ആഗോള ഇസ്ലാമിക മതമൗലികവാദത്തിന്റെ പ്രഭവകേന്ദ്രം സിറിയയില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും കേരളത്തിലേക്ക് മാറ്റിസ്ഥാപിക്കുന്ന പണി മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഏറ്റെടുത്തിരിക്കുകയാണ്. സിറിയയിലും അഫ്ഗാനിസ്ഥാനിലും രാഷ്ട്രീയാധികാരം പിടിച്ചെടുത്തുകൊണ്ടാണ് ഇസ്ലാമിക മതമൗലികവാദികള്‍ തങ്ങളുടെ അധീശത്വം ഉറപ്പിച്ചത്. എന്നാല്‍ കേരളത്തില്‍ അവര്‍ക്കു ചുവപ്പു പരവതാനി വിരിച്ച് ഈ ലക്ഷ്യം നേടാന്‍ തങ്ങളുടെ ഭരണസ്വാധീനത്തെ അടിമപ്പെടുത്തിയിരിക്കയാണ് സി.പി.എം. ഇസ്ലാമിക മൗലികവാദം എന്നത് എത്ര തിന്നാന്‍ കൊടുത്താലും തൃപ്തിയാവാത്ത ചെകുത്താനാണ് എന്ന യാഥാര്‍ത്ഥ്യം മാര്‍ക്‌സിസ്റ്റുകാരെ പഠിപ്പിച്ചുകൊടുക്കുന്നതാണ് ഇയ്യിടെ കോഴിക്കോട്ട് അവര്‍ സംഘടിപ്പിച്ച ജനകീയ ദേശീയ സെമിനാര്‍. പാര്‍ട്ടിയന്ത്രം ഉപയോഗിച്ച് ആളെ കൂട്ടിയത് സമസ്ത ഉള്‍പ്പെടെയുള്ള മതമൗലികവാദികള്‍ക്ക് മാന്യത നല്‍കാനായിരുന്നു, അവരുടെ പ്രാകൃത ചിന്താഗതിയ്ക്ക് കയ്യടിക്കാനായിരുന്നു. എന്നിട്ടെന്തുണ്ടായി?
വ്യക്തിനിയമത്തില്‍ അതാതു സമുദായത്തിന്റെ സമ്മതമില്ലാതെ മാറ്റം വരുത്തരുത് എന്നാണ് സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരി സെമിനാറില്‍ പ്രസംഗിച്ചത്. ഇതുപോലും സമസ്തക്ക് സ്വീകാര്യമായിരുന്നില്ല. യെച്ചൂരിയുടെ നിലപാട് സമസ്തയ്ക്ക് സ്വീകാര്യമല്ല എന്നു പച്ചയായി സമസ്ത നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദുള്‍ സമദ് പൂക്കോട്ടൂര്‍ പറഞ്ഞത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തത് നോക്കേണ്ട, സമുദായത്തിനകത്തു നിന്നു അഭിപ്രായമുണ്ടായാല്‍പോലും വ്യക്തി നിയമം മാറ്റുന്ന പ്രശ്‌നമില്ല എന്നാണ്. ഇത്ര യാഥാസ്ഥിതിക കടുംപിടുത്തക്കാരെ പ്രീണിപ്പിക്കാന്‍ സി.പി.എം. എന്തൊക്കെ വിട്ടുവീഴ്ച ചെയ്തു എന്നതുകൂടി കണ്ണുതുറന്നു കാണേണ്ടതാണ്.
ഏകീകൃത സിവില്‍ നിയമം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പൊതുയോഗത്തില്‍ പറയേണ്ട താമസം ഇസ്ലാമിക മതമൗലികവാദികളേക്കാള്‍ സി.പി.എം ആവേശത്തോടെ അതിനെതിരെ കാടിളക്കി പ്രചരണം ആരംഭിച്ചു. മറ്റാരും രംഗം കയ്യടക്കും മുമ്പ് രാഷ്ട്രീയ വേദിയില്‍ സി.പി.എം നിറഞ്ഞാടി. മുമ്പ് ഇ.എം.എസ്സും ഇ.കെ.നായനാരും പറഞ്ഞ വാക്കുകള്‍ അവര്‍ തൊണ്ടതൊടാതെ വിഴുങ്ങി. ഏകീകൃത സിവില്‍ നിയമം മതധ്രുവീകരണ നീക്കമായി അവര്‍ സിദ്ധാന്തിച്ചു. സി.പി.ഐ പോലും ഏകീകൃത സിവില്‍ നിയമത്തിന്റെ കരടു കണ്ടശേഷം പ്രതികരിക്കാമെന്നു തീരുമാനിച്ചപ്പോഴും സി.പി.എം ഇസ്ലാമിക മതമൗലികവാദികളെ കവച്ചുവെക്കുന്ന വേഗതയില്‍ പൊതു സിവില്‍ നിയമത്തിനുനേരെ യുദ്ധം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായിരുന്നു ജൂലായ് 15ന് കോഴിക്കോട് സ്വപ്‌നനഗരിയില്‍ സംഘടിപ്പിച്ച സെമിനാര്‍.
ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന മുസ്ലിം പരിഷ്‌കരണവാദികളുടെ അഭിപ്രായം ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല സെമിനാറില്‍ നിന്ന് അവരെ തഴയുകയും ചെയ്തു. ഇങ്ങനെ തഴഞ്ഞവരില്‍ ഡോ. ഖദീജാ മുംതാസും കാനത്തില്‍ ജമീലയും പി.കെ. സൈനബയുമൊക്കെ ഉള്‍പ്പെടുന്നു. ഇതുസംബന്ധിച്ച് ഡോ.ഖദീജാ മുംതാസ് പ്രതികരിച്ചതിങ്ങനെയാണ്: ”15-ാം തീയതിയിലെ യോഗത്തില്‍ പങ്കെടുക്കണമെന്ന് അറിയിച്ചിരുന്നു. സെമിനാറിനെ സംബന്ധിച്ച ആലോചനായോഗം നടക്കുന്നുണ്ടെന്നും വന്നാല്‍ നന്നായിരുന്നുവെന്നും പറഞ്ഞു. ഞാന്‍ ആലോചനായോഗത്തില്‍ പങ്കെടുത്തിരുന്നു.”
വ്യക്തിനിയമപരിഷ്‌കരണമാണ് വേണ്ടതെന്നും അതിന് മുസ്ലിം മതനേതൃത്വത്തെ പ്രേരിപ്പിക്കണമെന്നുമാണ് ഡോ.ഖദീജ ആലോചനായോഗത്തില്‍ പറഞ്ഞത്. സെമിനാറില്‍ ഇതേ നിലപാട് ആവര്‍ത്തിച്ചാല്‍ മുസ്ലിം മതമൗലികവാദികള്‍ പിണങ്ങുമെന്ന് കരുതി തന്നെ സെമിനാറില്‍ വിളിച്ചില്ല എന്ന് അവര്‍ പറയുന്നു. സ്വന്തം ബുദ്ധിയും നാവും പാര്‍ട്ടിയ്ക്ക് പണയം വെച്ച് അധികാര പദവികളിലിരിക്കുന്ന കോഴിക്കോട് മേയര്‍ ബീനാഫിലിപ്പ്, വനിതാകമ്മീഷന്‍ അധ്യക്ഷ സതീദേവി എന്നിവരെയാണ് വേദിയില്‍ ഇരുത്തിയത്. ഏകീകൃതസിവില്‍ നിയമം വേണമെന്നു മോദി പറഞ്ഞത് മുസ്ലിം സ്ത്രീകളെ ചൂണ്ടിയാണെന്നും അതിനാല്‍ മുസ്ലിം സ്ത്രീകളുടെ ഭാഗം കേള്‍ക്കാന്‍ സെമിനാറില്‍ അവസരമുണ്ടാകണമെന്നുമാണ് ഡോ.ഖദീജയുടെ പക്ഷം. എന്നാല്‍ ആ ശബ്ദം വേദിയില്‍ കേള്‍ക്കരുതെന്ന് സി.പി.എം. തീരുമാനിച്ചു.
”ആരാടാ പെണ്‍കുട്ട്യേളെ സ്റ്റേജില്‍ കയറ്റിയത്” എന്നു ചോദിച്ച സമസ്ത നേതാക്കള്‍ക്കുമുമ്പില്‍ ഒരു മുസ്ലിം സ്ത്രീയേയും സ്റ്റേജില്‍ കയറ്റാതെ സി.പി.എം നേതൃത്വം അനുസരണയുള്ള മദ്രസാവിദ്യാര്‍ത്ഥിയായി. ശരിയത്ത് നിയമം തൊടാന്‍ പാടില്ല എന്ന ഇസ്ലാമിക മത മൗലികവാദ ശാസനം സി.പി.എം എന്ന പുരോഗമന ജനാധിപത്യസംഘടന അണുവിട മാറ്റാതെ നടപ്പാക്കി. എന്തിനായിരുന്നു അത്?
നരേന്ദ്രമോദിയും ബി.ജെ.പിയും ഹിന്ദു-മുസ്ലിം ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നു എന്നായിരുന്നു യെച്ചൂരിയും സി.പി.എം നേതൃത്വവും വിളിച്ചു പറഞ്ഞത്. ഇതിന് തെളിവായി അയോധ്യയിലെ രാമക്ഷേത്രവും കാശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കലും അവര്‍ നിരത്തിവെച്ചു. ഇതുരണ്ടും കൊണ്ട് ഹിന്ദു-മുസ്ലിം ധ്രുവീകരണം ഉണ്ടായോ? അയോധ്യയില്‍ രാമക്ഷേത്രമുയര്‍ന്നാല്‍ ചോരപ്പുഴയൊഴുകുമെന്നു പേടിപ്പിച്ചവരുടെ നാവിറങ്ങിപ്പോകുംവിധം ഒരു തുള്ളിരക്തം വീഴാതെ രാമക്ഷേത്രം അതിന്റെ സ്ഥാനത്തുതന്നെ പണിതുകൊണ്ടിരിക്കുന്നു. 370-ാം വകുപ്പ് റദ്ദാക്കി കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതോടെ ഭീകരവാദത്തിന്റെ കൂമ്പൊടിഞ്ഞിരിക്കുന്നു. മുത്തലാഖ് നിരോധിച്ചതോടെ മൊഴിചൊല്ലുന്ന പ്രവണത കുത്തനെ കുറഞ്ഞിരിക്കുന്നു. എവിടെയാണ് ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടായത് എന്ന് കാട്ടിത്തരേണ്ടത് സി.പി.എമ്മാണ്.
ഏകീകൃത സിവില്‍ നിയമം ദേശീയ വിഷയമാണ്. എന്നാല്‍ ഇതിന്റെ പേരില്‍ സി.പി.എം. ഭൂമികുലുക്കമുണ്ടാക്കിയത് കേരളത്തില്‍ മാത്രമാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇതു പ്രശ്‌നമല്ലേ? അല്ലെങ്കില്‍ കേരളത്തിന് മാത്രം ബാധിക്കുന്നതാണോ ഏകീകൃത സിവില്‍ നിയമം? സി.പി.എമ്മിന്റെ ‘ദേശീയ’ സെമിനാറിന്റെ പിന്നിലെ രാഷ്ട്രീയമായ ഹിന്ദു-മുസ്ലിം ധ്രുവീകരണ അജണ്ട വെളിവാകുന്നത് ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സിപിഎമ്മിന് വന്‍ തിരിച്ചടി കിട്ടാനുള്ള സാധ്യത കുരുടന്മാര്‍ക്കുപോലും പ്രവചിക്കാനാകും. അതാണ് പാര്‍ട്ടിയുടെ അങ്കലാപ്പിന്റെ കാരണവും. മുസ്ലിംവോട്ട് ബാങ്ക് പാര്‍ട്ടിയുടെ പെട്ടിയിലെത്തിക്കാനുള്ള കുറക്കുവഴി സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുക എന്നതാണ്. അതാണ് ഇ.എം.എസ്സിനെ തള്ളിപ്പറഞ്ഞു കൊണ്ട് സമസ്തയ്ക്കുമുമ്പില്‍ രാഷ്ട്രീയ അടിയറവു പറയാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ച ഘടകം. ഹിന്ദു-മുസ്ലിം ധ്രുവീകരണ അജണ്ട വഴി രാഷ്ട്രീയ നേട്ടമുണ്ടാക്കുകയും മറുവശത്ത് ബി.ജെ.പിയ്ക്കു നേരെ അതേ പഴി പറയുകയും ചെയ്യുക എന്ന തന്ത്രം കമ്മ്യൂണിസ്റ്റുകള്‍ മുമ്പും പയറ്റിയതാണ്.
പൊതുസിവില്‍ നിയമം എന്ന കാലഘട്ടത്തിന്റെ ആവശ്യത്തിനെതിരെ കുട്ടിസ്രാങ്കിനെപ്പോലെ നിലകൊണ്ട സി.പി.എം കയ്യിലുള്ളതിനെ വിട്ട് പറക്കുന്നതിന്റെ പിന്നാലെ പോയിരിക്കയാണ്. സമസ്ത പോലുള്ള യാഥാസ്ഥിതിക മതപണ്ഡിത നേതൃത്വം ഒരിക്കലും ശരിയത്ത് നിയമത്തില്‍ അണുവിടമാറാന്‍ തയ്യാറില്ലാത്തവരാണ്. അത്തരക്കാരുടെ ആവശ്യത്തിനു മാന്യത നല്‍കുക വഴി കാലത്തെ പിന്നോട്ടു നയിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇക്കാര്യത്തില്‍ സി.പി.എമ്മിനോട് മത്സരിക്കാന്‍ ബദല്‍ സെമിനാര്‍ സംഘടിപ്പിക്കുന്ന കെ.പി.സി.സിയും ലക്ഷ്യമിടുന്നത് ഹിന്ദു-മുസ്ലിം ധ്രുവീകരണമാണ്. ഇതു സംസ്ഥാനത്തെ എവിടെ കൊണ്ടു ചെന്നെത്തിക്കും എന്ന ചോദ്യം ബാക്കിയാണ്.