Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

വാളയാർ കേസ്: സർക്കാരിന് മാപ്പില്ല

ഇ. എസ്. ബിജുഇ. എസ്. ബിജു
15 November 2019

കേരളമനഃസാക്ഷിയെ ഞെട്ടിച്ച വാളയാര്‍ പീഡനവും രണ്ടു പിഞ്ചുകുട്ടികളുടെ മരണവും ഏതൊരാളേയും ദു:ഖത്തിലാഴ്ത്തിയതിന് പിന്നാലെ മരണത്തിനും, പീഡനത്തിനും കാരണക്കാരായവരെ കോടതി കുറ്റവിമുക്തരാക്കിയെന്ന വാര്‍ത്തകളും കേരള ജനത ഹൃയവേദനയോടെയാണ് കേട്ടത്. തെളിവുകളുടെ അഭാവത്താലും, കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതിനാലുമാണ് വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. സാക്ഷരകേരളം ലജ്ജിച്ചു തലതാഴ്‌ത്തേണ്ട സംഭവമാണിത്. പ്രതികളെ നിയമത്തിന് മുന്‍പില്‍ നിന്ന് രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രമമാണ് പോലീസും അരിവാള്‍ പാര്‍ട്ടിയും ശിശുക്ഷേമസമിതി ചെയര്‍മാനായ വക്കീലും നടത്തിയതെന്നാണ് കോടതിവിധിയിലെ വരികളില്‍ നിന്നും, അരിവാള്‍ പാര്‍ട്ടിയുടെ നിസംഗതയില്‍ നിന്നും, പട്ടികജാതിവകുപ്പ് മന്ത്രി, വനിതാ കമ്മീഷന്‍ എന്നിവരുടെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാകുന്നത്.

Google NewsAdd Kesari Weekly as a preferred source on Google

ഇതിനെതിരെ സാഹിത്യനായകര്‍, പൗരാവകാശപ്രവര്‍ത്തകര്‍, മനുഷ്യാവകാശസംഘടനകള്‍, സ്ത്രീവിമോചകര്‍, നവോത്ഥാനമൂല്യ സംരക്ഷണനേതാക്കള്‍, കഥയെഴുത്തുകാര്‍, കവിതയെഴുത്തുകാര്‍, കാര്‍ട്ടൂണ്‍ ചിത്രം വരക്കാര്‍ ഇവരാരും ശബ്ദിക്കുന്നില്ല. വാളയാര്‍ അട്ടപ്പള്ളം ഒറ്റമുറിവീട്ടിലെ ദരിദ്രരും, നിര്‍ദ്ധനരുമായ പട്ടികജാതി സമൂഹത്തില്‍പ്പെട്ട ദമ്പതികളുടെ 13 ഉം 9 ഉം വയസ്സുള്ള രണ്ടു പിഞ്ചുകുട്ടികള്‍ അവരുടെ രചനയ്ക്ക് കഥാപാത്രങ്ങളാകുന്നില്ല.

വടക്കുനോക്കിയന്ത്രങ്ങളായി അധഃപതിച്ച ഇക്കൂട്ടരുടെ കണ്ണുകളില്‍ തിമിരം ബാധിച്ചിരിക്കുകയാണ്. അകലത്തുള്ളതുമാത്രം കാണുകയും കേള്‍ക്കുകയും, അടുത്തുള്ളത് കാണുകയോ കേള്‍ക്കുകയോ ചെയ്യാത്ത അപൂര്‍വ്വ രോഗത്തിന് അടിമകളാണവര്‍. നാവിന് പൂട്ടിട്ട് ആനുകൂല്യങ്ങളുടെയും, പദവികളുടെയും, അവാര്‍ഡുകളുടെയും മോഹനസുന്ദര താരാട്ടുപാട്ടില്‍ ഇവരെ ഉറക്കിക്കിടത്തിയിരിക്കുന്നു. ഇത് കേരളമാണ്, പ്രബുദ്ധ-സാംസ്‌കാരിക-സാക്ഷരകേരളം. ഇതില്‍കൂടുതല്‍ ഒന്നും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് നാം പ്രതീക്ഷിക്കേണ്ടതില്ല. ഇവിടെ സമ്പന്നതയും മതവും വോട്ടുബാങ്കും കാര്യങ്ങള്‍ തീരുമാനിക്കും. അതനുസരിച്ച് വേഷം കെട്ടിയാടാനുള്ള പൊയ്ക്കാല്‍ കുതിരയായി ജനാധിപത്യം അധഃപതിച്ചിരിക്കുന്നു.

ADVERTISEMENT

പിന്നോക്കത്തിലായവരെ മുന്നോക്കത്തിലാക്കാന്‍ ഇവിടെ വകുപ്പുണ്ട്, മന്ത്രിയുണ്ട്. സ്ത്രീക്ഷേമത്തിനും ശാക്തീകരണത്തിനും വകുപ്പുണ്ട്, മന്ത്രിണിയുമുണ്ട്; വനിതാക്ഷേമത്തിനായി സ്ത്രീ കമ്മീഷനും; ശിശുക്ഷേമത്തിന് വകുപ്പും സമിതിയുമുണ്ട്. ഇവരെല്ലാം സംസ്ഥാനത്ത് ഉറക്കത്തിലും പാതിമയക്കത്തിലുമാണ്. അവരെ വിളിച്ചുണര്‍ത്താന്‍ സാധ്യമല്ല. ഇവര്‍ എല്ലാമറിയുന്ന ഉറക്കത്തിലാണ്.

പൗരാവകാശ-മനുഷ്യാവകാശമുന്നണികളും നേതാക്കളും മൗനത്തിന്റെ വാത്മീകത്തില്‍ തപസ്സിലാണ്. തിരശ്ശീലയിലെ സ്ത്രീ ദൈവങ്ങള്‍ വാളയാര്‍ എന്ന വാക്കിനോടുപോലും അയിത്തം പ്രഖ്യാപിച്ചിരിക്കുന്നു. സിനിമാനടിക്കേറ്റ പീഡനം ലോകകാര്യമാക്കുന്നവര്‍ക്ക് വാളയാര്‍ പീഡനം വിഷയമാകുന്നില്ല.

കേരളത്തിന്റെ സമൂഹമനഃസാക്ഷിക്ക് തിമിരവും ബധിരതയും ബാധിച്ചിരിക്കുന്നു എന്ന തിരിച്ചറിവാണ് ഈ സംഭവം ഓര്‍മ്മപ്പെടുത്തുന്നത്. ആത്മഹത്യ എന്നെഴുതിത്തള്ളിയ 2017 ജനുവരിമാസം 12 ന് ഉണ്ടായ 13 കാരിയായ പെണ്‍കുട്ടിയുടെ മരണവും, 52 ദിവത്തിന് ശേഷം നടന്ന 9 വയസ്സുകാരിയുടെ മരണവുമാണ് ഇന്ന് കേരളത്തിലെ മനസ്സാക്ഷി മരിച്ചിട്ടില്ലാത്തവര്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുന്നത്.

വാളയാര്‍ പീഡനക്കേസ് അട്ടിമറിച്ചതിനെതിരെ സമൂഹത്തിന്റെ വിവിധകോണില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുവരുമ്പോള്‍ 2017 മാര്‍ച്ച് 8 ന് കേരളത്തിന്റെ മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വാചകം ചര്‍ച്ചചെയ്യേണ്ടതും വിലയിരുത്തേണ്ടതും അനിവാര്യമാണ്. മുഖ്യമന്ത്രിയായശേഷം പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും കപടമുഖം വിളിച്ചോതുന്നതാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതികളെ വെറുതെവിട്ട സംഭവം. കൊച്ചുപെണ്‍കുട്ടികള്‍ അടക്കം ലൈംഗിക ആക്രമണത്തിനിരയാകുന്ന സംഭവങ്ങള്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും കര്‍ശനനടപടിയെക്കുമെന്നും കുറ്റവാളികള്‍ ആരായാലും നിയമത്തിന്റെ മുന്നിലെത്തിച്ച് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രിയും പാര്‍ട്ടിയും തങ്ങളുടെ പാര്‍ട്ടിപ്രവര്‍ത്തകരെ രക്ഷിച്ചെടുക്കാന്‍ ഹീനമായ പലമാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്നതാണ് കേരളം കണ്ടത്. പിഞ്ചുകുഞ്ഞുങ്ങളെ പീഡനത്തിനിരയാക്കിയ സാമൂഹ്യവിരുദ്ധരും, ക്രൂരന്മാരുമായ പാര്‍ട്ടിപ്രവര്‍ത്തകരെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയെയാണ് നാം ഇപ്പോള്‍ കാണുന്നത്.

സ്ത്രീസുരക്ഷ ഉറപ്പാക്കാനും, ലൈംഗിക കുറ്റവാളികളുടെ പട്ടിക തയ്യാറാക്കാനും, ഇതിനായി 10 വര്‍ഷത്തെ വിവരം ശേഖരിക്കാന്‍ ജില്ലാപോലീസ് മേധാവികളെ ചുമതലപ്പെടുത്തും, വാളയാര്‍ സഹോദരിമാരുടെ മരണത്തിനുത്തരവാദികള്‍ ആരായാലും രക്ഷപ്പെടില്ല, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും, കര്‍ശനശിക്ഷ വാങ്ങിക്കൊടുക്കും എന്നൊക്കെ ഫേസ്ബുക്കില്‍ കുറിപ്പ് ഇറക്കിയതല്ലാതെ ആഭ്യന്തരം കയ്യിലിരുന്നിട്ടും പിണറായിക്ക് കേസില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പാര്‍ട്ടിയും സര്‍ക്കാരും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയായിരുന്നു.കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് ചൂണ്ടിക്കാട്ടിയാണ് മൂന്ന് പ്രതികളെ കോടതി വെറുതെ വിട്ടത് എന്നത് ഇവിടെ പ്രത്യേകം ചിന്തിക്കേണ്ട കാര്യമാണ്.

ഭാരതത്തിലെ ആകെ ജനസംഖ്യയില്‍ 3.4 കോടി പേരാണ് ചെറിയ സംസ്ഥാനമായ കേരളത്തിലുള്ളത്. ഭാരതത്തിലെ കുറ്റകൃത്യങ്ങളില്‍ കേരളം 4-ാം സ്ഥാനത്താണ് എന്നത് സംസ്‌കാരസമ്പന്നമെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണ്. മുപ്പത് ലക്ഷത്തി അറുപത്തി രണ്ടായിരത്തി അഞ്ഞൂറ്റിയെഴുപത്തിയൊന്‍പത് (30,62,579) കേസുകള്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതില്‍ രണ്ട് ലക്ഷത്തി മുപ്പത്തി അയ്യായിരത്തി എണ്ണൂറ്റി മുപ്പത്തിയാറ് (2,35,836) കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളിലും സൈബര്‍ കുറ്റകൃത്യങ്ങളിലും കേരളം ഒന്നാം സ്ഥാനത്താണ്.

സംസ്ഥാനത്ത് 21% പെണ്‍കുട്ടികള്‍ അതിക്രമത്തിനിരയാകുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 10 മാസത്തിനുള്ളില്‍ പുറത്തുവന്ന ക്രൈം റിക്കാര്‍ഡ് ബ്യൂറോ കണക്ക് പ്രകാരം 1,75,000 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ സമൂഹത്തിനെതിരെയുള്ള പീഡനങ്ങളില്‍ റിക്കാര്‍ഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 1,75,000 ക്രിമിനല്‍ കേസുകളില്‍ 3,200 എണ്ണം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും, 630 കേസ്സുകള്‍ കുട്ടികള്‍ ഇരയായ പീഡനങ്ങളും, 1100 മറ്റു പീഡനക്കേസുകളുമുണ്ട്. ദളിത് പീഡനങ്ങള്‍ 7200 എണ്ണമുണ്ട്.

അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകളില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ പടുവൃദ്ധകള്‍വരെയുണ്ട്. ദളിതര്‍ക്കും, കുട്ടികള്‍ക്കും, സ്ത്രീകള്‍ക്കും സുരക്ഷക്കായി പ്രത്യേകനിയമവും കോടതികളും, മറ്റുസംവിധാനങ്ങളുമൊക്കെയുള്ള നാട്ടിലാണ് നിര്‍ബാധം ഇതൊക്കെ നടക്കുന്നത്. 2017 ആദ്യ നാലുമാസത്തിനുള്ളില്‍ ദളിത്-ആദിവാസി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന്റെ പേരില്‍ 36 കേസുകള്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളാണ് ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ മുന്നില്‍. ദളിത് സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി ബലാല്‍സംഗമടക്കമുള്ള കുറ്റകൃത്യങ്ങള്‍ നടത്തുന്നു എന്നതാണ് ഭയാനകമായ വസ്തുത. സ്വന്തം വീടുകളില്‍ പോലും ഇവര്‍ സുരക്ഷിതരല്ല എന്നത് ഇന്ത്യന്‍ ഭരണഘടനയും, നീതിന്യായ വ്യവസ്ഥകളും നല്‍കുന്ന സുരക്ഷിതത്വ സംവിധാനങ്ങള്‍ പരാജയപ്പെടുന്നു എന്നതിന്റെ തെളിവാണ്.

കോടതിയിലെത്തിയ 10000 (പതിനായിരം) അട്രാസിറ്റീസ് (അതിക്രമം തടയല്‍) കേസുകളില്‍ 99% കേസുകളിലും പ്രതികള്‍ രക്ഷപ്പെട്ട് പോവുകയാണ്. പ്രതികളില്‍ ഭൂരിപക്ഷവും സമ്പന്നരും ഭരണ രാഷ്ട്രീയ സ്വാധീനമുള്ളവരും ആകയാല്‍ അവര്‍ക്കനുകൂലമായ നീതിനിര്‍വ്വഹണമാണ് നടത്തപ്പെടുന്നത്. 1051 റേപ്പുകേസുകളില്‍ (ഇതില്‍ 15 വയസ്സിന് താഴെയുള്ള 70 കുട്ടികളുടെ കേസുമുണ്ട്) ആവശ്യമായ അന്വേഷണവും നടപടിയുമില്ലാതെ കിടക്കുകയാണ്.

ചുരുക്കത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ ഇരകളാകുന്ന കേസ്സുകളില്‍ നീതി ലഭ്യമാകുന്നില്ല എന്ന് മാത്രമല്ല, ശിക്ഷിക്കുന്ന കേസ്സുകളില്‍ ലഘുശിക്ഷ എന്നതുമാണ് അധികാരികളുടെ നീതിനിര്‍വ്വഹണനിലപാട്. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പുവരുത്തുമെന്ന് ഉറപ്പു നല്‍കി സംസ്ഥാനഭരണത്തിലേറിയ പിണറായി സര്‍ക്കാരിന്‍ കീഴില്‍ പോക്‌സോ കേസുകളില്‍ ശിക്ഷ ഉറപ്പുവരുത്തുന്നതില്‍ തികഞ്ഞ അലംഭാവം കാട്ടുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം 90 കേസുകളില്‍ മാത്രമാണ് ശിക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത്. നിയമസഭയില്‍ എം.എല്‍.എ. മാര്‍ നല്‍കിയ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഇക്കാര്യം വ്യക്തമാകുന്നു. സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം 2018 ഏപ്രില്‍ 4 വരെ 6934 പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 7924 പ്രതികള്‍ ഉണ്ട്. 6934 കേസുകളില്‍ 4971 കേസുകള്‍ മാത്രമാണ് കോടതിയില്‍ ചാര്‍ജ്ജ് ഷീറ്റ് നല്‍കിയത്. 90 കേസുകളില്‍ മാത്രമാണ് ശിക്ഷ ഉറപ്പുവരുത്താന്‍ കഴിഞ്ഞത് എന്ന് മറുപടിയില്‍ പറയുന്നു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഗുരുതരമായ അലംഭാവമാണ് കാട്ടുന്നത്. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലെന്നണ് ഇത് തെളിയിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് ഗുരുതരമായ കൃത്യവിലോപമുണ്ടാകുന്നു. ഭൂരിഭാഗം പോക്‌സോ കേസുകളിലും ഇരയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണ്. സംസ്ഥാനത്തെ വിവിധ കോടതികളില്‍ നിലവില്‍ 7668 പോക്‌സോ കേസുകളാണ് കെട്ടിക്കിടക്കുന്നത്. ഈ കേസുകള്‍ വിചാരണചെയ്യുന്നതിനുപോലും താത്പര്യമെടുക്കുന്നില്ല.

ഇതരസംസ്ഥാനത്തെ കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെപ്പറ്റി കണ്ണീര്‍വാര്‍ക്കുന്നതിനിടയില്‍ കേരളീയ സമൂഹത്തില്‍ വളര്‍ന്നുവരുന്ന പ്രവണതകളെ കാണാതെപോകുന്നോ എന്ന് ഈ സാഹചര്യത്തില്‍ ചിന്തിക്കാന്‍ മലയാളിക്ക് കഴിയണം. സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളില്‍ ഭയാനകമായ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. പോലീസ് ക്രൈം റിക്കാര്‍ഡുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
2017 ല്‍ മാത്രം ബലാല്‍സംഗം ചെയ്യപ്പെട്ടത് 1101 കുഞ്ഞുങ്ങളാണ്. പോക്‌സോ കേസുകളുടെ എണ്ണം 2611 ആണ്. 2015 ല്‍ 1583 പോക്‌സോ കേസുകളാണ് ഉണ്ടായിരുന്നതെങ്കില്‍ 2 വര്‍ഷം കൊണ്ട് 64 ശതമാനത്തോളം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

2017 ല്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ എണ്ണം രണ്ടായിരത്തോളം വരും. സ്ത്രീകളെ ലൈംഗികമായി അതിക്രമിച്ച കേസുകളുടെ എണ്ണം 4498 ആണ്. ഓരോ വര്‍ഷം കഴിയുന്തോറും ഇത്തരം കേസുകള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. 2016 ല്‍ ബലാല്‍സംഗം ചെയ്യപ്പെട്ടത് 958 കുട്ടികളാണെങ്കില്‍ ആ വര്‍ഷം പോക്‌സോ കേസുകളുടെ എണ്ണം 2122 ആണ്. സ്ത്രീകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1656, ലൈംഗികാതിക്രമകേസുകള്‍ 4029 എണ്ണം. 2018 ലെ രണ്ടുമാസത്തില്‍ മാത്രം പോക്‌സോ കേസുകള്‍ 459 എണ്ണമാണ്. പ്രബുദ്ധകേരളത്തിലാണ് ഇതെല്ലാം സംഭവിക്കുന്നത്. ഈ കേസുകളെല്ലാം സൂചിപ്പിക്കുന്നത് ഓരോ വര്‍ഷവും ഇത്തരം കേസുകളില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടാകുന്നത് എന്നാണ്. മലയാളിമനസ്സുകളില്‍ ലൈംഗികാതിക്രമത്വരയും, ബാല-ബാലികാ പീഡനത്വരയും കൂടുന്നതല്ലാതെ കുറയുന്നില്ല. ഇതിന് പ്രധാന കാരണം നിലവിലുള്ള നിയമങ്ങള്‍ കര്‍ക്കശമായി നടപ്പിലാക്കുന്നതില്‍ വരുന്ന ഗുരുതരമായ വീഴ്ചയാണ്. ഏതൊരു കുറ്റവാളിയ്ക്കും സഹായകരമായ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥ സംവിധാനം ഉടച്ചുവാര്‍ത്താലല്ലാതെ ഇതിന് പരിഹാരം സാധ്യമല്ല.

മൂന്നാര്‍ ഗുണ്ടുമല തേയില എസ്റ്റേറ്റ് സൂപ്പര്‍ വിഷന്‍ ലായത്തിലെ മൂന്നാം ക്ലാസുകാരിയുടെ മരണം ഊഞ്ഞാലിന്റെ കയറ് കഴുത്തില്‍ കുരുങ്ങിയല്ല, മറിച്ച് കൊല്ലപ്പെട്ടതാണെന്ന സംശയവും ഉയരുകയാണ്. സപ്തംബര്‍ ആദ്യവാരമാണ് കേസ്സിനാസ്പദമായ സംഭവം. ലായത്തിലെ കുട്ടി കട്ടിലില്‍ കയര്‍ കഴുത്തില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതശരീരം കിടന്നിരുന്നത്. ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്നായിരുന്നു പോലീസിന്റെ ആദ്യ നിഗമനം. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി പലതവണ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണം വഴിതിരിയുകയായിരുന്നു. പോലീസ് അന്വേഷണം നടന്നു വരുന്നു എന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

തിരുവനന്തപുരത്ത് ഓട്ടിസം ബാധിച്ച ആണ്‍കുട്ടിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ചതായി കുട്ടിയുടെ അമ്മയുടെ പരാതിയില്‍ അദ്ധ്യാപകനെതിരെ കേസെടുത്തു. കേസില്‍ നിന്ന് പിന്തിരിയാന്‍ അമ്മയെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയും ഉയര്‍ന്നു കഴിഞ്ഞു.

മലപ്പുറത്ത് യു.പി സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അദ്ധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത് 2019 ആഗസ്റ്റ് മാസത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ല.

പറവൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ വാര്‍ത്ത പുറത്തുവന്നത് സപ്തംബര്‍ 20നാണ്. ചേന്ദമംഗലം ഹോളിക്രോസ് പള്ളിവികാരി ഫാ. ജോര്‍ജ് പടയാട്ടിക്ക് എതിരെയാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടികള്‍ പള്ളിയില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പോലീസ് പറയുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതിനെത്തുടര്‍ന്നാണ് കേസെടുക്കാന്‍ പോലും പോലീസ് തയ്യാറായത്. വീട്ടുകാര്‍ കേസിനോട് വിമുഖത കാട്ടുന്നു എന്നതാണ് വിവരം. സംഭവം പുറത്തായതോടെ കണ്ണിന്റെ ചികിത്സക്കെന്ന് പറഞ്ഞ് വൈദികന്‍ സ്ഥലം വിട്ടതിനെത്തുടര്‍ന്ന് നടപടികള്‍ ഇഴയുകയാണ്. പോലീസ് അന്വേഷണം നടക്കുന്നു എന്ന് സ്ഥിരം വാചകത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഉദ്യോഗസ്ഥര്‍.

രാഷ്ട്രപതി ഒപ്പിട്ടതോടെ കുട്ടികളെ പീഡനത്തിനിരയാക്കുന്ന കേസ്സുകളില്‍ വധശിക്ഷ ഉറപ്പുവരുത്തുന്ന നിയമം പ്രാബല്യത്തില്‍ വന്നുകഴിഞ്ഞു. എന്നിട്ടും നിയമപാലകരും സര്‍ക്കാരും കുറ്റകരമായ നിസംഗതയും അനാസ്ഥയും കാട്ടുന്നു എന്നത് ഗുരുതരമായ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. കേരളത്തില്‍ ഭരണചക്രം തിരിയ്ക്കുന്ന ജനാധിപത്യസര്‍ക്കാര്‍ ഫാസിസ്റ്റ് ഭരണക്രമമാണ് അനുവര്‍ത്തിക്കുന്നത്. ഭരണകര്‍ത്താക്കളെ നേര്‍വഴിക്ക് നയിക്കാന്‍ ജനതയ്ക്കും, ജനതയെ നേര്‍വഴിക്ക് നയിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും കഴിയുന്നില്ല എന്നതാണ് കേരളത്തിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാനകാരണം. രാക്ഷസീയഭരണത്തിന്‍ കീഴില്‍ അധര്‍മ്മം തഴച്ചുവളരും എന്നത് സര്‍വ്വസാധാരണമായ തത്വമാണ്. ഇതിന്റെ നേര്‍സാക്ഷ്യമാണ് വാളയാറിലും കേരളം കണ്ടത്.

വാളയാര്‍ കേസില്‍ പ്രോസിക്യൂട്ടര്‍ സ്ഥാനത്തിരുന്നിട്ടും സാക്ഷി വിസ്താരത്തിന്റെ മൊഴിപകര്‍പ്പുകള്‍ കണ്ടിട്ടില്ലെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍ പറയുന്നു.

ആര് വാദിച്ചാലും തോല്‍ക്കുമെന്ന തരത്തില്‍ ദുര്‍ബലമായിരുന്നു കേസ്. പോലീസ് അന്വേഷണത്തിലുള്ള വീഴ്ച പ്രകടമായിരുന്നു. മൂന്ന് മാസത്തിനിടെ സാക്ഷിവിസ്താരത്തിലെ മൊഴിപകര്‍പ്പ്‌പോലും പോലീസ് നല്‍കിയില്ല.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ചുമതലയേറ്റ് മൂന്ന് മാസം മാത്രമാണ് ജലജ പദവിയിലിരുന്നത്. പാലക്കാട് പോക്‌സോ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായിരുന്ന അവരെ പുറത്താക്കിയതിന് കാരണം പറഞ്ഞിട്ടില്ല. എന്നാല്‍ ശിശുക്ഷേമ സമിതി ചെയര്‍മാന്‍ വാളയാറിലെ പ്രതിക്ക് വേണ്ടി ഹാജരായെന്ന് മൊഴി നല്‍കിയത് മൂലമാണ് പുറത്താക്കിയതെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നതെന്നും ജലജമാധവന്‍ പറയുന്നു.

വാളയാര്‍ സഹോദരിമാരുടെ മരണം നടക്കുമ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയോഗിച്ച അഡ്വ. ലതാ ജയരാജ് ആയിരുന്നു. അതിന്‌ശേഷം ഇടതുപക്ഷ സര്‍ക്കാര്‍ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റി പാലക്കാട് ബാറിലെ മുതിര്‍ന്ന അഭിഭാഷക ജലജ മാധവനെ നിശ്ചയിച്ചു. എന്നാല്‍ വെറും മൂന്ന് മാസത്തിന് ശേഷം ജലജയെ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. സി.ഡബ്ല്യു.സി ചെയര്‍മാന്‍ അഡ്വ. രാജേഷ് മൂന്നാം പ്രതിയായ പ്രദീപ്കുമാറിന് വേണ്ടി കോടതിയില്‍ ഹാജരായതിന്റെ പ്രധാനസാക്ഷിയാണ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍.

വാളയാര്‍ കേസില്‍ പോലീസും, വാദിഭാഗം പ്രോസിക്യൂട്ടറും, പ്രതിഭാഗത്ത് ഹാജരായ പാര്‍ട്ടി നേതാവായ വക്കീലും ഒത്തുകളിച്ചും, ഗൂഢാലോചന നടത്തിയതെന്നുമാണ് ഏതൊരാള്‍ക്കും മനസ്സിലാകുന്നത്. കോടതിവിധിയിലെ സൂചനകളും ശാസ്ത്രീയതെളിവുകള്‍ ഹാജരാക്കുന്നതില്‍ വന്ന വീഴ്ചയും, സാക്ഷികളെ ഉപയോഗപ്പെടുത്തുന്നതിലുള്ള അനാസ്ഥയും പ്രതികള്‍ക്ക് അനുകൂലമായി മാറി എന്നതാണ് ശരിയായ വസ്തുത.
മൂത്ത പെണ്‍കുട്ടി മരണപ്പെട്ടതിന്റെ ദൃക്‌സാക്ഷിയാണ് രണ്ടാമത്തെ പെണ്‍കുട്ടി. മരണദിവസം മൂത്തപെണ്‍കുട്ടിയുടെ മുറിയില്‍ നിന്ന് അപരിചിതരായ 2 പേര്‍ പുറത്തേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു എന്ന മൊഴിയും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൂത്ത പെണ്‍കുട്ടി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായി എന്ന കണ്ടെത്തലുകളും, ശരീരത്തിലെ മുറിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടില്ലെന്ന് നടിച്ചു. ഇത് രണ്ടാമത്തെ കുട്ടിയുടെ മരണത്തിനും, ലൈംഗിക പീഡനത്തിനും കാരണമായി എന്നും വേണം അനുമാനിക്കാന്‍.

9 വയസ്സുള്ള കുട്ടി ആത്മഹത്യചെയ്തു എന്ന കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും അവിശ്വസനീയമാണ്. ഇതെല്ലാം തെളിയിക്കുന്നത്, അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെയാണ് കേസന്വേഷണം അട്ടിമറിക്കാന്‍ ആദ്യശ്രമം നടത്തിയതെന്നാണ്.

കേസ് അട്ടിമറിക്കാന്‍ പാര്‍ട്ടി ഗൂഢാലോചന

വാളയാര്‍ പീഡനവും കുട്ടികളുടെ മരണവും പഠനവിധേയമാക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന കാര്യം കുറ്റവാളികളെ രക്ഷിക്കുന്നതിനും, കൊലമരത്തില്‍ നിന്ന് മോചിപ്പിക്കുന്നതിനും വലിയ തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ട് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം നേതാക്കളും ഇന്നും സംശയത്തിന്റെ നിഴലിലാണ്. പ്രതികള്‍ സി.പി.എമ്മിന്റെ പ്രധാന നേതാക്കളുടെ കൂട്ടാളികളും സുഹൃത്തുക്കളുമാണ്. അതുകൊണ്ടുതന്നെ വിചാരണവേളകളിലും, സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിലും, സ്വാധീനിക്കുന്നതിലും സി.പി.എം നേതാക്കളുടെ ഇടപെടല്‍ അന്വേഷണവിധേയമാക്കുന്നതിലൂടെ മാത്രമേ ഗൂഢാലോചനയുടെ ചുരുളഴിയൂ.
വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി ഉത്തരവില്‍ കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടതായി പറയുന്നു. 13 വയസുകാരി തൂങ്ങിമരിച്ചത് തന്നെയാണെന്ന് വ്യക്തമാക്കിയ വിചാരണ കോടതി മുന്‍പുണ്ടായ ലൈംഗിക പീഡനങ്ങള്‍ ആത്മഹത്യയ്ക്ക് കാരണമായതായി പറയാനാവില്ലെന്നും ചൂണ്ടിക്കാട്ടി. പെണ്‍കുട്ടി ആത്മഹത്യ ചെയ്തു എന്ന പ്രോസിക്യൂഷന്‍ വാദത്തെ ഒരിക്കലും ചോദ്യം ചെയ്തിട്ടില്ല. പെണ്‍കുട്ടി നേരത്തെ പീഡിപ്പിക്കപ്പെട്ടുവെന്ന വാദമാണ് പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. എന്നാല്‍ പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമായിരുന്നുവെന്ന് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടി. പോലീസ് ഇത് ചെയ്തിട്ടില്ല എന്ന് മാത്രമല്ല പീഡനം സംബന്ധിച്ച തെളിവുകളൊന്നും പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്നും, സാഹചര്യതെളിവുകളെയാണ് പ്രോസിക്യൂഷന്‍ ആശ്രയിച്ചതെന്നും വിധിയില്‍ പറയുന്നു. തുടര്‍ തെളിവുകളും ശാസ്ത്രീയ തെളിവുകളും ഹാജരാക്കാനും കഴിഞ്ഞിട്ടില്ല. പ്രതി പെണ്‍കുട്ടികളുടെ വീടിനടുത്ത് താമസിച്ചിരുന്നു എന്നതും, പെണ്‍കുട്ടി അയാളുടെ വീട്ടില്‍ പോയിരുന്നു എന്നതുമാണ് വിശ്വാസയോഗ്യമായ സാഹചര്യത്തെളിവുകള്‍.

പ്രതികളുടെ വീട്ടിലേക്ക് പെണ്‍കുട്ടി പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വാദം. എന്നാല്‍ അതിന് തെളിവുകളില്ലെന്നും, സാക്ഷിമൊഴികള്‍ പരസ്പരവിരുദ്ധമാണെന്നും വിധിയില്‍ പറയുന്നു. 2016 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ വീടിനടുത്ത് വാടക വീട്ടില്‍ താമസിച്ചിരുന്ന പ്രതി പീഡിപ്പിച്ചതായി സാക്ഷിമൊഴിയുണ്ട്. എന്നാല്‍ ആ കാലയളവിന് ശേഷമാണ് വീട് നല്‍കിയത് എന്ന് വീടിന്റെ ഉടമ കോടതിയില്‍ മൊഴി നല്‍കി.

സാക്ഷികളെ പടച്ചുണ്ടാക്കിയതാണെന്നും വിധിയില്‍ പറയുന്നു.
രണ്ടാമത്തെ കുട്ടിയും ക്രൂരമായ പീഡനത്തിനിരയായി എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇളയമകളുടേത് കൊലപാതമായിരുന്നുവെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴിയും നല്‍കി. എന്നാല്‍ ആ മൊഴിയും കുറ്റപത്രത്തിലില്ല. ചില പ്രതികളെ തെളിവില്ലെങ്കിലും കുറ്റസമ്മതം നടത്തിയെന്ന് പറഞ്ഞാണ് അറസ്റ്റ് ചെയ്തതെന്നും അറസ്റ്റിന് ശേഷമാണ് കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയതെന്നും വിധിയില്‍ പറയുന്നു.
വാളയാര്‍ കേസിലെ മുഖ്യപ്രതി മധു കുറ്റക്കാരനാണെന്ന് മധുവിന്റെ സഹോദരന്‍ ഉണ്ണികൃഷ്ണന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടികളെ മധു ഉപദ്രവിച്ചെന്ന് പെണ്‍കുട്ടികളുടെ അമ്മ തന്നോട് പറഞ്ഞിരുന്നതായി ഉണ്ണികൃഷ്ണന്‍ പോലീസിലും കോടതിയിലും പറഞ്ഞിട്ടുണ്ട്. മധുവിനോട് ഇതേക്കുറിച്ച് സംസാരിച്ചതിനെ തുടര്‍ന്ന് വഴക്കുണ്ടായതായും ഉണ്ണികൃഷ്ണന്‍ സൂചിപ്പിച്ചിരുന്നു.

വാളയാര്‍ കേസിലെ പ്രതികള്‍ രക്ഷപ്പെട്ടത് പ്രോസിക്യൂഷന്റെ പിടിപ്പുകേടാണെന്നാണ് ശിശുക്ഷേമസമിതി ചെയര്‍മാന്‍ അഡ്വ. എന്‍. രാജേഷിന്റെ വാദം. സാക്ഷിമൊഴികളോ തെളിവുകളോ ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. ഒരു സാക്ഷിപോലും കോടതിയില്‍ മൊഴിനല്‍കാതിരുന്നതാണ് കേസിലെ മൂന്നാം പ്രതിയായ പ്രദീപിനെ കോടതി വെറുത വിടാന്‍ കാരണമെന്ന് രാജേഷ് പറയുന്നു. വാളയാര്‍ കേസില്‍ അമ്മപോലും മൊഴി നല്‍കിയില്ല എന്ന മറുവാദവും അഡ്വ.എന്‍. രാജേഷ് ഉയര്‍ത്തുന്നു. 3-ാം പ്രതി പ്രദീപിന് വേണ്ടിയാണ് ശിശുക്ഷേമ സമിതി ചെയര്‍മാനായ അഡ്വ. എന്‍. രാജേഷ് ഹാജരായത്.

ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍ എല്‍. മുരുകന്‍ വാളയാറില്‍ എത്തി വീട്ടുകാരെ കണ്ടതിനുശേഷം സാക്ഷികളെ നേരില്‍ കണ്ടു. കമ്മീഷനുമുമ്പാകെ അവര്‍ കേസന്വേഷണത്തില്‍ ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസന്വേഷണം വേണ്ടവിധത്തില്‍ നടത്താനോ വിസ്തരിക്കാനോ തയ്യാറായിട്ടില്ലെന്ന് സാക്ഷികള്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായും അമ്മയും കമ്മീഷനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസന്വേഷണത്തിലും, നടത്തിപ്പിലും ഗുരുതരമായ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് ഉപാധ്യക്ഷന്‍ എല്‍. മുരുകന്‍ പറഞ്ഞു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിട്ടില്ലെന്നും എല്‍. മുരുകന്‍ കണ്ടെത്തിയിട്ടുണ്ട്.

വാളയാര്‍ കേസില്‍ നീതിവേണമെന്നാവശ്യപ്പെട്ട പെണ്‍കുട്ടികളുടെ മാതാപിതാക്കളെ തിരുവനനന്തപുരത്ത് വിളിച്ചുകൊണ്ടുപോയി സര്‍ക്കാര്‍ നാടകം കളിക്കുകയാണ്. ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് കെ.പി.എം.എസ്. നേതാവും, നവോത്ഥാനമൂല്യസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറിയുമായ പുന്നല ശ്രീകുമാര്‍ ആയിരുന്നു. കേന്ദ്രബാലാവകാശ കമ്മീഷന്‍ പാലക്കാട് എത്തുന്ന ദിനം തന്നെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോയത് ദുരുദ്ദേശപരമായിരുന്നു. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ അപ്പീല്‍ നല്‍കിയാല്‍ എതിര്‍ക്കില്ലെന്ന് മാത്രമാണ് മുഖ്യമന്ത്രി നല്‍കിയ വാഗ്ദാനം. കോടതി ഉത്തരവ് അസാധുവാക്കിയാല്‍ മാത്രമാണ് മറ്റേതൊരു അന്വേഷണവും നടത്താന്‍ കഴിയൂ എന്നറിയാത്ത ആളാണോ ഉപദേശിമാരുടെ മദ്ധ്യത്തില്‍ കഴിയുന്ന മുഖ്യമന്ത്രി? പുനരന്വേഷണം നടത്താനും കേസ് അസാധുവാക്കണം. ഇരയുടെ മാതാപിതാക്കള്‍ക്ക് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ അവകാശമില്ലെന്നിരിക്കെ ഇവരെ കബളിപ്പിക്കുകയല്ലേ മുഖ്യമന്ത്രിയും ഇടനിലക്കാരനും ചെയ്യുന്നത്.

സര്‍ക്കാര്‍ നല്‍കുന്ന അപ്പീല്‍ കേസില്‍ കക്ഷിചേര്‍ന്ന് അവരുടെ വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ മാത്രമേ ഇരയുടെ രക്ഷിതാക്കള്‍ക്ക് കഴിയൂ എന്നതാണ് അവസ്ഥ, പിന്നെ രക്ഷിതാക്കള്‍ക്ക് നേരില്‍ ചെയ്യാന്‍ കഴിയുന്നത് ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്ത് സര്‍ക്കാരിന്റെ അപ്പീല്‍ കേസിനോടൊപ്പം കേള്‍ക്കണമെന്ന് കോടതിയോട് ആവശ്യപ്പെടാം എന്നതാണ്. സ്ഥിതി ഇതായിരിക്കെ പാവപ്പെട്ടവരും നിയമകാര്യത്തില്‍ വിവരം ഇല്ലാത്തവരുമായ ഇരകളുടെ മാതാപിതാക്കളെ വഞ്ചിക്കാനാണ് മുഖ്യമന്ത്രിയും നവോത്ഥാന മൂല്ല്യക്കാരനും ശ്രമിച്ചതെന്ന് ആരെങ്കിലും ആരോപിച്ചാല്‍ അതിനെ തള്ളിക്കളയാന്‍ സാധിക്കുമോ?

സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കില്ലെന്നും മാതാപിതാക്കള്‍ അപ്പീല്‍ പോയാല്‍ എതിര്‍ക്കില്ല എന്നും പറയുന്ന മുഖ്യമന്ത്രിക്ക് നിര്‍ധനരും നിരാലംബരും നിരക്ഷരരുമായ രക്ഷിതാക്കളോടാണ് ഞാന്‍ ഇതുപറയുന്നതെന്ന സാമാന്യബോധമെങ്കിലും വേണ്ടിയിരുന്നില്ലെ? പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട പട്ടികജാതി ബാലികമാരുടെ രക്ഷിതാക്കള്‍ക്ക് ആശ്വാസധനമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ നല്‍കി അവരെ ആശ്വസിപ്പിക്കാമായിരുന്നില്ലെ? പട്ടികജാതി/ പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം കേസ് എടുത്തിരുന്നെങ്കില്‍ അവര്‍ക്ക് നിയമപരമായി ലഭിക്കേണ്ടിയിരുന്ന നഷ്ടപരിഹാരതുകയായ 10,50,000 രൂപ സത്വരമായി അവര്‍ക്ക് നല്‍കുമെന്ന് പറഞ്ഞെങ്കിലും അവരെ ആശ്വസിപ്പിക്കാമായിരുന്നില്ലേ? ഇതെല്ലാം മനസ്സാക്ഷി മരവിച്ചിട്ടില്ലാത്ത കേരളജനതയുടെ ചോദ്യങ്ങളാണ്.

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും, 92 വയസ്സുകാരി മുത്തശ്ശിയും 2 വയസ്സുകാരി പിഞ്ചുകുട്ടിയും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന സംഭവങ്ങളും, വാളയാര്‍ പോലെയുള്ള അതിക്രമങ്ങളും ആവര്‍ത്തിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ മക്കളായുള്ള മാതാപിതാക്കളും, മനഃസാക്ഷി മരിച്ചിട്ടില്ലാത്ത ജനസമൂഹവും അതീവ ദു:ഖിതരും, ആശങ്കാകുലരുമാണ്. സംസ്ഥാനത്ത് നിയമവും നീതിന്യായവ്യവസ്ഥയും അട്ടിമറിക്കപ്പെടുന്ന പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കേരളീയ സമൂഹം തയ്യാറാകണം. ഇനി ഒരിക്കല്‍ക്കൂടി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണം, ഇതിന് സമഗ്രമായ അന്വേഷണവും, കുറ്റമറ്റരീതിയിലുള്ള ശിക്ഷാനടപടികളും ഉണ്ടാകണം. അതിനായി സര്‍ക്കാര്‍ ഇച്ഛാശക്തിയോടെ, കളങ്കരഹിതമായ നിലപാട് സ്വീകരിക്കണമെന്നാണ് ജനാധിപത്യകേരളത്തിന്റെ ആവശ്യം. ഇതിന് തയ്യാറാകുന്നില്ലെങ്കില്‍ സര്‍ക്കാരിന് കേരളജനത മാപ്പ് നല്‍കില്ല.

(ലേഖകന്‍ ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്)

Tags: വാളയാര്‍
ഇ. എസ്. ബിജു
ഇ. എസ്. ബിജു
ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ്‌ [Read more]
Share6TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies