Monday, December 11, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home മുഖലേഖനം

മണിപ്പൂര്‍ കലാപത്തിന്റെ കാണാച്ചരടുകള്‍

അഡ്വ.രതീഷ് ഗോപാലന്‍

Print Edition: 28 July 2023

2023 മെയ് 3-നു പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിലെ വംശീയ കലാപം രണ്ടര മാസങ്ങള്‍ക്ക് ശേഷം പതുക്കെ തണുത്ത് സമാധാനാന്തരീക്ഷത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സമയത്ത് മനുഷ്യ മനസ്സിനെ നടുക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ മണിപ്പൂരില്‍ നിന്നും കലാപവുമായി ബന്ധപ്പെട്ടു പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കലാപം പൊട്ടിപ്പുറപ്പെട്ടതിന്റെ അടുത്ത ദിവസം മെയ് 4-ന് കലാപബാധിത കാങ്‌പൊക്പി ജില്ലയിലെ ഫൈനോം ഗ്രാമത്തിലെ കുക്കി-സൊ കുടുംബത്തിലെ അഞ്ചുപേരെ പോലീസ് സുരക്ഷിതമായി കൊണ്ടുപോകുന്ന സമയത്ത് ആയിരത്തോളം വരുന്ന മെയ്‌തേയി വിഭാഗക്കാര്‍ അവരെ വളഞ്ഞ് അതില്‍ നിന്നും കുക്കി വംശജരായ രണ്ടു യുവതികളെ പൂര്‍ണ്ണ നഗ്‌നരായി നടത്തുന്നതും, ശേഷം ആള്‍ക്കൂട്ടത്തിലെ ചിലര്‍ ഒരു യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുന്നതുമായ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മെയ്‌തേയി വിഭാഗക്കാരാണ് കുക്കി ഗോത്രത്തില്‍പ്പെട്ട 40 വയസ്സും, 20 വയസ്സും പ്രായമുള്ള യുവതികളെ ഇപ്രകാരം ആള്‍ക്കൂട്ട ബലാല്‍സംഗം നടത്തിയതെന്ന് വ്യാപകമായി രാജ്യത്തുടനീളം പ്രചരിപ്പിക്കപ്പെട്ടു. വീഡിയോ പുറത്തു വന്നു മണിക്കൂറുകള്‍ക്കകം തന്നെ വീഡിയോയില്‍ ഉള്‍പ്പെട്ട സംഭവത്തിലെ പ്രധാന പ്രതികളില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു കഴിഞ്ഞു. അറസ്റ്റു ചെയ്യപ്പെട്ട പ്രധാന പ്രതിയുടെ പേര് ഹുയിരേം ഹീറോദാസ് സിങ്. കുറ്റവാളി ആരുതന്നെയായാലും മുഖം നോക്കാതെ ശക്തമായ നടപടി എടുക്കുമെന്നും, പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിംഗ് ഉടനെത്തന്നെ പ്രതികരിച്ചിട്ടുണ്ട്. മാത്രമല്ല ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് (റിട്ട.) അരുണ്‍ മിശ്ര വിഷയത്തില്‍ ഇടപെട്ടു സംസ്ഥാന പോലീസ് മേധാവിയ്ക്ക് നോട്ടീസ് അയക്കുകയും കുറ്റവാളികളെ ഉടനെ പിടികൂടി റിപ്പോര്‍ട്ട് തരണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്.

വീഡിയോ പുറത്തുവന്നു മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ തിരിച്ചറിയാനും, പിടികൂടാനും സാധിക്കുന്ന ശക്തമായ ഒരു നിയമപാലനവ്യവസ്ഥ മണിപ്പൂര്‍ സംസ്ഥാനത്ത് നിലവിലുള്ളപ്പോഴാണ് രണ്ടര മാസം മുമ്പ് നടന്ന ഒരു സംഭവത്തിന്റെ വീഡിയോ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ തുടങ്ങുന്നതിനു മണിക്കൂറുകള്‍ മുമ്പ് പുറത്തു വിട്ടത്. പാര്‍ലമെന്റില്‍ ഏകീകൃത സിവില്‍ കോഡ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന സമയത്തുതന്നെ കേന്ദ്രസര്‍ക്കാരിനെ പാര്‍ലമെന്റിന്റെ ആദ്യദിനത്തില്‍ മറ്റു വിഷയങ്ങളൊന്നും ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാതെ സമ്മര്‍ദ്ദത്തിലാഴ്ത്തുക എന്ന പ്രതിപക്ഷ തന്ത്രമാണോ ഇത് എന്ന് വരും ദിവസങ്ങളില്‍ അറിയാം. ഈയൊരു വീഡിയോ പുറത്തു വന്നതോടെ സ്വയം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പാര്‍ലമെന്റിനു മുമ്പില്‍ രൂക്ഷമായ ഭാഷയില്‍ ഈ സംഭവത്തെ അപലപിച്ചു. മാത്രമല്ല ഇതില്‍ ഉള്‍പ്പെട്ട ഒരു കുറ്റവാളിപോലും രക്ഷപ്പെടില്ല എന്ന് അദ്ദേഹം രാഷ്ടത്തിനു ഉറപ്പ് നല്‍കി.

മണിപ്പൂരില്‍ മാത്രമല്ല ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മേധാവിത്തമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലായിടത്തും ട്രൈബല്‍ – നോണ്‍ ട്രൈബല്‍ വിവേചനം ഉണ്ട്. അവരവരുടേതായ ആചാരങ്ങളും, അനുഷ്ഠാനങ്ങളും പരിപാലിച്ച് സ്വന്തമായ സംസ്‌കാരം സംരക്ഷിച്ച് ആര്‍ക്കും കീഴ്‌പ്പെടാതെ സ്വതന്ത്രമായി ജീവിച്ചു പോന്നിരുന്ന ഗോത്രവിഭാഗങ്ങള്‍ പുറമെ നിന്നും വരുന്ന ഏതൊരാളെയും സംശയദൃഷ്ടിയോടെ മാത്രമേ കാണുകയുള്ളൂ. പണ്ട് ഓരോ ഗോത്രവും മലകളില്‍ അതിജീവനത്തിനും, ആധിപത്യത്തിനുവേണ്ടി പരസ്പരം ആക്രമിച്ചും, കൊന്നും, കീഴടക്കിയ ചരിത്രത്തില്‍ നിന്നും, ഇന്നത്തെ ആധുനിക വിദ്യാഭ്യാസവും, ആശയവിനിമയ സൗകര്യങ്ങളും, സര്‍ക്കാര്‍ സഹായങ്ങളുമൊക്കെ കാരണം ഉണ്ടായി വന്നതാണ് ഇന്നത്തെ മലകളിലെ സമാധാനപരമായ അന്തരീക്ഷം. ഓരോ ഗോത്രവും പരസ്പരം സംശയ ദൃഷ്ടിയോടെ കാണുന്ന അവസ്ഥയില്‍നിന്നാണ് സര്‍ക്കാരിന്റെയും, മറ്റു സന്നദ്ധ സംഘടനകളുടെയും ദീര്‍ഘകാലത്തെ പ്രവര്‍ത്തനഫലമായി ഇന്ന് വിരലില്‍ എണ്ണാവുന്ന ചില പ്രാകൃത ഗോത്രങ്ങളൊഴികെ ബാക്കി എല്ലാവരും പരസ്പരം ഇടപഴകി സഹകരണത്തോടെ ഒരു പൊതു സമൂഹമെന്ന രീതിയില്‍ ജീവിക്കുന്ന അവസ്ഥ ഉണ്ടായത്. ഈയൊരു പൊതുബോധം ഉണ്ടായതിനു ശേഷമാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമാധാനപരമായ ജീവിതം സാധ്യമായത്.

ഭാരതത്തിന്റെ മുഖ്യധാരാ സംസ്ഥാനങ്ങളില്‍ നിന്നും വിട്ടുമാറി വിവിധ രാജ്യങ്ങളോട് അന്തര്‍ദേശീയ അതിര്‍ത്തി പങ്കിടുന്ന ഒരു മര്‍മ്മ പ്രധാനമായ പ്രദേശം കൂടിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളില്‍ എപ്പോഴും അസ്ഥിരതയും, അസ്വസ്ഥതയും സൃഷ്ടിക്കുക എന്നത് ശത്രുരാജ്യങ്ങളുടെ പ്രധാന അജണ്ടകളില്‍ ഒന്നാണ്. നേരിട്ട് ഭാരതവുമായി യുദ്ധം ചെയ്യാന്‍ കഴിയാത്ത ശത്രുരാജ്യങ്ങള്‍ ഈ അതിര്‍ത്തി സംസ്ഥാനങ്ങളിലെ വിവിധ ഗോത്രവിഭാഗങ്ങളെ അവര്‍ സ്വതന്ത്രരാണെന്നും, ഭാരതം അവരെ അടക്കിഭരിച്ചു സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും പറഞ്ഞു പഠിപ്പിച്ച് തെറ്റിദ്ധരിപ്പിച്ച് അവര്‍ക്ക് ആയുധം കൊടുത്ത് ഭാരതത്തിനെതിരെ യുദ്ധം ചെയ്യാന്‍ സഹായിച്ചുകൊണ്ടിരുന്നു. ദല്‍ഹി ആസ്ഥാനമാക്കി ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ആരും ഈ വിഷയങ്ങള്‍ ശ്രദ്ധിച്ചതുമില്ല. ഈയൊരു സ്ഥിതി വിശേഷമാണ് 1947 മുതല്‍ കഴിഞ്ഞ 2014 വരെ ഉണ്ടായിരുന്നത്. ഇതുകൊണ്ടുതന്നെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭാരതം അവരോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന് പ്രചാരണം വ്യാപകമാകുകയും അതിന്റെ ഫലമായി സ്വതന്ത്ര രാജ്യം എന്നൊരു ആവശ്യം ഒട്ടുമിക്ക വടക്കു കിഴക്കന്‍ ഗോത്ര വര്‍ഗ്ഗക്കാരും ഉന്നയിക്കുകയും അതിനായി ആയുധമെടുത്തു പോരാട്ടം ആരംഭിക്കുകയും ചെയ്തു.

ഇടക്കാലത്ത് വാജ്പേയി സര്‍ക്കാര്‍ ഭരിച്ച കാലഘട്ടത്തില്‍ പ്രധാനമന്ത്രി ഗ്രാം സഡക് യോജന പോലുള്ള നിരവധി പദ്ധതികള്‍ മുഖേന ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളെ ബന്ധിപ്പിച്ചെങ്കിലും തുടര്‍ഭരണം ലഭിക്കാതെ വന്നപ്പോള്‍ പദ്ധതികള്‍ പലതും പാതിവഴിയില്‍ നിന്നുപോയി. പിന്നീട് ഈ സ്ഥിതിക്ക് മാറ്റം വന്നത് 2014-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണ്. സപ്തസഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേയ്ക്ക് സിക്കിമിനെയും ചേര്‍ത്ത് അഷ്ടലക്ഷ്മിമാര്‍ എന്ന് വിളിച്ചാണ് ഒരു മന്ത്രാലയം തന്നെ രൂപീകരിച്ച് മോദി സര്‍ക്കാര്‍ വികസനമെത്തിച്ചത്. ഇന്ന് ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ വികസനം നടക്കുന്ന ഒരു മേഖലയാണ് വടക്കു കിഴക്കന്‍ പ്രദേശങ്ങള്‍. ഇങ്ങനെ തികച്ചും സമാധാന അന്തരീക്ഷത്തില്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ പുരോഗതിയുടെ പാതയില്‍ അതിദ്രുതം മുന്നേറിക്കൊണ്ടിരിക്കവെയാണ് അപ്രതീക്ഷിതമായി മണിപ്പൂരില്‍ ഈയൊരു കലാപം പൊട്ടിപ്പുറപ്പെട്ടത്.

നിരവധി ചെറിയ സംഭവങ്ങളാണ് ഈയൊരു കലാപത്തിന് മുന്നോടിയായി മണിപ്പൂരില്‍ സംഭവിച്ചത്. ഈ സംഭവങ്ങള്‍ ഓരോന്നും പിന്നീട് കലാപത്തിന് കാരണമായിത്തീരുകയും ചെയ്തു. 2023 ഫെബ്രുവരി മാസത്തില്‍ ചുറചന്ദ്പുര്‍, കാങ്‌പൊക്പി, തെങ്‌നൗപല്‍ ജില്ലകളില്‍ നിന്നും വനവിഭവങ്ങള്‍ സംരക്ഷിക്കാനും, റിസര്‍വ് വനങ്ങള്‍ക്കകത്തെ കഞ്ചാവ് കൃഷി നശിപ്പിക്കാനും വേണ്ടി സര്‍ക്കാര്‍ വനഭൂമിയില്‍ കഴിയുന്നവരെ കയ്യേറ്റക്കാരായി കണ്ടു ബലം പ്രയോഗിച്ചു ഒഴിപ്പിക്കാന്‍ തുടങ്ങി. ഗോത്രവര്‍ഗ്ഗക്കാര്‍ ഇതിനെ ഒരു ഗോത്രവര്‍ഗ്ഗവിരുദ്ധ നടപടിയായാണ് കണ്ടത്. മാര്‍ച്ച് മാസത്തില്‍ മണിപ്പൂര്‍ കാബിനറ്റ് പ്രബലരായ കുക്കി നാഷണല്‍ ആര്‍മിയും, സോമി റെവല്യൂഷണറി ആര്‍മിയുമടക്കം മൂന്നു കുക്കി സായുധ ഗ്രൂപ്പുകളുമായി തുടര്‍ന്നു വന്നിരുന്ന വെടി നിര്‍ത്തല്‍ കരാര്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചു. 1970 മുതല്‍ മ്യാന്‍മറില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ മണിപ്പൂരില്‍ താമസിച്ചു വരുന്നുണ്ടെന്ന് രേഖകള്‍ ഉദ്ധരിച്ചുകൊണ്ട് അധികൃതര്‍ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ സംരക്ഷിത വനങ്ങളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കാനുള്ള ശ്രമം തുടങ്ങി. ഗോത്രവര്‍ഗ്ഗക്കാര്‍ ഇതിനെ കാണുന്നത് മെയ്‌തെയികള്‍ ഗോത്രവര്‍ഗ്ഗക്കാരെ അവരുടെ ഭൂമിയില്‍ നിന്നും ഉന്മൂലനം ചെയ്യുന്നതായിട്ടാണ്. കാരണം മിക്കവാറും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം മെയ്‌തെയി വിഭാഗക്കാര്‍ ആയിരിക്കും. നിരവധി മെയ്‌തെയി മണിപ്പൂരി സംഘടനകള്‍ ന്യൂദല്‍ഹിയില്‍ മണിപ്പൂരിലെ മലമ്പ്രദേശങ്ങളില്‍ അസാധാരണമായ വിധത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യയും അത് പ്രാദേശിക സമൂഹത്തില്‍ ഉണ്ടാക്കുന്ന അസന്തുലനവും കണ്ടു ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങള്‍ നടത്തി. ഇത് നാഗാ-കുക്കി ഗോത്രക്കാര്‍ അവര്‍ക്ക് എതിരെയുള്ള നടപടിയായാണ് കണ്ടത്. ആദ്യത്തെ സംഭവം കാങ്‌പൊക്പി ജില്ലയില്‍ സംരക്ഷിത വനത്തിന്റെ പേരില്‍ തങ്ങളെ കുടിയിറക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കില്ല എന്ന് പറഞ്ഞുണ്ടായ ഒരു പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ അഞ്ചു ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് പരിക്കുപറ്റുന്നതോടെയായിരുന്നു. ഏപ്രില്‍ 28 നു മുഖ്യമന്ത്രി ബീരേന്‍ സിംഗ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന ഒരു ജിംനേഷ്യം ഉദ്ഘാടനത്തിനു ഒരു ദിവസം മുമ്പ് പ്രക്ഷോഭകാരികള്‍ തകര്‍ത്തു. അങ്ങനെയുള്ള നിരവധി സംഭവങ്ങളിലൂടെയാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

ഈ കലാപം പൊട്ടിപ്പുറപ്പെടാനുണ്ടായ കാരണം പത്ത് വര്‍ഷങ്ങളായി മണിപ്പൂര്‍ സംസ്ഥാനത്തെ പ്രധാന വിഭാഗമായ മെയ്‌തെയ് പട്ടികവര്‍ഗ്ഗ പദവിക്കായി നിവേദനങ്ങള്‍ നല്‍കിയും, കോടതിയില്‍ റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തും നിയമപരമായി ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ദീര്‍ഘകാലമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പ്രക്രിയയുടെ അവസാനഘട്ടമെന്ന നിലയില്‍ മണിപ്പൂര്‍ ഹൈക്കോടതി ഏപ്രില്‍ 20-ന് മെയ്‌തെയ് വിഭാഗത്തിന് പട്ടികവര്‍ഗ്ഗ പദവി നല്‍കാന്‍ മെയ് മാസം 29-ന് മുമ്പായി കേന്ദ്ര പട്ടിക വര്‍ഗ്ഗ കാര്യ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. സ്വാതന്ത്ര്യത്തിനു മുമ്പ് തങ്ങള്‍ക്ക് പട്ടിക വര്‍ഗ്ഗ പദവി ഉണ്ടായിരുന്നെന്നും, സ്വാതന്ത്ര്യാനന്തരം അത് നഷ്ടമായെന്നും അത് ഇപ്പോള്‍ പുനഃസ്ഥാപിച്ചു കിട്ടണം എന്നുമായിരുന്നു മെയ്‌തെയ് വിഭാഗത്തിന്റെ ആവശ്യം. ഈ ആവശ്യം മണിപ്പൂര്‍ ഹൈക്കോടതിയും അംഗീകരിച്ച് മെയ്‌തെയ് വിഭാഗത്തിന് പട്ടിക വര്‍ഗ്ഗ പദവി നല്കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചതാണ് ഇപ്പോഴുള്ള കലാപത്തിന്റെ കാരണം.

ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ മണിപ്പൂരിലെ ആള്‍ ട്രൈബല്‍ സ്റ്റുഡന്റസ് യൂണിയന്‍ ഓഫ് മണിപ്പൂര്‍ (ATSUM) എന്ന ഒരു വിദ്യാര്‍ത്ഥി സംഘടന മണിപ്പൂരിലെ 10 മലമ്പ്രദേശ ജില്ലകളിലും Tribal Solidariy March സംഘടിപ്പിച്ചു. മെയ്‌തെയ് വിഭാഗക്കാര്‍ പറയുന്നത് ബംഗ്‌ളാദേശില്‍ നിന്നും, മ്യാന്മറില്‍ നിന്നുമുള്ള അനിയന്ത്രിതമായ അനധികൃത കുടിയേറ്റം കാരണം ഇംഫാല്‍വാലിയില്‍ അവര്‍ക്ക് ജീവിതം ദുസ്സഹമായിരിക്കുന്നു എന്നാണ്. ജനസംഖ്യയില്‍ 53% വരുന്ന മെയ്തേയ് വിഭാഗം താമസിക്കുന്നത് മണിപ്പൂരിന്റെ ആകെ ഭൂവിസ്തൃതിയുടെ 10% മാത്രം വിസ്തീര്‍ണ്ണമുള്ള ഇംഫാല്‍ താഴ്വരയിലാണ്. അവര്‍ക്ക് ഇന്നത്തെ അവസ്ഥ അനുസരിച്ചു മലനിരകളില്‍ ആവശ്യത്തിന് കൃഷിയിറക്കാനോ, സ്ഥലം വാങ്ങാനോ, സ്ഥിരതാമസത്തിനോ സാധ്യമല്ല. യഥാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന മേയ്‌തെയികളെ ഇംഫാല്‍ താഴ്വരയില്‍ മാത്രമായി ഒതുക്കി നിര്‍ത്തിയിരിക്കുകയാണ്. അവിടെ മാത്രമേ മണിപ്പൂരിലെ പകുതിയിലേറെ വരുന്ന ജനസംഖ്യ താമസിക്കാന്‍ പാടുള്ളൂ എന്നൊരു വ്യവസ്ഥ മാറണമെങ്കില്‍ മെയ്‌തെയികള്‍ക്ക് സ്വാതന്ത്ര്യത്തിനു മുമ്പുണ്ടായിരുന്ന പട്ടികവര്‍ഗ്ഗ പദവി തിരികെ കിട്ടേണ്ടത് ആവശ്യമാണ്. സ്വന്തം സംസ്ഥാനത്തുപോലും താഴ്‌വര വിട്ടു മറ്റു പ്രദേശങ്ങളില്‍ സ്ഥലം വാങ്ങാനോ, താമസിക്കാനോ സാധിക്കാത്ത ഈ അവസ്ഥയ്ക്ക് എതിരെയായിരുന്നു മെയ്‌തെയികളുടെ നിയമപോരാട്ടം. അതാണ് അവസാനം ഹൈക്കോടതിയും അംഗീകരിച്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം കൊടുക്കുന്നതില്‍ എത്തിച്ചത്.

കേന്ദ്ര-സംസ്ഥാന ഭരണസിരാകേന്ദ്രങ്ങളും, പ്രധാന വ്യാപാര വാണിജ്യമേഖലകളും, യാത്രാസൗകര്യങ്ങളും, തീര്‍ത്ഥാടന കേന്ദ്രങ്ങളും, വിനോദസഞ്ചാര കേന്ദ്രങ്ങളുമൊക്കെ പ്രധാനമായും ഇംഫാല്‍ താഴ്‌വര കേന്ദ്രീകരിച്ചാണ് ഉള്ളത്. താഴ്‌വര വിട്ടു മലനിരകളിലേയ്ക്ക് കുടിയേറാന്‍ കഴിയാത്ത മെയ്‌തെയികളാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. താഴ്വരയില്‍ ആവാസമില്ലാത്ത കുക്കി-നാഗാ തുടങ്ങിയ ഗോത്ര വിഭാഗക്കാര്‍ക്ക് ഇതിലെല്ലാം പങ്ക് വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഇതില്‍ നിന്നെല്ലാം ഉള്ള വരുമാനം പ്രധാനമായും മെയ്‌തെയികളുടെ കൈവശമാണ് ചെന്നുചേരുന്നത്. മെയ്‌തെയികള്‍ക്ക് ഇപ്രകാരം സാമ്പത്തിക വികസനം കൈവരുകയും തങ്ങള്‍ക്ക് ലഭിക്കാതിരിക്കുകയും ചെയ്യുന്ന ഈ സാമ്പത്തിക അസമത്വത്തില്‍ നാഗാ-കുക്കി വിഭാഗങ്ങള്‍ അസന്തുഷ്ടരും, അസ്വസ്ഥരുമാണ്. ഭരിക്കുന്നത് ഏത് പാര്‍ട്ടി ആയാലും ഇംഫാല്‍ താഴ്വരയില്‍ ജീവിക്കുന്ന മെയ്‌തെയികളുടെ താല്പര്യങ്ങള്‍ സംരക്ഷിച്ചു മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ എന്നൊരു വസ്തുത ഉണ്ട്. കാരണം മെയ്‌തെയികളുടെ സഹകരണമില്ലാതെ ഇംഫാല്‍ താഴ്വരയില്‍ മാത്രമല്ല മണിപ്പൂരില്‍ തന്നെ മുന്നോട്ട് പോകാന്‍ സാധ്യമല്ല. ഈ മെയ്‌തെയികള്‍ ഹിന്ദുക്കളും പാരമ്പര്യമായി അനാദികാലം മുതല്‍ എല്ലാ ഹിന്ദു ആചാര അനുഷ്ഠാനങ്ങളും പാലിക്കുകയും ഹിന്ദു സംസ്‌കാരം പൂര്‍ണ്ണമായും അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ്. എങ്കിലും ചിലരൊക്കെ മുസ്ലിം, ബുദ്ധ, ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഈ വിഷയം ഇത്രയും രൂക്ഷമാകാന്‍ കാരണം മെയ്‌തെയികള്‍ക്ക് ഗോത്രപദവി കൊടുത്താല്‍ അവര്‍ മലകളിലേയ്ക്ക് കുടിയേറുമെന്നും, തങ്ങള്‍ക്ക് അതൊരു ഭീഷണിയാകുമെന്നും കുക്കി-നാഗാ വിഭാഗങ്ങള്‍ ഭയപ്പെടുന്നു. കുക്കി-നാഗാ സംഘര്‍ഷങ്ങള്‍ പതിവാണെങ്കിലും, ഈ ഗോത്രങ്ങള്‍ പരസ്പരം പോരടിച്ചു പലതവണ രക്തച്ചൊരിച്ചില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഇവര്‍ ഒരുമിച്ചു മെയ്‌തെയികളെ എതിര്‍ക്കുന്നതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. അതാണ് കുക്കി-നാഗാ വിഭാഗങ്ങള്‍ മെയ്‌തെയി വിഭാഗത്തിന് ഗോത്ര പദവി നല്‍കുന്ന നടപടിയെ സംശയത്തോടെ കാണുന്നതും, ശക്തമായി എതിര്‍ക്കുന്നതും.

മണിപ്പൂരിലെ ആകെ ജനസംഖ്യയുടെ 40% ആണ് നാഗാ-കുക്കി വിഭാഗങ്ങള്‍. ഇവരാണ് മണിപ്പൂരിലെ ഭൂവിസ്തൃതിയുടെ 90% വരുന്ന മലനിരകളും കയ്യടക്കി വച്ചിരിക്കുന്നത്. ഈ മലനിരകള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന്, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, കള്ളക്കടത്ത്, തീവ്രവാദ – വിഘടനവാദ – ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായ 90% പ്രദേശവും നാഗാ-കുക്കി വിഭാഗങ്ങളുടെ കൈവശമാണ്. അത് 1970 കാലഘട്ടം മുതല്‍ വിഘടനവാദത്തിന്റെയും, തീവ്രവാദത്തിന്റെയും, രാജ്യദ്രോഹത്തിന്റെയും സുരക്ഷിത സ്ഥാനമായിരുന്നു. ഈ സുരക്ഷിത സ്ഥാനത്തിന് ഒരു വെല്ലുവിളി ആയാണ് താഴ്വരയില്‍ നിന്നുള്ള മെയ്‌തെയികളുടെ ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള കുടിയേറ്റത്തെ നാഗ-കുക്കി വിഭാഗങ്ങള്‍ കാണുന്നത്. സന്ദര്‍ഭവശാല്‍ സ്വാതന്ത്ര്യത്തിന് മുമ്പേ തന്നെ നാഗാ-കുക്കി തുടങ്ങിയ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍ തുടങ്ങിയ ക്രിസ്ത്യന്‍ മതപ്രചാരണം കാരണം ഈ ഗോത്രങ്ങള്‍ ഒന്നാകെ തന്നെ ക്രിസ്ത്യന്‍ മതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മലനിരകളില്‍ #ൗവസിക്കുന്ന ഗോത്രവര്‍ഗ്ഗക്കാരെ ജ്ഞാനസ്‌നാനം ചെയ്യിക്കുന്നതില്‍ പ്രധാന പങ്കു വഹിച്ചത് വിദേശ മിഷണറിമാര്‍ മാത്രമല്ല കേരളത്തില്‍ നിന്നും പോയ പാസ്റ്റര്‍മാരും, കന്യാസ്ത്രീകളും, അച്ചന്മാരും ഉള്‍പ്പെടുന്നവരുമാണ്. അതുകൊണ്ടാണ് ഹിന്ദു മെയ്‌തെയികള്‍ക്കെതിരെയുള്ള നാഗാ-കുക്കി ഗോത്രങ്ങളുടെ ആക്രമണം ഹിന്ദു-ക്രിസ്ത്യന്‍ കലാപമായി ചിത്രീകരിക്കപ്പെടുന്നത്. മലനിരകളിലെ ക്രിസ്ത്യന്‍ പള്ളികള്‍ കേന്ദ്രീകരിച്ചുകൊണ്ട് ആരെയും ഭയപ്പെടാതെ കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി ഭാരതത്തിനെതിരെ ആയുധമെടുത്തു പോരാടുന്ന 30 ലേറെ സായുധ ഗ്രൂപ്പുകള്‍ മണിപ്പൂരില്‍ നിലവിലുണ്ട്.

മണിപ്പൂരിലെ സായുധ ഗ്രൂപ്പുകള്‍
കുക്കി ലിബറേഷന്‍ ആര്‍മി, പീപ്പിള്‍സ് യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട്, കുക്കി നാഷണല്‍ ഫ്രണ്ട്, മാര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍ -ഡെമോക്രസി, കുക്കി നാഷണല്‍ ആര്‍മി, കുക്കി റെവല്യൂഷനറി ആര്‍മി, സോമി റെവല്യൂഷനറി ആര്‍മി, യുണൈറ്റഡ് കുക്കി ലിബറേഷന്‍ ഫ്രണ്ട്, നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡ് ഇസ്ഹാഖ് മുയ്-വാ, മണിപ്പൂര്‍ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട്, കാന്‍ഗ്ലെയ്പാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മണിപ്പൂര്‍, കാംഗ്ലെ യാവോള്‍ കന്നാ ലൂപ്, പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി, പീപ്പിള്‍സ് റെവല്യൂഷനറി പാര്‍ട്ടി ഓഫ് കാന്‍ഗ്ലെയ്പാക്, യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, മാര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍, ചിന്‍ കുക്കി റെവല്യൂഷനറി ഫ്രണ്ട്, മാര്‍ റെവല്യൂഷനറി ഫ്രണ്ട്, ഇന്‍ഡിജീനിയസ് പീപ്പിള്‍സ് റെവല്യൂഷനറി ഫ്രണ്ട്, ഇരിപ്പാക് കന്‍ബാ ലൂപ്പ്, കാന്‍ഗ്ലെയ്പാക് കന്‍ബാ കാങ്ലൂപ്, കാന്‍ഗ്ലെയ്പാക് ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, കോം രേം പീപ്പിള്‍സ് കണ്‍വെന്‍ഷന്‍, മാര്‍ നാഷണല്‍ ആര്‍മി, മണിപ്പൂര്‍ ലിബറേഷന്‍ ടൈഗര്‍ ആര്‍മി, നോര്‍ത്ത് ഈസ്റ്റ് മൈനോറിറ്റി ഫ്രണ്ട്, കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍, കുക്കി ഇന്റര്‍നാഷണല്‍ ഫോഴ്‌സ് എന്നിവയാണ് മണിപ്പൂരിലെ സായുധ ഗ്രൂപ്പുകള്‍.

എല്ലാ സായുധ ഗ്രൂപ്പുകളും താവളമാക്കിയിരിക്കുന്നത് മലകളിലാണ്. ഇവരുടെ കൈവശമുള്ളത് അമേരിക്കന്‍, റഷ്യന്‍, ചൈനീസ് നിര്‍മ്മിതമായ അത്യന്താധുനികമായ റോക്കറ്റ് ലോഞ്ചറുകളും, യന്ത്രത്തോക്കുകളും, ബോംബുകളും, വെടിയുണ്ടകളും, കൈത്തോക്കുകളുമാണ്. ഇവര്‍ക്കെല്ലാം മലകളില്‍ സ്വന്തമായി ആസ്ഥാനങ്ങളും, പട്ടാള ട്രെയിനിങ് കേന്ദ്രങ്ങളും, ഭരണ സംവിധാനങ്ങളുമുണ്ട്. The Manipur State Hill People (Administration) Regulation, 1947, The Manipur (Village Authorities in Hill Areas) Act, 1956 എന്നീ നിയമങ്ങളൊക്കെ ഉണ്ടെങ്കിലും ഈ നിയമങ്ങളെക്കാള്‍ നാഗാ-കുക്കി ഗോത്രങ്ങള്‍ അവരുടെ ഗോത്ര പട്ടാളങ്ങളുടെ നിയമങ്ങള്‍ അനുസരിച്ചാണ് ജീവിക്കുന്നത്.

ഈ വിഘടനവാദികള്‍ക്ക് ആയുധം കൊടുത്തു ഭാരതത്തിനെതിരെ പോരാടാന്‍ പ്രകോപിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര അച്ചുതണ്ട് തന്നെ നിലവിലുണ്ട്. ഭാരതത്തിനകത്ത് അസ്ഥിരതയും, അസ്വസ്ഥതയും സൃഷ്ടിക്കലാണ് ഇവരുടെ പ്രധാന അജണ്ട. ഇതിനു പിന്നില്‍ ചൈന, പാകിസ്ഥാന്‍ രാജ്യങ്ങളുടെ ചാരസംഘടനകളും, ഇസ്ലാമിക ഭീകരവാദികളും, അന്താരാഷ്ട്ര ആയുധ വ്യാപാരികളും, മയക്കുമരുന്ന് മാഫിയയും, കള്ളനോട്ട്, പെണ്‍വാണിഭ സംഘങ്ങളും എല്ലാം ഉള്‍പ്പെടും. ഇവര്‍ക്ക് ആവശ്യമായ രാഷ്ട്രീയ പിന്തുണ കൊടുക്കുന്നവരും, പത്രമാധ്യങ്ങളിലൂടെ ഈ ഭാരത വിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നവരുമായി മീഡിയ സിന്‍ഡിക്കേറ്റ് അടക്കം ഒരു വന്‍ സംവിധാനം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം പോലും സമയം അവശേഷിക്കുന്നില്ല എന്നിരിക്കെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുന്നത് തടയാനും, അങ്ങനെ ഭാരതത്തിന്റെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലുള്ള ഇപ്പോഴത്തെ മേല്‍ക്കോയ്മ തകര്‍ക്കാനും, സാമ്പത്തിക അസ്ഥിരത സൃഷ്ടിക്കാനുമായി ഒരു വന്‍ അന്താരാഷ്ട്ര ഗൂഢാലോചന നടക്കുന്നതിന്റെ ഭാഗമാണോ ഈ മണിപ്പൂര്‍ കലാപം എന്നത് അന്വേഷണങ്ങള്‍ തെളിയിക്കും. സംസ്ഥാന സര്‍ക്കാര്‍ വിഘടനവാദി-ഭീകരവാദി സംഘടനകള്‍ നിയന്ത്രിക്കുന്ന മലനിരകളിലേക്ക് എത്തുന്നത് തടയുക എന്നൊരു അജണ്ട കൂടി ഈ കലാപത്തിന്റെ പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാലങ്ങളായി ആരും കടന്നു ചെല്ലാതെ സ്വന്തം സാമ്രാജ്യം പോലെ കൊണ്ടു നടന്നിരുന്ന ഓരോ മലയിലേക്കും സംസ്ഥാന സര്‍ക്കാര്‍ പോലീസ്, സായുധ സേനയുമായി കടന്നു ചെന്നാല്‍ അവസാനിക്കുന്നത് രാജ്യദ്രോഹം കൊണ്ട് ജീവിതം കഴിക്കുന്ന നിരവധി വിധ്വംസക ശക്തികളുടെ ഉപജീവനമാര്‍ഗ്ഗമാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇംഫാല്‍ താഴ്വരയില്‍ മാത്രമായി സര്‍ക്കാര്‍ സംവിധാനങ്ങളെയും, തങ്ങളുടേത് അല്ലാത്ത മറ്റു ജനവിഭാഗങ്ങളെയും ഒതുക്കി നിര്‍ത്തേണ്ടത് ആവശ്യമാണ്. മെയ്‌തെയികള്‍ക്ക് ഗോത്രപദവി നല്‍കിയാല്‍ അവര്‍ക്കും മലനിരകളില്‍ സ്ഥലങ്ങള്‍ വാങ്ങുവാനും, അവിടെ വീട് വെയ്ക്കാനും, സ്ഥിരതാമസക്കാരാകാനും സാധിക്കും. അതോടെ മലനിരകളിലെ നാഗാ-കുക്കി അപ്രമാദിത്വം, ഏകപക്ഷീയമായ മേധാവിത്വം എന്നിവ അവസാനിക്കും. ഇതിനെ പ്രതിരോധിക്കാനായി അവര്‍ പ്രചരിപ്പിക്കുന്നത് ഇംഫാല്‍ താഴ്വരയിലെ എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്ന മെയ്‌തെയികള്‍ മലനിരകളില്‍ കടന്നു വന്ന് തങ്ങളുടെ ആവാസങ്ങള്‍ കീഴടക്കി, തങ്ങളുടെ സംസ്‌കാരത്തെ നശിപ്പിക്കുന്നു എന്നാണ്. എന്നാല്‍ യാഥാര്‍ത്ഥ്യം നാഗാ-കുക്കി ഗോത്രങ്ങളുടെ സംസ്‌കാരങ്ങള്‍ ഇതിനോടകം ഇല്ലാതായിക്കഴിഞ്ഞു എന്നതാണ്. അവരെല്ലാം കൃസ്ത്യാനികളായി മതം മാറി ഇപ്പോള്‍ പള്ളിയിലൂടെയാണ് അവിടെ പ്രാദേശിക ഭരണം തന്നെ നടക്കുന്നത്. കുക്കി-നാഗാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ക്രിസ്ത്യന്‍ സഭകളാണ് ഈ വിഷയം ആളിക്കത്തിച്ച് മണിപ്പൂരില്‍ ക്രിസ്ത്യന്‍ പീഡനം നടക്കുന്നു എന്ന് വരുത്തിത്തീര്‍ക്കുന്നത്.

 

വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മുമ്പ് ഉണ്ടായിരുന്ന വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ മിക്കവാറും തന്നെ അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭീകരവാദ ആക്രമണങ്ങള്‍ നടന്നിരുന്ന ആസാം ഇന്ന് ശാന്തമാണ്. മണിപ്പൂരിലെയും, നാഗാലാന്റിലേയും വിഘടനവാദി ഗ്രൂപ്പുകള്‍ കേന്ദ്ര സര്‍ക്കാരുമായി സമാധാന ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ അവസാനിക്കാന്‍ പോകുന്നത് അമ്പതിലേറെ വര്‍ഷക്കാലമായി മണിപ്പൂര്‍ മലനിരകള്‍ സ്വന്തം കൈപ്പിടിയില്‍ ഒതുക്കി സ്വന്തം രാജ്യം പോലെ അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ പരമാധികാര രാഷ്ട്രം സ്വപ്‌നം കാണുന്ന ക്രിസ്ത്യന്‍ മതമേധാവികളുടെയും, അവരുടെ ചൊല്‍പ്പടിയ്ക്ക് നില്‍ക്കുന്ന സായുധ ഗ്രൂപ്പുകളുടെയും നിലനില്‍പ്പായിരിക്കും. അതുകൊണ്ടുതന്നെ മണിപ്പൂരിലെ മലനിരകളിലെയും, താഴ്‌വരകളിലെയും ഗോത്രവര്‍ഗ്ഗങ്ങള്‍ തമ്മിലടിക്കേണ്ടതും, പരസ്പര വിദ്വേഷത്തോടെ പോരടിക്കേണ്ടതും, ഈ മതരാഷ്ട്രവാദികളുടെ ആവശ്യമാണ്. ഇതിനായി ബംഗ്‌ളാദേശില്‍ നിന്നും റോഹിന്‍ഗ്യകളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു. അവരെ സമാധാന പ്രേമികളും, ശാന്തശീലരുമായ ഹിന്ദു മെയ്‌തെയികളുടെ ആവാസകേന്ദ്രമായ ഇംഫാല്‍ താഴ്‌വര പ്രദേശത്തു കുടിയിരുത്തുന്നു. സമാധാനം നിലനില്‍ക്കുന്ന താഴ്‌വരയില്‍ അസ്വസ്ഥത പടര്‍ത്തുന്നു. എന്നിട്ട് അതില്‍ നിന്നും മുതലെടുപ്പ് നടത്തുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുമ്പോള്‍ അത് മുതലെടുക്കുന്ന രാജ്യത്തിനകത്തെ ശത്രുക്കള്‍ ഈ വിഷയം അവരുടെ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. വംശീയ സംഘര്‍ഷം വര്‍ഗ്ഗീയതയാക്കി മാറ്റി അത് രാഷ്ട്രീയത്തില്‍ വോട്ടാക്കി മാറ്റാന്‍ കഴിയുമോ എന്ന് ശ്രമിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് കേരളത്തില്‍ നിന്നുള്ളവരാണ് എന്നുള്ളതാണ് ഖേദകരം. തല്‍പര കക്ഷികളുടെ നേട്ടത്തിനായി കൃത്രിമമായി വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് സൃഷ്ടിച്ചതാണോ ഈ കലാപം എന്ന് അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പൂര്‍ത്തിയായാല്‍ ഉറപ്പാക്കാന്‍ സാധിക്കും. കാരണം അണഞ്ഞുപോയ തീ വീണ്ടും ആളിക്കത്തിച്ചാണ് ഈ കലാപം സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനു പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ ആരൊക്കെയെന്ന് കണ്ടുപിടിച്ച് അവരെ ശിക്ഷിക്കേണ്ടതുണ്ട്.

മണിപ്പൂര്‍ കലാപം ആരംഭിച്ചപ്പോള്‍ അത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഹിന്ദു മെയ്‌തെയികളുടെ ആക്രമണമാണ് എന്ന തരത്തിലുള്ള പ്രചാരണം ആദ്യമായി ആരംഭിച്ചത് കേരളത്തിലായിരുന്നു. കേരളത്തില്‍ പത്രപ്രസ്താവനകളും, മോദി സര്‍ക്കാരിനെതിരെ ആക്രോശങ്ങളും മുഴങ്ങി. ഈ ആക്രോശങ്ങള്‍ മുഴക്കി കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയവര്‍ അനുകൂലിച്ചിരുന്നത് കഴിഞ്ഞ അര നൂറ്റാണ്ടായി മണിപ്പൂര്‍ മലനിരകളില്‍ അത്യന്താധുനിക ആയുധങ്ങളുമായി ഭാരതത്തിനെതിരെ പോരാടിക്കൊണ്ടിരുന്ന സായുധ ക്രിസ്ത്യന്‍ കമ്മ്യൂണിസ്റ്റു ഭീകരവാദികളെയാണ്.
ഗോത്രവര്‍ഗ്ഗക്കാരും, ഇതരവര്‍ഗ്ഗക്കാരും തമ്മിലുള്ള വംശീയ വിവേചനം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എല്ലാ ഗോത്രവര്‍ഗ്ഗ മേധാവിത്വമുള്ള പ്രദേശത്തും കാണാവുന്നതാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് മൃഗീയ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ അവരുടെ സ്വയംഭരണ കൗണ്‍സിലുകളാണ് ഭരണം നടത്തുന്നത്. മണിപ്പൂര്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം ജില്ലാ കൗണ്‍സില്‍ അനുമതി ഇല്ലാതെ ആര്‍ക്കും സ്ഥലം കിട്ടില്ല. അത്തരം പ്രദേശങ്ങളില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് കുറവാണ്. ഗോത്രവര്‍ഗ്ഗങ്ങള്‍ക്ക് അവരുടെ സ്വത്വം സംരക്ഷിക്കാനുള്ള അവകാശം ഉള്ളതിനാല്‍ അവരുടെ എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന് ഇടപെടാന്‍ സാധ്യമല്ല.

ഈ കലാപത്തിന് പരിഹാരമായി ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരോ, കേന്ദ്ര സര്‍ക്കാരോ സ്വീകരിച്ച് കലാപം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ കൊല്ലപ്പെടുന്നത് ഈ ക്രിസ്ത്യന്‍ സായുധ ഗ്രൂപ്പുകളായിരിക്കും. അപ്പോള്‍ അതിന്റെ പേരില്‍ ന്യൂനപക്ഷപീഡനം എന്ന മുറവിളികൂട്ടി ക്രിസ്ത്യന്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനും, ഇപ്പോള്‍ ബിജെപിയോട് മൃദുമനോഭാവം പുലര്‍ത്തുന്ന ക്രൈസ്തവരെ അകറ്റാനും, അതിന്റെ പേരില്‍ ആഗോളതലത്തില്‍ ഫണ്ട് പിരിവ് നടത്താനുമായിരിക്കും തല്‍പര കക്ഷികളുടെ ശ്രമം. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഘടനവാദികള്‍ക്ക് എതിരെ ഭൂട്ടാനില്‍ റോയല്‍ ഭൂട്ടാന്‍ ആര്‍മിയുടെ സഹായത്തോടെ ഓപ്പറേഷന്‍ ആള്‍ ക്ലിയര്‍ നടത്തിയതുപോലെ ഒരു ഓപ്പറേഷന്‍ മണിപ്പൂര്‍ മലനിരകളില്‍ നടത്തിയാല്‍ തീരാവുന്നതേയുള്ളൂ ഈ വിഘടനവാദവും കലാപവും. പക്ഷെ അത്തരത്തിലുള്ള ഏതൊരു നടപടിയും ഗുരുതരമായ മനുഷ്യാവകാശ ലംഘനമായി ലോകത്തിനു മുന്നില്‍ ചിത്രീകരിക്കാന്‍ ഇന്ത്യന്‍ മാധ്യമങ്ങളും, ഇന്ത്യന്‍ പ്രതിപക്ഷ പാര്‍ട്ടികളും തന്നെ മത്സരിക്കും എന്നുള്ളതുകൊണ്ട് സംയമനത്തോടെയുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. അതിര്‍ത്തി കടന്നുപോലും ആക്രമിച്ചു ശത്രുക്കളെ ഇല്ലാതാക്കാന്‍ കെല്‍പ്പുള്ള ഇന്ത്യന്‍ പട്ടാളത്തിന് അസാധ്യമല്ല മണിപ്പൂരിലെ കലാപം അടിച്ചമര്‍ത്തുക എന്നത്. പക്ഷെ ജനാധിപത്യരാജ്യത്ത് ജനാധിപത്യപരമായ പരിഹാരങ്ങള്‍ ലഭ്യമാകുമ്പോള്‍ കലാപകാരികള്‍ക്ക് അക്രമത്തിന്റെ വഴി ഉപേക്ഷിക്കാന്‍ പരമാവധി അവസരങ്ങള്‍ കൊടുക്കാമെന്നു വിശ്വസിക്കുന്ന ഭരണാധികാരികളാണ് ഇന്ന് ഭാരതം ഭരിക്കുന്നത്.

മെയ് 4-ലെ വീഡിയോ രണ്ടര മാസം പൊന്നുപോലെ സൂക്ഷിച്ച് ജൂലായ് മാസം 19-ന് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് പുറത്തുവിട്ട് പാര്‍ലമെന്റിലെ ചര്‍ച്ച വഴിമാറ്റാന്‍ ശ്രമിച്ച പ്രതിപക്ഷ കക്ഷികള്‍ തന്നെ ആയിരിക്കും ഒരു പക്ഷെ കുക്കി വനിതകള്‍ ബലാല്‍സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്കുവേണ്ടി പാതിരായ്ക്ക് സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടുന്നത്. മുംബയ് കലാപത്തിനാധാരമായ സ്‌ഫോടനപരമ്പരകളിലെ പ്രതി യാക്കൂബ് മേമനുവേണ്ടി പാതിരായ്ക്ക് സുപ്രീം കോടതിയുടെ വാതിലില്‍ മുട്ടി വേട്ടക്കാരന് നീതി തേടിയ ചരിത്രമാണ് അവരുടേത്.

അഭൗമമായ പ്രകൃതി സൗന്ദര്യത്താല്‍ അനുഗ്രഹീതമായൊരു നാട്. ഭാരതീയ പുരാണങ്ങളിലും, ആധുനിക ഇന്ത്യന്‍ ചരിത്രത്തിലും ഒരുപോലെ പ്രാധാന്യമുള്ള നാട്. ഭാരതത്തിന്റെ അവിഭാജ്യമായ ഒരു അംഗം അതാണ് മണിപ്പൂര്‍. ആ മണിപ്പൂരിന്റെ ചരിത്രത്തിനു മഹാഭാരതത്തോളം പഴക്കമുണ്ട്. ഭഗവാന്‍ ശ്രീകൃഷ്ണന്റെ പ്രിയപത്‌നിയായ രുഗ്മിണി മണിപ്പൂര്‍ സ്വദേശിയാണെന്നാണ് വിശ്വാസം. അതുപോലെ അര്‍ജ്ജുനന്റെ ഭാര്യ ചിത്രാംഗദ മണിപ്പൂര്‍ രാജകുമാരി ആയിരുന്നെന്നും അര്‍ജുന പുത്രനായ ബബ്രൂവാഹനന്‍ ഭരിച്ചിരുന്ന നാടാണ് മണിപ്പൂര്‍ എന്നുമാണ് പ്രാദേശിക വിശ്വാസം. അതുമായി ബന്ധപ്പെട്ട നിരവധി ആചാരങ്ങളും, അനുഷ്ഠാനങ്ങളും, കലാരൂപങ്ങളും ഇന്നും മണിപ്പൂരില്‍ നിലനില്‍ക്കുന്നുണ്ട്. ഭാരതീയ ചരിത്രത്തില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യന്‍ നാഷണല്‍ ആര്‍മി രൂപീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ പോര്‍മുഖം തുറന്ന പ്രദേശവും മണിപ്പൂരിലാണ്. മാത്രമല്ല ബ്രിട്ടീഷുകാരെ ജപ്പാന്റെ സഹായത്തോടെ തോല്‍പ്പിച്ചു മുന്നേറി ഭാരതത്തെ സ്വതന്ത്രമാക്കാന്‍ നേതാജിയോടൊപ്പം അനേകായിരം സൈനികര്‍ ജീവന്‍ വെടിഞ്ഞ നാടാണ് മണിപ്പൂര്‍. ആ ചരിത്രത്തിന്റെ സ്മാരകശിലകള്‍ ഇപ്പോഴും മണിപ്പൂരില്‍ ദൃശ്യമാണ്. ഇപ്രകാരമുള്ള മണിപ്പൂരിനെ കലാപകലുഷിത ഭൂമിയാക്കി ഭാരതത്തില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമവും എന്തുവിലകൊടുത്തും മുളയിലേ നുള്ളേണ്ടത് ആവശ്യമാണ്. അതിന് വേണ്ട ആര്‍ജ്ജവം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കൈക്കൊള്ളുന്നുണ്ട്. മണിപ്പൂര്‍ കലാപത്തിന്റെ പിന്നാമ്പുറക്കഥകള്‍ കണ്ടെത്താനായി ഇതിനോടകം സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആ അന്വേഷണഫലങ്ങള്‍ പുറത്തുവരുന്നതുവരെ മാത്രമേ അസത്യവും, അര്‍ദ്ധസത്യവും പ്രചരിപ്പിച്ചു ഭാരതത്തെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന ഉപജാപകവൃന്ദങ്ങളുടെ വാക്കുകള്‍ക്ക് ആയുസ്സുണ്ടാവുകയുള്ളൂ. അതുവരെയ്ക്കും ഇനിയൊരു തുള്ളി ചോര പോലും കലാപത്തിന്റെ പേരില്‍ ഒഴുകില്ലെന്നു നമുക്ക് പ്രത്യാശിക്കാം.

 

ShareTweetSendShare

Related Posts

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

കേരളം കര്‍ഷകന്റെ ശവപ്പറമ്പായി മാറരുത്

വിശുദ്ധ വിളയെ കാക്കാന്‍ ജീവനേകുന്നവര്‍

കേരളം കര്‍ഷകരുടെ ആത്മഹത്യാ മുനമ്പാകുന്നോ?

ഹമാസിന്റെ സ്വന്തം കേരളം…..!

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

വിജയന്‍ സഖാവ് ഭരിക്കുമ്പോള്‍ ഇസ്രായേല്‍ എന്നു മിണ്ടരുത്

ഇന്നത്തെ ഗാസ നാളത്തെ കേരളം

വേലിയില്‍ കയറി നില്‍ക്കുന്ന മുസ്ലിംലീഗ്

ഹൃദയഭൂമിയിലെ വിജയകമലം

ശരണപാതയിലെ അശനിപാതങ്ങള്‍

പരിസ്ഥിതിസൗഹൃദ ശബരിമല തീര്‍ത്ഥാടനം

ഹരിതധീശ്വരനായ ഹരിഹരസുതന്‍

ആഗോള വിശപ്പ് സൂചിക 2023 ഒരു ഗൂഢാലോചനയോ?

ഗുരു വ്യാജ ഗാന്ധി രാഹുല്‍ ശിഷ്യന്‍ വ്യാജ ഐഡി കാര്‍ഡ് രാഹുല്‍!

മാവോയിസ്റ്റ് ഭീഷണി- കാലം തെറ്റിയ അപസ്വരങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies