- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- കൊമരന്‍ ചങ്കുവിനെ കാണാന്‍ (കൊമരന്‍ ചങ്കു 8)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
വീണ വീട്ടിലേക്ക് പോയ വഴിയിലൂടെയല്ല മടങ്ങിവന്നത്. ‘ഞാന്‍ താമസിച്ചോ?’ അവള്‍ ചോദിച്ചു.
‘ഇല്ല. ഞങ്ങള്‍ നാട്ടുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് നേരം പോയതൊന്നുമറിഞ്ഞില്ല.’
‘ആശുപത്രിയില്‍ നിന്ന് പനിക്ക് കിട്ടുന്ന ടാബ്‌ലറ്റും സിറപ്പുമൊന്നുമല്ല. നാടന്‍ പൊടിക്കൈകള്‍. അത് തേടിപ്പിടിക്കാന്‍ അല്പസമയമെടുത്തു.’ ‘സാരമില്ല വീണ.’
‘ശരി നമുക്ക് വേഗം നടക്കാം.’
അവര്‍ കുന്നു കയറാന്‍ തുടങ്ങി.
‘അത്ര ദൂരമൊന്നുമില്ല. അടുത്ത അഞ്ചുമിനിറ്റിനുള്ളില്‍ നമ്മള്‍ അവിടെ എത്തും.’ വീണ പറഞ്ഞു.
പൊട്ടുകുന്നന്‍ മലയുടെ അടിവാരത്തില്‍ ഫോറസ്റ്റുകാര്‍ പണ്ടെന്നോ ഉപേക്ഷിച്ചുപോയ കെട്ടിടാവശിഷ്ടങ്ങളിലാണ് ടാര്‍പോളിന്‍ മറച്ച് കൊമരന്‍ ചങ്കു താമസിക്കുന്നത്. വഴിയില്‍ നിന്ന് കുത്തുക്കല്ലുകള്‍ കയറുമ്പോഴേ കാണാം. ഒരു കയറുകട്ടിലില്‍ ചാക്കുപുതച്ച് കിടക്കുന്നുണ്ട്. പനിമാറിയിട്ടില്ല എന്നു തോന്നുന്നു.
മുറ്റത്ത് മൂന്നു കല്ലുകള്‍ ചേര്‍ത്തുണ്ടാക്കിയ അടുപ്പും അടുത്തുതന്നെ ചുള്ളിവിറകുകളും തീപ്പെട്ടിയും കണ്ടപ്പോള്‍ വീണ വക്കുപൊട്ടിയ അലൂമിനിയം കലത്തില്‍ വെള്ളമെടുത്ത് തിളപ്പിക്കാന്‍ വെച്ചു. വെള്ളം തിളച്ചു തുടങ്ങിയപ്പോള്‍ ചുക്കും കുരുമുളകും പൊടിച്ചത് കലത്തിലേക്ക് ഇട്ടു. ഒപ്പം പനിനീര്‍കൂര്‍ക്കയുടെ ഇലയും തുളസി ഇലയും. അത് നന്നായി തിളച്ചപ്പോള്‍ കാപ്പിപ്പൊടിയും കരിപ്പെട്ടി ശര്‍ക്കരയും ചേര്‍ത്ത് ആവി പോകാതെ മൂടിവെച്ചു. വീണ ധൈര്യപൂര്‍വ്വം കുറച്ചു മാറി നിന്ന് ശബ്ദം താഴ്ത്തി വിളിച്ചു.
‘ചങ്കുമാമാ….’
‘ചങ്കുമാമാ… എഴുന്നേറ്റേ’
ദേഹത്തുനിന്നും ചാക്കു കഷണം മാറ്റി ആരാണ് തന്നെ വിളിക്കുന്നത് എന്ന് അയാള്‍ തല ഉയര്‍ത്തി നോക്കി.
‘ഞാന്‍ കാര്‍ത്തികയുടെ മോളാ. വീണ. മാമന് പനിയാണെന്ന് മേരിയമ്മ പറഞ്ഞു. എങ്ങനെയുണ്ടെന്ന് അറിയാന്‍ വന്നതാ.’
‘രണ്ടുദിവസമായി… വല്ലാത്ത ക്ഷീണം.’ മുറ്റത്ത് ഞാന്‍ ചുക്കുകാപ്പി തിളപ്പിച്ചിട്ടുണ്ട്. എഴുന്നേറ്റ് അതിന്റെ ആവികൊണ്ട് ഒന്നു വിയര്‍ത്താല്‍ പനിമാറിക്കോളും. ചൂടോടെ കുറച്ചെടുത്ത് കുടിച്ചാല്‍ തൊണ്ടയ്ക്കും നല്ല സുഖം കിട്ടും.! അയാള്‍ എഴുന്നേറ്റ് അടുപ്പിനടുത്തേയ്ക്കു നടന്നു. ചുക്കു കാപ്പിയുടെ അടപ്പു മാറ്റി ആവി മുഖത്തേക്ക് കൊള്ളിച്ചു. പിന്നെ ഒരു പാത്രത്തിലേയ്ക്ക് പകര്‍ന്ന് ചുക്കുകാപ്പി കുടിക്കാന്‍ തുടങ്ങി.
‘ഇത് നരേന്ദ്രന്‍ മാഷിന്റെ പേരമക്കളല്ലേ.’
‘അതെ. കൊച്ചിയിലുള്ള സുധര്‍മ്മച്ചേച്ചിയുടെ മോന്‍ അപ്പു വാ ഇത്. അത് സുലോചന ടീച്ചറിന്റെ മോന്‍ കുഞ്ഞുണ്ണി.’
‘ഉവ്വ്… ഉവ്വ്… അറിയാം. ഞാനവിടെ വന്നപ്പോള്‍ കണ്ടതല്ലേ. നിങ്ങളിത്തിരി അകന്നു നിന്നോ. ഇപ്പോഴത്തെ പനി പകരുമെന്നാ പറയുന്നേ.’ അയാള്‍ പിന്നെയും കാപ്പി മോന്തിക്കൊണ്ട് പറഞ്ഞു.
‘കാപ്പി പഷ്ടായിട്ടുണ്ട്. ഇത്ര ചെറുപ്രായത്തിലേ ഇതൊക്കെ എങ്ങനെ പഠിച്ചെടുത്തു?’
‘ചെറുപ്രായമൊന്നുമല്ല. ഞാന്‍ എട്ടിലാ പഠിക്കുന്നെ.’
‘ക്ലാസ്സും പ്രായവുമൊന്നുമല്ല കാര്യം. മറ്റുള്ളവരുടെ സങ്കടങ്ങളും ചുറ്റുപാടുകളും അറിഞ്ഞ് പെരുമാറാനുള്ള മനസ്സ് അതാണ് വലിയ കാര്യം. അത് അങ്ങോട്ടുമിങ്ങോട്ടുമുള്ള സ്‌നേഹത്തില്‍ നിന്ന് ഉണ്ടാകുന്നതാ. ഇക്കാലത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്നതും അതാ.’
‘മാമന്‍ ഞങ്ങള്‍ക്ക് അന്യനല്ലല്ലോ. വീട്ടില്‍ മിക്കവാറും വരികയും സഹകരിക്കുകയും ചെയ്യുന്ന ആളല്ലേ? സുഖമില്ലെന്നു കേട്ടാല്‍ അന്വേഷിക്കാതിരിക്കാന്‍ പറ്റുമോ?’
‘നല്ലകാര്യം. എന്നാലും മൂന്നുപേരും കൂടി ഇങ്ങോട്ടുവരാന്‍ എന്തെങ്കിലും കാരണം കാണുല്ലോ.’
‘അത്.. മാമ… അപ്പുവിന് മാമനോട് എന്തെക്കെയോ ചോദിക്കാനുണ്ട്. മാമനില്‍ നിന്ന് ചില അറിവുകള്‍ കിട്ടണം. കൊച്ചിയില്‍ അവന് ചില പ്രശ്‌നങ്ങളുണ്ട്. അതിനുള്ള പരിഹാരം തേടിയാ.. ഈ വരവ്.’
‘ഹ… ഹ… ഹ’ കൊമരന്‍ ചങ്കു ഉറക്കെ ചിരിച്ചു.
‘ഞാനൊരു ഊരുതെണ്ടി. പഠിപ്പും പാസ്സുമില്ലാത്ത വിവരദോഷി.
ഉപദേശം നല്‍കാനും പരിഹാരം പറയാനും മാത്രം ഞാനാര്? കുഞ്ഞേ നിനക്ക് ആളുതെറ്റി. വേറെ ആരെയെങ്കിലും തേടുന്നതാ നല്ലത്.’ കൊമരന്‍ ചങ്കു ഇരുന്നിടത്തു നിന്നും അക്ഷമയോടെ എഴുന്നേറ്റു. എന്തുചെയ്യണമെന്നറിയാതെ അപ്പു ഒരു നിമിഷം പകച്ചു. അവന്‍ വീണയെയും കുഞ്ഞുണ്ണിയെയും മാറിമാറി നോക്കി.
(തുടരും)