കണ്ണൂരിലെ സഖാക്കളാണ് കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലെ മാര്‍ക്സിസ്റ്റ് എന്ന പദത്തിന് വൈരുദ്ധ്യാത്മക ഭൗതികവാദ സൗന്ദര്യശാസ്ത്രപ്രകാരമുള്ള അര്‍ത്ഥം വ്യാഖ്യാനിച്ചത്. അക്കാര്യത്തില്‍ ജയരാജന്മാരാണ് മുമ്പന്മാര്. ഒരു ജയരാജന് ശൂംഭന് എന്ന വാക്കിന്റെ സൗന്ദര്യശാസ്ത്രവും ഭാഷാശാസ്ത്രപരവുമായ അര്‍ത്ഥം വ്യാഖ്യാനിച്ച് കോടതിയില്‍ നിന്ന് സമ്മാനം ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ശൂംഭന് ജയരാജനായി. പാര്‍ട്ടിയുടെ ചുരുക്കപ്പേരിലെ ‘എം’ മാര്‍ക്സിസത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് സഖാക്കളുടെ നിലപാട്. ഈ ‘എം’ എന്നതിന് അതിനപ്പുറം ഭാഷാശാസ്ത്രപരമായ അര്‍ത്ഥതലവും സൗന്ദര്യശാസ്ത്രപരമായ ദര്‍ശനവുമുണ്ട് എന്ന് മറ്റു രണ്ട് ജയരാജന്മാരും സിദ്ധാന്തിച്ചിരിക്കയാണ്. പി. ജയരാജന് അതു പച്ചയ്ക്ക് പറഞ്ഞതു ഇടതുപക്ഷത്തിന്റെ കണ്ണൂരിലെ ഏകീകൃത സിവില്‍ നിയമവിരുദ്ധ സെമിനാറിലാണ്. അതു പറയാന്‍ പറ്റിയ വേദി അതില്‍പ്പരം വേറെ ഇല്ലല്ലോ. മോര്‍ച്ചറി എന്നതാണ് പാര്‍ട്ടിയുടെ ചുരുക്കപ്പേരിലെ ‘എം’ എന്ന് സഖാവ് യുവമോര്‍ച്ചക്കാരെ ഓര്‍മ്മപ്പെടുത്തി. യുവമോര്‍ച്ചക്കാര്‍ക്ക് മോര്‍ച്ചറി കാണിച്ചുകൊടുക്കും തന്റെ പാര്‍ട്ടി എന്നു തന്നെ പറഞ്ഞതിന്റെ ചുരുക്കം.
വാടിക്കല്‍ രാമകൃഷ്ണന് തൊട്ട് ഇങ്ങോട്ട് എത്ര ആര്.എസ്.എസ്. – ബി.ജെ. പി പ്രവര്‍ത്തകര്‍ക്കാണ് സഖാക്കള്‍ മോര്‍ച്ചറി കാണിച്ചു കൊടുത്തത് എന്നത് അവര്‍ക്കു തന്നെ അറിയില്ല. അരിയില്‍ ഷുക്കൂര്‍ മുതലുള്ള ലീഗുകാര്‍ വേറെയും. പാര്‍ട്ടി സഖാക്കളില്‍ നിന്നും മോര്ച്ചറിപ്പണി പഠിച്ചവരെ ഉള്‍പ്പെടുത്തി പി.ജെ ആര്‍മിയും ഉണ്ടാക്കി. കണ്ണൂരില്‍ മാത്രമല്ല കേരളമൊട്ടാകെ പാര്‍ട്ടി വര്‍ഗ്ഗശത്രുവായി കാണുന്നവര്‍ക്കൊക്കെ സഖാക്കള്‍ മോര്‍ച്ചറി കാണിച്ചുകൊടുത്തിട്ടുണ്ട്. മോര്‍ച്ചറിക്ക് ഭാഷാപരമായ അര്‍ത്ഥതലം വ്യാഖ്യാനിക്കാന്‍ ഇടത് കണ്‍വീനര്‍ കൂടി തയ്യാറായതോടെ ഈ പദപ്രയോഗത്തിന് ഔദ്യോഗിക ഉറപ്പുകിട്ടി. ഇനി സി.പി.എം എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മോര്‍ച്ചറി) എന്ന് തിരുത്തി വായിക്കാം.