- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
അമ്പലം റോഡില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനടുത്താണ് മേനോന്‍ ചേട്ടന്റെ വീട്. അച്ഛന്‍ മുകുന്ദന്‍ മേനോന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എഞ്ചിനീയറായിരുന്നു. അമ്മ മാലിനി മേനോന്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറും. മേനോന്‍ ചേട്ടന്റെ മുഴുവന്‍ പേര് ദിലീപ് മേനോന്‍. ഒറ്റമകന്‍. വലിയ വീടും ഒന്നിലേറെ കാറും മറ്റു സൗകര്യങ്ങളുമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലം. അന്ന് മേനോന്‍ ചേട്ടന്‍ നാട്ടിലെ സ്റ്റാറായിരുന്നു. കലോത്സവങ്ങളിലെ സ്ഥിരം കലാപ്രതിഭ. ഉപന്യാസം, പ്രസംഗം, കവിതാരചന, കഥാരചന എല്ലാറ്റിനും ഒന്നാംസ്ഥാനക്കാരന്‍. മഹാരാജാസിലോ, യൂസി കോളേജിലോ എം.എ മലയാളം പഠിച്ച് ഗവേഷണം നടത്തി നാടറിയുന്ന അദ്ധ്യാപകനാകണമെന്നായിരുന്നു മേനോന്‍ ചേട്ടന്റെ ആഗ്രഹം. പക്ഷേ ആ ആഗ്രഹം നടന്നില്ല.
‘എന്തായിരുന്നു തടസ്സം?’ അപ്പു ചോദിച്ചു.
അച്ഛനമ്മമാര്‍ സമ്മതിച്ചില്ല. പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞ് നല്ല വിഷയങ്ങളൊന്നും കിട്ടാത്തവരാ മലയാളം പഠിക്കാന്‍ പോകുന്നതെന്നാ അവര്‍ പറഞ്ഞത്. മകന്‍ എഞ്ചിനീയറാകണമെന്ന് അച്ഛനും അതല്ല ഡോക്ടറാകണമെന്ന് അമ്മയും വാശിപിടിച്ചു. തന്റെ ആഗ്രഹവും ഇഷ്ടവും വീട്ടിലാരും അംഗീകരിക്കാന്‍ പോകുന്നില്ല. എന്ന തിരിച്ചറിവില്‍ ആരോടും കലഹിക്കാതെ… മനസ്സില്ലാമനസ്സോടെ ദിലീപ് മേനോന്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതി. മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിംഗ് കോളേജിലും ചേരാനുള്ള കട് ഓഫ് മാര്‍ക്കിലും വളരെ താഴെയായിരുന്നു കിട്ടിയ റാങ്ക്. ഒടുവില്‍ പണം കൊടുത്ത് തമിഴ്‌നാട്ടില്‍ എവിടെയോ എഞ്ചിനീയറിംഗിന് പ്രവേശനം നേടി. ഹോസ്റ്റലില്‍ താമസവും. അവിടുത്തെ ജീവിതം മേനോന്‍ ചേട്ടന് നരകതുല്യമായിരുന്നു. അടിയും ഇടിയും രാഷ്ട്രീയ സംഘര്‍ഷവും. എല്ലാറ്റിനും പുറമെ ഡ്രഗ്‌സിന്റെ ഉപയോഗം വിട്ടൊഴിഞ്ഞ നേരമില്ല. മേനോന്‍ ചേട്ടനെ അത് ശ്വാസം മുട്ടിച്ചു. ഒരു രാത്രി ഹോസ്റ്റലിലെ രണ്ടു സംഘങ്ങള്‍ സൈക്കിള്‍ ചെയിനും കത്തിയും വടിവാളുമായി പരസ്പരം ഏറ്റുമുട്ടി. അവിടെ ചോരക്കളമായി. ഏതോ രാഷ്ട്രീയനേതാവിന്റെ ഒറ്റപ്പുത്രന്റെ മരണത്തിലാണ് അന്നത്തെ അക്രമം അവസാനിച്ചത്. കുത്തിയത് ശതകോടീശ്വരനായ ഒരു മില്ലുടമയുടെ മകനും. പോലീസ് കുറ്റവാളിയെ അറസ്റ്റു ചെയ്തു. എന്നാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് രാക്കുരാമാനം കുറ്റവാളിയെ പോലീസില്‍ നിന്നും അയാളുടെ വീട്ടുകാര്‍ മോചിപ്പിച്ചുകൊണ്ടുപോയി. കുറ്റമേല്‍ക്കാന്‍ പോലീസിന് പകരം ഒരാള്‍വേണം.
‘എന്നിട്ട് പോലീസിന് പകരമൊരാളെ കിട്ടിയോ?’
‘കിട്ടി. ആരാണെന്നറിയേണ്ടേ. ദിലീപ് മേനോന്‍. സാധുവായ മേനോന്‍ ചേട്ടനെ പോലീസുകാര്‍ തൂക്കിയെടുത്ത് കുറ്റക്കാരെനെന്ന മട്ടില്‍ പൊതു ജനമദ്ധ്യത്തില്‍ നിര്‍ത്തി. കൊലക്കുറ്റം ഏല്‍ക്കാന്‍ കനത്ത ഭീഷണി മുഴക്കി. ഫലിക്കാതായപ്പോള്‍ ഭീകരമര്‍ദ്ദനവും. തനിക്കൊന്നുമറിയില്ല. ‘ഐ ഡോണ്ട് നോ എനിതിംഗ് എബൗട്ട് ദ മര്‍ഡര്‍’ എന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ ബോധം കെട്ടുവീഴുവോളം കൊടിയശാരീരിക പീഡനം ഏല്പിച്ചു. അത് ദിവസങ്ങളോളം നീണ്ടു. എന്തിനു പറയുന്നു…. ആ സമ്മര്‍ദ്ദം താങ്ങാനാവാതെ മേനോന്‍ ചേട്ടന്റെ മനോനില തകരാറിലായി. കേസ് എന്തായെന്നറിയില്ല. ആ പതനത്തില്‍ നിന്നും മേനോന്‍ ചേട്ടന്‍ കരകയറിയില്ല. ആ ജീവിതം ഇരുട്ടിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. മുപ്പതു വയസ്സു പോലുമായിട്ടില്ല. കണ്ടില്ലേ. ശരീരം വല്ലാതെ മെലിഞ്ഞുണങ്ങി. മുടിപോലും നരച്ചു. ഒന്നിനും കഴിയാത്ത അവസ്ഥ. രാവെന്നോ… പകലെന്നോ ഭേദമില്ലാതെ വെറുതെ വഴിയിലൂടെ – ഐ ഡോണ്ട് നോ സര്‍ പ്ലീസ് സര്‍ എന്നു പറഞ്ഞു നടക്കും.
മക്കളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും കണക്കിലെടുക്കാതെ അച്ഛനമ്മമാരുടെ അതിമോഹങ്ങളുടെ ഭാരം അവരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതിന്റെ പ്രത്യക്ഷദുരന്തഫലമാണ് ദിലീപ് മേനോന്റെ ജീവിതം എന്ന് അപ്പൂപ്പന്‍ എപ്പോഴും പറയും.’
കുഞ്ഞുണ്ണി പറഞ്ഞു നിര്‍ത്തിയിട്ടും അപ്പൂവിന്റെ തലയില്‍ നിന്നും മരവിപ്പു മാറിയില്ല. വളരെ ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചതുപോലുള്ള ഞെട്ടലും വിഭ്രാന്തിയുമാണ് അവന് അനുഭവപ്പെട്ടത്.
കുറെനേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.
പിന്നെ എപ്പോഴോ പനിക്കുള്ള മരുന്നെടുക്കാന്‍ വീണ, വീട്ടിലേക്ക് പോയ വഴിയിലേക്ക് അവര്‍ നോക്കി.
പക്ഷേ ആ വഴിയിലെങ്ങും വീണ ഉണ്ടായിരുന്നില്ല.