു.
‘എനിക്കിച്ചിരി കഞ്ഞിവെള്ളം വേണം അമ്മച്ചി’. ജോസ് മോന്‍ അകത്തേക്ക് കയറാതെ തിണ്ണപ്പടിയില്‍ ഇരുന്നു.
‘എടീ സലോമ്യേയ്, എടീ പെണ്ണേ, ചെറുക്കന് കൊറച്ച് വെള്ളമെടുക്കടീ..’
ഏലം അകത്തേക്ക് നോക്കി പറഞ്ഞ ശേഷം മകന്റെ അടുത്തിരുന്നു.

‘എന്റെ പണി പോയി അമ്മച്ചി’. അയാള്‍ വിതുമ്പിക്കൊണ്ട് ഏലത്തിന്റെ മടിയിലേക്ക് തലചായ്ച്ചു.’
ഒരു നിമിഷം കൊണ്ട് ഏലം ഭൂതകാലത്തിലേക്ക് പറന്നു. പേറ്റു നോവിന്റെ കനത്താല്‍ ഏലത്തിന്റെ അടിവയറ് തേങ്ങി. നെഞ്ച് കഴച്ചു. സ്വരം പൊട്ടി ഏലം വിളിച്ചു.
‘ജോസ് മോനേ… അമ്മച്ചീടെ പൊന്നുങ്കട്ടേ…’ പണി പോയെങ്കി പോട്ട്. ഇതല്ലേ വേറൊന്ന്. അമ്മച്ചി ഒള്ളിടത്തോളം കാലം നീ വെഷമിക്കരുത്. അമ്മച്ചി പറഞ്ഞാ അരുവിത്തറ പുണ്യാളന് കേക്കാണ്ടിരിക്കാന്‍ പറ്റൂല.
എടീ സലോമ്യയ് നീ ഇച്ചിരി ചോറും കൂട്ടാനും ഇങ്ങോട്ടെടുത്തോ. എത്ര കാലമായി ഞാനെന്റെ ചെറുക്കന്റെ കൂടെയിരുന്ന് എന്തേലും കഴിച്ചിട്ട്.’
ഏലം ജോസ്‌മോന്റെ ഉള്ളം കൈയ്യിലേക്ക് കിണ്ടിയില്‍ വെള്ളം ഒഴിച്ച് കൊടുത്തു. നെഞ്ചത്ത് പുതച്ചിരുന്ന തോര്‍ത്തെടുത്ത് മകന്റെ മുഖം തുടച്ചു.

മേശയ്ക്കിരുവശവുമായ് ഇരിക്കുമ്പോള്‍ ഏലത്തിന്റെ കണ്ണുകളിലേക്ക് ഉച്ചവെയില്‍ ഇരച്ചുകയറി. തന്റെ പ്രണയഭാജനത്തിന്റ മുഖത്തെ പൂത്തിരി കണ്ട് പോകാനിറങ്ങിയ മത്ത്യാസിന്റെ അടുക്കലേക്ക് ഏലം വന്നു.
‘മത്ത്യാസ് നാളെ നേരത്തെ വരണം. നമുക്ക് ജോസ് മോനേം കൂട്ടി ബേങ്ക് വരെ പോണം’

ഏലത്തിന്റെ കണ്ണുകളില്‍ വിരിഞ്ഞ വെയില്‍പ്പൂക്കളിലേക്ക് മത്ത്യാസ് അരുമയോടെ നോക്കി. ഉദയ സൂര്യന്‍ ഭൂമിയില്‍ തൊട്ടപോലെ അയാള്‍ ഏലത്തിന്റെ കണ്ണുകളില്‍ ആര്‍ദ്രതയോടെ ചുംബിച്ചു.

 

Share4TweetSendShare

Related Posts

ബാന്‍സുരി

ബാന്‍സുരി

ഭീമരഥ ശാന്തി

ഭീമരഥ ശാന്തി

പക

പക

അരൂപികളുടെ ആകാശം

അരൂപികളുടെ ആകാശം

മസാലദോശ

മസാലദോശ

ദാനം

ദാനം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies