ബാങ്കില്‍ നിന്ന് പലിശ വാങ്ങുന്നതും കൊള്ള പലിശ വാങ്ങുന്ന ബാങ്കിന്റെ തലപ്പത്തിരിക്കുന്നതും അനിസ്ലാമികമല്ല. അതിനെ ഹറാമിന്റെ പട്ടികയില്‍ നിന്ന് പാണക്കാട് തങ്ങള്‍ വെട്ടിക്കളയുകയാണ്. മലപ്പുറത്തെ ലീഗ് എം.എല്‍.എയും ലീഗിന്റെ നേതാവുമായ അബ്ദുള്‍ ഹമീദിന് കേരള ബാങ്കിന്റെ ഡയറക്ടറാകാന്‍ ലീഗ് പച്ചക്കൊടി കാണിച്ചതില്‍ നിന്ന് ഇത് വ്യക്തം. കെ.പി. സി.സി. പ്രസിഡന്റ് സുധാകരന് ചെറിയ ശങ്ക, എന്നാല്‍ എം.എം.ഹസ്സന് ഇത് അനിസ്ലാമികമായി തോന്നിയിട്ടേയില്ല. യു.ഡി.എഫ് നിയമസഭയിലും പുറത്തും കേരള ബാങ്കിന് എതിരാണ്. എന്നാല്‍ ലീഗ് കേരള ബാങ്കിന് അകത്താണ്!
ഏകീകൃത സിവില്‍ നിയമം അനിസ്ലാമികമാണെന്നതില് ലീഗിന് സംശയമില്ല. ഹിജാബ് നിരോധനം തനി അനിസ്ലാമികം. മുത്തലാഖ് കുറ്റകരമാക്കിയത് അതിലേറെ വലിയ ഇസ്ലാമിക വിരുദ്ധത. എന്നാല്‍ കൊള്ള പലിശ വാങ്ങുന്ന കേരള ബാങ്കിന്റെ ഡയറക്ടറാകുന്നത് ഇസ്ലാമിക നീതിയുടെ പാലൂട്ടല്‍! പലിശ വാങ്ങുന്നതും കൊടുക്കുന്നതും അതിന് സാക്ഷിയാവുന്നതും കൊടിയ പാപമെന്ന് ഖുറാന് ഉപദേശിക്കുന്നു. പലിശക്കെതിരായ നിരവധി ആയത്തുകള്‍ ഉണ്ട്. അതൊക്കെ പാണക്കാട്ടുനിന്നും അസാധുവാക്കിയിരിക്കുന്നു. കാരണം വ്യക്തം. ലീഗു ഭരിക്കുന്ന ഏ.ആര്. നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ പലിശ വാങ്ങല്‍ മാത്രമല്ല ആയിരം കോടിയുടെ അനധികൃത ഇടപാടു നടത്തുന്നതും കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗു നേതാക്കളാണെന്നു കെ.ടി.ജലീല്‍ പറയുന്നു. ലീഗിനു മിണ്ടാട്ടമില്ല. കരുവന്നൂര്‍ ബാങ്കില്‍ നിന്നു നിക്ഷേപകരുടെ പണം കൊള്ളയടിച്ച മാര്‍ക്സിസ്റ്റു നേതാക്കള്‍ പേറുന്ന നുകത്തില്‍ വെച്ചു കെട്ടാന്‍ തങ്ങളും മറ്റും ഉഴവുകാളയായി അബ്ദുള്‍ ഹമീദിനെ വിട്ടു കൊടുത്തതിന്റെ പൊരുളറിയാന്‍ പാഴൂര്‍ പടിപ്പുര വരെ പോകണ്ട; പകരം പാണക്കാട്ടുപോയാല് മതി.