തങ്ങള്‍ ദേവപക്ഷത്തല്ല, അസുരപക്ഷത്താണ് എന്നാണ് ഇടതുപക്ഷക്കാരായ കമ്മ്യൂണിസ്റ്റുകളുടെ വാദം. വിഷ്ണുഭക്തനായിട്ടും മഹാബലിയെ അവര്‍ അംഗീകരിക്കുന്നത് അസുര രാജാവായതുകൊണ്ടാണ്. സഖാക്കളുടെ ഭരണകാലത്താണല്ലോ മാവേലി സ്റ്റോര്‍ ആരംഭിച്ചത്. ദേവന്മാര് സവര്‍ണരും അസുരന്മാര് അവര്ണരുമാണെന്നാണ് കമ്മ്യൂണിസ്റ്റ് പുരോഗമനവാദികളുടെ കണ്ടെത്തല്‍. അസുരരക്തം തങ്ങളിലുണ്ട് എന്ന് തെളിയിച്ചിരിക്കയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി ഗോവിന്ദന് സഖാവ്. ഈ അസുര രക്തത്തില്‍ കുടികൊള്ളുന്നത് ചില്ലറക്കാരനൊന്നുമല്ല; പുരാണങ്ങളിലെ ഭസ്മാസുരനാണ് എന്നാണ് ചില നിരീക്ഷകരുടെ വിലയിരുത്തല്‍. ലക്ഷണം കണ്ടിട്ടാണ് അവര്‍ ഉള്ളിലെ ശക്തി ഏതെന്ന് ഗണിച്ചത്.
ഹിന്ദുത്വ ശക്തികളെ ഭസ്മമാക്കാനുള്ള ശക്തി തനിക്കുണ്ട് എന്നാണ് ഇയ്യിടെ കോഴിക്കോട്ട് വെച്ച് സഖാവ് ഗോവിന്ദന് വിളംബരം ചെയ്തത്. കോഴിക്കോട് സ്വപ്നനഗരിയില്‍ ഇക്കഴിഞ്ഞ ദിവസം സി.പി.എം സെമിനാര്‍ എന്ന പേരില്‍ ഇസ്ലാമികതീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാന്‍ ഹോമം നടത്തി. അതുകഴിഞ്ഞതും ഗോവിന്ദന് ഭസ്മീകരണ ദിവ്യശക്തി കൈവന്നു. സമസ്താദി മുസ്ലിം മൗലികവാദികള്‍ കടാക്ഷിച്ചു നല്‍കിയതാണ് ഈ ദിവ്യശക്തി. അതുകിട്ടിയതും ഹിന്ദുത്വശക്തികളെ ഭസ്മീകരിക്കും എന്ന് പറഞ്ഞ് ഓടിനടക്കുകയാണ് സഖാവ് ഗോവിന്ദന്. സാക്ഷാല്‍ ഭസ്മാസുരന് ദേവന്മാര്ക്കുനേരെ വിരല്‍ചൂണ്ടി പാഞ്ഞുവന്നപോലെ ഗോവിന്ദ ഭസ്മാസുരന് ഹിന്ദു സംഘടനകളെ നശിപ്പിക്കുമെന്നു ശപഥം ചെയ്തിരിക്കയാണ്. ഇങ്ങനെ ചെയ്ത ഭസ്മാസുരന് സ്വന്തം തലയില്‍ സ്വന്തം വിരല്‍ ചൂണ്ടി സ്വയം ഭസ്മമായി എന്നാണ് പുരാണകഥ. വരം നല്കിയ ഇസ്ലാമിസ്റ്റുകള്‍ ഇടഞ്ഞുതുടങ്ങിയിരിക്കുന്നു. പുരാണകഥ ആവര്‍ത്തിക്കുകയാണോ എന്നു കാത്തിരുന്നു കാണാം.