കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഒരു അത്ഭുത സംഭവമാണ്. സ്കൂള്‍ പഠനകാലത്ത് അദ്ദേഹത്തിലെ അത്ഭുത സിദ്ധികള്‍ അധ്യാപകര്‍ തിരിച്ചറിഞ്ഞതാണ്. തലക്കനം ഒട്ടുമില്ലാത്തതിനാല്‍ താന്‍ ഏവറേജ് വിദ്യാര്‍ത്ഥി എന്നേ അദ്ദേഹം പറയൂ. ചോദ്യക്കടലാസിലെ എല്ലാ ചോദ്യത്തിനും ഉത്തരം എഴുതാത്ത വിദ്യാര്‍ത്ഥി. എന്നാല്‍ എഴുതിയ ഉത്തരത്തിന് പാഠ്യപദ്ധതിക്ക് പുറത്തുനിന്നു പോലും ചോദ്യം കണ്ടെത്തേണ്ട ഗതികേടിലായിരുന്നു അധ്യാപകര്‍. യുവജന ബഹുജന നേതൃത്വത്തിലിരിക്കുമ്പോഴും, സ്പീക്കര്‍ കസേരയിലേക്ക് മുതിര്‍ന്ന പലരേയും മറികടന്ന് റോക്കറ്റ് വിക്ഷേപണം ചെയ്യപ്പെട്ടപ്പോഴും (കെട്ടിയിറക്കിയതല്ല എന്ന് പ്രത്യേകം ഓര്‍ക്കുക) അദ്ദേഹം ഈ സിദ്ധിവിശേഷം കാണിച്ചു. ലീഗുകാര്‍ അദ്ദേഹത്തിലെ ഇസ്ലാമിനെ സംശയിച്ചപ്പോള്‍ നേരിട്ടു മറുപടി നല്‍കിയില്ല. പകരം ഒരു പ്രസംഗത്തില്‍ ഒരു മുസ്ലിം കുട്ടി ജനിക്കുമ്പോള്‍ ചെവിയില്‍ ബാങ്ക് നാദം കേള്‍പ്പിക്കുന്നതു മുതല്‍ മലക്കുകള്‍ കാവലിരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ അനര്‍ഗളമായി നിര്‍ഗളിച്ചപ്പോള്‍ ലീഗുകാര്‍ മാത്രമല്ല സക്കീര്‍ നായക് വരെ ഞെട്ടി എന്നാണ് കേട്ടത്. ഇതേ വീര്യത്തില്‍ ശാസ്ത്രബോധവും കമ്മ്യൂണിസ്റ്റുവല്ക്കരണവും പഠിപ്പിക്കാന്‍ പാഠ്യപദ്ധതിയിലൊരിടത്തുമില്ലാത്ത ഗണപതിയുടെ പ്ലാസ്റ്റിക് സര്‍ജറി വരെ കാച്ചിവിടാനും സഖാവിനു കഴിയുമെന്ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാ ജ്യോതി പ്രസംഗത്തില്‍ തെളിയിച്ചു. സംഗതി വിവാദമായപ്പോള്‍ പണ്ടത്തെ ഉത്തരക്കടലാസ് കണ്ട അധ്യാപകരുടെ അവസ്ഥയിലായി സി.പി.എം. പ്രസംഗം എന്ന വാചാ പരീക്ഷയ്ക്ക് മാര്‍ക്കിടാന്‍ പാര്‍ട്ടി ഏ.കെ. ബാലന് സഖാവിനെ നിശ്ചയിച്ചു. ഗണപതി മിത്താണെന്ന ഷംസീറിന്റെ ഉത്തരത്തിന് ബാലന് മാഷ് നൂറില്‍ നൂറ് മാര്‍ക്ക് നല്കി.
വിവാദം കനത്തപ്പോള്‍ ഹെഡ്മാസ്റ്റര് ഗോവിന്ദന് സഖാവ് ഉത്തരം പരിശോധിച്ച് ഗണപതി മിത്താണെന്ന് ഉറപ്പിച്ചു. മൂന്നാം നാള് ഉത്തരം പുനഃപരിശോധിച്ച ഗോവിന്ദന് സഖാവ് ഗണപതി മിത്താണെന്ന് ഷംസീര്‍ പറഞ്ഞിട്ടില്ലെന്നു വെട്ടി വീണ്ടും നൂറു മാര്‍ക്ക് നല്കി. ചുരുക്കത്തില്‍ ഷംസീറിന്റെ ഉത്തരം വായിച്ച ഗോവിന്ദന് സഖാവ് ഗണപതി മിത്താണോ അല്ലയോ എന്നറിയാതെ ത്രിശങ്കുവിലായി. പത്രസമ്മേളനത്തില്‍ ഷംസീറിനോട് താങ്കള്‍ വിശ്വാസിയാണോ എന്നു ചോദിച്ച പത്രക്കാര്‍ക്കു കിട്ടിയ മറുപടി അവരെയും ത്രിശങ്കുവിലാക്കി.