സയിന്റിഫിക് ടെമ്പര്‍ എന്ന മുളങ്കോലുമായി നടക്കുന്ന നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഖാവിനെ കണ്ടവരുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് ഉടനെ കോഴിക്കോട്ട് കാരന്തൂരിലെത്തിക്കണം. അവിടെ ഒരു മിത്ത് വിവാദം ചൂടുപിടിക്കുകയാണ്. സുന്നി കാന്തപുരം വിഭാഗവും മുജാഹിദുകളും തമ്മിലാണ് കൊമ്പുകോര്‍ത്തത്. പഴയ വിവാദം തന്നെയാണത്. കാന്തപുരം മുസലിയാര്‍ പറഞ്ഞത് പ്രവാചകന്റെ മൃതദേഹത്തിന് ഒരു കോട്ടവും പറ്റില്ല എന്നാണ്. എന്നാല്‍ മുജാഹിദുകള്‍ പറയുന്നത് മറ്റ് മൃതദേഹങ്ങള്‍ പോലെ അതും അഴുകുമെന്നാണ്. ഈ വിവാദത്തിലെ മിത്തും വിത്തും പരതി കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ ഷംസീര്‍ തന്നെ വരണ്ടേ? വിജയന് സഖാവ് പ്രത്യേക താല്പര്യമെടുത്ത് അയക്കുക തന്നെ വേണം. ഹിന്ദുക്കളെ മാത്രം ശാസ്ത്രബോധമുള്ളവരാക്കിയാല് മതിയോ സഖാവേ? സുന്നികളിലേക്കും കുറച്ചു ശാസ്ത്ര ബോധം എത്തണ്ടേ? എന്നാല്‍ ഈ വിവാദം കണ്ട ഭാവമേയില്ല സഖാക്കള്‍ക്ക്.
കോഴിക്കോട്ട് കോടഞ്ചേരി വില്ലേജിലെ കാന്തപുരം വിഭാഗത്തിന്റെ നോളജ് സിറ്റി ഉദ്ഘാടന വേദിയില്‍ പ്രമുഖനായിരുന്നു വിജയന് സഖാവ്. കാന്തപുരം നിരവധി അറബി കോളേജുകള്‍ നടത്തുന്നുണ്ട്. സ്വാഭാവികമായും അവിടെ പഠിപ്പിക്കുക പ്രവാചകന്റെ മൃതദേഹത്തിന് ഒരു കോട്ടവും വരില്ല എന്നായിരിക്കുമല്ലോ. ഇപ്പോഴും ഭൂമി പരന്നതാണ് എന്ന ഖുറാന് വാക്യം ശരിയാണെന്നു പഠിപ്പിക്കുന്ന മദ്രസകള്‍ ഉണ്ട്. ഈ കുട്ടികള്‍ക്ക് ശാസ്ത്ര ബുദ്ധി ഓതാന്‍ ഷംസീര്‍ ഉസ്താദ് എന്നാണാവോ വരിക? അറബി കോളേജുകളെ ഭീകര റിക്രൂട്ടിങ് കേന്ദ്രങ്ങളാക്കി പാക്ചാര സംഘടന മാറ്റുന്നു എന്ന ആരോപണം ഉയര്‍ന്നത് ഇയ്യിടെയാണത്. കേരളത്തിലെ അറബി കോളേജില്‍ ഇത്തരം പ്രവണതയുണ്ടോ എന്നന്വേഷിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറില്ല. പകരം നോളജ് സിറ്റിക്കു വേണ്ടി ചട്ടം ലംഘിച്ച് കെട്ടിട നിര്‍മ്മാണത്തിന് ഒത്താശ ചെയ്യുകയാണ്. ഇവരുടെ വീരസ്യവും ശാസ്ത്രബോധവുമൊക്കെ ഹിന്ദുക്കളുടെ നേരെ മാത്രം. അതു ചാഞ്ഞു കിടക്കുന്ന മരമാണല്ലോ.