ഓണത്തിന് ഇത്തവണ മഞ്ഞകാര്ഡുകാര്ക്കേ സൗജന്യ കിറ്റ് ഉണ്ടായിരുന്നുള്ളു. അതുതന്നെ പലര്‍ക്കും കിട്ടിയത് ഓണം കഴിഞ്ഞ ശേഷമാണ്. എന്നാല്‍ വേറെ ചിലര്‍ക്ക് സര്‍ക്കാര്‍ വക സൗജന്യ സ്പെഷ്യല്‍ കിറ്റ് ഉണ്ടായിരുന്നു. അതില്‍ വേവാത്ത ചെറുപയറും പുഴുവന്ന കടലയും ഗുണം കുറഞ്ഞ മറ്റു സാധനങ്ങളുമായിരുന്നില്ല. എല്ലാം സൂപ്പര്‍ ക്വാളിറ്റി. ഇതു കിട്ടിയ ഭാഗ്യവാന്മാര് മന്ത്രിമാര്‍, എം. എല്‍.എ മാര്‍, എം.പിമാര്‍, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരായിരുന്നു. ഇത്രയും പത്രത്തില്‍ വാര്‍ത്തയായി വന്നു. മാസപ്പടി നേതാക്കള്‍, അവരുടെ ബന്ധുക്കള്‍, ബാങ്ക് വെട്ടിപ്പ് സഖാക്കള്‍, ഭൂമാഫിയ സ്വന്തക്കാര് തുടങ്ങിയവര്‍ക്കും ഈ കിറ്റ് കിട്ടിയോ എന്നറിയില്ല. എന്തായാലും ഇവരെല്ലാം പാര്‍ട്ടി തണലില്‍ അധികാരത്തിന്റെ ഇടനാഴിയില്‍ അഭിരമിക്കുന്നവരാണ്. കന്മ്യൂണിസ്റ്റ് ഭരണത്തില്‍ തടിച്ചു കൊഴുക്കുന്ന ഈ വര്‍ഗ്ഗത്തിന് കമ്മ്യൂണിസ്റ്റ് ചിന്തകനായ മിലോവന്‍ ജിലാസ് നല്കിയ സംജ്ഞയാണ് ‘ന്യൂ ക്ലാസ്’ എന്നത്.
കമ്മ്യൂണിസ്റ്റ് ഭരണം വന്ന സ്ഥലത്തെല്ലാം ഉള്ളവനും ഇല്ലാത്തവനും എന്ന വര്‍ഗ്ഗത്തിനൊപ്പം ഈ പുതിയ വര്‍ഗ്ഗവും രൂപപ്പെട്ടു എന്നാണ് മിലോവന്‍ ജിലാസ് പറയുന്നത്. കേരളത്തില്‍ സി.പി.എമ്മിനെ അധികാരത്തിലെത്തിച്ചത് അദ്ധ്വാനിക്കുന്നവന്റെ വര്ഗ്ഗത്തില്പെട്ടവരായ സര്‍ക്കാര്‍ ജീവനക്കാര്‍ കൂടി പണിയെടുത്താണ്. അവര്‍ക്ക് മൂന്നു വര്‍ഷമായി കേന്ദ്രം അനുവദിച്ച ക്ഷാമബത്ത സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ല. എന്നാല്‍ ന്യൂ ക്ലാസില്‍ പെട്ട സിവില്‍ സര്‍വ്വീസുകാര്‍ക്ക് ഒരു ഗഡു പോലും മുടങ്ങിയിട്ടില്ല. അവര്‍ അനുഭവിച്ചതിന്റെ ബാക്കി വല്ലതുമുണ്ടെങ്കില്‍ അദ്ധ്വാനിക്കുന്നവന് അഷ്ടിക്ക് കിട്ടും. അതാണ് വിജയന് സഖാവിന്റെ കേരള മാതൃക.