ലാല്‍ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായപ്പോള്‍ അദ്ദേഹത്തിന്റെ മകന് ജോലി ചെയ്ത കമ്പനി അയാള്‍ക്ക് ശമ്പള വര്‍ദ്ധനവു നല്കി. ഇത് തന്നെ വിലക്കെടുക്കാനുള്ള ശ്രമമാണെന്നും അതിനാല്‍ ശമ്പള വര്‍ദ്ധന സ്വീകരിക്കരുതെന്നും ശാസ്ത്രി മകനോടു പറഞ്ഞു. ഇങ്ങ് കേരളത്തില്‍ ക്ലിഫ്ഹൗസിലിരുന്ന് ഒരു വീട്ടമ്മ അച്ഛന് മുഖ്യമന്ത്രിയേയും ഭര്‍ത്താവ് മന്ത്രിയേയും വിലക്കെടുക്കുവാന്‍ വിട്ടുകൊടുത്തിരിക്കുന്നു. കരിമണല്‍ കര്‍ത്തയുടെ കമ്പനി വീണാവിജയനു കോടികള്‍ മാസപ്പടിയായി നല്‍കിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധത്തിന്റെ ബലത്തിലാണെന്ന് ആദായ വകുപ്പ് രേഖപ്പെടുത്തിയിരിക്കുന്നു. അതില്‍ ഒരുതെറ്റുമില്ലെന്നും വീണ വാങ്ങിയത് മാസപ്പടിയല്ല എന്നുമാണ് മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നിലപാട്. ഒരു പണിയുമെടുക്കാതെ മാസംതോറും ലക്ഷങ്ങള്‍ വാങ്ങുന്നത് പാര്‍ട്ടി കോടതിയുടെ നിയമപ്രകാരം മാസപ്പടിയല്ല.
മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. ബ്രിട്ടീഷുകാരില്‍ നിന്ന് ക്വിറ്റ് ഇന്ത്യാസമരത്തെ ഒറ്റിക്കൊടുത്തു മാസപ്പടി വാങ്ങി പത്രം തുടങ്ങിയ പാര്‍ട്ടിക്ക് ഇതിലെങ്ങിനെ തെറ്റുകാണാനാകും. ചൈനയില്‍ നിന്നും പണം വാങ്ങി രാജ്യത്തെ വിധ്വംസകപ്രവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്ന ആളാണ് മുന്‍ സി.പി.എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് എന്ന ആരോപണം പത്രങ്ങളില്‍ വന്നു. കാരാട്ടിന്റെ അനന്തരവന് വിജയപ്രസാദ് ഫണ്ട് കൈപ്പറ്റി എന്നാണ് ന്യൂയോര്‍ക്ക് ടൈംസില്‍ വാര്‍ത്ത വന്നത്. അടിമുടി മാസപ്പടിയില്‍ കഴിയുന്ന പാര്‍ട്ടിക്ക് അണികള്‍ക്ക് കൊടുക്കാനുള്ള പുതിയ മുദ്രാവാക്യം ‘കാരാട്ടിന്റെ ചൈന, വിജയന്റെ വീണ’ എന്നതാണ്.