Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home മുഖലേഖനം

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പാകുന്നോ?

അഡ്വ. എസ്. ജയസൂര്യന്‍ പാലാഅഡ്വ. എസ്. ജയസൂര്യന്‍ പാലാ
24 November 2023

ജനസംഖ്യാനുപാതികമായി പരിശോധിച്ചാല്‍ ഭാരതത്തില്‍ ഏറ്റവും ഏറെ കര്‍ഷക ആത്മഹത്യകള്‍ നടക്കുന്നത് കേരളത്തിലാണ്. എന്നാല്‍ കേരളത്തിലെ കര്‍ഷകരുടെ ആത്മഹത്യകളുടെ കാരണങ്ങളും ഉത്തരേന്ത്യയിലെ അഥവാ മധ്യ ഇന്ത്യയിലെ കാര്‍ഷിക ആത്മഹത്യയുടെ കാരണങ്ങളും വളരെ വ്യത്യസ്തമാണ്. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിച്ച മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ നമുക്ക് ഇത് ബോധ്യമാകും. ഇതേ സാഹചര്യമാണ് ദക്ഷിണ-ഉത്തര-മധ്യ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുടെയും കര്‍ഷക ആത്മഹത്യകള്‍ക്ക് കാരണം.

Google NewsAdd Kesari Weekly as a preferred source on Google

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിച്ച കാലഘട്ടങ്ങള്‍ പരിശോധിച്ചാല്‍ അവയുടെ കാരണങ്ങള്‍ വ്യക്തമാകും. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ സംഭവിച്ചത് ജലദൗര്‍ലഭ്യത്തെ തുടര്‍ന്നാണ്. രണ്ടാമത്തെ കാരണം വരള്‍ച്ചയും കൊടുങ്കാറ്റും ആണ്. മൂന്നാമത്തെ കാരണം കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം ആണ്. നാലാമത്തെ കാരണം മാര്‍ക്കറ്റിലെ വിലയില്‍ വരുന്ന ചാഞ്ചാട്ടങ്ങളും മാര്‍ക്കറ്റ് ചതിക്കുന്നതും ആണ്. അഖിലേന്ത്യാതലത്തില്‍ ഏറ്റവും കുറവ് ആത്മഹത്യകള്‍ നടക്കുന്നത് സര്‍ക്കാര്‍ നയങ്ങളുടെ പേരിലാണ്.

എന്നാല്‍ കേരളത്തിലെ കര്‍ഷക ആത്മഹത്യകള്‍ ഇതില്‍നിന്ന് വളരെ വ്യത്യസ്തമാണ്. ദീര്‍ഘകാല വിളകളുടെയും വാണിജ്യവിളകളുടെയും മേഖലയില്‍ നടക്കുന്നതിനേക്കാള്‍ ഏറെ ആത്മഹത്യകള്‍ ഹ്രസ്വകാല ഭക്ഷ്യ വിളകളുടെ മേഖലയിലാണ് സംഭവിക്കുന്നത്. 60 ദിവസം 90 ദിവസം മുതല്‍ 150, 300 ദിവസം വരെ നീളുന്ന വ്യത്യസ്തമായ കാര്‍ഷിക വിളകളിലാണ് കേരളത്തിലെ കര്‍ഷകര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവയില്‍ ഏറ്റവും കൂടുതല്‍ നെല്ല്, വാഴ, പച്ചക്കറി, കൈതച്ചക്ക എന്നിങ്ങനെയുള്ള വിളകളാണ്. മത്സ്യകൃഷിയും ഇതോടൊപ്പം വ്യാപകമായി കര്‍ഷകര്‍ ചെയ്തുവരുന്നുണ്ട്. പുഷ്പങ്ങള്‍, അലങ്കാര ചെടികള്‍ എന്നിവയുടെ മേഖല വളര്‍ന്നു വരുന്നതേയുള്ളൂ. കോഴി വളര്‍ത്തല്‍, താറാവ് വളര്‍ത്തല്‍ എന്നിവ ഇപ്പോള്‍ ഏതാണ്ട് കോര്‍പ്പറേറ്റ് ശൈലിയിലേക്ക് മാറിക്കഴിഞ്ഞുവെന്ന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ്. പശു, ആട്, എരുമ എന്നിവയുടെ പരിപാലനം നഷ്ടമായതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് കര്‍ഷകര്‍ ആ മേഖല വിട്ടു കഴിഞ്ഞു. ഏലം, കുരുമുളക്, കൊക്കോ, ജാതി, ഗ്രാമ്പൂ, ഇഞ്ചി, മഞ്ഞള്‍ എന്നിങ്ങനെയുള്ള സുഗന്ധ വിളകളുടെ മേഖല സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടുമാത്രമാണ് തകര്‍ന്നത്.

ADVERTISEMENT

എപിഎംസികളും മണ്ഡികളും ഇല്ലാത്ത കേരളത്തില്‍, സപ്ലൈകോ എന്നുള്ളത് ഒരു മണ്ഡിയെ പോലെ പെരുമാറുന്നുണ്ട്. നാളികേരം, റബ്ബര്‍, തേയില തുടങ്ങിയ തോട്ടവിളകള്‍ ഇന്ന് കാലാനുസൃതമായ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ മടിച്ചതുകൊണ്ട് മരവിച്ചു നില്‍ക്കുകയാണ്. കേരള രൂപീകരണത്തോടൊപ്പം പഴക്കമുള്ള കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങളെ കാലാനുഗതമായി ഒന്ന് പരിശോധിക്കാം.

കേരളപ്പിറവിയിലെ കാര്‍ഷിക സാഹചര്യം
അധ്വാന വര്‍ഗ്ഗത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ലോക ചരിത്രത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ബാലറ്റ് പേപ്പറിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 11.5 ലക്ഷം ഹെക്ടര്‍ നെല്‍കൃഷി നടക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നാളികേര ഉല്‍പാദനം നടന്നിരുന്ന സംസ്ഥാനവും കേരളമായിരുന്നു. ഏറ്റവും കൂടുതല്‍ റബ്ബര്‍ തോട്ടവും റബ്ബര്‍ ഉല്‍പാദനവും അന്ന് കേരളത്തില്‍ ഉണ്ടായിരുന്നു. അസം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തേയിലത്തോട്ടങ്ങള്‍ അന്നും ഇന്നും കേരളത്തിലാണ് ഉള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങള്‍ വിളയിക്കാന്‍ കഴിയുന്ന മണ്ണും കാലാവസ്ഥയും ജലവും ഭൂവിതാനവും ഉള്ളത് കേരളത്തിലാണ്.

കേരളത്തിന്റെ വൈവിധ്യപൂര്‍ണ്ണമായ കാര്‍ഷിക സമൃദ്ധി ഒന്നുകൊണ്ടുമാത്രമാണ് ചൈനക്കാര്‍, അറബികള്‍,ഡച്ചുകാര്‍, ഫ്രഞ്ചുകാര്‍, പോര്‍ച്ചുഗീസുകാര്‍, ബ്രിട്ടീഷുകാര്‍ എന്നിവരെല്ലാം കേരള തീരത്തേക്ക് കപ്പലോട്ടം നടത്തിയത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ബ്രിട്ടനോടും ജര്‍മ്മനിയോടും ഒപ്പം വികാസം പ്രാപിച്ച ഒരു പ്രദേശമായിരുന്നു ഇന്നത്തെ കേരളത്തിലെ തിരുവിതാംകൂര്‍, കൊച്ചി എന്നീ മേഖലകള്‍. ശക്തമായ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ പിന്‍ബലത്തില്‍ വികസിച്ചുവന്ന വാണിജ്യവും അതിനോടനുബന്ധിച്ച് മറ്റു വ്യവസായങ്ങളും അന്ന് കേരളത്തെ സമ്പന്നമാക്കിയിരുന്നു.

എന്നാല്‍ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എല്ലാ കാര്യങ്ങളും തകിടം മറിക്കുകയാണ് ചെയ്തത്. 12 ഏക്കറില്‍ കൂടുതലുള്ള ഭൂമി മിച്ചഭൂമിയാണ് എന്ന് പ്രഖ്യാപിച്ച ഇ.എം.എസ്. മന്ത്രിസഭ റബ്ബര്‍, തേയില, ഏലം, കുരുമുളക്, കാപ്പി എന്നീ തോട്ടവിളകളെ മിച്ചഭൂമി പ്രഖ്യാപനത്തില്‍ നിന്ന് മാറ്റിനിര്‍ത്തി. അതിന് യഥാര്‍ത്ഥ കാരണം മേല്‍പ്പറഞ്ഞ തോട്ടങ്ങളുടെ ഉടമസ്ഥര്‍ വിശ്വസിച്ചിരുന്ന മതമായിരുന്നുവെങ്കിലും, കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പറഞ്ഞ കാരണം തോട്ടങ്ങള്‍ കമ്പനി ഉടമസ്ഥതയില്‍ ഉള്ളതാണെന്നും അത് തോട്ടങ്ങളായി നിലനിര്‍ത്തിയില്ല എങ്കില്‍ ഉത്പാദനം അസാധ്യമാകും എന്നതായിരുന്നു. എന്നാല്‍ നെല്ലും നാളികേരവും വാഴയും ഉല്‍പാദിപ്പിച്ചിരുന്ന സ്ഥലങ്ങളെല്ലാം മിച്ചഭൂമിയായി ഏറ്റെടുത്ത് വിപ്ലവം വിതയ്ക്കുകയാണ് കമ്മ്യൂണിസ്റ്റ് ഭരണം കേരളത്തില്‍ ചെയ്തത്. കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യത്തെയും സംസ്‌കാരത്തെയും മൂലധന സിദ്ധാന്തം കൊണ്ടും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ അളവുകോലുകള്‍ കൊണ്ടും അളന്നെടുത്ത് നശിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്.

ഇടത്-വലത് മുന്നണികളുടെ കാര്‍ഷിക നയം ഇല്ലായ്മ
കേരളത്തില്‍ ആദ്യമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘടിപ്പിക്കപ്പെട്ടത് തൊഴിലാളികളുടെ പേരില്‍ അല്ല മറിച്ച് കര്‍ഷകരുടെ പേരിലാണ്. തൊഴിലാളി സമരങ്ങളിലൂടെ അല്ല ഇവിടെ കമ്മ്യൂണിസം പ്രചരിപ്പിക്കപ്പെട്ടതും വളര്‍ത്തപ്പെട്ടതും, മറിച്ച് കര്‍ഷക സമരങ്ങളിലൂടെയാണ്. എന്നാല്‍ പിന്നീട് അതേ കര്‍ഷകരെ തന്നെ ബൂര്‍ഷ്വാ മുതലാളിത്ത പേരുകള്‍ നല്‍കി ശത്രുപക്ഷത്തേക്ക് മുദ്രകുത്തി മാറ്റിനിര്‍ത്തുകയും തൊഴിലാളികളെ യൂണിയന്‍ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചുകൊണ്ട് ചൂഷണം തുടരുകയും ആണ് കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് പ്രസ്ഥാനങ്ങള്‍ ചെയ്തത്. തൊഴിലാളി കര്‍ഷക മേഖലകളില്‍ കോണ്‍ഗ്രസുകാര്‍ക്ക് യാതൊരു നയവും ഇല്ലാതിരുന്നതിനാല്‍ മെയ്ദിനം എന്ന തൊഴിലാളി ദിനം മുതല്‍ അട്ടിമറി കൂലി വരെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റുകാരെ അന്ധമായി അനുകരിക്കുകയും നോക്കുകൂലിക്ക് പോലും അനുമതി നല്‍കുകയും ആണ് ഉണ്ടായത്. ഉല്‍പാദനം ഉയര്‍ന്നിരുന്നപ്പോള്‍ സന്തോഷപൂര്‍വ്വം കാര്‍ഷിക മേഖലയില്‍ ഭൂവുടമ നല്‍കിയ അധിക നെല്ലും അധിക കൂലിയും ബോണസ് എന്നുള്ള മാറ്റിവയ്ക്കപ്പെട്ട വേതനം എന്ന് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടു.

കര്‍ഷക തൊഴിലാളി യൂണിയനുകള്‍
പാടത്ത് കിളച്ചു കൊണ്ടിരിക്കുന്ന കര്‍ഷകത്തൊഴിലാളി അഞ്ചുമണിയുടെ സൈറണ്‍ കേട്ടാല്‍ ആകാശത്തേക്ക് ഉയര്‍ത്തിയ തൂമ്പ മണ്ണിലേക്ക് കിളക്കാതെ തോളത്തു വച്ചുകൊണ്ട് കരയിലേക്ക് കയറണം എന്നായിരുന്നു കമ്മ്യൂണിസ്റ്റ് കാര്‍ഷിക തൊഴിലാളി നിയമം. കര്‍ഷകന്റെയും ഭൂവുടമയുടെയും വരുമാനം, നഷ്ടം എന്നിവ പരിഗണിക്കാതെ എല്ലാ വര്‍ഷവും കൂലി വര്‍ദ്ധനവ് എന്നുള്ള ലക്ഷ്യത്തോടുകൂടി യൂണിയനുകളും അവരെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും മുന്നോട്ടു പോയപ്പോള്‍, കേരളത്തിലെ കാര്‍ഷിക ഉത്പാദനവും കൃഷിഭൂമിയുടെ വിസ്തീര്‍ണവും ഭൂവുടമകളുടെ നിലനില്‍പ്പും അവതാളത്തിലായി, അവ പിന്നോട്ടു പോയി. ഇന്ന് കേരളത്തിലെ നെല്‍കൃഷി ചെയ്യുന്ന ഭൂമിയുടെ ആകെ വിസ്തീര്‍ണ്ണം കേവലം ഒന്നര ലക്ഷം ഹെക്ടര്‍ മാത്രമാണ്. ഈ ലേഖകന്‍ ആലപ്പുഴ ജില്ലയിലെ ഒരു നാളികേര കര്‍ഷകനെ കഴിഞ്ഞദിവസം സന്ദര്‍ശിക്കുക ഉണ്ടായി. അപ്പോള്‍ ആ കര്‍ഷകന്‍ പറഞ്ഞത് ഇപ്രകാരമാണ് 250 രൂപ പ്രതിദിനം കൂലി ഉണ്ടായിരുന്ന പഴയകാലത്ത് ഒരു ദിവസം ഒരു കര്‍ഷകത്തൊഴിലാളി 10 മുതല്‍ 12 വരെ തെങ്ങിന്റെ തടം തുറക്കുമായിരുന്നു. തെങ്ങോലയില്‍ നിന്ന് വെള്ളം വീഴുന്ന ദൂരം ആയിരുന്നു അന്ന് തടത്തിന്റെ വട്ടം. എന്നാല്‍ ഇന്ന് അതേ തെങ്ങിന്റെ നാല് മുതല്‍ ആറു വരെ മാത്രം എണ്ണമാണ് തടം തുറക്കുന്നത്. മാത്രമല്ല കുടവട്ടമായി തടത്തിന്റെ വിസ്തീര്‍ണ്ണം ചുരുങ്ങുകയും ചെയ്തു. പക്ഷേ അന്നത്തെ 250 രൂപ കൂലി ഇന്ന് ആയിരവും 1200 വരെ ആയി ഉയര്‍ന്നിരിക്കുന്നു. ഫലമോ കേരളത്തിന്റെ നാളികേര കുത്തക നഷ്ടപ്പെടുകയും മറ്റ് നിരവധി സംസ്ഥാനങ്ങള്‍ നാളികേര കൃഷിയില്‍ മുന്നേറുകയും ചെയ്തു.

ഉദ്യോഗസ്ഥ ഭരണം കൃഷിയിടത്തില്‍
കേരളത്തില്‍ 74ലേറെ കാര്‍ഷിക ഡിപ്പാര്‍ട്ട്‌മെന്റുകളും സ്ഥാപനങ്ങളും ഇന്ന് നിലവിലുണ്ട്. അവയില്‍ പതിനായിരക്കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ലക്ഷക്കണക്കിന് രൂപ ശമ്പളം വാങ്ങുന്നു. ഓഫീസര്‍മാരും ഗസറ്റഡ് ഓഫീസര്‍മാരുമായി ഉദ്യോഗസ്ഥ സൈന്യം വര്‍ദ്ധിക്കുമ്പോള്‍ കര്‍ഷകന്‍ ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. കേരളത്തിന് വെളിയില്‍ ഏതു സംസ്ഥാനത്ത് ചെന്നാലും കൃഷി ഓഫീസില്‍ ഉദ്യോഗസ്ഥരെ കാണുക വളരെ ബുദ്ധിമുട്ടാണ്. കാരണം അവര്‍ കൃഷിയിടങ്ങളിലാണ് അഥവാ ഗവേഷണങ്ങളിലും മറ്റ് മാര്‍ക്കറ്റുകളിലുമാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേരളത്തിലെ കാര്‍ഷിക ഉദ്യോഗസ്ഥര്‍ക്ക് കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാനോ ഫാനിന്റെ ചുവട്ടില്‍ നിന്നു മാറാനോ സമയമില്ലാത്തത്ര ജോലിത്തിരക്കുണ്ട് എന്നാണ് പറയുന്നത്. ഇനി അഥവാ ഏതെങ്കിലും ഒരു കസേരയില്‍ ആളില്ലെങ്കില്‍ അയാള്‍ മേലുദ്യോഗസ്ഥന്റെ മീറ്റിങ്ങിനു പോയിരിക്കുന്നു അല്ലെങ്കില്‍ സെമിനാറിന് ക്ഷണിക്കപ്പെട്ടിരിക്കുന്നു എന്നായിരിക്കും മറുപടി. രണ്ടായാലും കര്‍ഷകന്റെ അടുത്തേക്ക് പോകാന്‍ കൃഷി ഉദ്യോഗസ്ഥര്‍ക്ക് സമയമില്ല എന്ന് ചുരുക്കം.

സാങ്കേതികവിദ്യകളോടുള്ള വിമുഖത
മറ്റ് സംസ്ഥാനങ്ങളില്‍ കൃഷി ആധുനികവല്‍ക്കരിക്കപ്പെടുകയും യന്ത്രവല്‍ക്കരിക്കപ്പെടുകയും ചെയ്തുകഴിഞ്ഞു. വിഷം തളിക്കാനും വളം തളിക്കാനും റോണുകള്‍ ഉപയോഗിക്കാന്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ഇന്നും മടിയാണ്. കാരണം സാങ്കേതികവിദ്യകള്‍ നല്‍കാനും പരിശീലിപ്പിക്കുവാനും ചുമതലപ്പെട്ട സര്‍ക്കാരും സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്കും അതിന് മനസ്സില്ല എന്നുള്ളതാണ് സത്യം.

നെല്ല് ആയാലും റബ്ബര്‍ ആയാലും ഇന്ന് അവയൊക്കെ കേവലം അസംസ്‌കൃത വസ്തുക്കള്‍ മാത്രമാണ് എന്ന് കര്‍ഷകന്‍ തിരിച്ചറിയുന്നില്ല. അസംസ്‌കൃത വസ്തുക്കളുടെ ഉല്പാദനം കൊണ്ട് ഒരിക്കലും കര്‍ഷകനോ കാര്‍ഷിക മേഖലയോ രക്ഷപ്പെടാന്‍ പോകുന്നില്ല. ഈ വസ്തുത മുന്‍കൂട്ടി മനസ്സിലാക്കിയ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യമാസകലം പതിനായിരം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികള്‍ സ്ഥാപിക്കുവാന്‍ ഒരു ലക്ഷം കോടി രൂപ നല്‍കി കഴിഞ്ഞു.ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 400 എഫ്പിഓകള്‍ക്ക് വേണ്ടി 3560 കോടി രൂപയാണ് കേരളം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് കൈപ്പറ്റിയത്. എന്നാല്‍ നാളേറെ ആയിട്ടും 40 സര്‍ക്കാര്‍ എഫ്.പി.ഒ പോലും നിലവില്‍ വന്നിട്ടില്ല.

എഫ്.പി.ഓകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് കര്‍ഷകന്‍ ഉത്പാദിപ്പിക്കുന്ന റോ മെറ്റീരിയലുകള്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ആക്കി മാര്‍ക്കറ്റ് ചെയ്യുക എന്നുള്ളതാണ്. കര്‍ഷക കൂട്ടായ്മകള്‍ക്ക് ഇതിനുവേണ്ടി കോടിക്കണക്കിന് രൂപയാണ് കേന്ദ്രം നീക്കിവച്ചിരിക്കുന്നത്. എന്നാല്‍ കേരള സര്‍ക്കാര്‍ എഫ്.പി.ഓ.കള്‍ സ്ഥാപിക്കുന്നതിനോ അവ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുന്നതിനോ സഹായം ചെയ്യുന്നില്ല.

നെല്ലിന്റെ കാര്യം തന്നെഎടുക്കാം. ഒരു കിലോ നെല്ലിന് കേരളത്തിന് വെളിയില്‍ 16 മുതല്‍ 18 രൂപ വരെ മാത്രമാണ് വിലയുള്ളത്. കാരണം രണ്ടാണ്. കേരളത്തില്‍ അഞ്ച് സെന്റ് മുതല്‍ 2 ഏക്കര്‍ വരെയുള്ള ചെറുകിട നെല്‍പ്പാടങ്ങളാണ് ഏറ്റവും അധികം ഉള്ളത്. എന്നാല്‍ കേരളത്തിനു വെളിയില്‍ 5 ഏക്കര്‍ മുതല്‍ 500 ഏക്കര്‍ വരെ വിശാലമായ പാടങ്ങളിലാണ് കര്‍ഷകര്‍ കൃഷി ചെയ്യുന്നത്. അതിനാല്‍ തന്നെ ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ അവര്‍ക്ക് ഏറെ സൗകര്യം ലഭിക്കുന്നു. ഇത് ലാഭത്തെയും കൂലി ചിലവിനെയും ഏറെ സഹായിക്കുന്ന കാര്യമാണ്. മാത്രമല്ല, അവിടെ കൂലിച്ചെലവും കേരളത്തെക്കാള്‍ ഏറെ കുറവാണ്. അതിനു കാരണം അവിടെ കേരളത്തിലേതുപോലെയുള്ള ഭീകര ട്രേഡ് യൂണിയന്‍ സംവിധാനങ്ങള്‍ ഇല്ല.

ഓരോ സംസ്ഥാനത്തിന്റെയും ഉല്‍പാദന ചിലവ് കണക്കാക്കിയാണ് കേന്ദ്ര ഗവണ്‍മെന്റെ് അതാത് സംസ്ഥാനങ്ങള്‍ക്കുള്ള നെല്ലിന്റെ വില നല്‍കുന്നത്. അതുകൊണ്ടുതന്നെ കേരളത്തില്‍ കേന്ദ്രം നല്‍കുന്ന ഒരു കിലോ നെല്ലിന്റെ വില 20 രൂപ 40 പൈസയാണ്. അത് വീണ്ടും ഒന്നര രൂപ മുതല്‍ രണ്ട് രൂപ വരെ വര്‍ദ്ധിപ്പിക്കാനും കേന്ദ്രം തയ്യാറാണ്. 2017 വരെ കേന്ദ്രം നല്‍കുന്ന നെല്ലിന്റെ വിലയുടെ നേര്‍പകുതിയോ അതില്‍ കൂടുതലോ കേരള സംസ്ഥാനവും നല്‍കിയിരുന്നു. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള തൊഴിലാളിവര്‍ഗ്ഗ ഗവണ്‍മെന്റ് അധികാരത്തില്‍ വന്ന നാള്‍ മുതല്‍ ഇന്നുവരെ കേരളം കേന്ദ്രത്തിന്റെ പകുതി പോലും നല്‍കുന്നില്ല എന്ന് മാത്രമല്ല കേന്ദ്രം നെല്‍ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ കേരളം നെല്‍വില കുറച്ചു കൊണ്ടിരിക്കുകയാണ് (പട്ടിക 1 കാണുക).

കര്‍ഷകന്‍ ഉത്പാദിപ്പിച്ച നെല്ലിന്റെ വില വിലയായി അല്ലാതെ വായ്പയായി സ്വീകരിക്കുകയും അതിനു പലിശ നല്‍കേണ്ടി വരികയും തുടര്‍ന്ന് സിബില്‍ സ്‌കോര്‍ അടക്കം നഷ്ടപ്പെട്ട് സാമ്പത്തികാവസ്ഥ സ്തംഭിക്കുകയും ചെയ്യുന്ന ലോകത്തെ ഒരേയൊരു സ്ഥലം കേരളം മാത്രമാണ്. ഇത്തരം ഒരു ഭ്രാന്തന്‍ സംവിധാനം സ്വന്തം കര്‍ഷകജനതയുടെ മേല്‍ അടിച്ചേല്‍പ്പിച്ചത് ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് എന്ന് നാം മനസ്സിലാക്കണം.

വിദ്യാഭ്യാസം, വിവാഹം, ആശുപത്രി ഓപ്പറേഷനുകള്‍ എന്ന് തുടങ്ങി ഉപരി വിദ്യാഭ്യാസം തൊഴില്‍ പരിശീലനം എന്നിങ്ങനെയുള്ള എല്ലാ കര്‍ഷക ആവശ്യങ്ങളെയും തകിടം മറിക്കുന്ന ഒരു സാമ്പത്തിക കടന്നാക്രമണമാണ് ഇന്ന് സംസ്ഥാനഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് കേരള ജനത അനുഭവിക്കുന്നത്.

കേന്ദ്ര ഗവണ്‍മെന്റ് നെല്ലിന്റെ വില സംസ്ഥാനത്തിന് നല്‍കുന്നത് സംസ്ഥാനത്തെ കൃഷിയുടെ വിവരങ്ങള്‍ കേന്ദ്രത്തില്‍ അറിയിച്ചു തൊട്ടടുത്ത 20 ദിവസങ്ങള്‍ക്കുള്ളില്‍ ആണ്. അപ്രകാരം കേരള സംസ്ഥാനത്തിനും കേന്ദ്രം കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നെല്‍കൃഷിയുടെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കിലോയ്ക്ക് 20 രൂപ 40 പൈസ കണക്കാക്കി നെല്‍വില കേരളസംസ്ഥാനത്തെ ഏല്‍പ്പിച്ചു പോന്നിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ വിഹിതമായ ആറു രൂപ 47 പൈസ പോലും കര്‍ഷകര്‍ക്ക് കൊടുക്കാനില്ലാത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കേരളം ചെന്നു പെട്ടതിനാല്‍ കേന്ദ്രം നല്‍കിയ വില പോലും കര്‍ഷകര്‍ക്ക് കൈമാറാന്‍ കേരളം മടി കാണിച്ചു. അതിനുപകരം ബാങ്കുകളെ ഏര്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കേരളത്തിന്റെ വിഹിതവും കേന്ദ്രത്തിന്റെ വിഹിതവും ഒന്നിച്ച് വായ്പയാക്കി കൊടുക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്തത്. ഇതിന് കാരണമായി സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞത് കേന്ദ്രത്തിന്റെ പണം കിട്ടാന്‍ താമസിക്കുന്നതുകൊണ്ട് ഞങ്ങള്‍ കര്‍ഷകരെ സഹായിക്കുകയാണ്, അതിനാണ് ഞങ്ങള്‍ ബാങ്കുകളുമായി സഹകരിക്കുന്നത് എന്നാണ്.

ഗത്യന്തരമില്ലാത്ത കേരളത്തിലെ കര്‍ഷകര്‍ അതും സഹിക്കാന്‍ തയ്യാറായി. എന്നാല്‍പോലും കഴിഞ്ഞകൊല്ലം വിറ്റ നെല്ലിന്റെ വില ഇക്കൊല്ലം മാത്രമേ ലഭിക്കുകയുള്ളൂ. കേരള സര്‍ക്കാര്‍ ബാങ്കിന്റെ തുക തിരിച്ചടയ്ക്കാതെ വരുമ്പോള്‍ കര്‍ഷകന്റെ ഭൂമി ജപ്തി ചെയ്യുകയും സിബില്‍ സ്‌കോര്‍ തകര്‍ക്കുകയും ചെയ്തുകൊണ്ട് ബാങ്കുകള്‍ തിരിച്ചടിക്കാന്‍ തുടങ്ങി. ഇതാണ് കര്‍ഷക ആത്മഹത്യയിലേക്ക് കര്‍ഷകരെ നയിച്ചത്. ഇത്തരമൊരു ദുരവസ്ഥ ലോകത്ത് ഒരിടത്തും ഇല്ല എന്നോര്‍ക്കണം. സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നു എന്ന് പറയുമ്പോഴും നെല്‍കര്‍ഷകന്‍ ബാങ്കിന്റെ ഫോറങ്ങളില്‍ 16 മുതല്‍ 32 വരെയിടത്ത് ഒപ്പിടുന്നുണ്ട് എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അതായത് സംസ്ഥാന സര്‍ക്കാര്‍ ഏല്‍ക്കേണ്ടതായ സാമ്പത്തിക ഉത്തരവാദിത്തം കര്‍ഷകന്റെ തലയില്‍ കെട്ടിവയ്ക്കുകയും അവനെ കടത്തില്‍ കുടുക്കുകയും സിബില്‍ സ്‌കോര്‍ തകര്‍ത്തുകൊണ്ട് അവന്റെ സാമ്പത്തിക സ്വാതന്ത്ര്യത്തെ സ്തംഭിപ്പിക്കുകയും ആണ് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സാമ്പത്തികമായി സ്തംഭിക്കപ്പെട്ട കര്‍ഷകരാണ് ഇന്ന് ആത്മഹത്യ ചെയ്യുന്നത്. അതായത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ആത്മഹത്യകളാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത്. കേരളം കഴിഞ്ഞ ആറുവര്‍ഷമായി കേന്ദ്ര ഗവണ്‍മെന്റിന്റെ മുന്നില്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ചുള്ള യാതൊരു റിപ്പോര്‍ട്ടുകളും സമര്‍പ്പിച്ചിട്ടില്ല എന്ന് പാര്‍ലമെന്റില്‍ തന്നെ വ്യക്തമാക്കപ്പെട്ടതാണ് (പട്ടിക-2 കാണുക).

ഡല്‍ഹിയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് വേണ്ടി തീവണ്ടി പിടിച്ച് ദല്‍ഹിയിലേക്ക് പോയ കര്‍ഷക നേതാക്കളെയും രാഷ്ട്രീയ നേതാക്കളെയും കേരളത്തിന്റെ കാര്‍ഷിക പ്രശ്‌നങ്ങളില്‍ കാണുന്നതേയില്ല.

കര്‍ഷക ആത്മഹത്യയുടെ പരിഹാരങ്ങള്‍
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സമ്പത്ത് സൃഷ്ടിക്കുന്നില്ല എന്ന തിരിച്ചറിവാണ് ഏതൊരു ഭരണകൂടത്തിനും ആദ്യം ഉണ്ടാവേണ്ടത്. കാര്‍ഷിക മേഖല, വ്യവസായ മേഖല, ബിസിനസ് മേഖല, സേവന മേഖല എന്നീ നാലു മേഖലകളും അവിടെ പണിയെടുക്കുന്ന തൊഴിലാളികളും ചേര്‍ന്നാണ് സമ്പത്ത് സൃഷ്ടിക്കുന്നത്. ഇവര്‍ സൃഷ്ടിക്കുന്ന സമ്പത്തിനെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ആണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചെയ്യുന്ന ദൗത്യം. എന്നാല്‍ നമ്മുടെ രാഷ്ട്രീയ നേതൃത്വം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ എന്ന ഗണത്തില്‍പ്പെടുത്തി അവരെ സംഘടിപ്പിച്ച് അവരുടെ ശമ്പളം ഊറ്റിയെടുത്ത് തടിച്ചു കൊഴുക്കുന്നിടത്താണ് കര്‍ഷകന്‍ വഞ്ചിക്കപ്പെട്ടത്. സമ്പത്ത് ഉത്പാദിപ്പിക്കുന്ന കര്‍ഷകന് അവന്റെ വിളയുടെ വില കൊടുത്തില്ലെങ്കിലും സമ്പത്ത് ഒന്നും ഉല്പാദിപ്പിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണിയെടുത്താലും ഇല്ലെങ്കിലും ശമ്പളം ഉറപ്പാണ്. വ്യവസായി, ബിസിനസ്സുകാരന്‍, സര്‍വീസ് മേഖല നടത്തുന്നവര്‍, കര്‍ഷകന്‍ ഈ നാല് മേഖലകളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് നഷ്ടങ്ങള്‍ക്കുള്ള സാധ്യത ഏറെയാണ്. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പണി ഉണ്ടെങ്കിലും ഇല്ലെങ്കിലും നഷ്ടം വരുന്നില്ല. ഇതിനു ഉദാഹരണമാണ് കൊറോണ കാലത്തെ ലോക്ഡൗണ്‍.

വിമാനയാത്രയില്‍ ഒരു നിയമമുണ്ട്, മുതിര്‍ന്നവര്‍ വേണം ആദ്യം ഓക്‌സിജന്‍ മാസ്‌ക് ധരിക്കാന്‍. കാരണം മുതിര്‍ന്നവര്‍ ജീവിച്ചിരുന്നാലേ കുട്ടികള്‍ക്ക് ഓക്‌സിജന്‍ മാസ്‌ക് ധരിപ്പിച്ചു കൊടുക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ.ഇതുപോലെയാണ് കര്‍ഷകന്റെ കാര്യവും. കേരളത്തിലെ ജനസംഖ്യയില്‍ മഹാഭൂരിപക്ഷവും കാര്‍ഷിക മേഖലയിലാണ് പണിയെടുത്ത് ജീവിക്കുന്നത്. അവരാണ് രാജ്യത്തിന് ആവശ്യമായ ഭക്ഷണം നിര്‍മ്മിക്കുന്നത്. കേരള സംസ്ഥാനം രൂപംകൊള്ളുമ്പോള്‍ നമുക്ക് പുറത്തുനിന്ന് ഇറക്കുമതി ചെയ്യേണ്ടി വന്നിരുന്നത് 14% മാത്രം ഭക്ഷ്യവസ്തുക്കള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് നാം ഉത്പാദിപ്പിക്കുന്നത് കേവലം 14% ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ്. അത്രമാത്രം കേരളത്തിന്റെ കാര്‍ഷിക മേഖലയെ ഇടത്-വലത് മുന്നണികള്‍ തകര്‍ത്തു കളഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ ഗവണ്‍മെന്റെ് സ്വന്തം വരുമാനത്തിന്റെ മഹാഭൂരിപക്ഷവും കേവലം അഞ്ചുലക്ഷം മാത്രം വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നീക്കിവെക്കുന്നത് നീതിക്കു നിരക്കാത്ത കൊടിയ പാപമാണ്.

കാര്‍ഷിക മേഖലയിലെ പരസ്പര സഹായസഹകരണ സംഘങ്ങളാണ് പേരുമാറ്റി സഹകരണ ബാങ്കുകള്‍ എന്ന് പിന്നീട് അറിയപ്പെട്ടത്. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും ഇതിനെ പലതവണ എതിര്‍ത്തതാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും പുച്ഛിച്ച് മാറ്റിനിര്‍ത്തിക്കൊണ്ടാണ് കേരളത്തിലെ പരസ്പര സഹായ കാര്‍ഷിക സഹകരണ സംഘങ്ങള്‍ ബാങ്കിംഗ് മേഖല കൈകാര്യം ചെയ്തു തുടങ്ങിയത്. കേന്ദ്ര ഗവണ്‍മെന്റ് പല വഴികളിലൂടെ കര്‍ഷകന് കൊടുക്കാനായി നല്‍കുന്ന പദ്ധതിവിഹിതം കര്‍ഷകനിലേക്ക് അല്ല പോയത് പകരം കള്ളപ്പണക്കാരിലേക്കും, രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരിലേക്കും നിര്‍ബാധം ഒഴുകുവാന്‍ സഹകരണ ബാങ്കുകള്‍ വഴിവിട്ടു പ്രവര്‍ത്തിച്ചു.

സര്‍ക്കാര്‍ ബാങ്കുകളും കൊമേഷ്യല്‍ ഷെഡ്യൂള്‍ഡ് സ്വകാര്യ ബാങ്കുകളും കെവൈസി നടപ്പാക്കിയപ്പോള്‍ പരസ്പര സഹായ കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് അത് ബാധകമല്ലായിരുന്നു. ഈ പഴുത് സമര്‍ത്ഥമായി ഉപയോഗിച്ചത് കള്ളപ്പണക്കാരും രാഷ്ട്രീയ നേതാക്കളും ആയിരുന്നു. അങ്ങിനെ കേരളത്തിലെ കാര്‍ഷിക സഹകരണ സംഘങ്ങള്‍ കള്ളപ്പണത്തിന്റെ സംഭരണ കേന്ദ്രങ്ങളായി മാറി. 2000 മുതല്‍ 4000 വരെ കര്‍ഷകര്‍ക്ക് മാത്രം മെമ്പര്‍ഷിപ്പ് ഉള്ള സഹകരണ ബാങ്കുകളില്‍ അതിനേക്കാള്‍ ഏറെകോടി നിക്ഷേപം വന്നത് എങ്ങനെയാണ് എന്നുപോലും ആരും അന്വേഷിച്ചില്ല. അതിനാണ് കേരളത്തിലെ ഇടത്-വലത് മുന്നണികള്‍ സഹകരണ ബാങ്കുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാരിനെയും റിസര്‍വ് ബാങ്കിനെയും ഒഴിവാക്കി നിര്‍ത്തിയത്. കര്‍ഷകനെ രക്ഷിക്കാന്‍ ഉണ്ടാക്കിയ സഹകരണ സംഘങ്ങള്‍ ബാങ്കുകളായി മാറുകയും കര്‍ഷകനെ ഉപേക്ഷിക്കുകയും ചെയ്തപ്പോള്‍ മാത്രമാണ് കര്‍ഷകന് സ്വകാര്യ ഷെഡ്യൂള്‍ഡ് സര്‍ക്കാര്‍ ബാങ്കുകളെ ശരണം പ്രാപിക്കേണ്ടി വന്നത്. അങ്ങനെയാണ് സഹകരണ സംഘങ്ങളിലില്ലാത്ത സിബില്‍ സ്‌കോറിന് കര്‍ഷകന്‍ കീഴടങ്ങിയത്. ഇത് സംസ്ഥാന ഭരണകൂടം ചെയ്ത ഭീകരമായ ഒരു ചതിയാണ്.

കര്‍ഷകവിരുദ്ധ ഭരണഭീകരത
കര്‍ഷകന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കേന്ദ്രം കേരളത്തിലേക്ക് അനുവദിച്ച 2560 കോടി രൂപയുടെ കാര്‍ഷിക ഇന്‍ഫ്രാസ്ട്രക്ച്ചറല്‍ ഫണ്ട് കേരളം ഏറ്റുവാങ്ങിയിട്ടേയില്ല (ലാപ്‌സാക്കി). കാട്ടുമൃഗങ്ങള്‍ക്ക് കാട്ടിനുള്ളില്‍ വെള്ളവും ഭക്ഷണവും ആവാസവ്യവസ്ഥയും ഉറപ്പാക്കുന്നതിന് കേന്ദ്രം വര്‍ഷംതോറും അനുവദിക്കുന്ന 77 കോടി രൂപ കേരളം വിനിയോഗിക്കുന്നില്ല.

കാര്‍ഷിക ഉത്പന്നങ്ങള്‍ ശേഖരിച്ച് മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങളാക്കി മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്നതിന് കേന്ദ്രം കേരളത്തിന് നല്‍കിയ 400 എഫ്.പി.ഒ.കളും അവയുടെ ചിലവിന് പ്രതിവര്‍ഷം അനുവദിച്ച 3650 കോടി രൂപയും കേരളം വക മാറ്റി ചിലവഴിക്കുകയാണ് ചെയ്തത്. പാലില്‍ നിന്ന് 1100 മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിറ്റ് ഗുജറാത്തിലെ കര്‍ഷകര്‍ ഒരു ലിറ്റര്‍ പാലിന് 80 രൂപ വില വാങ്ങുമ്പോള്‍ കേരളത്തില്‍ ഇന്നും ലിറ്ററിന് 40 രൂപയ്ക്ക് താഴെയാണ് ക്ഷീരകര്‍ഷകന്റെ വരുമാനം.

ഇതുപോലെ കേരളത്തിലെ റബ്ബര്‍, നാളികേരം, നെല്ല് എന്ന് തുടങ്ങി എല്ലാ കാര്‍ഷിക വിളകളെയും മത്സ്യത്തെയും മൃഗസമ്പത്തിനെയും മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ആക്കി ലോക മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ കേരളത്തിനും സാധിക്കും. അതിന് കേന്ദ്രം അനുവദിച്ച പണം വിനിയോഗിക്കാനുള്ള സന്മനസ്സ് കേരളത്തിലെ ഭരണകൂടത്തിന് ഉണ്ടായാല്‍ മാത്രം മതി.

തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയിലേക്ക് ബുദ്ധിപരമായി മാറ്റി വിനിയോഗിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പോലും കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കുന്നില്ല. മറ്റു സംസ്ഥാനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയെ കാര്‍ഷിക മേഖലയ്ക്ക് വിനിയോഗിക്കുമ്പോള്‍ കേരളത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയപാര്‍ട്ടികളുടെ ജാഥയിലെ അടിമ പണിക്കാര്‍ ആക്കി ഭീഷണിപ്പെടുത്തി വാഹനങ്ങളില്‍ കുത്തി നിറച്ച് കൊണ്ടുപോവുകയും അതിനു വരാത്തവരെ പരസ്യമായി ഭീഷണിപ്പെടുത്തി തൊഴിലുറപ്പ് പണിയില്‍ നിന്ന് പുറത്താക്കുകയും ആണ്.

ഒരു ചാക്ക് യൂറിയയ്ക്ക് പകരം 500 മില്ലി ലിറ്റര്‍ നാനോ യൂറിയ രാജ്യമെങ്ങും ഉപയോഗിക്കുന്നുണ്ട്. ഇതിന് കേവലം 240 രൂപ മാത്രമേ വില വരുന്നുള്ളൂ. കേരളത്തിലെ കൃഷി വിജ്ഞാനകേന്ദ്രങ്ങളില്‍ വന്ന് കെട്ടിക്കിടക്കുന്ന നാനോ യൂറിയയും മറ്റു നാനോ വളങ്ങളും, കര്‍ഷകരില്‍ എത്തിക്കാന്‍ കേരളത്തിലെ ഭരണകൂടം തയ്യാറാകുമെങ്കില്‍ കാര്‍ഷികമേഖലയ്ക്ക് അത് വലിയൊരു താങ്ങായി മാറും. 80% വിലക്കുറവില്‍ യന്ത്രോപകരണങ്ങളും ഡ്രോണുകളും ഉള്‍പ്പെടെ വിപുലമായ കാര്‍ഷിക സഹായ പദ്ധതികളാണ് കേന്ദ്രത്തിന് ഉള്ളത്. എന്നാല്‍ കേരളത്തില്‍ കേന്ദ്രം നല്‍കുന്ന കാര്‍ഷിക യന്ത്രങ്ങളും നാനോ വളങ്ങളും ഒന്നും കര്‍ഷകരിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് താല്പര്യമില്ല. നബാര്‍ഡ് വഴി കേരളത്തിലെ സഹകരണ സംഘങ്ങളിലേക്ക് എത്തുന്ന കോടാനുകോടി രൂപ ഉയര്‍ന്ന പലിശയ്ക്ക് കര്‍ഷകര്‍ക്ക് മറിച്ച് കൊടുക്കുന്ന ഭീകര കൊള്ളയാണ് ഇടത് വലത് മുന്നണികള്‍ നടത്തുന്നത്. കര്‍ഷകനും കുടുംബാംഗങ്ങള്‍ക്കും കിട്ടുന്ന ഇന്‍ഷൂറന്‍സ് പരിരക്ഷയും ചികിത്സ സഹായങ്ങളും പഠന ഉപരിപഠന സംവിധാനങ്ങളും യാതൊന്നും കേരള സര്‍ക്കാര്‍ കര്‍ഷകരിലേക്ക് എത്തിക്കുന്നില്ല.

ഫസല്‍ ബീമാ യോജന പോലെയുള്ള വിപുലമായ കാര്‍ഷിക ഇന്‍ഷൂറന്‍സ് പദ്ധതികള്‍ കേന്ദ്രം നല്‍കുന്നുണ്ടെങ്കിലും കേരള സംസ്ഥാനം അതിന് നേരെ പുറംതിരിഞ്ഞു നില്‍ക്കുകയാണ്. ക്ഷീരകര്‍ഷകര്‍ക്കായി ഒരു പശുവിന് 45,000 രൂപയും ഒരു ആടിന് 25,000 രൂപയും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യം കര്‍ഷകരിലേക്ക് എത്താതെ തട്ടിയെടുക്കുകയാണ് കാര്‍ഷിക ഉദ്യോഗസ്ഥരും ഭരണകൂടങ്ങളും കേരളത്തില്‍ ചെയ്യുന്നത്. കേന്ദ്രം അനുവദിക്കുന്ന രാസവളങ്ങള്‍ ബയോമെട്രിക് സംവിധാനം വഴി റേഷന്‍കടയില്‍ അരി വാങ്ങുന്നത് പോലെ വാങ്ങണം എന്നാണ് നിര്‍ദ്ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം അംഗീകരിക്കാത്ത ഇന്ത്യയിലെ ഒരേ ഒരു സംസ്ഥാനം കേരളമാണ്. കര്‍ഷകന്റെ ഏത് ആവശ്യങ്ങള്‍ക്കും പര്യാപ്തമായ 826 കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ കേരളത്തിന് അനുവദിച്ചു എങ്കിലും കേരളം അതൊന്നും തുറക്കാന്‍ ഇതുവരെ കൂട്ടാക്കിയിട്ടില്ല. ഇതിന്റെ പ്രധാനകാരണം അഴിമതി നടത്താനുള്ള അവസരം നഷ്ടപ്പെടുന്നു എന്നുള്ളതാണ്. കേരളത്തിലെ കര്‍ഷകന് ലഭിക്കേണ്ട രാസവളങ്ങളും മറ്റ് ഉല്‍പ്പന്നങ്ങളും യന്ത്ര ഉപകരണങ്ങളും മറ്റു സംസ്ഥാനങ്ങളില്‍ മറിച്ചു വിറ്റ് പാര്‍ട്ടി ഫണ്ടാക്കി മാറ്റുകയാണ് സംസ്ഥാനത്തെ കൃഷിവകുപ്പ് കയ്യാളുന്ന രാഷ്ട്രീയപാര്‍ട്ടി ചെയ്യുന്നത്. ഇതിനെല്ലാം സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ചു കൊണ്ടാണ് കേരളത്തിലെ കര്‍ഷകര്‍ പിഴ ഒടുക്കേണ്ടി വരുന്നത്.

കേന്ദ്രസര്‍ക്കാര്‍ കേരളത്തിലേക്ക് നല്‍കുന്ന കാര്‍ഷിക ഉപകരണങ്ങളും വളങ്ങളും കീടനാശിനികളും വിത്തുകളും കൂടാതെ കേന്ദ്ര കാര്‍ഷിക പദ്ധതിയിലെ ഇന്‍ഷൂറന്‍സ് പരിരക്ഷകളും മറ്റു സഹായങ്ങളും നേരിട്ടുള്ള സാമ്പത്തിക സഹായവും താങ്ങുവിലകളും കൃത്യമായ സമയത്ത് കര്‍ഷകരിലേക്ക് കൈമാറികൊടുത്താല്‍ മാത്രം മതി കേരളത്തിലെ കാര്‍ഷിക മേഖലയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സാധിക്കും.

ShareTweetSendShare

Related Posts

ഭജനസംസ്‌കാരം ഭാരതത്തില്‍

ഭജനസംസ്‌കാരം ഭാരതത്തില്‍

കേരളം ഇനി താമരക്കുമ്പിളില്‍

കേരളം ഇനി താമരക്കുമ്പിളില്‍

മൂന്നാം ബദലിന്റെ ഉദയം

മൂന്നാം ബദലിന്റെ ഉദയം

താമരത്തരംഗം

താമരത്തരംഗം

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

പഞ്ചപരിവര്‍ത്തനം: രാഷ്ട്രവൈഭവത്തിലേക്കുള്ള രാജപാത

കോര്‍പ്പറേറ്റ് ജിഹാദ്‌

കോര്‍പ്പറേറ്റ് ജിഹാദ്‌

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies