രാമായണമാസം തുടങ്ങിയപ്പോള്‍ കേരളത്തിലെ സഖാക്കളായ സഖാക്കളെല്ലാം കുളിച്ച് കുറിയിട്ട് അദ്ധ്യാത്മരാമായണം വായിക്കുകയാണ്. അഡ്വ.പ്രതിഭാഹരിയും ജി. സുധാകരനും കടകമ്പള്ളിയുമൊക്കെ ഈണത്തില്‍ പാടി തുഞ്ചന്റെ തത്തയെപ്പോലും തോല്പിക്കുകയാണ്. ഇതെല്ലാം കേട്ട് അന്തംവിട്ട പത്രക്കാര് ചെന്നു സി.പി.എം ജനറല്‍ സെക്രട്ടറി യെച്ചൂരി സഖാവിനോട് ചോദിച്ചു: ‘ഇതെന്തു കഥ സഖാവേ?’ രാമായണമാസം ആചരിക്കുന്ന സി.പി.എം. തന്റെ സി.പി.എം അല്ല എന്നു യെച്ചൂരി കട്ടായമായി പറയുകയും ചെയ്തു. അപ്പോഴൊരു സംശയം – യെച്ചൂരിയുടെ സി.പി.എമ്മില്‍ കേരളത്തില്‍ നിന്ന് ഒരു സഖാവു പോലുമില്ലേ?
അപ്പോഴതാ ഉയരുന്നു ‘ഞാനുണ്ടേ’ എന്ന ഒരശരീരി. അതു നിയമസഭാസ്പീക്കര്‍ എ.എം.ഷംസീറിന്റേതായിരുന്നു. എറണാകുളം കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് രാമായണത്തെ ഷംസീര്‍ തള്ളിപ്പറഞ്ഞു. ഹൈന്ദവ പുരാണങ്ങള്‍ അന്ധവിശ്വാസം പരത്തുന്നവയാണെന്നും പുരോഗമനത്തെ പിന്നോട്ടു നയിക്കുന്നവയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. യെച്ചൂരി സഖാവിന്റെ പാര്‍ട്ടിക്ക് കേരളത്തില്‍ ഒരാളുണ്ട് എന്ന് സമാധാനിക്കാം. പാര്‍ട്ടിക്ക് കേവലം ഒരു തീരുമാനമല്ല രാമായണമാസം ആചരിക്കല്‍. അതിനായി എസ്.എഫ്.ഐ, കെ.എസ്.ടി.എ, സംസ്കൃതി സംഘം എന്നിവയെ ശട്ടം കെട്ടി. പാര്‍ട്ടി സംസ്ഥാന കമ്മറ്റിയംഗം ശിവദാസന്‍, സുനില്‍ ഇളയിടം തുടങ്ങിയ പാര്‍ട്ടി സൈദ്ധാന്തികരുടെ നേതൃത്വത്തിലാണ് സെമിനാര്‍ മാമാങ്കം. ജയ് ശ്രീരാം മുഴക്കി സഖാക്കള്‍ തെരുവിലൂടെ മാര്‍ച്ചു ചെയ്യുന്ന രംഗമാണ് ഇനി കാണാനിരിക്കുന്നത്.