ലോകം മുഴുവന്‍ ഹമാസ് – ഇസ്രായേല്‍ യുദ്ധം കൊണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ്. എന്നാല്‍ അതില്‍ ആവേശം കൊള്ളുകയും ആശ്വാസം കൊള്ളുകയുമാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം. കരുവന്നൂര്‍ കള്ളപ്പണവിവാദവും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദവും മൂലം നിര്‍വീര്യരായ പാര്‍ട്ടി സഖാക്കള്‍ക്ക് വീര്യം കൊടുക്കാന്‍ ഹമാസിനു തന്നെ അവതരിക്കേണ്ടിവന്നു. അതുകൊണ്ട് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി സഖാവ് തൊണ്ടപൊട്ടുമാറ് മുദ്രാവാക്യം വിളിക്കുകയാണ്: ‘ഹമാസ് സഖാക്കളേ ലാല്‍സലാം’ മറ്റു സഖാക്കള്‍ മുഷ്ടിചുരുട്ടി ഏറ്റുപറയുന്നതും ഇതേ മുദ്രാവാക്യം തന്നെ. കുറച്ചുകാലം മുമ്പുവരെ കേരളത്തിന്റെ തെരുവുകളില്‍ സഖാക്കള്‍ ഗാസയ്ക്കുവേണ്ടി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിതമാകാന്‍ തുടങ്ങിയതോടെ സഖാക്കള്‍ക്ക് ആ നാടകം ഒഴിവാക്കേണ്ടിവന്നു. ഇനി പഴയ തെരുവു പരിപാടികള്‍ പൊടിതട്ടിയെടുത്ത് ഹമാസിനെ വീരരക്തസാക്ഷികളാക്കാം.
ബേബി സഖാവ് പറഞ്ഞത് കുഴപ്പം മുഴുവന്‍ ഇസ്രായേലിന്റെ ഭാഗത്താണെന്നാണ്. ഹമാസ് ഇസ്രായേലില്‍ കയറി പേക്കൂത്തു നടത്തിയാലും നിരവധി പേരെ ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടുപോയാലും പ്രതികരിക്കാന്‍ പാടില്ലായിരുന്നു. പോപ്പുലര്‍ ഫ്രണ്ടുകാര്‍ ജോസഫ് മാസ്റ്ററുടെ കൈ വെട്ടിയപ്പോള്‍ തെറ്റ് ജോസഫ് മാസ്റ്ററുടെതായിരുന്നു എന്നു സിദ്ധാന്തിച്ച ബുദ്ധിജീവിയും സാഹിത്യകാരനുമാണ് ബേബി സഖാവ്. ഇപ്പോള്‍ ഇസ്രായേലില്‍ ഹമാസ് കാട്ടിക്കൂട്ടിയതിന്റെ ചെറിയ പതിപ്പായിരുന്നു 2003 മെയ് 2ന് കോഴിക്കോട് മാറാട് കടപ്പുറത്ത് പോപ്പുലര്‍ഫ്രണ്ടിന്റെ പഴയ രൂപമായ എന്‍.ഡി.എഫ് ചെയ്തു കൂട്ടിയത്.
ഹിന്ദുവംശഹത്യക്കിറങ്ങിയ ജിഹാദി സംഘം ‘അള്ളാഹു അക്ബര്‍’ എന്ന തക്ബീര്‍ മുഴക്കി കൊന്നു തള്ളിയത് എട്ട് ഹിന്ദുക്കളെ. ഈ എന്‍.ഡി.എഫ് സംഘത്തിന്റെ ഭാഗമായിരുന്നു മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍. അന്ന് അവരെ രക്ഷിക്കാന്‍ കളികളിച്ചവരിലും സഖാക്കള്‍ മുന്നിലായിരുന്നു. ഭാരതം ഇസ്രായേലിനെ പിന്തുണച്ചതില്‍ കുപിതരാണ് ബേബി സഖാവും കൂട്ടരും. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് അട്ടിമറി നടത്താന്‍ ചൈനയുടെ പണം വാങ്ങിയവരുടെ ഇടനിലക്കാരായിരുന്നു മാര്‍ക്‌സിസ്റ്റ് നേതൃത്വം എന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. കേരളത്തിലെ പാര്‍ട്ടി അഴിമതി മൂടിവെക്കാനും കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ മുസ്ലിം വികാരം ആളിക്കത്തിക്കാനും ഹമാസിനെ വീരരക്തസാക്ഷികളായി ചിത്രീകരിക്കാന്‍ പാര്‍ട്ടിക്ക് കിട്ടിയ അവസരം കളഞ്ഞുകുളിക്കാന്‍ പറ്റുമോ?