വീണ്ടും വീണ്ടും കച്ചവടം പൊട്ടിക്കൊണ്ടിരിയ്ക്കയാണ്.
ഓരോ തവണ പൊട്ടുമ്പോഴും അടുത്തവട്ടം പൊടിപൊടിക്കുമെന്നായിരുന്നു പ്രതീക്ഷ; പൊലിപൊലിക്കു മെന്നായിരുന്നു വിശ്വാസം.
പക്ഷേ….!
പൊട്ടിപ്പൊട്ടി ഒരു പരുവത്തിലായി.
ഇത്തവണത്തെ പൊട്ടലാണ് ശരിക്കും ഹൃദയം പൊട്ടിച്ചത്; ഒരു വെടിക്കെട്ടുമാതിരിയായിരുന്നു സംഗതി. എവിടെയൊക്കെയാ പൊട്ടിയത്, എങ്ങനെയൊക്കെയാ പൊട്ടിയതെന്ന് ഒരു നിശ്ചയവുമില്ല. തലങ്ങും വിലങ്ങും പൊട്ടി എന്ന് മാത്രമേ പറയാനാവൂ. വേണമെങ്കില്‍ എട്ടുനിലയില്‍ പൊട്ടി എന്നുകൂടി ആലങ്കാരികമായി ചേര്‍ക്കാം; ആത്മാഭിമാനത്തിനായി ചേര്‍ക്കാതെയുമിരിക്കാം.
ഇങ്ങനെ പൊട്ടാന്‍ മാത്രമുള്ള ഹേതുക്കളൊന്നും ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല. ‘സംഗതി പൊട്ടൂട്ടാന്ന്’ തറവാട്ടിലംഗങ്ങളൊ ആശ്രിതവത്സരൊ മറ്റൊ കടയുടയ തമ്പുരാട്ടിയായ തറവാട്ടമ്മയോട് പറഞ്ഞിരുന്നുമില്ല. ‘കൊഴപ്പാവും അമ്മച്ചീ’ എന്ന് സൂചിപ്പിച്ചവരാകട്ടെ കേവലം ശത്രുക്കളും അസൂയക്കാരുമായിരുന്നു.
ഏറെക്കാലമായി കച്ചവടത്തിന്റെ നടത്തിപ്പ് തമ്പ്രാട്ടി ഏല്പിച്ചിരുന്നത് സ്വന്തം ചെക്കനെയായിരുന്നു. ത്രികാലത്തിലൊന്നായ വര്‍ത്തമാനത്തിങ്കലെ ജന്മത്തില്‍ പുത്രനായി പിറന്നോന്‍ ഒരുവിധം നന്നായി തന്നെ കച്ചകപടം നടത്തിയിരുന്നു എന്നാണ് തറവാട്ടിലമ്മയുടെ ആത്മവിശ്വാസം. മുജ്ജന്മത്തിലും പയ്യന്‍ ശത്രുവായിരുന്നില്ല എന്നാണ് മലയാളനാട്ടിലെ ഒരന്തപ്പന്‍ ജ്യോത്സ്യര് ഈയടുത്തുംകൂടി കുറിച്ചു കൊടുത്തിട്ടുള്ളത്. ഏറെക്കാലമായി ഹസ്തമുദ്ര തറവാട്ടിലെ, ഒരു പ്രശ്‌നവുമുണ്ടാക്കാത്ത, സ്ഥിരം പ്രശ്‌നംവെപ്പുകാരന്‍ മൂപ്പരാണല്ലൊ. ജ്യോതിഷിയുടെ പൂര്‍വ്വജന്മത്തിലെ ചില കൈപ്പിഴകള്‍, ജ്യോതിഷികന്റെ അക്കാലത്തെ സ്വന്തം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഗതിവിഗതികള്‍ പിഴച്ചതിന്റെ ഫലം മാത്രമാണത്രെ.
പിറന്നതും പ്രണയിച്ചതും അന്യദേശത്തിലാണെന്ന അപഖ്യാതിയുള്ളതുകൊണ്ടും, വാര്‍ദ്ധക്യസഹജമായ ആകുലതകള്‍ യൗവ്വനത്തിലെ ആരംഭിച്ചതുകൊണ്ടും, ഇനി ഉഗ്രനായ പുത്രന്‍ കാര്യങ്ങള്‍ നോക്കി നിന്നോളും എന്ന് അഭ്യുദയകാംക്ഷികള്‍ അക്ഷീണം അക്ഷികള്‍ കാട്ടിയതുകൊണ്ടുമാണ് കടേടെ ഉടയവള്‍ കുടുംബസ്ഥാപനത്തിന്റെ നടത്തിപ്പ് പയ്യനെ പയ്യെപ്പയ്യെ എല്പിച്ച കടുംകൈ ചെയ്തത്.
കച്ചോടം പൊട്ടിയതുകൊണ്ടൊന്നും സിനിമാപാട്ടില്‍ പാടണ മാതിരി ചെക്കന് വട്ടായില്ല. അങ്ങനെ വട്ടാവാന്‍ മാത്രമുള്ള ബുദ്ധി പയ്യനുണ്ടായിരുന്നതുമില്ല. ‘പ്രബുദ്ധര്‍ക്കേ ഭ്രാന്തുവരൂ’ എന്ന് മാര്‍ക്‌സ്ഗുരു തന്റെ ‘ദാസേട്ടന്റെ തലസ്ഥാനം’ എന്ന വികൃതിയില്‍ സ്വയം വിമര്‍ശിച്ചിട്ടുണ്ട്.
പുര നിറഞ്ഞു നിക്കണ കോമളകുമാരന്‍ തന്റെ സഹായികളെ ഒന്നൊഴിയാതെ തറവാട്ടിലേക്ക് ക്ഷണിച്ചു. തറവാട്ടുകടയുടെ അടിയന്തിരത്തിന്റെ അടിയന്തരയോഗത്തിനായി സമസ്ത സഹായികളും ഉടന്‍ തന്നെ നടത്തിപ്പുകാരനവര്‍കളുടെ തറവാടു പൂകി. ആചാരപ്രകാരം സഹായസംഘം യജമാനത്തിയേയും നടത്തിപ്പുകാരനേയും വിധത്തിലും തരത്തിലും വണങ്ങി യോഗസ്ഥലത്ത് പതിനാറ് സദ്യയ്ക്കിരിക്കും മാതിരി ചമ്പ്രംപടിഞ്ഞിരുന്നു. ഇരിപ്പിടമായി വിരിച്ചിരുന്നത് വംഗനാട്ടില്‍ നിന്ന് കടമെടുത്ത ചെമ്പട്ടാണ്. അതിലാകട്ടെ ഭംഗിക്കായി നിറയെ മാരകായുധങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്തിരുന്നു. പക്ഷേ, ജൗളിയാകെ നരച്ചുക്കൊരച്ചിരുന്നു. ഏവരും ഉപവിഷ്ടരാകുന്നതിനു മുമ്പ് യോഗസ്ഥലത്ത് ഒരു മീശഗോപാലന്‍ തന്റെ ഓടക്കുഴലില്‍ ഏതോ വിഷാദരാഗം വായിക്കുന്നുണ്ടായിരുന്നു. ചുമരുകളില്‍ ‘ഇത് നമ്മുടെ യോഗം’ എന്ന് ബഹുവര്‍ണ്ണങ്ങളില്‍ രചിച്ചിട്ടുണ്ടായിരുന്നു.
പൊട്ടുന്നതിനുമുമ്പ് ഏറെ പ്രാര്‍ത്ഥനകള്‍ നടത്തിയിട്ടും ഇച്ഛിച്ച പ്രതിഫലം ലഭിക്കാതിരുന്നതിനാല്‍ മൗനപ്രാര്‍ത്ഥന പോലും യോഗത്തിനുണ്ടായിരുന്നില്ല. ചെയ്ത ദുഷ്‌കര്‍മ്മങ്ങള്‍ക്ക് പ്രതീക്ഷിച്ച സത്ഫലങ്ങള്‍ കിട്ടാത്തതിന്റെയും അനിവാര്യമായ തീക്ഷ്ണ ഫലങ്ങള്‍ കിട്ടിയതിന്റെയും നിരാശ സര്‍വ്വരുടേയും ശരീരഭാഷകളില്‍ പ്രകടമായിരുന്നു.
മുഖം നഷ്ടപ്പെട്ടതുകൊണ്ടാകാം നടത്തിപ്പുകാരന്‍ ചെക്കന്‍ മുഖവുര കൂടാതെ നേരിട്ട് കാര്യത്തിലേക്ക് സ്വച്ഛന്ദം കടക്കുകയാണ് ചെയ്തത്:
”നമ്മുടെ തറവാട്ടുകടേടെ നടത്തിപ്പുകാരസ്ഥാനം രാജിവെക്കാന്‍ നമ്മേ നിങ്ങള്‍ അനുവദിക്കണം…”
”പറ്റില്ല, പറ്റില്ല…”
നടത്തിപ്പുകാരന്റെ സഹായികള്‍ ഒരു പൊടിക്ക് സമ്മതിച്ചില്ല; അവര്‍ ശക്തമായി വീണ്ടും വീണ്ടും പറഞ്ഞു:
”പറ്റില്ല, പറ്റില്ല…”
ചെക്കന്‍ യാചിച്ചു:
”കര്‍ത്താവിനെയോര്‍ത്ത് നടത്തിപ്പുകാരസ്ഥാനം രാജിവെക്കാന്‍ അനുവദിച്ചീടണം.”
”നടക്കില്ല, നടക്കില്ല; അങ്ങ് തന്നെ തുടരണം.”
സഹായികളും യാചിച്ചു:
ചെക്കന്‍ കരഞ്ഞ് പറഞ്ഞു:
”സ്ഥാനം രാജിവെക്കാന്‍ അനുവദിച്ചുകൊണ്ട് നിങ്ങളെന്നോട് കരുണ കാട്ടണം.”
”രാജിയെവെച്ചുകൊണ്ട് തമ്പ്രാന്‍കുട്ടന്‍ കേവലം അനാഥരായ ഞങ്ങളെ വഴിയാധാരമാക്കരുതേ.”
ഒന്നടങ്കം യോഗവും കരഞ്ഞു.
ക്ഷമനശിച്ച മട്ടില്‍ ചെക്കന്‍ പൊട്ടിത്തെറിച്ചു:
”രാജിവെക്കാന്‍ അനുവദിക്കണമെന്നല്ലേ നോം ആജ്ഞാപിക്കുന്നത്.”
”എന്തുപറഞ്ഞാലും എങ്ങനെ പറഞ്ഞാലും ശരി നടത്തിപ്പുകാരന്‍സ്ഥാനം രാജിവെക്കാന്‍ ഞങ്ങള്‍ അങ്ങയെ അനുവദിക്കില്ല. അങ്ങല്ലാതെ മറ്റൊരു നടത്തിപ്പുകാരനും നമ്മടെ കടയ്ക്കു യോജിക്കില്ലെന്നാണ് നമ്മുടെ ശത്രുക്കള്‍ പോലും ശഠിക്കുന്നത്.”
യോഗത്തിലെ സര്‍വ്വസഹായികളും ഒറ്റശബ്ദത്തില്‍, അത്യുച്ചത്തില്‍ അലറി.
ഒരു വട്ടംകൂടി, ഒരു സാധാരണക്കാരന്റെ ഭാഷയില്‍ പരീക്ഷണാര്‍ത്ഥം പയ്യന്‍ പറഞ്ഞു നോക്കി:
”ഒഴിയാന്‍ അനുവദിക്കണം.”
”ഒഴിയരുത്, ഒരൊഴിയാബാധയായി അങ്ങ് തന്നെ തുടരണം.”
സാധാരണഭാഷയില്‍ തന്നെ യോഗസ്ഥര്‍ തിരിച്ചടിച്ചു.
സഹായികള്‍ക്ക് ഭാഷാഭേദം സംഭവിക്കുന്നുവോ എന്ന് സംശയിച്ച്, ഒടുവില്‍ പയ്യന്‍ പറഞ്ഞു:
”തെക്കുവടക്കൊക്കെ ഒന്നു ചുറ്റിത്തിരിയാന്‍ നമുക്കടങ്ങാത്ത മോഹം. മാത്രവുമല്ല ഇനിയും കച്ചവടം പൊട്ടുമ്പോള്‍, അതും നമ്മുടെ തലയ്ക്കാവും. പൊട്ടിക്കുന്നതിന്റെ മഹത്ത്വമേറ്റെടുക്കാന്‍ മറ്റൊരു തലയും തയ്യാറാവില്ല. ആകയാല്‍ ‘താനാണേ പൊട്ടിക്കുന്ന’തെന്ന് വീമ്പുപറയാന്‍ സഹായികളില്‍ ഏതെങ്കിലുമൊരു സംപൂജ്യത്തലയന്‍ അഥവാ പാവത്തലയന്‍ തുനിഞ്ഞു വരുംവരെ തുടര്‍ന്നുള്ള പൊട്ടിക്കലുകളുടെ ഉത്തരവാദിത്വം തറവാട്ടുകടയുടെ കാര്‍ണ്ണോത്തിയായ മാതാജിയുടെ മണ്ടയ്ക്കിരിക്കട്ടെ. എന്താ?”
ഗത്യന്തരമില്ലാതെ സഹായയോഗക്കാര്‍ ആ നിര്‍ദ്ദേശം കൈയടിച്ചും നെഞ്ചത്തടിച്ചും പാസാക്കി. താളാത്മകമായ താഡനം താലോലക്കാര്‍ തളരും വരെ നീണ്ടു.
ഏതോ വിദൂരപരദേശത്തിന്റെ ദേശീയഗാനത്തോടെ യോഗം പിരിഞ്ഞശേഷം പുറത്തുവന്ന കച്ചവട സഹായികളില്‍, ഒരു നിര്‍ദ്ദോഷി ഒരു നിര്‍ഗ്ഗുണനോട് നിര്‍ദ്ദാക്ഷിണ്യം ചോദിച്ചു:
”ഹസ്തമുദ്ര തറവാട്ടുകച്ചവട സ്ഥാപനത്തിന്റെ നടത്തിപ്പുകാരസ്ഥാനം ഒഴിയുകയാണെന്ന് ചെക്കന്‍ വാശിപിടിച്ചപ്പോള്‍, സഖാവുജി എന്താ സമ്മതിക്കാഞ്ഞത്?”
നിര്‍ഗ്ഗുണന്‍ സംശയലേശമെന്യേ പറഞ്ഞു:
”അത് ഞാന്‍ സമ്മതിച്ചിരുന്നെങ്കില്‍ ചെക്കന്‍ എന്റെ കഥ കഴിച്ചേനേ. വെറുതയല്ലാ വിസമ്മതിച്ചവരില്‍ മുമ്പനാവാന്‍ ഞാന്‍ വെപ്രാളപ്പെട്ടത് പഹയാ.”